കേരളമിന്നു വരളുകയാണ്. മുമ്പെങ്ങും കേട്ടിട്ടില്ലാത്തവിധം ജനങ്ങള്‍ വെള്ളത്തിനുവേണ്ടി നെട്ടോട്ടമോടുന്നു. കുപ്പിയില്‍ വെള്ളം വില്‍ക്കുന്നു എന്നു കേട്ടപ്പോള്‍ ചിരിചിരിച്ചിരുന്ന നമ്മള്‍ ഇപ്പോള്‍ കുപ്പിയിലെ വെള്ളം വാങ്ങി ഉപയോഗിക്കുന്നു എന്നു മാത്രമല്ല, ലോറികളില്‍ വിതരണം ചെയ്യുന്ന വെള്ളം വിലയ്ക്കുവാങ്ങി ഉപയോഗിക്കുകയും ചെയ്യുന്നു. എന്നിട്ടും പലയിടത്തും വെള്ളം കിട്ടാനില്ല!

ചുരുങ്ങിയത് കഴിഞ്ഞ അഞ്ചുവര്‍ഷമെങ്കിലുമായി (വാസ്തവത്തില്‍ അതിലും എത്രയോ കൂടുതല്‍) പതിവായി വരുന്ന വിരുന്നുകാരനാണ് വരള്‍ച്ച. 'എല്ലാവര്‍ക്കും ഒരു നല്ല വരള്‍ച്ച ഇഷ്ടമാണ് (Everybody Loves a Good Drought)'  എന്ന് പ്രശസ്ത പത്രപ്രവര്‍ത്തകന്‍ സായ്‌നാഥ് സമര്‍ത്ഥിച്ചിട്ടുണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല. അതു സൂചിപ്പിക്കുന്നത് വരള്‍ച്ചയുടെ പേരില്‍ സര്‍ക്കാരില്‍നിന്നു പണം സമ്പാദിക്കുന്നതിനെയാണ്. അതാണോ ഇവിടെ നടക്കുന്നത്? അതാണെങ്കില്‍, അത് പ്രോത്സാഹിപ്പിക്കേണ്ടതാണോ?

ഇത്രയും പറഞ്ഞപ്പോള്‍, ഒരു സംഭവം ഓര്‍മ്മവരുന്നു:

'നിങ്ങളുടെ രക്തസമ്മര്‍ദ്ദം അല്പം കൂടുതലാണ്. ഭക്ഷണം ക്രമീകരിക്കണം, കൂടുതല്‍ വ്യായാമം വേണം. എന്നിട്ടും കുറഞ്ഞില്ലെങ്കില്‍, മരുന്നു കഴിക്കേണ്ടിവരും.' ഡോക്ടര്‍ എന്റെ സുഹൃത്ത് രാജനോടു പറഞ്ഞു. മടങ്ങുന്ന വഴി ചായക്കടയില്‍ കയറിയ അദ്ദേഹം ആവശ്യപ്പെട്ടത് ചിക്കന്‍ഫ്രൈയും പറോട്ടയുമാണ്. 
'അതുവേണോ രാജാ, ഇപ്പൊ ഡോക്ടര്‍ പറഞ്ഞതല്ലേ ഭക്ഷണം നിയന്ത്രിക്കണമെന്ന്.' ഞാന്‍ ചോദിച്ചു.
'അവരങ്ങനെയൊക്കെ പറയും. ഇത്രേംകാലം ഇങ്ങനൊക്കെയല്ലേ കഴിഞ്ഞത്! ഇനിയും അങ്ങനെയൊക്കെ പൊയ്‌ക്കോളും. പോകുന്നത്രയുംകാലം പോയാല്‍മതി- 'രാജന്‍ പറഞ്ഞു.
എന്തൊരു മണ്ടന്‍, അല്ലേ? നിങ്ങളും അങ്ങനെതന്നെയല്ലേ ചിന്തിച്ചത്? എല്ലാവരും അങ്ങനെയേ ചിന്തിക്കൂ.

പിന്നെന്തേ കേരളസമൂഹത്തിന്റെ കാര്യം വന്നപ്പോള്‍ ശാസ്ത്രജ്ഞര്‍ തന്ന ഉപദേശങ്ങളും മുന്നറിയിപ്പുകളും എല്ലാം കാറ്റില്‍പ്പറത്തി തോന്നിയതുപോലെ ജീവിച്ചത്? അതിന് ഒരുത്തരമേ സാധ്യമായുള്ളൂ. 'ഇതൊന്നും എന്നെ ബാധിക്കാന്‍ പോണില്ല' എന്ന തോന്നല്‍.

