ടുത്ത ദിവസങ്ങളില്‍ ലോകമെമ്പാടും ഏറ ചര്‍ച്ച ചെയ്യുന്ന ഒരു സ്ഥലമാണ് ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണ്‍. രൂക്ഷമായ ജലദൗര്‍ലഭ്യം മൂലം ജനങ്ങള്‍ അനുഭവിക്കുന്ന കടുത്ത ദുരിതത്തിന്റെ വാര്‍ത്തകളാണ് ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കാലാവസ്ഥാവ്യതിയാനത്തിന്റെയും ആഗോള താപനത്തിന്റെയുമൊക്കെ പേരില്‍ നാം ഭയപ്പെട്ടുകൊണ്ടിരുന്ന സാഹചര്യം കേപ്ടൗണില്‍ യാഥാര്‍ഥ്യമാകുകയാണെന്ന ഭയമാണ് ലോകമെമ്പാടും വ്യാപിക്കുന്നത്. 

കേരളത്തെ സംബന്ധിച്ചിടത്തോളം ഈ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്ന് കണ്ണൂര്‍ ജില്ലയിലെ കീഴാറ്റൂരില്‍ ദേശീയപാതക്കായി വയല്‍ നികത്തുന്നതിനെതിരായി നടക്കുന്ന സമരമാണ്. ഭരണകൂടവും സാധാരണക്കാരായ കര്‍ഷകരും തമ്മിലുള്ള ഒരു തര്‍ക്കം എന്നതിലുപരി, കീഴാറ്റൂര്‍ സമരത്തെ ശ്രദ്ധേയമാക്കുന്നത് സമരക്കാരായ വയല്‍ക്കിളികള്‍ മുന്നോട്ടുവയ്ക്കുന്ന നിലപാടുകളാണ്. 

കേപ്ടൗണ്‍ പോലുള്ള ഉദാഹരണങ്ങളെ മുന്നില്‍വെച്ചുകൊണ്ട് പ്രകൃതിക്കും വെള്ളത്തിനും വേണ്ടിയുള്ള മുറവിളികളെ അവഗണിക്കുന്നത് ആത്മഹത്യാപരമാണെന്ന തിരിച്ചറിവാണ് നമ്മുടെ ഭരണ നേതൃത്വങ്ങള്‍ക്ക് ഉണ്ടാകേണ്ടത്.

കൃഷിയിടം നഷ്ടപ്പെടുമെന്ന ഭീതിയാണ് ആദ്യഘട്ടത്തില്‍ കര്‍ഷകരെ സമര രംഗത്തിറക്കിയതെങ്കിലും വയലും തണ്ണീര്‍ത്തടങ്ങളും നികത്തപ്പെടുമ്പോള്‍ സംഭവിക്കാനിടയുള്ള വലിയ പാരിസ്ഥിതിക നാശമാണ് അവര്‍ മുന്നോട്ടുവയ്ക്കുന്ന വലിയ പ്രശ്‌നം. കുടിവെള്ളത്തിന് ക്യൂ നില്‍ക്കാന്‍ കീഴാറ്റൂരിന് കഴിയില്ല എന്ന മുദ്രവാക്യമുയര്‍ത്തിക്കൊണ്ടാണ് ഇപ്പോള്‍ അവര്‍ സമരരംഗത്തുള്ളത്.

കീഴാറ്റൂരും കേപ്ടൗണും രണ്ട് ഉദാഹരണങ്ങളാണ്. ലോകത്തിന്റെ രണ്ടറ്റത്തെ ജനങ്ങള്‍ നേരിടുന്ന ഈ രണ്ട് സാഹചര്യങ്ങള്‍ക്കു തമ്മില്‍ പ്രത്യക്ഷത്തില്‍ സമാനതകളൊന്നുമില്ലെങ്കിലും സൂക്ഷ്മ നിരീക്ഷണത്തില്‍ ചില ബന്ധങ്ങള്‍ കണ്ടെത്താനാവും. ജലക്ഷാമം എന്ന അവസ്ഥയെക്കുറിച്ച് ശാസ്ത്രജ്ഞരും പരിസ്ഥിതി വാദികളും കാലങ്ങളായി പങ്കുവെച്ചിരുന്ന ആശങ്കകള്‍ യാഥാര്‍ഥ്യമാകുകയാണെന്ന ഭീതിയാണ് കേപ്ടൗണ്‍ ലോകത്തിനു മുന്നില്‍ വയ്ക്കുന്നതെങ്കില്‍, പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് നാളേക്കായി കുടിവെള്ളം കാത്തുവെക്കുക എന്ന ആശയം നേരിടുന്ന ഭീഷണിയാണ് കീഴാറ്റൂര്‍ മുന്നോട്ടുവെക്കുന്നത്. 

