കൊമ്പുകുലുക്കി കുതിച്ചുപാഞ്ഞുവരുന്ന കാട്ടാനയുടെ മുന്‍പില്‍ നിരായുധനായി, നിശ്ചലനായി നില്‍ക്കുന്ന ഒരു യുവാവ്. കാഴ്ചക്കാരനെ അമ്പരപ്പിച്ച് അയാളുടെ തൊട്ടുമുന്നിലെത്തി വിനയത്തോടെ നില്‍ക്കുന്ന കാട്ടാന... ആരെയും ഞെട്ടിക്കുന്ന ഈ വീഡിയോ ഇപ്പോള്‍ യൂട്യൂബിലും സോഷ്യല്‍ മീഡിയയിലും വൈറലാണ്.

ട്രാവല്‍ ഗൈഡായ അലന്‍ മക്‌സ്മിത്ത് ആണ് കലികയറി പാഞ്ഞുവരുന്ന ആഫ്രിക്കനാനയെ നോട്ടംകൊണ്ട് നിലയ്ക്കുനിര്‍ത്തിയത്. ദക്ഷിണാഫ്രിക്കയിലെ ക്രുഗെര്‍ നാഷണല്‍ പാര്‍ക്കിലാണ് സംഭവം നടന്നത്. അലന്‍ മക്‌സ്മിത്തിന്റെ മനശ്ശക്തിയും ധൈര്യവും പ്രകീര്‍ത്തിക്കുകയാണ് ഇപ്പോള്‍ ലോകം.

മാക്‌സ്മിത്തിന്റെ സ്ഥാനത്ത് തങ്ങളാരെങ്കിലുമായിരുന്നെങ്കില്‍ കുതിച്ചുവരുന്ന ആനയെ കണ്ടു പേടിച്ച് തോക്കെടുത്ത് വെടിയുതിര്‍ക്കുമായിരുന്നെന്ന് മറ്റു ട്രാവല്‍ ഗൈഡുമാര്‍ പറയുന്നു. കാട്ടാനകളുടെ ബുദ്ധിശക്തിയുടെ ഉത്തമോദാഹരണമായും മനുഷ്യരുമായി സംവദിക്കാനുള്ള മൃഗങ്ങളുടെ ശേഷിയ്ക്കുള്ള ദൃഷ്ടാന്തമായും പലരും ഈ വീഡിയോ ചൂണ്ടിക്കാട്ടുന്നു.

ആന രണ്ടുതവണ മക്‌സ്മിത്തിനുനേരെ പാഞ്ഞടുക്കാന്‍ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ രണ്ടു തവണയും അത് പിന്‍തിരിയുന്നു. ആനയെ വെറുതെ നോക്കിനില്‍ക്കുകയല്ലാതെ മക്‌സ്മിത്ത് മറ്റൊന്നും ചെയ്യുന്നില്ല. എന്തായിരിക്കാം ആനയെ പിന്തിരിപ്പിക്കാന്‍ അദ്ദേഹം പ്രയോഗിച്ച തന്ത്രം? വന്യമൃഗങ്ങളെ വരുതിയിലാക്കാന്‍ ശാന്തവും ഏകാഗ്രവുമായ മനസ്സുകൊണ്ട് സാധിക്കുമെന്നാണ് മക്‌സ്മിത്ത് ഇതിനെക്കുറിച്ച് പറയുന്നത്.