ത്തവണത്തെ ലോക ജലദിനത്തിന്റെ വിഷയം 'നേച്ചര്‍ ഫോര്‍ വാട്ടര്‍' എന്നതാണ്. മനുഷ്യനിര്‍മിത ജലസംഭരണികളും കനാലുകളുമൊന്നുമല്ല ജലസംരക്ഷണത്തിന്റെയും വിതരണത്തിന്റെയും ശരിയായ മാര്‍ഗങ്ങളെന്നും പ്രകൃതിയുടെ സ്വാഭാവികമായ ജലസംരക്ഷണ രീതികളിലേക്ക് മടങ്ങിപ്പോവുകയാണ് വേണ്ടതെന്നും ഓര്‍മിപ്പിക്കുകയാണ് ഈ ജലദിനം. ലോകം നേരിടാനിരിക്കുന്ന ഭീതിതമായ സാഹചര്യത്തെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയാണിത്.

ജലലഭ്യത ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭീഷണിയായി വളര്‍ന്നുകൊണ്ടിരിക്കെ, ജലത്തിന്റെ ലഭ്യതയും ഗുണനിലവാരവും വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാരുകള്‍ ഹരിത നയങ്ങള്‍ ആവിഷ്‌കരിക്കണമെന്ന് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. മനുഷ്യനിര്‍മിതമായ ജലസംഭരണ/സംരക്ഷണ മാര്‍ഗങ്ങള്‍- അണക്കെട്ടുകള്‍, കനാലുകള്‍ പോലുള്ള ജലവിതരണ പദ്ധതികള്‍, ശുദ്ധീകരണ പ്ലാന്റുകള്‍- കൊണ്ട് ഇനിയുള്ള കാലത്തിന്റെ ജല ആവശ്യങ്ങള്‍ നിവര്‍ത്തിക്കാനാവില്ലെന്നാണ് ഐക്യരാഷ്ട്രസഭയുടെ 2018ലെ ജലവികസന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.

ലോക ജനസംഖ്യയുടെ പകുതിയോളം പേര്‍ക്കും വര്‍ഷത്തില്‍ ഒരു മാസമെങ്കിലും  ശുദ്ധജലം ലഭിക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. 2050 ഓടുകൂടി ലോക ജനസംഖ്യയുടെ തൊണ്ണൂറു ശതമാനത്തിലധികം പേര്‍ക്കും ഈ അവസ്ഥയുണ്ടാകുമെന്നാണ് യുഎന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. അതായത്, ജല ദൗര്‍ലഭ്യം എന്നത് ഓരോ വര്‍ഷവും, ഓരോ ദിവസവും അധികരിച്ചുവരുന്ന വലിയൊരു പ്രതിസന്ധിയായി ലോകത്തെ ഉറ്റുനോക്കുകയാണ്.

ആശ്രയിക്കാനുള്ളത് പ്രകൃതിയെത്തന്നെയാണ്. മനുഷ്യ നിര്‍മിതികളിലൂടെയുള്ള ജലസംരക്ഷണത്തിന് ഇനിയുള്ള കാലത്ത് പരിമിതികളുണ്ട്. ഇതു തിരിച്ചറിഞ്ഞുകൊണ്ടാണ് 'പ്രകൃതി തന്നെയാണ് പ്രതിവിധി' എന്നത് ഇത്തവണത്തെ ലോക ജലദിനത്തിന്റെ മുദ്രാവാക്യമായി തിരഞ്ഞെടുത്തിരിക്കുന്നത്.

ഇപ്പോഴത്തെ സാഹചര്യം തിരിച്ചറിഞ്ഞ് നാം വേണ്ടതു ചെയ്തില്ലെങ്കില്‍ 2050ഓടുകൂടി ലോക ജനസംഖ്യയിലെ 570 കോടി ജനങ്ങള്‍ ആവശ്യത്തിന് വെള്ളം ലഭിക്കാത്ത സാഹചര്യത്തിലേക്ക് എത്തിച്ചേരുമെന്ന് യുനസ്‌കോ ഡയറക്ടര്‍ ജനറല്‍ ഓഡ്രി അസോലെ ചൂണ്ടിക്കാട്ടുന്നു. ഇത് ജലവുമായി ബന്ധപ്പെട്ട വലിയ ഏറ്റുമുട്ടലുകളിലേക്കും സംഘര്‍ഷങ്ങളിലേക്കും നയിക്കുമെന്നും പേടിക്കേണ്ടിയിരിക്കുന്നു.

2050ഓടുകൂടി ഇന്ത്യയിലും ജലദൗര്‍ലഭ്യം അതിരൂക്ഷമാകും. ഇന്ത്യയില്‍ ഭൗമോപരിതലത്തിലെ പുനരുപയോഗക്ഷമമായ ജല സ്രോതസ്സുകള്‍ 40 ശതമാനവും ഇല്ലാതായിക്കഴിഞ്ഞു എന്നറിയുമ്പോഴാണ് പ്രതിസന്ധിയുടെ ആഴം വ്യക്തമാകുന്നത്. ഭൂഗര്‍ഭ ജലത്തിന്റെ അളവിലുണ്ടാകുന്ന കുറവായിരിക്കും ഉത്തരേന്ത്യയില്‍ അനുഭവിക്കാനിരിക്കുന്ന വലിയ പ്രശ്‌നമെങ്കില്‍, ദക്ഷിണേന്ത്യ നേരിടുക നദീതടങ്ങളിലടക്കം ശുദ്ധജലത്തിന്റെ കടുത്ത ദൗര്‍ലഭ്യമായിരിക്കും.

