കുപ്പിവെള്ളത്തിന് ഇപ്പോള്‍ 20 രൂപയാണ്. റെയില്‍വേ സ്‌റ്റേഷനില്‍ ചെന്നാല്‍ അഞ്ച് രൂപ കുറയും. 15 രൂപയാണ് ഇവിടത്തെ വില. പണ്ട് കുടിവെള്ളം കുപ്പിയിലാക്കിവരുന്നു എന്നു കേട്ടപ്പോള്‍ മൂക്കത്ത് വിരല്‍വെച്ചവരാണ് നമ്മള്‍. ഇന്ന് ഇത് വാങ്ങാത്തവരായി ആരും ഉണ്ടാകില്ല. കോഴിക്കോട് നഗരത്തില്‍ കുടിവെള്ളം ലോറിയിലെത്തിച്ചാല്‍ 3500 ലിറ്ററിന് 500 രൂപ, ദൂരം കൂടുന്നതിനനുസരിച്ച് ഇത് 700 - 800 രൂപവരെയാകും. കുടിവെള്ളക്ഷാമമുള്ള പല ഫ്‌ളാറ്റുകളിലും ഈ ലോറിവെള്ളമാണ് ആശ്രയം. 

ഇത് കേരളത്തിലെ കാര്യം. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ കുടിവെള്ളത്തിനായി ലഹളയുണ്ടായി. കഴിഞ്ഞ ഏപ്രിലിലാണ് ആളുകള്‍ തമ്മിലടിച്ചത്. കിണറുകള്‍ക്കു ചുറ്റും കൂടിയവര്‍ മത്സരിച്ച് വെള്ളമെടുത്തു. കയ്യാങ്കളിയായപ്പോള്‍ പോലീസ് ഇടപെട്ടു. കുടിവെള്ള ക്ഷാമം രൂക്ഷമായപ്പോള്‍ ടാങ്കുകള്‍ തടഞ്ഞ് ആക്രമിക്കാനും തുടങ്ങി. ഡ്രൈവറെ ആക്രമിച്ച് ഓടിച്ച് കുടിവെള്ള ടാങ്കറുകളില്‍ നിന്ന് ഗ്രാമീണര്‍ വെള്ളം റാഞ്ചി. വരള്‍ച്ച രൂക്ഷമായപ്പോള്‍ ലാത്തൂരില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. നിരോധനാജ്ഞ ഒരു മാസം നീണ്ടു. കിണറുകള്‍ക്കും കുഴല്‍ കിണറുകള്‍ക്കും ചുറ്റും ആളുകള്‍ കൂടി നില്‍ക്കുന്നത് പോലീസ് സംഘം തടഞ്ഞു. 

സാംഗ്ലി ജില്ലയിലെ മിറാജ് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് തീവണ്ടി ടാങ്കറില്‍ വെള്ളമെത്തിച്ചാണ് ലാത്തൂരില്‍ പ്രശ്‌നം പരിഹരിച്ചത്. 'ജല്‍ദൂത്' എന്ന കുടിവെള്ള ടാങ്കര്‍ വണ്ടി മിറാജില്‍നിന്ന്‌ നിന്ന് 342 കിലോ മീറ്റര്‍ ഓടിയാണ് ലാത്തൂരിലെത്തിയത്. ആഴ്ചയില്‍ 25 ലക്ഷം ലിറ്റര്‍ വെള്ളമാണ് ലാത്തൂരിലെത്തിച്ചത്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ വര്‍ഷം 69 താലൂക്കുകളില്‍ കടുത്ത വരള്‍ച്ചയായിരുന്നു. മഴകുറവായിരുന്നതു കാരണം ലാത്തൂരില്‍, ഒസ്മാനാബാദ്, പാര്‍സാനി ജല്‍ന തുടങ്ങിയ പ്രദേശങ്ങളില്‍ കുടിവെള്ളമില്ലാതെ ആളുകള്‍ നെട്ടോട്ടമായിരുന്നു. 

water

മഴയില്ലാത്തതിനാല്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിലെ 266 ജില്ലകള്‍ വരള്‍ച്ചാബാധിതമായി കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. കര്‍ണ്ണാടക, ആന്ധ്ര, മഹാരാഷ്ട്ര എന്നിവയടക്കം എട്ട് സംസ്ഥാനങ്ങളില്‍ എഴുപത് ശതമാനത്തിലധികം ജില്ലകളിലും കടുത്ത വരള്‍ച്ചയായിരുന്നു.

