റെഡ് ഹെഡഡ് വൾച്ചർ | Photo: twitter.com/adityadickysin
ന്യൂഡല്‍ഹി: പുതുവര്‍ഷത്തില്‍ ഡല്‍ഹിയിലെ പക്ഷി സ്‌നേഹികളെ തേടി ഒരു സന്തോഷ വാര്‍ത്ത വീണ്ടുമെത്തിയിരിക്കുകയാണ്. റെഡ്-ഹെഡഡ് വള്‍ച്ചറുകളെ വീണ്ടും കണ്ടെത്താനായതിന്റെ സന്തോഷത്തിലാണവര്‍. ബാട്ടീ ഖനിയിലാണ് ഗുരുതര വംശനാശ ഭീഷണി നേരിടുന്ന റെഡ്-ഹെഡഡ് വള്‍ച്ചറിന്റെ ജോഡികളെ കണ്ടെത്തിയത്. എക്കോ ടാസ്‌ക് ഫോഴ്‌സിന്റെ കമ്മാന്‍ഡിങ് ഓഫീസര്‍ കേണല്‍ പ്രദീപാണ് പക്ഷികളെ ആദ്യം കണ്ടെത്തിയത്.
ഒരാഴ്ചത്തോളം പ്രദേശത്ത് കഴുകന്റെ സാന്നിധ്യമുണ്ടായിരുന്നു. തുടര്‍ന്ന് ഫോട്ടോ ശേഖരിച്ചാണ് റെഡ്-ഹെഡഡ് വള്‍ച്ചര്‍ തന്നെയെന്ന് സ്ഥിരീകരിച്ചത്. "ഡല്‍ഹിയെ സംബന്ധിച്ചിടത്തോളം കണ്ടെത്തല്‍ സന്തോഷം പകരുന്ന ഒന്നാണ്." പക്ഷി നിരീക്ഷകനായ ഡോ.സൂര്യ പ്രകാശ് പ്രതികരിച്ചു.
ബാട്ടീ ഖനിക്ക് സമീപമുള്ള ജലാശയത്തിലാണ് കഴുകനെ കണ്ടെത്തിയത്. പ്രജനന ലക്ഷ്യത്തോടെയാകാം ഇവ പ്രദേശത്ത് തുടരുന്നതെന്നാണ് നിഗമനം. കഴുകന്‍ കുറുനരിയെ ഭക്ഷിക്കുന്നതും പക്ഷിസ്‌നേഹികളുടെ ശ്രദ്ധയില്‍പെട്ടിരുന്നു. ഇന്ത്യ മുതല്‍ സിങ്കപ്പുര്‍ വരെ വ്യാപിച്ചു കിടക്കുന്ന ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഒരുകാലത്ത് ഇവ സുലഭമായിരുന്നു. രണ്ടു ദശാബ്ദങ്ങളായി ഡിക്ലോഫെനാക് പോയിസണിങ് മൂലം ഇവയുടെ എണ്ണം ഗണ്യമായി കുറയുകയായിരുന്നു. മരണത്തിന് മുമ്പ് വെറ്ററിനറി മരുന്ന് ഭക്ഷിച്ച് ചത്തൊടുങ്ങിയ മൃഗങ്ങളുടെ ശവങ്ങള്‍ ഭക്ഷിക്കുമ്പോഴാണ് ഡിക്ലോഫെനാക് പോയിസണിങ് ഉണ്ടാവുന്നത്.
1994-ല്‍ വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തിലേക്ക് ഇവയെ ഉള്‍പ്പെടുത്തുകയായിരുന്നു. 2007-ല്‍ ഗുരുതര വംശനാശ പട്ടികയിലേക്ക് റെഡ് ഹെഡഡ് വള്‍ച്ചറുകളുടെ പേരും ചേര്‍ക്കപ്പെട്ടു. 2017-നു ശേഷം ഇവയെ ഡൽഹിയിൽ കാണാനുണ്ടായിരുന്നില്ല. രാജ്യത്ത് കണ്ടു വരുന്ന ഏഴ് തരം കഴുകന്മാരില്‍ ഒരെണ്ണം കൂടിയാണ് റെഡ്-ഹെഡഡ് വള്‍ച്ചറുകള്‍. ഏഷ്യന്‍ കിങ് വള്‍ച്ചറുകളെന്നും ഇവയെ അറിയപ്പെടുന്നുണ്ട്. ചുവപ്പ് നിറത്തിലുള്ള കഴുത്ത് മൂലമാണ് റെഡ്-ഹെഡഡ് വള്‍ച്ചറെന്ന പേര് വീണു കിട്ടിയത്. 76 മുതല്‍ 86 സെന്റിമീറ്റര്‍ വരെ നീളം വെയ്ക്കാറുള്ള ഇവയ്ക്ക് 6.3 കിലോഗ്രാം വരെ ഭാരവും കണ്ടെത്താറുണ്ട്.
Content Highlights: after 20 years red headed vulture have been spotted in delhi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..