Water

കഴിഞ്ഞ നൂറ്റാണ്ടിനെ അപേക്ഷിച്ച് ലോകത്ത് ജനവിനിയോഗം ആറ് ഇരട്ടിയായി വര്‍ധിച്ചതായാണ് കണക്ക്. പ്രതിവര്‍ഷം ഒരു ശതമാനം വെച്ചാണ് വര്‍ധന. മറ്റു ഘടകങ്ങളോടൊപ്പം ജനസംഖ്യാവര്‍ധന, സാമ്പത്തിക വികസനം, മാറുന്ന ഉപഭോഗക്രമം തുടങ്ങി നിരവധി കാരണങ്ങള്‍ ജലവിനിയോഗം വര്‍ധിക്കുന്നതിന് ചൂണ്ടിക്കാട്ടാനാകും. അതോടൊപ്പം കാണേണ്ട മറ്റൊരു കാര്യം, പ്രതിവര്‍ഷം ജല ലഭ്യത കുറഞ്ഞുകൊണ്ടിരിക്കുകയാണ് എന്നതാണ്.

ഇതിനെന്താണ് ഒരു മാര്‍ഗം? നിലവില്‍ ലോകത്ത് ലഭ്യമായ ജലത്തെ ബുദ്ധിപൂര്‍വം വിനിയോഗിക്കുക എന്നതുതന്നെയാണ് പരിഹാരം. അതിന് ആശ്രയിക്കാനുള്ളത് പ്രകൃതിയെത്തന്നെയാണ്. അണക്കെട്ടുകള്‍, കനാലുകള്‍ പോലുള്ള ജലവിതരണ പദ്ധതികള്‍, ശുദ്ധീകരണ പ്ലാന്റുകള്‍ തുടങ്ങിയവ നിര്‍മിച്ച് ജലം സംരക്ഷിച്ച് ഉപയോഗിക്കുന്നതിന് ഇനിയുള്ള കാലത്ത് പരിമിതികളുണ്ട്. അവിടെയാണ് പ്രകൃതിതത്തമായ ജല സംരക്ഷമ മാര്‍ഗങ്ങളുടെ പ്രസക്തി. ഇതു തിരിച്ചറിഞ്ഞുകൊണ്ടാണ് 'പ്രകൃതി തന്നെയാണ് പ്രതിവിധി' എന്നത് ഇത്തവണത്തെ ലോക ജലദിനത്തിന്റെ മുദ്രാവാക്യമായി തിരഞ്ഞെടുത്തിരിക്കുന്നത്.

മഴ കൊയ്യാന്‍ 25 വഴികള്‍

ജീവികളുടെ ആവാസവ്യവസ്ഥകളുമായി ചേര്‍ന്നുനില്‍ക്കുന്നതും പരിസ്ഥിതി സൗഹാര്‍ദപരവുമായ ജലസംഭരണ മാര്‍ഗങ്ങള്‍ സ്വീകരിക്കുക, പ്രകൃതിദത്തമായ ചതുപ്പുകള്‍ സംരക്ഷിക്കുക, മണ്ണിന്റെ ഈര്‍പ്പം നിലനിര്‍ത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുക, ഭൂഗര്‍ഭജലം റീ ചാര്‍ജ് ചെയ്യുക തുടങ്ങിയവയാണ് പ്രകൃതിദത്ത മാര്‍ഗങ്ങള്‍ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. മനുഷ്യനിര്‍മിതമായ അണക്കെട്ടുകള്‍, കനാലുകള്‍ തുടങ്ങിയവയേക്കാള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യുന്നതും ചിലവു കുറഞ്ഞതുമായ മാര്‍ഗങ്ങളും ഇവതന്നെ.

കേന്ദ്രീകൃതമായ ജല സംരക്ഷണ/വിതരണ പദ്ധതികളുടെ പരിമിതികളും ദോഷവശങ്ങളും തിരിച്ചറിഞ്ഞുകൊണ്ടാണ് പ്രകൃതിയെത്തന്നെ ആശ്രയിച്ചുകൊണ്ടുള്ള മാര്‍ഗങ്ങളിലേക്ക് മടങ്ങാന്‍ യുഎന്‍ അടക്കമുള്ളവര്‍ ആഹ്വാനം ചെയ്യുന്നത്. സര്‍ക്കാരുകള്‍ നടപ്പാക്കുന്ന വന്‍കിട പദ്ധതികള്‍ക്കു പകരം ഓരോ വ്യക്തിയും ഏറ്റെടുത്തു നടത്തേണ്ട, ദൈനംദിന ജീവിതത്തിന്റെയും ജീവിത രീതിയുടെയും ഭാഗമായി കാണേണ്ടതാണ് ഇത്തരം ജലസംരക്ഷണ മാര്‍ഗങ്ങള്‍. അതുകൊണ്ടുതന്നെ സ്വയം ഏറ്റെടുക്കേണ്ട ഉത്തരവാദിത്വമായി ഓരോരുത്തരും ജല സംരക്ഷണത്തെ തിരിച്ചറിയുമ്പോള്‍ മാത്രമാണ് ഭാവിയുടെ വെല്ലുവളികളെ നേരിടാന്‍ നാം സജ്ജരാവുക.

Content Highlights: World Water Day 2018, water scarcity