കുടിവെള്ളമില്ലാത്ത ലോകം

ലോകത്തില്‍ ഒമ്പതില്‍ ഒരാള്‍ക്ക് ഇന്ന് ശുദ്ധജലം ലഭ്യമല്ല. ഇന്റര്‍നാഷണല്‍ വാട്ടര്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച് 2025 ല്‍ 180 കോടി ജനങ്ങള്‍ താമസിക്കുന്നത് കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിലായിരിക്കും. 2050ല്‍ ലോകത്തിലെ പകുതി ജനങ്ങളും ജലക്ഷാമത്തിന്റെ പിടിയിലാകും. മഴയില്‍ ഭൂമിക്കടിയിലേക്ക് ഊര്‍ന്നിറങ്ങുന്ന വെള്ളത്തിന്റെ ഇരട്ടിവെള്ളമാണ് കിണറുകളിലൂടെയും കുഴല്‍ കിണറുകളിലൂടെയും ഊറ്റിയെടുക്കുന്നത്. ഇതിനാല്‍ ഭൂമിക്കടിയിലെ ജലസ്തരങ്ങള്‍ (അക്വിഫര്‍) വറ്റിക്കൊണ്ടിരിക്കുകയാണ്.

കെട്ടിട നിര്‍മ്മാണം, തണ്ണീര്‍തടങ്ങളുടെ ശോഷണം, വനനശീകരണം കൃഷിസ്ഥലം നികത്തല്‍ എന്നിവ മണ്ണില്‍ താഴുന്ന മഴവെള്ളത്തിന്റെ അളവ് കുറച്ചു. ജനപ്പെരുപ്പം, നഗരവല്‍ക്കരണം, വ്യവസായവല്‍ക്കരണം എന്നിവ മൂലം ഭൂജല ഖനനമാണ് ലോകത്ത് നടക്കുന്നത്. മഴക്കുറവും കാലാവസ്ഥാ വ്യതിയാനവും വരള്‍ച്ച വ്യാപകമാക്കുകയും ചെയ്യുന്നു. 

ലോകത്തിലെ അമ്പത് ശതമാനം ജനങ്ങളുടെയും കുടിവെള്ളം ഭൂജലമാണ് (Ground Water). 43 ശതമാനം ഭൂജലം കൃഷിക്കായി ഉപയോഗിക്കുന്നു. ലോകത്തിലെ ഭൂജലസ്രോതസ്സായ ജലസ്തരങ്ങള്‍ ഇരുപത് ശതമാനത്തോളം ഇന്ന് അമിത ചൂഷണത്തിലാണ്. നഗരവല്‍ക്കരണവും വ്യവസായ വല്‍ക്കരണവും മൂലം ലോകത്തിലെ ജല ആവശ്യം 2050 ആകുമ്പോഴേക്കും 55 ശതമാനം കണ്ട് ഉയരുമെന്നാണ് പഠനങ്ങള്‍ നല്‍കുന്ന സൂചന. കാലാവസ്ഥാ വ്യതിയാനം മൂലം വരള്‍ച്ച രൂക്ഷമാകുന്നതോടെ 20 ശതമാനം വെള്ളം കൂടുതലായി വേണ്ടി വരുമെന്നാണ് കണക്ക്. 

മാലിന്യം കുമിയുന്ന നദികള്‍

ലോകത്ത് വ്യവസായ മേഖലയില്‍ 22 ശതമാനം വെള്ളം ഉപയോഗിക്കുന്നുണ്ട്. വ്യവസായം കൂടുതലുള്ള രാജ്യങ്ങള്‍ 59 ശതമാനം വരെ ഉപയോഗിക്കുന്നു. വ്യവസായ മേഖല പ്രതിവര്‍ഷം പുറന്തള്ളുന്ന രാസമാലിന്യങ്ങള്‍ 30 കോടി ടണ്‍ വരും. ഇതില്‍ വലിയൊരു ശതമാനം കുടിവെള്ള ശ്രോതസ്സുകളായ നദികളിലേക്കാണ് തള്ളുന്നത്. മിക്ക വ്യവസായ സ്ഥാപനങ്ങളും നഗരങ്ങളും നദിക്കരയിലോ നദികളുടെ പരിസരങ്ങളിലോ ആണ് സ്ഥലം പിടിച്ചിരിക്കുന്നത്. ഇവിടങ്ങളിലെ മാലിന്യം നേരെ നദിയിലേക്കാണ്  ഒഴുക്കുന്നത്. 

