ഴവെള്ളം സംഭരിച്ച് ഉപയോഗിക്കുന്നത് വര്‍ധിച്ചുവരുന്ന ജലക്ഷാമത്തിന് വലിയൊരളവോളം പരിഹാരമാകാറുണ്ട്. ഇതിനായി സര്‍ക്കാര്‍ തലത്തില്‍ത്തന്നെ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നുമുണ്ട്. പലവിധ കാരണങ്ങള്‍ക്കൊണ്ട് ഇതൊന്നും പലപ്പോഴും കാര്യക്ഷമമാകാറില്ല.

മഴവെള്ള സംഭരണിക്കു വേണ്ടിവരുന്ന ചെലവുതന്നെയാണ് പലപ്പോഴും പ്രധാന പ്രതിബന്ധമായി നില്‍ക്കുന്നത്. കൃഷിക്കും വീട്ടാവശ്യങ്ങള്‍ക്കുമുള്ള ജലം സംഭരിച്ചുവെക്കുന്നതിനുള്ള ചിലവുകുറഞ്ഞ മാതൃകയാണ് കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്തിരിക്കുന്നത്.

വീട്ടിലും തോട്ടത്തിലുമെല്ലാം മഴവെള്ളം സംഭരിക്കാനായി ചെറുകുളങ്ങള്‍ നിര്‍മിച്ച് ലളിതമായ രീതിയില്‍ മഴവെള്ളം സംഭരിക്കാമെന്നതാണ് ഈ രീതിയുടെ സവിശേഷത. അമ്പലവയല്‍ കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. പി. രാജേന്ദ്രനാണ് ഈ സാങ്കേതികവിദ്യയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത്. അമ്പലവയല്‍ പ്രാദേശിക കാര്‍ഷികഗവേഷണ കേന്ദ്രത്തില്‍ ഇത്തരമൊരു കുളം നിര്‍മിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ മാതൃക യാഥാര്‍ഥ്യമാക്കിയത്. ഇത്തരം കുളത്തിന് ചെലവ് ലിറ്ററിന് 4 പൈസവരെ മാത്രമാണെന്ന് ഡോ. രാജേന്ദ്രന്‍ പറയുന്നു.

water

കൃഷിയിടങ്ങളിലും കുന്നിനുമുകളിലുമെല്ലാം ഇത്തരത്തിലുള്ള പ്രകൃതിസൗഹൃദ കുളങ്ങള്‍ നിര്‍മിക്കാം. ആദ്യം വേണ്ടത് കുഴിക്കേണ്ട കുളത്തിന്റെ വലിപ്പവും ആഴവും തീരുമാനിക്കുകയാണ്. അത്രയും സ്ഥലത്തെ മണ്ണെടുത്ത് മാറ്റിയശേഷം ഇളകിയ മണ്ണ് ദൃഢപ്പെടുത്തുക. തുടര്‍ന്ന് കുളത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിന് ആവശ്യമായ സംവിധാനമൊരുക്കണം. കീറിയതും ഉപയോഗശൂന്യവുമായ ചണചാക്കുകളാണ് കുളം നിര്‍മാണത്തിന്റെ പ്രധാന അസംസ്‌കൃതവസ്തു.  ഇവ സിമന്റ് സ്ലറിയില്‍ മുക്കിയെടുത്ത് കുളത്തിന്റെ അടിത്തട്ടിലും കരഭാഗങ്ങളിലും വിരിക്കുന്നു. ഒരു ദിവസംകൊണ്ട് ഇവയുണങ്ങി കുളത്തിന് കവചമായി നില്‍ക്കും. 

രണ്ടുവര്‍ഷംവരെ യാതൊരു അറ്റകുറ്റപ്പണിയും കൂടാതെ വെള്ളത്തെ തടുത്തുനിര്‍ത്താന്‍ ഈ ചാക്ക് കവചത്തിന് സാധിക്കും. കുളം നവീകരിക്കുന്നതിനായി വീണ്ടും ചാക്ക് സിമന്റില്‍ മുക്കി വിരിച്ച് ഉണക്കിയാല്‍ മതിയാകും. കല്ല് തുടങ്ങിയ നിര്‍മാണ വസ്തുക്കളുടെ ക്ഷാമം കുളനിര്‍മാണത്തിനെ ബാധിക്കുകയുമില്ല. ഇങ്ങനെയുണ്ടാക്കുന്ന കുളത്തില്‍നിന്ന് ഒരിറ്റ് വെള്ളംപോലും ചോര്‍ന്നുപോകില്ലെന്ന് ഡോ. പി. രാജേന്ദ്രന്‍ പറയുന്നു.

water

കുളം താത്കാലികമായി എവിടേക്കും മാറ്റി സ്ഥാപിക്കാനും സാധിക്കും. കൃഷിത്തോട്ടങ്ങളില്‍ ഉണക്കുള്ള സ്ഥലംനോക്കി മാറ്റിമാറ്റി ഇത്തരത്തിലുള്ള കുളങ്ങള്‍ ചെലവുകുറച്ച് നിര്‍മിക്കാനാകും. കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍നിന്ന് വരുന്ന മഴവെള്ളം ശേഖരിക്കാനും ഈ സംഭരണികള്‍ ഉപയോഗപ്പെടുത്താം. 

കാര്‍ഷിക ഗവേഷണകേന്ദ്രത്തിന്റെ കോമ്പൗണ്ടില്‍ 20 മീറ്റര്‍ നീളത്തിലും വീതിയിലും ഏഴ് മീറ്റര്‍ താഴ്ചയിലും കഴിഞ്ഞ വര്‍ഷം നിര്‍മിച്ച കുളത്തിന് ഒരു ലക്ഷം രൂപ മാത്രമാണ് ചെലവായത്. കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ആവശ്യങ്ങള്‍ക്കെല്ലാം യഥേഷ്ടം ഇവിടെ നിന്ന് വെള്ളം കിട്ടുന്നുണ്ട്. മുപ്പത് കോടി ലിറ്റര്‍ മഴവെള്ളം ഇവിടെ സംഭരിക്കപ്പെടുന്നു. അഞ്ചുലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയും ഈ കുളങ്ങളില്‍ നിക്ഷേപിച്ചിട്ടുണ്ട്. 

water

ചെറുകിട കര്‍ഷകര്‍ക്കും സ്വീകരിക്കാവുന്ന മാതൃകയാണിതെന്ന് ഡോ. രാജേന്ദ്രന്‍ പറയുന്നു. ഈ രീതി സംസ്ഥാന വ്യാപകമായി ഉപയോഗപ്പെടുത്തിയാല്‍ കേരളത്തിന്റെ ജലദൗര്‍ലഭ്യം പൂര്‍ണമായുംതന്നെ മറികടക്കാനാകും. കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ കുളം നിര്‍മാണത്തിന് പരിശീലനം നല്‍കുന്നുണ്ട്.

Content Highlights: low cost Rain water harvesting, P Rajendran, kerala agriculture university