മഴ കൊയ്യാന്‍ 25 വഴികള്‍കാടുവെട്ടിത്തെളിക്കരുത്, കുളങ്ങളും തടാകങ്ങളും പാടങ്ങളും നികത്തരുത്, നദികളില്‍നിന്നു പരിധിയിലധികം മണല്‍ വാരരുത്- ഇതെല്ലാം ശാസ്ത്രജ്ഞര്‍ പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങളാണ്. എല്ലാവര്‍ക്കും അപ്പോള്‍ വേണ്ടിയിരുന്നത് 'വികസനം' ആയിരുന്നു, പണമായിരുന്നു. പണം കുടിക്കാനാകില്ല എന്നും ഭക്ഷണമുണ്ടാക്കാന്‍ പണംകൊണ്ടു പറ്റില്ല എന്നും ചിലരെങ്കിലും പറയാന്‍ ശ്രമിച്ചു. പണംകൊടുത്താല്‍ ടാങ്കര്‍ലോറിയില്‍ ആരെങ്കിലും എവിടെനിന്നെങ്കിലും വെള്ളം കൊണ്ടുവന്നു കൊടുക്കുമെന്ന് നമ്മള്‍ കരുതി. എന്നാല്‍ അത് എത്രകാലം? 

കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ് കാലാവസ്ഥാവ്യതിയാനം എന്ന പ്രതിഭാസം. അതേപ്പറ്റിയും കേരളജനതയൊ സര്‍ക്കാരുകളോ വേണ്ടത്ര ചര്‍ച്ചചെയ്യുന്നതൊ നടപടികളെടുക്കുന്നതൊ കണ്ടില്ല. മറിച്ച്, ഉള്ള കാടുകളുംകൂടി വെട്ടിത്തെളിച്ച് വികസിപ്പിക്കാനുള്ള നീക്കം നടക്കുന്നതായാണ് കേള്‍ക്കുന്നത്. 

കേരളത്തില്‍ ആവശ്യത്തിനു വെള്ളം കിട്ടുന്നില്ല, സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ ജനങ്ങള്‍ കഷ്ടപ്പെടും എന്ന് ഇരുപതോളം വര്‍ഷം മുമ്പ് ഒരു ശാസ്ത്രജ്ഞന്‍ കൃത്യമായ മുന്നറിയിപ്പു തന്നിരുന്നു. (താഴെ അവലംബം നോക്കൂ). ആ റിപ്പോര്‍ട്ട് തയാറാക്കിയത് മറ്റാരുമല്ല. കേരളത്തിലെ ജലസമ്പത്തിനെയും അതു നോക്കിനടത്തുന്നതിനെയും കുറിച്ചു പഠിക്കാന്‍ മാത്രമായി കേരളസര്‍ക്കാര്‍ തുടങ്ങിയ സ്ഥാപനമായ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡിവെലപ്‌മെന്റ് ആന്റ് മാനെജ്‌മെന്റ് ( CWRDM) എന്ന കോഴിക്കോട്ടെ സ്ഥാപനത്തിന്റെ മുന്‍ ഡയറക്ടര്‍ ഡോ. പി. ബസാക്കാണ്. ആ റിപ്പോര്‍ട്ടില്‍ എന്താണ് പറഞ്ഞത് എന്നു നമുക്കൊന്നു പരിശോധിക്കാം.

CWRDM ലെത്തന്നെ ഗവേഷകര്‍ തയാറാക്കിയ എട്ടു പ്രബന്ധങ്ങളുടെ സമാഹാരമാണ് ഈ റിപ്പോര്‍ട്ട്. അവയില്‍ ആദ്യത്തേത് കേരളത്തിലെ ജല സമ്പത്തിനെപ്പറ്റി ഡയറക്ടര്‍ ഡോ. ബസാക് തന്നെ രചിച്ച പ്രബന്ധമാണ്. ജലവിഭവത്തിന്റെ ഓരോ വശങ്ങളെക്കുറിച്ചു വിശദമായി ചര്‍ച്ചചെയ്യുന്ന പ്രബന്ധങ്ങളാണ് മറ്റുള്ളവയൊക്കെ. നമുക്ക് ആദ്യത്തേതു മാത്രം പരിശോധിക്കാം.