Packaged drinking water

ലോകത്ത് ഒരു ലക്ഷം രാസവസ്തുക്കള്‍ ഉല്പാദിപ്പിക്കുന്നുണ്ട്. രാസവളങ്ങളും കീടനാശിനികളുമെല്ലാം ഇതില്‍പ്പെടും. ഉപയോഗിച്ച ശേഷം ഇതെല്ലാം ഒഴുകിയെത്തുന്നത് ഭൂജല സ്രോതസുകളിലേക്കാണ്. വീട്ടില്‍ പാത്രം കഴുകാനും, തുണിയലക്കാനും ഉപയോഗിക്കുന്ന കാരം മുതല്‍ വ്യാവസായ ശാലകള്‍ പുറന്തള്ളുന്ന രാസമാലിന്യങ്ങള്‍ വരെ തോടുകളും നദികളും വഴി ഒഴുകി കുടിവെള്ളത്തില്‍ ചേരുന്നു. 

ലോകത്ത് ഇന്ന് 12000 ക്യുബിക് കിലോമീറ്റര്‍ മലിന ജലമുണ്ടെന്നാണ് കണക്ക്. അതായത് ലോകത്തിലെ ഏറ്റവും വലിയ അഞ്ച് നദികളില്‍ ഉള്‍ക്കൊള്ളുന്നതിലധികം മലിനജലം. മലിന ജലവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ മൂലം ലോകത്ത് നിത്യേന ശരാശരി 3900 കുട്ടികള്‍ മരിക്കുന്നുവെന്നാണ് കണക്ക്. വികസ്വര രാജ്യങ്ങളിലെ 80 ശതമാനം രോഗങ്ങളും മലിന ജലപ്രശ്‌നം മൂലമാണ്. 

ഭൂജലവിതാനം താഴുന്നു

ലോക ജനസംഖ്യയിലെ 18 ശതമാനം ഇന്ത്യയിലാണ്. എന്നാല്‍ ലോകത്തിലെ നാല് ശതമാനം ജലവിഭവം മാത്രമാണ് ഇന്ത്യയിലുള്ളത്. 1947ല്‍ ഇന്ത്യയിലെ ആളോഹരി വാര്‍ഷിക ജലലഭ്യത 6042 ക്യുബിക് മീറ്ററായിരുന്നു. 2001 ല്‍ അത് 1816 ആയി. 2011ല്‍ 1545 ആയി ചുരുങ്ങി. 2025 ആകുമ്പോഴേക്കും ഇത് 1340 ആകുമെന്നാണ് കണക്ക്. 

ഇന്ത്യയില്‍ ഭൂജല വിതാനം അനുദിനം താഴ്ന്നുവരികയാണ്. മഴയെ മണ്ണിലേക്ക് ഇറക്കാതെ ഭൂജലം ഊറ്റിയെടുക്കുന്നതിനാലാണിത്. ഹരിത വിപ്ലവത്തിന്റെ ഫലമായി ഭക്ഷ്യ ഉല്പാദനം കൂടിയതനുസരിച്ച് ഭൂജലചൂഷണം കൂടി. കര്‍ഷകര്‍ക്ക് വൈദ്യുതിക്കും പമ്പിനും വന്‍ സബ്ബ്‌സിഡി നല്‍കിയതോടെ ഗ്രാമങ്ങളില്‍ കുഴല്‍ കിണറുകളും പെരുകി. മോട്ടോര്‍ ഉപയോഗിച്ചുള്ള ജലചൂഷണം  ഭൂജലവിതാനം താഴ്ത്തി. 1960 ല്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്ക് വെറും 30 ശതമാനം ഭൂജലമാണ് ഉപയോഗിച്ചിരുന്നത്. ഇന്നത് 60 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. മഴയില്‍ ലഭിക്കുന്ന ഉപരിതല ജലത്തിന്റെ ഉപയോഗം 1950 ല്‍ 58 ശതമാനമായിരുന്നു. ഇന്നത്  30 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. 

