നടുവില്‍: മലയോര മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് കുടിവെള്ളം പ്രകൃതിദത്ത നീരുറവകളില്‍നിന്ന്. അകലെയുള്ള കുന്നിന്‍മുകളില്‍നിന്ന് ഹോസ് പൈപ്പുകള്‍ വഴിയാണ് വെള്ളം വീടുകളില്‍ എത്തിക്കുന്നത്. നടുവില്‍, ആലക്കോട്, ഉദയഗിരി, ഏരുവേശ്ശി പഞ്ചായത്തുകളിലെ കിഴക്കന്‍ മലയോര ഗ്രാമങ്ങളിലാണ് വീട്ടാവശ്യങ്ങള്‍ക്കുള്ള വെള്ളം നീരുറവകളില്‍നിന്ന് നേരിട്ടെടുക്കുന്നത്.
 
നടുവില്‍ പഞ്ചായത്തില്‍ 22 പട്ടികവര്‍ഗ കോളനികള്‍ ഉണ്ട്. എല്ലാ കോളനികളിലും നീരുറവകളില്‍നിന്ന് നേരിട്ട് കുടിവെള്ളമെത്തിക്കുന്ന രീതിയാണുള്ളത്. കുടിയേറ്റ ജനവിഭാഗങ്ങളും സാമ്പത്തികമായി മുന്നില്‍നില്‍ക്കുന്ന കുടുംബങ്ങളും നീരുറവകളെ തന്നെയാണ് ആശ്രയിക്കുന്നത്. അതിനാല്‍ത്തന്നെ കിണറുകളും കുഴല്‍ക്കിണറുകളും നന്നേ കുറവാണ്.

നാലും അഞ്ചും കിലോമീറ്റര്‍ ദൂരത്തേക്ക് പോലും ഇങ്ങനെ വെള്ളമെത്തുന്നുണ്ട്. വൈതല്‍ മലയില്‍നിന്ന് പൊട്ടന്‍ പ്ലാവ്, മഞ്ഞപ്പുല്ല് പ്രദേശത്തെ ജനങ്ങള്‍ വീടുകളിലേക്ക് വെള്ളം ശേഖരിച്ചുവരുന്നു. മൈലംപെട്ടിയിലെ പഞ്ചായത്ത് കിണറിലെ വെള്ളം രണ്ടു കിലോമീറ്റര്‍ ദൂരെയുള്ള പാറേ മൊട്ടയിലെ ഒട്ടേറെ വീട്ടുകാരാണ് ഉപയോഗിക്കുന്നത്. പൊട്ടന്‍ പ്ലാവ്, കുടിയാന്മല, തുരുമ്പി, മുന്നൂര്‍ കൊച്ചി, മൈലംപെട്ടി, പാത്തന്‍ പാറ, പാറേമൊട്ട, മാവുഞ്ചാല്‍, വെള്ളാട്, പത്തി മുണ്ട, ആശാന്‍ കവല, മുളക് വള്ളി, കോട്ടയം തട്ട്, പുല്ലം വനം തുടങ്ങിയ സ്ഥലങ്ങളിലെ ഭൂരിപക്ഷം വീടുകളിലെയും കുടിവെള്ള സമ്പ്രദായം ഇതുതന്നെ.

കിഴക്കാം തൂക്കായ കുന്നിന്‍ ചെരിവുകളില്‍ നീരുറവകള്‍ സമൃദ്ധമായി കാണപ്പെടുന്നുണ്ട്. ഏതുസമയവും ലഭിക്കുന്ന വെള്ളം വീടുകളില്‍ ചെറുകുളങ്ങള്‍ നിര്‍മിച്ചും ടാങ്കുകളിലും ശേഖരിച്ചുവെയ്ക്കും. വാഴ, പച്ചക്കറി കൃഷികള്‍ക്കും ഹോസിലൂടെ വെള്ളം കൊണ്ടുവന്നുള്ള ജലസേചനരീതിയാണുള്ളത്. ലക്ഷങ്ങള്‍ മുടക്കിയ കുടിവെള്ള പദ്ധതികള്‍ പാഴായിക്കിടക്കുമ്പോഴും ജലക്ഷാമം അനുഭവിക്കാതെ കഴിയാന്‍ പരമ്പരാഗത കുടിവെള്ള ശേഖരണരീതി മലയോര ജനതയെ ഏറെ സഹായിക്കുന്നുണ്ട്.