ലോകത്തെ എണ്ണപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്ന്. ഒരുവട്ടം പോകണമെന്ന് ഒരുപാടുപേര്‍ ആഗ്രഹിക്കുന്ന തീരനഗരം. സുഖസുന്ദരമായ കാലാവസ്ഥ. അടിസ്ഥാന സൗകര്യങ്ങളില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നിടം. സ്വര്‍ണ ഉത്പാദക രാജ്യത്തിന്റെ നിയമനിര്‍മാണ തലസ്ഥാനം. ദക്ഷിണാഫ്രിക്കന്‍ നഗരമായ കേപ്ടൗണിന് വിശേഷണങ്ങള്‍ ഒരുപാടുണ്ട്. എന്നാല്‍ ഇവയ്‌ക്കെല്ലാം ഇടയില്‍, എപ്പോള്‍ വേണമെങ്കിലും പൊട്ടിവീഴാവുന്ന ഒരു നൂലില്‍ കെട്ടിയ മൂര്‍ച്ചയേറിയ വാളുണ്ട് കേപ്ടൗണിനു മുകളില്‍. ലോകത്തെ ആദ്യജലരഹിത നഗരം ആയേക്കാമെന്ന ഭീഷണിയാണത്. 

  • കുറഞ്ഞ മഴ
  • ഭൂഗര്‍ഭജലനിരപ്പിലുണ്ടായ കുറവ്
  • ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതിനേക്കാള്‍ ജനസംഖ്യ 
  • ആഗോളതാപനം

ജലദൗര്‍ലഭ്യം ഒരു നഗരത്തെ എങ്ങനെ ബാധിച്ചുവെന്നതിന്റെ ഏറ്റവും നല്ല പാഠപുസ്തകമാണ് കേപ്ടൗണ്‍. പാഴാക്കിക്കളഞ്ഞ ഓരോ തുള്ളിക്കും കേപ്ടൗണ്‍ ഇന്ന് കണക്കു പറയുകയാണ്. 

ഇവയൊക്കെയാണ് കേപ്ടൗണിനെ ജലദൗര്‍ലഭ്യത്തിന്റെ ഏറ്റവും അപകടകരമായ അവസ്ഥയിലേക്ക് തള്ളിവിട്ടത്. സര്‍വോപരി ജലത്തിന്റെ അശാസ്ത്രീയ ഉപഭോഗവും. കഴിഞ്ഞ മൂന്നുവര്‍ഷമായി ശരാശരിയിലും താഴെ മഴ മാത്രമാണ് കേപ്ടൗണിന് ലഭിച്ചത്. മഴക്കുറവ് ജലസംഭരണികളിലെ ജലനിരപ്പിനെയും ബാധിച്ചു. അതേസമയം വിനോദസഞ്ചാര നഗരത്തിനായി എത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയും ചെയ്തു.

ഇവയ്‌ക്കൊപ്പം അശാസ്ത്രീയമായ ജല ഉപഭോഗ ശൈലിയും വിഷയത്തെ ഗുരുതരമാക്കി. ഏപ്രില്‍ 21 ഓടെ കേപ്ടൗണ്‍ 'ഡേ സീറോ'യിലേക്ക് എത്തിച്ചേരാന്‍ പോകുന്നു എന്ന വാര്‍ത്ത ജനുവരി ആദ്യമാണ് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ജലസംഭരണികളിലെ ജലം 13.5 ശതമാനമാകുമ്പോള്‍ ഡേ സീറോ പ്രഖ്യാപിക്കുമെന്നായിരുന്നു ദക്ഷിണാഫ്രിക്കന്‍ ഭരണകൂടം ആദ്യം പറഞ്ഞത്. എന്നാല്‍, ഏപ്രില്‍ 21 ന് ഡേ സീറോ പ്രഖ്യാപിക്കേണ്ടതില്ലെന്ന തീരുമാനമാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്. 

water

ഡേ സീറോ പ്രഖ്യാപിച്ചിരുന്നെങ്കില്‍: 

  • ഡേ സീറോ പ്രഖ്യാപിക്കുന്നതോടെ പൊതുപൈപ്പുകള്‍ അടച്ചു പൂട്ടും. 
  • സ്‌കൂള്‍- ആശുപത്രി തുടങ്ങിയ അവശ്യമേഖലകളിലേക്ക് മാത്രം ജലവിതരണം നടപ്പാക്കും. 
  • പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യുന്ന ജലത്തിന്റെ അളവ് നിജപ്പെടുത്തും(ഓരോ വ്യക്തിക്കും 25 ലിറ്റര്‍)
  • ജലവിതരണത്തിന് 200 കളക്ഷന്‍ പോയിന്റുകള്‍ സ്ഥാപിക്കുകയും അവയിലൂടെ മാത്രം ജലം വിതരണം ചെയ്യും. 

