ഹരിപ്പാട്: ഡച്ചുകാരി ഓള്‍ഗയുടെ പ്രണയം ഹരിപ്പാട്ടെ തൃക്കുന്നപ്പുഴ തീരത്തെ വീടുകളിലെന്നും ഒഴുകിയെത്തും, കുടിനീരായി. മലയാളത്തെ പ്രണയിച്ച് ഈ നാടിന്റെ മരുമകളായി മാറിയ ഓള്‍ഗ ന്യുവന്‍ഹൈസിന്റെ പ്രണയസമ്മാനം നാടിന് കുടിവെള്ളപദ്ധതിയായിരുന്നു.

നെതര്‍ലന്‍ഡ്‌സ് സര്‍ക്കാര്‍ നടപ്പാക്കിയ 27 ലക്ഷത്തിന്റെ പദ്ധതി. 1983-ല്‍ തുടങ്ങി മൂന്ന് വര്‍ഷംകൊണ്ട് പൂര്‍ത്തിയായ ഈ പദ്ധതിയാണ് ഇന്നും തൃക്കുന്നപ്പുഴയിലെ എട്ടുവാര്‍ഡുകളിലെ ദാഹമകറ്റുന്നത്.

ആംസ്റ്റര്‍ഡാം സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിനി ഓള്‍ഗ കേരളത്തിലെത്തുന്നത് 1978-ലാണ്. മൂന്നാം ലോകരാഷ്ട്രങ്ങളിലെ ബാലവേലയായിരുന്നു ഗവേഷണവിഷയം. വന്നിറങ്ങിയപ്പോള്‍ കേരളത്തോട് വല്ലാത്ത ഇഷ്ടം. പക്ഷേ, കുടിവെള്ളം ആകെ പ്രശ്‌നമായി. ആളുകള്‍ തോട്ടിലെയും കുളങ്ങളിലെയും അഴുക്കുവെള്ളം കുടിക്കുന്നു. ഓള്‍ഗയ്ക്ക് അതിന് കഴിഞ്ഞില്ല. ഒടുവില്‍ കുഴല്‍ക്കിണറുള്ള വീട് കണ്ടുപിടിച്ച് അവിടെ താമസം തരപ്പെടുത്തി.

തൃക്കുന്നപ്പുഴയിലെ പുരാതനമായ മുട്ടുങ്കല്‍ചിറ തറവാടായിരുന്നു അത്. ഹോമിയോ ഡോക്ടറായ കുടുംബാംഗം യശോധരന്‍ ജലജന്യ രോഗങ്ങളുമായി ധാരാളം കുട്ടികള്‍ ചികിത്സ തേടിയെത്തുന്നതിനെപ്പറ്റി ഓള്‍ഗയോട് സംസാരിച്ചു. തന്റെ ഗവേഷണത്തിനൊപ്പം തീരദേശത്തെ കുടിവെള്ളപ്രശ്‌നത്തെപ്പറ്റിയും പഠിക്കാന്‍ ഓള്‍ഗ തീരുമാനിച്ചു. പഠനഗവേഷണ യാത്രകളില്‍ യശോധരന്‍ ഓള്‍ഗയ്‌ക്കൊപ്പമുണ്ടായിരുന്നു. ആ അടുപ്പം പ്രണയമായി.

1980-ല്‍ ഓള്‍ഗ ഗവേഷണം പൂര്‍ത്തിയാക്കി മടങ്ങിയത് യശോധരന്റെ കൈപിടിച്ചാണ്. നാട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ത്തന്നെ കേരളത്തിലെ കുടിവെള്ള പ്രശ്‌നവും പരിഹാരമാര്‍ഗങ്ങളും ഉള്‍പ്പെടുത്തി വിശദമായ പദ്ധതിരേഖ സര്‍ക്കാരിന് സമര്‍പ്പിച്ചു. അങ്ങനെയാണ് ഇന്‍ഡോ-ഡച്ച് സംയുക്ത സംരഭമായ (ഐ.ഡി.ബി.പി.) കുടിവെള്ള പദ്ധതി ആരംഭിക്കുന്നത്. ഓള്‍ഗ സ്‌കീം എന്നും ഇതിന് പേരുണ്ട്.

തൃക്കുന്നപ്പുഴയില്‍ 1.80 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലസംഭരണി, ആധുനിക കുഴല്‍ക്കിണര്‍, 10 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ചെലവ് വഹിച്ചതിനൊപ്പം സാങ്കേതിക മേല്‍നോട്ടവും ഡച്ചുകാരുടേതായിരുന്നു. അന്ന് ആലപ്പുഴ ജില്ലയിലെ ഏറ്റവും വലിയ കുടിവെള്ളപദ്ധതിയായിരുന്നു ഇത്.

ഓള്‍ഗ കുടുംബത്തോടൊപ്പം ഇടയ്ക്കിടെ കേരളത്തില്‍ വരാറുണ്ട്. അപ്പോഴെല്ലാം പ്രണയത്തിന്റെ നിത്യസ്മാരകമായ കുടിവെള്ളപദ്ധതിയെപ്പറ്റി നാട്ടുകാരുമായി സംസാരിക്കും. യശോധരന്‍ നെതര്‍ലന്‍ഡ്‌സില്‍ ഫാര്‍മസിസ്റ്റാണ്. ഓള്‍ഗ അടുത്തവര്‍ഷം വരാനുള്ള തയ്യാറെടുപ്പിലാണെന്ന് ഇപ്പോള്‍ അവധിക്ക് നാട്ടിലുള്ള യശോധരന്‍ പറഞ്ഞു.

ഓള്‍ഗ ന്യുവന്‍ഹൈസ് ആംസ്റ്റര്‍ഡാം സര്‍വകലാശാലയിലെ സീനിയര്‍ റിസേര്‍ച്ച് ഫെലോയായി കഴിഞ്ഞവര്‍ഷം വിരമിച്ചു. ഇപ്പോള്‍ വിസിറ്റിങ് പ്രൊഫസറാണ്. കുട്ടികളുടെ അവകാശങ്ങളെപ്പറ്റി ഒട്ടേറെ ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാക്‌സിം, എമില്‍ എന്നിവരാണ് മക്കള്‍. ഇരുവരും നെതര്‍ലന്‍ഡ്‌സിലാണ്.