ഡല്‍ഹി, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ അമിത ജലചൂഷണം മൂലം ഭൂജലവിതാനം ക്രമാതീതമായി താഴ്ന്നു. അമിത ജലചൂഷണം മൂലം ഭൂജലത്തിന്‍െ ധാതുക്കള്‍ കലരുന്ന പ്രതിഭാസം ഇന്ത്യയില്‍ പല ഭാഗങ്ങളിലും വര്‍ദ്ധിച്ചുവരികയാണ്. ഇതിലൂടെ രാസമലിനീകരണം സംഭവിക്കും. ആര്‍സനിക്, ഫ്‌ളൂറെഡ്, നൈട്രേറ്റ്, ഇരുമ്പ് എന്നിവയുടെ അംശമാണ് ഭൂജലം മലിനമാക്കുന്നത്. 

drinking water

ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങിലെ 68 ജില്ലകളില്‍ ആര്‍സനിക് മലിനീകരണം വ്യാപകമാണ്. ഹരിയാന, പഞ്ചാബ്, യു.പി, ബിഹാര്‍, പശ്ചിമ ബംഗാള്‍, മണിപ്പൂര്‍, അസം, കര്‍ണ്ണാടക തുടങ്ങിയ സ്ഥലങ്ങളിലാണിത്. 20 സംസ്ഥാനങ്ങളിലെ 276 ജില്ലകളില്‍ ഫ്‌ളൂറൈഡിന്റെ അംശം ഭൂജലത്തില്‍ കലരുന്നതായി കണ്ടെത്തി. കേന്ദ്ര ഭൂജല ബോര്‍ഡ് ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററുമായി ചേര്‍ന്ന് യമുനാ നദീതീരത്തും പശ്ചിമബംഗാളിലെ നാദിയ, 24 പര്‍ഗാനാസ്‌ പ്രദേശത്തും നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ഇവിടത്തെ ജനങ്ങളില്‍ ആര്‍സെനിക്കോസിസ്, കെരട്ടോസിസ്, അര്‍ബുദം എന്നീ രോഗങ്ങള്‍ കണ്ടെത്തി. ഇതിനുകാരണം ആര്‍സെനിക് കലര്‍ന്ന ഭൂജലമാണ്. 

മഴദിനങ്ങള്‍ കുറയുന്നു

മേഘ സ്‌ഫോടനത്തിലൂടെ കനത്ത മഴപെയ്ത് വെള്ളപ്പൊക്കമുണ്ടാകുന്ന പ്രതിഭാസം ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരികയാണെന്ന് കാലാവസ്ഥാപഠന കേന്ദ്രത്തിന്റെ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. അടുത്തകാലത്ത് ചെന്നൈ, മുംബൈ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലുണ്ടായ വെള്ളപ്പൊക്കം ഇതിന് ഉദാഹരണമാണ്. 

മഴദിനങ്ങള്‍ കുറയുകയും കനത്ത മഴ ഒന്നിച്ച്‌പെയ്യുന്ന പ്രതിഭാസം വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യം ഭൂജല ലഭ്യത കുറയ്ക്കും. ഇതിനാല്‍ ഭൂജല പോഷണത്തിനായി പോംവഴികള്‍ വേണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നു. മഴവെള്ളം സംഭരിച്ചുവെക്കാന്‍ വേണ്ടത്ര സംവിധാനം ഇല്ലാതാകുമ്പോള്‍ മഴവെള്ളമെല്ലാം സമുദ്രത്തിലേക്ക് ഒഴുകി നഷ്ടപെടും. മഴവെള്ളം മണ്ണില്‍ താഴ്ത്തിയാല്‍ വരള്‍ച്ചയില്‍ നിന്ന് കരകയറാം.

മഴപാഴാക്കി കേരളം

മഴവെള്ളം പാഴാക്കി ഭൂജലം അനിയന്ത്രിതമായി ഊറ്റിയെടുക്കുന്ന സംസ്ഥാനമായി കേരളവും മാറിക്കഴിഞ്ഞു. കേന്ദ്ര ഭൂജല ബോര്‍ഡിന്റെ നിരീക്ഷണമനുസരിച്ച് കേരളത്തിലെ 15 ബ്ലോക്കുകള്‍ ഭൂജലം കുറവുള്ള 'സെമിക്രിട്ടിക്കല്‍' വിഭാഗത്തിലും അഞ്ച് ബ്ലോക്കുകള്‍ അതീവ ഗുരുതരമായ 'ഓവര്‍ എക്‌സ്‌പ്ലോയിറ്റഡ്' വിഭാഗത്തിലും പെടുന്നു. ഇവിടങ്ങളില്‍ കുഴല്‍ കിണര്‍ നിര്‍മ്മാണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