ശുദ്ധജല ദൗര്‍ലഭ്യം - നൂറ്റാണ്ടിന്റെ വെല്ലുവിളിപടിഞ്ഞാറേക്കൊഴുകുന്ന 41ഉം കിഴക്കോട്ടൊഴുകുന്ന 3ഉം ഉള്‍പ്പെടെ 44 നദികളുണ്ട്, കേരളത്തില്‍. മാത്രമല്ല, ഇന്ത്യയിലെ ശരാശരിയെക്കാള്‍ കൂടുതല്‍ മഴ ലഭിക്കുന്ന സംസ്ഥാനമാണിത്. എവിടെ നോക്കിയാലും പച്ചപ്പും ജലാശയങ്ങളുമുള്ള കേരളത്തില്‍ വെള്ളം ഒരു പ്രശ്‌നമേ ആകേണ്ടതല്ല എന്നു തോന്നാം. പക്ഷെ, മഴക്കാലം തീരുമ്പോഴേക്ക് മിക്ക വര്‍ഷവും വരള്‍ച്ച തുടങ്ങുകയായി. എന്താണ് ഇവിടെ സംഭവിക്കുന്നത്? ലഭിക്കുന്ന ജലം ശരിയായി സംരക്ഷിച്ച് ഉപയോഗിക്കുന്നതില്‍ കേരളം പരാജയപ്പെട്ടുവോ? അതോ കേരളത്തില്‍ ധാരാളം ജലമുണ്ട് എന്ന തോന്നല്‍ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ യാഥാര്‍ത്ഥ്യമാണോ?

മഴ, റണ്ണോഫ്, റീച്ചാര്‍ജ്

WATER 1
ചിത്രം: ഒന്ന്
WATER 2
ചിത്രം: രണ്ട്

താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തിന് ദേശീയ ശരാശരിയുടെ 2.78 ഇരട്ടി മഴ ലഭിക്കുന്നുണ്ട്. രാജസ്ഥാനു ലഭിക്കുന്നതിന്റെ അഞ്ചിരട്ടി മഴയാണ് കേരളത്തിനു കിട്ടുന്നത്; തമിഴ്‌നാടിന്റെ മൂന്നിരട്ടിയും (ചിത്രം 1 നോക്കൂ). കുത്തനെയുള്ളതും കുന്നുകളും താഴ്വരകളുമുള്ള ഭൂപ്രകൃതിയായതുകൊണ്ട് വെള്ളം അധികസമയം കെട്ടിക്കിടക്കുകയും മണ്ണിലേക്ക് ഊര്‍ന്നിറങ്ങുകയും ചെയ്യുന്നില്ല. അധികമായി ലഭിക്കുന്ന മഴ കാരണമുള്ള ഗുണം ഇതുമൂലം കുറയുകയൊ ഇല്ലാതാകുകയൊ ചെയ്യുന്നു. വനനശീകരണവും ജനസംഖ്യാവര്‍ദ്ധനവും ഇത് കൂടുതല്‍ ഗുരുതരമാക്കുന്നുമുണ്ട്.

ലഭ്യമായ വിവരങ്ങള്‍വച്ചു നോക്കുമ്പോള്‍ ചുറ്റുപാടുമുള്ള സംസ്ഥാനങ്ങളെക്കാള്‍ കുറഞ്ഞ ഉപരിതല റണ്ണോഫും ഭൂഗര്‍ഭജലത്തിന്റെ റീച്ചാര്‍ജും ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. മാത്രമല്ല, രാജസ്ഥാന്‍, ഗുജറാത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബിഹാര്‍, തുടങ്ങിയവ പോലെയുള്ള വരണ്ട സംസ്ഥാനങ്ങളെക്കാള്‍ കുറച്ച് ഉപരിതലജലലഭ്യതയാണ് കേരളത്തിനുള്ളത്. വിവിധ സംസ്ഥാനങ്ങളിലെ സര്‍ഫസ് റണ്ണോഫും  ഭൂഗര്‍ഭ റീചാര്‍ജും  ചിത്രം 2ല്‍ കാണിച്ചിരിക്കുന്നു.

കേരളത്തില്‍ 44 നദികളുണ്ടെന്നും അവയില്‍ 41 എണ്ണം കിഴക്കുനിന്ന് പടിഞ്ഞാറേക്ക് ഒഴുകുന്നവയാണെന്നും മൂന്നെണ്ണം പടിഞ്ഞാറുനിന്ന് കിഴക്കോട്ടൊഴുകുന്നുവെന്നും സ്‌ക്കൂളില്‍ നാം പഠിപ്പിക്കുന്നു. അതു നാം വിശ്വസിക്കുകയും ചെയ്യുന്നു. എന്നാല്‍ സത്യാവസ്ഥ എന്താണ്? കേരളത്തില്‍ 44 ജലപാതകള്‍ ഉണ്ടെന്നത് സത്യമാണ്. അവയെയെല്ലാം നദികളായി നാം കണക്കാക്കുന്നു. ഈ കൊച്ചു സംസ്ഥാനത്തില്‍ ഇത്രയധികം നദികളോ എന്ന് ആദ്യമയി കേള്‍ക്കുന്നവര്‍ അത്ഭുതപ്പെട്ടേക്കാം.