കേപ്ടൗണിനെക്കുറിച്ച് പറയാതെ വയ്യ!

വരാനിരിക്കുന്ന നാളുകളില്‍ ലോകത്ത് യുദ്ധങ്ങള്‍ നടക്കുക കുടിവെള്ളത്തിനു വേണ്ടിയായിരിക്കുമെന്ന് ഏറെക്കാലമായി നാം കേള്‍ക്കാറുള്ള വാചകമാണ്. കേപ്ടൗണില്‍നിന്നു വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് വെള്ളത്തിനുവേണ്ടിയുള്ള കലാപങ്ങളൊന്നും അധികം ദൂരെയല്ലെന്നുതന്നെയാണ്. കേപ്ടൗണ്‍ നിവാസികള്‍ക്ക് പണമുള്ളവനും ഇല്ലാത്തവനും എന്ന അവസ്ഥ ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്നത് ഒരുപക്ഷേ ഇപ്പോഴായിരിക്കും. കാരണം, സമ്പന്നര്‍ ലോഡു കണക്കിന് കുപ്പിവെള്ളം വാങ്ങി സൂക്ഷിക്കുകയാണ് പലയിടത്തും. എന്നാല്‍ ദരിദ്രരാവട്ടെ, ഭക്ഷണം കഴിക്കുന്നത് കുറച്ച് പണം ബാക്കിവെച്ച് കുടിവെള്ളം വാങ്ങുന്നു. 

water
Photo: AP

 

നാല്‍പത് ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരമാണ് കേപ്ടൗണ്‍. മെയ് മാസത്തോടെ കേപ്ടൗണിലെ അവസാനത്തെ തുള്ളി കുടിവെള്ളംകൂടി വറ്റിത്തീരുമെന്നാണ് ഭയപ്പെടുന്നത്. ആധുനിക ലോകത്തിലെ ആദ്യത്തെ ഏറ്റവും ഭീകരമായ ജലക്ഷാമമായിരിക്കും കേപ്ടൗണില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഏറെക്കാലമായി തുടരുന്ന വരള്‍ച്ചയാണ് കേപ്ടൗണിനെ ഈ അവസ്ഥയിലേക്കെത്തിച്ചതെന്നാണ് കരുതുന്നത്. ഒരു വര്‍ഷമായി അവടെ മഴപെയ്തിട്ട്. ഈ അവസ്ഥയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് കാലാവസ്ഥാമാറ്റമാണ്.

വെള്ളത്തിനായി ഇപ്പോള്‍ ആശ്രയിക്കുന്ന കുടിവെള്ള ടാപ്പുകള്‍ പൂര്‍ണമായും വറ്റി, അക്ഷരാര്‍ഥത്തില്‍ കുടിവെള്ളം മുട്ടുന്ന- ഡേ സീറോ- അവസ്ഥയിലേക്കുള്ള പാതയിലൂടെയാണ് കേപ്ടൗണ്‍ ഓരോ ദിവസവും അടിവെച്ചു നീങ്ങുന്നത്. ദിനംപ്രതി 5470 ലക്ഷം ലിറ്റര്‍ വെള്ളമാണ് നഗരത്തില്‍ ഇപ്പോള്‍ ഉപയോഗിക്കുന്നതെന്നാണ് കണക്ക്. എന്നാല്‍ ഡേ സീറോ ഒഴിവാക്കണമെങ്കില്‍ വെള്ളം കരുതലോടെ ഉപയോഗിക്കേണ്ടിയിരിക്കുന്നു. അതിനായി ജലയ വിനിയോഗം 4500 ലക്ഷം ലിറ്ററായി കുറക്കണം. ജലം പൂര്‍ണമായും വറ്റുന്ന അവസ്ഥ പരമാവധി നീട്ടിവയ്ക്കാണ് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

water
Photo: AP

 