മൂവായിരം മില്ലിമീറ്ററിലധികമാണ് കേരളത്തിലെ മഴ. അതായത് ദേശീയ ശരാശരിയുടെ രണ്ടരയിരട്ടി. എന്നിട്ടും കേരളീയര്‍ വേനലില്‍ കുടിവെള്ള ടാങ്കറുകള്‍ക്ക് പിന്നാലെയാണ്. കേരളത്തില്‍ കിട്ടുന്ന മഴയുടെ അറുപത് ശതമാനമേ നാം ഉപയോഗപ്പെടുത്തുന്നുള്ളു. ബാക്കി അറബിക്കടലിലേക്ക് ഒഴുകിപോവുകയാണ്. മഴവെള്ളം പിടിച്ചുനിര്‍ത്താനും സംഭരിക്കാനും വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ കേരളത്തിന് കുടിവെള്ള ക്ഷാമത്തില്‍ നിന്ന് കരകയറാം.

water
ഫോട്ടോ: പി. മനോജ്

 

പറമ്പില്‍ മഴക്കുഴികള്‍ നിര്‍മ്മിച്ചും തോടുകളിലും പുഴകളിലും തടയണകള്‍ കെട്ടിയും വെള്ളം തടഞ്ഞുനിര്‍ത്താം. ഈവെള്ളം മണ്ണിലേക്കിറങ്ങി ഭൂജലമായിമാറും. കുന്നിന്‍ചെരിവുകളിലെ തോടിനു കറുകെ തടയണ നിര്‍മ്മിച്ചും നീര്‍വാര്‍ച്ച കുറയ്ക്കാം. ഇങ്ങിനെ ചെയ്താല്‍ ആ പ്രദേശത്ത് ജലലഭ്യത കൂടും.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ കിണറുകളുള്ള പ്രദേശമാണ് കേരളം. ചതുരശ്ര കിലോമീറ്ററില്‍ 250 ല്‍ കൂടുതല്‍ കിണറുകള്‍. ആകെ കിണറുകള്‍ അരക്കോടിയിലധികം. പുരപ്പുറത്തെ മഴവെള്ളം ടാങ്കുകളില്‍ ശേഖരിച്ച് ബാക്കിവരുന്ന മഴവെള്ളത്തെ കിണറിലേക്ക് ഇറക്കാം. ഇത് ഭൂജല വിതാനം ഉയര്‍ത്തും. 

44 നദികള്‍, തോടുകള്‍, കായലുകള്‍, കുളങ്ങള്‍, തടാകങ്ങള്‍, എന്നിവ നമുക്ക് യഥേഷ്ടമുണ്ട്. എങ്ങോട്ടു നോക്കിയാലും വെള്ളമാണ്. പക്ഷെ വേനലില്‍ കടുത്ത കുടിവെള്ള ക്ഷാമവും. ദീര്‍ഘ വീക്ഷണത്തോടെ മഴവെള്ളം സംഭരിച്ച് ഉപയോഗിക്കാനും മണ്ണിലിറക്കാനുള്ള നടപടികളാണ് ആവശ്യം. ഇത് പഞ്ചായത്തുതലത്തില്‍ നടപ്പാക്കേണ്ടതുണ്ട്. ജലസംരക്ഷണം വീട്ടില്‍ നിന്ന് തുടങ്ങണം.

പറമ്പില്‍ മഴക്കുഴികള്‍, വരമ്പുകള്‍, കിണറിനു ചുറ്റും മഴച്ചാലുകള്‍, വീടിനു മുന്നില്‍ മഴവെള്ള സംഭരണി- വീടുകളില്‍ നടത്താവുന്ന മഴവെള്ള സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഒട്ടേറെയുണ്ട്. കുളിക്കാനും അലക്കാനുമുള്ള വെള്ളം കുറയ്ക്കാം. പൈപ്പ് പകുതി തുറന്നാല്‍ മതി. കൈകഴുകുമ്പോഴും പാത്രം കഴുകുമ്പോഴും ഓര്‍ക്കുക, ഇത് നാട്ടിലെ കുടിവെള്ളമാണ്.