വിഷയത്തിന്റെ ഗൗരവം മനസ്സിലായതെിനെ തുടര്‍ന്നുള്ള നാട്ടുകാരുടെ ഏറെ ശ്രദ്ധയോടെയുള്ള ജലഉപഭോഗവും ഭരണകൂടം നടപ്പാക്കിയ ബോധവത്കരണ പരിപാടികളും മൂലം ഡേ സീറോയെ താത്കാലികമായി നീട്ടിവയ്ക്കാന്‍ കേപ്ടൗണിന് സാധിച്ചു.

വിനോദസഞ്ചാര കേന്ദ്രമായ ഒരു നഗരത്തില്‍ ഡേ സീറോ പ്രഖ്യാപിച്ചാലുണ്ടാകാവുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളെ കുറിച്ച് ഭരണകൂടവും ബോധവാന്മാരായിരുന്നു. എന്തായാലും ഏപ്രില്‍ 21ന് ഡേ സീറോ പ്രഖ്യാപിക്കേണ്ടി വന്നില്ല. ഒരു തരം നാരോ എസ്‌കേപ്. എന്നാല്‍ രക്ഷപ്പെട്ടെന്നു പറയാനുമാവില്ല. കാരണം തലയ്ക്കു മുകളിലുള്ള ജലദൗര്‍ലഭ്യമെന്ന വാള്‍ ഇനിയും നീങ്ങിയിട്ടില്ല. 

കേപ്ടൗണ്‍ ഒരു പാഠമാണ്

ജലദൗര്‍ലഭ്യം ഒരു നഗരത്തെ എങ്ങനെ ബാധിച്ചുവെന്നതിന്റെ ഏറ്റവും നല്ല പാഠപുസ്തകമാണ് കേപ്ടൗണ്‍. പാഴാക്കിക്കളഞ്ഞ ഓരോ തുള്ളിക്കും കേപ്ടൗണ്‍ ഇന്ന് കണക്കു പറയുകയാണ്. മൂന്നാമതൊരു ലോകമഹായുദ്ധമുണ്ടാവുകയാണെങ്കില്‍ അത് ജലത്തിനു വേണ്ടിയാവുമെന്ന ഇസ്മായില്‍ സെരാഗ്ലെഡിന്റെ വാക്കുകളുടെ അര്‍ഥവും ആഴവും വ്യാപ്തിയും ആ നഗരം മനസ്സിലാക്കി കഴിഞ്ഞു. ഇന്ന് കടല്‍ജലം ശുദ്ധീകരിച്ചും ഭൂഗര്‍ഭജലത്തിന്റെ സഹായത്താലും ഡേ സീറോയെ ഏറെ ദൂരത്തേക്ക് മാറ്റാനുള്ള കഠിനശ്രമത്തിലാണ് കേപ്ടൗണ്‍.

നമുക്കും പഠിക്കാനുണ്ട് കേപ്ടൗണില്‍നിന്ന്

ജലഉപഭോഗത്തിന്റെ കാര്യത്തില്‍ ധാരാളിത്തം കാണിക്കുന്ന ബഹുഭൂരിപക്ഷത്തിന്റെ നാടാണ് നമ്മുടേത്. ജലം പാഴാക്കുന്നതില്‍ കുറ്റബോധമില്ലാത്ത വലിയൊരു വിഭാഗമുണ്ടിവിടെ. ശരിയായ ബോധവത്കരണത്തിലൂടെയും സ്വയംനിയന്ത്രണത്തിലൂടെയും മാത്രമേ നാളെയൊരു കേപ്ടൗണ്‍ ആകുന്നതില്‍നിന്ന് നമ്മുടെ നാടിനെയും നഗരത്തെയും സംരക്ഷിക്കാനാവൂ. 

നമ്മുടെ മഴയുടെയും താളം തെറ്റുന്നുണ്ട്. ആഗോള താപനത്തിന്റെ ദൂഷ്യഫലങ്ങള്‍ നന്നായിത്തന്നെ അനുഭവിക്കുന്നുമുണ്ട്. ഉള്‍ക്കൊള്ളാന്‍ ആവുന്നതിനെക്കാള്‍ ജനങ്ങളെ വഹിക്കുന്ന നഗരങ്ങളുണ്ട്. ജലസ്രോതസുകളെ പരമാവധി ചൂഷണം ചെയ്യുന്നുണ്ട്. അവയെ മലിനമാക്കാറുമുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ മറ്റൊരു കേപ്ടൗണ്‍ ആകാന്‍ എന്തുകൊണ്ടും സാധ്യതയുണ്ട് നമ്മുടെ നാടിന്. എന്നാല്‍, ആ ദിവസത്തെ യാഥാര്‍ഥ്യമാക്കാതിരിക്കാന്‍ നമുക്ക് സാധിക്കും.