കേപ്ടൗണ്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന ഭീതിതമായ അവസ്ഥ തിരിച്ചറിഞ്ഞ് ഇപ്പോള്‍ അധികൃതര്‍ ശക്തമായ നിയന്ത്രണങ്ങളാണ് ജനങ്ങളുടെ ജലവിനിയോഗത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദിനംപ്രതി ഒരാള്‍ക്ക് ഉപയോഗിക്കാവുന്ന പരമാവധി ജലത്തിന്റെ അളവ് 50 ലിറ്ററാക്കി ചുരുക്കിയിരിക്കുകയാണ്. മാത്രമല്ല, നിയന്ത്രണം നടപ്പില്‍വരുത്തുന്നതിനായി ദിവസത്തില്‍ ഒരു തവണ മാത്രം ശൗചാലയങ്ങള്‍ ഉപയോഗിക്കാനും കുളിക്കുമ്പോള്‍ സോപ്പ്, ഷാംപൂ എന്നിവയുടെ ഉപയോഗം കുറച്ച് ജലവിനിയോഗം കുറക്കാനും അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ജലപ്രതിസന്ധി രൂക്ഷമാകുന്നതോടെ ദിവസം ഒരാള്‍ക്ക് 25 ലിറ്റര്‍ എന്ന നിലയിലേക്ക് വെള്ളത്തിന്റ ഉപയോഗം ചുരുക്കും.

മൂന്നര മീറ്റര്‍ ഉയരത്തില്‍ 45 മീറ്റര്‍ വീതിയില്‍ മണ്ണിടണമെങ്കില്‍ 6,48,000 ഘനമീറ്റര്‍, അതായത് 1,30,000 ലോഡ് മണ്ണ് വേണ്ടിവരും. ഹൈവേ നിര്‍മാണവുമായി ബന്ധപ്പെട്ട് അത്രയും മണ്ണ് കിട്ടുമോ, അതോ കുന്നിടിക്കുമോ? മണ്ണെടുക്കുന്നത് എവിടെനിന്നായാലും അതുണ്ടാക്കുന്ന പാരിസ്ഥിതികാഘാതം വയല്‍ നികത്തുന്നതിനേക്കാള്‍ ഭീകരമായിരിക്കുമെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ വ്യക്തമാണ്.

കാലാവസ്ഥാ വ്യതിയാനവും അതുമൂലമുള്ള വരള്‍ച്ചയുമാണ് കേപ്ടൗണിനെ ഈ വിധത്തിലാക്കിയത്. കേപ്ടൗണിലെ ഏറ്റവും വലിയ ഡാമില്‍ ഇപ്പോള്‍ ശേഷിക്കുന്നത് അതിന്റെ സംഭരണ ശേഷിയുടെ 12 ശതമാനം മാത്രം ജലമാണ്. മറ്റു ജലസംഭരണികളുടെ സ്ഥിതി ഇതുതന്നെയാണ്. ഓരോ തവണയും മഴ കുറഞ്ഞുവരുന്നതും വേനല്‍ കടുത്തുവരുന്നതുമാണ് കുറേ വര്‍ഷങ്ങളായി കേപ്ടൗണ്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നം. ഈ അവസ്ഥയെ മറികടക്കാന്‍ ശരിയായ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ അധികാരികള്‍ക്ക് സാധിക്കുന്നില്ല എന്ന ആരോപണം നിരവധി പേരില്‍നിന്ന് ഉയരുന്നുണ്ട്.

കീഴാറ്റൂരില്‍നിന്ന് കേപ്ടൗണിലേക്ക്

പ്രകൃതിയും ജലവും സംരക്ഷിക്കുന്നതിനെക്കുറിച്ച് വാചാലരാവുകയും പ്രകൃതിയെ പരിഗണിക്കാതെയുള്ള വികസന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന സാഹചര്യമാണ് ലോകത്ത് പലയിടത്തും നിലനില്‍ക്കുന്നത്. വികസനവും പ്രകൃതി സംരക്ഷണവും തമ്മിലുള്ള സംതുലനം നിലനിര്‍ത്തിക്കൊണ്ടുമാത്രമേ ഇനിയുള്ള കാലത്ത് മനുഷ്യന് മുന്നോട്ടുപോകാനാകൂ എന്നാണ് ഇപ്പോള്‍ പൊതുവില്‍ ലോകം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നത്. ഭാവിയിലേക്കുള്ള കുടിവെള്ളം കാത്തുവെക്കാന്‍ പ്രകൃതിയുടെ വഴിയിലേക്കുതന്നെ മടങ്ങുക എന്ന ജലദിന സന്ദേശവും ഓര്‍മിപ്പിക്കുന്നത് ഇതുതന്നെയാണ്. ദീര്‍ഘവീക്ഷണമുള്ള വികസനത്തില്‍നിന്ന് അന്ധമായ വികസനത്തിലേക്കുള്ള ദൂരംതന്നെയാണ് കീഴാറ്റൂരില്‍നിന്ന് കേപ്ടൗണിലേക്കുള്ള ദൂരം.

