ചന്ദ്രപുര്‍: മഹാരാഷ്ട്രയിലെ തബോഡ ദേശീയോദ്യാനത്തില്‍ അടുത്തിടെ ഒരു വലിയ ഏറ്റുമുട്ടല്‍ നടന്നു. കടുവയും ഒരു അമ്മക്കരടിയും തമ്മിലായിരുന്നു അത്യപൂര്‍വമായ ഈ പോരാട്ടം. പാര്‍ക്കില്‍ സന്ദര്‍ശകരായെത്തിയവര്‍ മിനിറ്റുകള്‍ നീണ്ടുനിന്ന പോരാട്ടം അത്ഭുതത്തോടെയും ആശങ്കയോടെയുമാണ് കണ്ടുനിന്നത്.

ദേശീയോദ്യാനത്തിലെ ഒരു തടാകത്തില്‍ വെള്ളംകുടിക്കാന്‍ എത്തിയതായിരുന്നു അമ്മക്കരടിയും കുഞ്ഞും. ആ സമയത്ത് ചൂടില്‍നിന്ന് രക്ഷപ്പെടാന്‍ തടാകത്തിലിറങ്ങി കിടക്കുകയായിരുന്ന ഒരു കടുവ. കരടിക്കുഞ്ഞിനെ കണ്ട് അതിനുനേര്‍ക്കടുത്ത കടുവയെ അമ്മക്കരടി ഒറ്റയ്ക്കു നേരിടുന്ന ദൃശ്യങ്ങള്‍ അക്ഷയ് കുമാര്‍ എന്നയാളാണ് പകര്‍ത്തിയത്. 

കുഞ്ഞിനെ അപകടത്തില്‍നിന്ന് രക്ഷിക്കാന്‍ തീവ്രമായി പോരാടുന്ന അമ്മക്കരടിയെ ദൃശ്യങ്ങളില്‍ കാണാം. ശക്തനായ കടുവയ്ക്ക് കരടിയുടെ വീറിനു മുന്നില്‍ പലപ്പോഴും അടിപതറി. മിനിറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ഗുരുതരമായ പരിക്കൊന്നും ഏല്‍ക്കാതെ ഇരുപക്ഷവും പിന്‍വാങ്ങുകയും ചെയ്തു. ഇപ്പോള്‍‌ വൈറലായിക്കൊണ്ടിരിക്കുകയാണ് ഈ ദൃശ്യങ്ങള്‍.

 

Content Highlights: tiger, bear, animal encounter, Tadoba National Park