കൊടുങ്ങല്ലൂര്‍: മതസൗഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും ഉറവ വറ്റാതെ സൂക്ഷിക്കുന്ന കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാമസ്ജിദ് ലോക ജലദിനാചരണത്തിന്റെ ഭാഗമായി പുതിയ ജലസംരക്ഷണ പദ്ധതിക്ക് തുടക്കംകുറിക്കുന്നു.

പള്ളിയും പള്ളിയോട് ചേര്‍ന്നുള്ള വ്യാപാരസമുച്ചയവും ഉള്‍പ്പെടെ നാല്‍പ്പതിനായിരത്തോളം ചതുരശ്രയടിയുള്ള കെട്ടിടങ്ങള്‍ക്ക് മുകളില്‍ പെയ്തിറങ്ങുന്ന മഴവെള്ളം പാഴാകാതെ സൂക്ഷിക്കുന്ന പദ്ധതിയുടെ വിപുലീകരണമാണ് ലോക ജലദിനമായ വ്യാഴാഴ്ച നടക്കുന്നത്.

പള്ളിയോടു ചേര്‍ന്ന് പടിഞ്ഞാറുഭാഗത്ത് പള്ളിയോളം പഴക്കമുള്ള കുളം ഏത് കടുത്തവേനലിലും വറ്റാത്ത പ്രദേശത്തെ ഏറ്റവും വലിയ മഴവെള്ളസംഭരണിയായാണ് അറിയപ്പെടുന്നത്. വേനലിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍പ്പോലും ഈ കുളത്തില്‍ രണ്ടാള്‍പൊക്കത്തില്‍ വെള്ളം ഉണ്ടാകുമെന്നുള്ളത് പ്രത്യേകതയാണ്. പള്ളിയില്‍ നിസ്‌കരിക്കാനെത്തുന്നവര്‍ അംഗശുദ്ധി വരുത്തുമ്പോള്‍ ഒഴുകിപ്പോകുന്ന വെള്ളം ഭൂമിക്കടിയിലേക്ക് താഴ്ന്നുപോകാനും ഇവിടെ സംവിധാനമൊരുക്കിയിട്ടുണ്ട്.

25 സെന്റ് വിസ്തൃതിയുള്ള, നാലുഭാഗവും കരിങ്കല്‍ഭിത്തി കെട്ടി സംരക്ഷിക്കുന്ന കുളത്തില്‍ കഴിഞ്ഞ നാലുവര്‍ഷമായി മഹല്ല് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ ആയിരക്കണക്കിന് ലിറ്റര്‍ മഴവെള്ളമാണ് സംഭരിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോള്‍ റോഡിനപ്പുറത്തുള്ള പള്ളിവക സ്ഥലത്ത് നിര്‍മിച്ച 20000 ചതുരശ്രയടിയോളം വരുന്ന കെട്ടിടത്തില്‍ പതിക്കുന്ന മഴവെള്ളവും പൈപ്പുകള്‍ വഴി പള്ളിക്കുളത്തിലേക്ക് എത്തിക്കുന്ന പദ്ധതിക്കാണ് വ്യാഴാഴ്ച തുടക്കംകുറിക്കുന്നത്. പുതിയ പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സയിദ് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.