Keezhattoor

രാഷ്ട്രീയമായ അടിയൊഴുക്കുകളും താത്പര്യങ്ങളും എത്രയൊക്കെ ഉണ്ടായിരുന്നാലും കീഴാറ്റൂരില്‍ നടക്കുന്ന പ്രക്ഷോഭം ചില ചോദ്യങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി, വയലുകള്‍ നികത്തി ബൈപ്പാസ് നിര്‍മിക്കാം എന്ന ഏറ്റവും ലളിതമായ തീരുമാനത്തിലേക്ക് അധികൃതര്‍ എത്തിച്ചേരുന്നതുതന്നെ പ്രകൃതി ഏറ്റവും ഒടുവിലത്തെ പരിഗണനയാവുമ്പോഴാണ്. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് സാധാരണ ഉയരാറുള്ളതുപോലെ കുടിയൊഴിപ്പിക്കല്‍ സംബന്ധിച്ച ആശങ്കകളായിരുന്നില്ല കീഴാറ്റൂരിലെ ജനങ്ങള്‍ക്കുണ്ടായിരുന്നത് എന്നതാണ് ശ്രദ്ധേയം. 

കുറ്റിക്കോല്‍-കൂവോട്-കീഴാറ്റൂര്‍-കുപ്പം ബൈപ്പാസിനായി ആറു കിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് നിര്‍മിക്കുന്നത്. ഏറ്റവും ജനവാസം കുറഞ്ഞ ഭാഗത്തുകൂടിയാണ് റോഡ് കടന്നുപോകുന്നത് എന്നതാണ് ദേശീയപാതാ അതോറിറ്റി ഈ പ്രദേശം തിരഞ്ഞെടുക്കാന്‍ കാരണമായി പറയുന്നത്. എന്നാല്‍ പാരിസ്ഥിതികമായി വളരെ പ്രാധാന്യമുള്ള പ്രദേശത്തുകൂടിയാണ് നിര്‍ദ്ദിഷ്ട പാത കടന്നുപോകുന്നത്. ആറു കിലോമീറ്ററില്‍ നാലു കിലോമീറ്ററും താഴ്ന്ന സ്ഥലമാണ്. അവിടെ മൂന്നര മീറ്റര്‍ ഉയരത്തില്‍ 45 മീറ്റര്‍ വീതിയില്‍ മണ്ണിടണമെങ്കില്‍ 6,48,000 ഘനമീറ്റര്‍, അതായത് 1,30,000 ലോഡ് മണ്ണ് വേണ്ടിവരും. ഹൈവേ നിര്‍മാണവുമായി ബന്ധപ്പെട്ട് അത്രയും മണ്ണ് കിട്ടുമോ, അതോ കുന്നിടിക്കുമോ? കുപ്പം പുഴയ്ക്കു സമീപമുള്ള കുന്നുകള്‍ വാങ്ങിയിട്ടിരിക്കുന്ന സ്വകാര്യ ലോബിയ്ക്കു കുന്നിടിച്ചു നിരത്താനുള്ള വഴിയൊരുക്കാനാണ് വയല്‍നികത്തുന്നതെന്ന സമരക്കാരുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്നാണോ കരുതേണ്ടത്? മണ്ണെടുക്കുന്നത് എവിടെനിന്നായാലും അതുണ്ടാക്കുന്ന പാരിസ്ഥിതികാഘാതം വയല്‍ നികത്തുന്നതിനേക്കാള്‍ ഭീകരമായിരിക്കുമെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ വ്യക്തമാണ്.

Keezhattoor

കൃഷിചെയ്യുന്ന വയലും തണ്ണീര്‍ത്തടങ്ങളും തോടും നികത്തി ബൈപ്പാസ് പണിയുമ്പോള്‍ കുടിവെള്ളം അകന്നുപോകുമെന്നും കൃഷി അന്യമാകുമെന്നുമുള്ള ഭീതിയാണ് സമരക്കാര്‍ മുന്നോട്ടുവെച്ചത്. പാതക്കായി ഏറ്റെടുക്കേണ്ടിവരുന്ന 29.11 ഏക്കറില്‍ 21.09 ഹെക്ടറും നെല്‍പ്പാടമോ തണ്ണീര്‍ത്തടമോ ആണ്. കൂവോട്, കീഴാറ്റൂര്‍ ഭാഗത്തെ വയലുകള്‍ ഫലത്തില്‍ പൂര്‍ണമായും ഇല്ലാതാവും. വയല്‍ എന്നു പറയുമ്പോഴും വര്‍ഷത്തില്‍ വലിയൊരു പങ്കും വെള്ളം നിറഞ്ഞ് കിടക്കുന്ന പ്രദേശമാണിത്. ഈ വെള്ളം മുഴുവന്‍ കുറ്റിക്കോല്‍ പുഴയിലേക്ക് തുറന്നുവിടുകയാണോ ചെയ്യുക? അങ്ങനെയെങ്കില്‍ ഈ പ്രദേശത്തെയും സമീപപ്രദേശങ്ങളിലെയും ജലകലണ്ടറിന്റെ നിലയെന്താവും?- പരിസ്ഥിതിവാദികളും സമരക്കാരും ചോദിക്കുന്നു.

മാത്രമല്ല, പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശത്ത് ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങളൊന്നുമില്ലാതെയാണ് സ്ഥലം ഏറ്റെടുപ്പുമായി മുന്നോട്ടുപോകുന്നതെന്നും അവര്‍ ആരോപിക്കുന്നു. നാല്‍പത് മീറ്ററിലധികം നീര്‍ത്തടമോ നെല്‍വയലോ ഏറ്റെടുക്കുമ്പോള്‍ത്തന്നെ പാരിസ്ഥിതിക പഠനം നടത്തേണ്ടതുണ്ട്. ഇത്രയും വ്യാപകമായി ഭൂമി നികത്തേണ്ടിവരുന്ന സാഹചര്യത്തില്‍ നിര്‍ബന്ധമായും പാരിസ്ഥിതിക പഠനം നടത്തുകയും നിലവിലുള്ള നിയമങ്ങളും നടപടിക്രമങ്ങളും പാലിച്ച് മുന്നോട്ടുപോണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു.

 

Keezhattur protest

വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുമ്പോള്‍ പലപ്പോഴും ഉയര്‍ന്നുവരാറുള്ള വിഷയങ്ങളല്ല കീഴാറ്റൂരെ ജനകീയ പ്രക്ഷോഭത്തിനു പിന്നിലുള്ളത്. മറിച്ച് ജലം, കൃഷി, പരിസ്ഥിതി തുടങ്ങിയ അടിസ്ഥാന വിഷയങ്ങളാണ് സമരക്കാര്‍ ഉന്നയിക്കുന്നത്. ദേശീയപാത വേണ്ട എന്നല്ല, വയലും തണ്ണീര്‍ത്തടങ്ങളും നശിപ്പിക്കപ്പെടരുത് എന്നാണ് ഇവിടത്തെ കര്‍ഷകര്‍ ഉയര്‍ത്തുന്ന ആവശ്യം. മറ്റെന്തൊക്കെ രാഷ്ട്രീയ കാരണങ്ങളുടെ പേരിലായാലും ഈ വിഷയങ്ങളെ അഭിമുഖീകരിക്കാതെ മുന്നോട്ടുപോകുന്നത് പുതിയ കാലം മുന്നോട്ടുവെക്കുന്ന പ്രകൃതി അവബോധങ്ങളെയെല്ലാം നിരാകരിക്കുന്ന നടപടിയായിരിക്കും.

ഓരോ വര്‍ഷം പിന്നിടുമ്പോഴും വരള്‍ച്ച രൂക്ഷമായിക്കൊണ്ടിരിക്കുന്ന നാടാണ് നമ്മുടേത്. കീഴാറ്റൂരും കേപ്ടൌണും ചേര്‍ത്തുവെച്ച് പരിശോധിക്കേണ്ടിവരുന്നത് ഈ സാഹചര്യത്തിലാണ്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും വരള്‍ച്ചയെക്കുറിച്ചുമെല്ലാമുള്ള ആശങ്കകളുടെ മൂര്‍ത്തയാഥാര്‍ഥ്യമാണ് ഇപ്പോള്‍ കേപ്ടൗണില്‍ കാണുന്നത്. ജലക്ഷാമം അടക്കം വരുംകാലത്തെ പാരിസ്ഥിതിക പ്രതിസന്ധികള്‍ക്ക് പരിഹാരം പ്രകൃതി സംരക്ഷണം മാത്രമാണ് എന്ന തിരിച്ചറിവോടെ നടത്തുന്ന സമരവും അത് നേരിടുന്ന എതിര്‍പ്പുകളുമാണ് കീഴാറ്റൂരിലേത്. കേപ്ടൗണ്‍ പോലുള്ള ഉദാഹരണങ്ങളെ മുന്നില്‍വെച്ചുകൊണ്ട് പ്രകൃതിക്കും വെള്ളത്തിനും വേണ്ടിയുള്ള മുറവിളികളെ അവഗണിക്കുന്നത് ആത്മഹത്യാപരമാണെന്ന തിരിച്ചറിവാണ് നമ്മുടെ ഭരണ നേതൃത്വങ്ങള്‍ക്ക് ഉണ്ടാകേണ്ടത്.

Content Highlights: Cape Town draught, Keezhattur strike, world water day 2018