water

എന്നാല്‍, ഭൂമിശാസ്ത്രത്തിലെ നദിയുടെ നിര്‍വചനത്തില്‍പ്പെടുന്ന ഒരു നദിയും കേരളത്തില്‍ ഇല്ല എന്നതാണ് സത്യം. ഭൂമിശാസ്ത്രപരമായി നദിയുടെ നിര്‍വചനം എന്താണ്? 'ജലം വാര്‍ന്നുപോകുന്ന, 15 കിലോമീറ്ററിലധികം നീളമുള്ള പാത' എന്നതാണ് കേരളം സ്വീകരിച്ചിരിക്കുന്ന നിര്‍വചനം. ഇതനുസരിച്ചാണ് കേരളത്തില്‍ 44 നദികളുണ്ടെന്നു പറയുന്നത്. 15 കിലോമീറ്റര്‍ എന്നത് കൂട്ടുകയൊ കുറയ്ക്കുകയൊ ചെയ്യുന്നതനുസരിച്ച് കേരളത്തിലെ നദികളുടെ എണ്ണം കുറയ്ക്കുകയൊ കൂട്ടുകയൊ ചെയ്യാം.

20,000 ചതുരശ്രകിലോമീറ്ററെങ്കിലും നീര്‍ത്തടത്തില്‍നിന്നുള്ള ജലം സ്വീകരിച്ചു കൊണ്ടുപോകുന്നവയെ മേജര്‍ നദികളെന്നും (major rivers) 2,000 ചതുരശ്രകിലോമീറ്ററെങ്കിലും വിസ്തീര്‍ണ്ണമുള്ള നീര്‍ത്തടത്തില്‍നിന്നുള്ള ജലത്തെ വഹിച്ചുകൊണ്ടുപോകുന്നവയെ ഇടത്തരം നദികളെന്നുമാണ് ദേശീയതലത്തില്‍ നിര്‍വചിച്ചിരിക്കുന്നത്. ഈ നിര്‍വചനമനുസരിച്ച് കേരളത്തില്‍ ഒരൊറ്റ മേജര്‍ നദിപോലുമില്ല. നാലെണ്ണം മാത്രം ഇടത്തരം നദികളാണ്: ചാലിയാര്‍, ഭാരതപ്പുഴ, പെരിയാര്‍, പമ്പ എന്നിവ. അവപോലും മൊത്തം വഹിച്ചുകൊണ്ടുപോകുന്ന വെള്ളം കൃഷ്ണാനദിയിലെ വെള്ളത്തിന്റെ പകുതിപോലും ആകുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ തീരെ ചെറിയ ജലപാതകളാണ് കേരളത്തിലെ നദികള്‍. ശേഷിക്കുന്ന 40ഉം മൈനര്‍ നദികളാണ്. അവയെല്ലാംകൂടി കടലിലെത്തിക്കുന്നത് ഗോദാവരിയിലെ വെള്ളത്തിന്റെ മൂന്നിലൊന്നു മാത്രം.

പ്രതിശീര്‍ഷ ജലലഭ്യത- നമ്മുടെ സ്ഥിതി

ഒരു പ്രദേശത്തു ലഭിക്കുന്ന മഴയും അവിടത്തെ ജലലഭ്യതയും താരതമ്യേന സ്ഥിരമായി നില്‍ക്കുന്നു. എന്നാല്‍ ജനസംഖ്യ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇതുമൂലം, കാലംകഴിയുംതോറും പ്രതിശീര്‍ഷജലലഭ്യത കുറഞ്ഞുവരുന്നു. കഴിഞ്ഞ നൂറു വര്‍ഷത്തിനിടയില്‍ ഇന്ത്യയിലെ പ്രതിശീര്‍ഷജലലഭ്യത നാലിലൊന്നായി. എന്നാല്‍, കേരളത്തിലേത് അഞ്ചിലൊന്നായി.

ദേശീയശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍, കേരളത്തില്‍ ഓരോ ചതുരശ്രകിലോമീറ്ററിലും  ലഭിക്കുന്ന മഴ 2.5 ഇരട്ടിയാണ്. എന്നാല്‍ അതേ ഭൂമിയില്‍തന്നെ 3.6 ഇരട്ടി ജനങ്ങളുണ്ടുതാനും. അതുകൊണ്ട്, അത്രയും ഭൂമിയില്‍ ലഭിക്കുന്ന വെള്ളം 3.6 ഇരട്ടി ജനങ്ങള്‍ ഉപയോഗിക്കേണ്ടതായി വരുന്നു.

കേരളം ജലവിഭവത്തില്‍ സമ്പന്നമാണോ?

കേരളത്തിലെ പ്രതിശീര്‍ഷശുദ്ധജലലഭ്യത ദേശീയശരാശരിയെക്കാള്‍ കുറവാണ് എന്നു മാത്രമല്ല, താരതമ്യേന വരണ്ട സംസ്ഥാനങ്ങളായ രാജസ്ഥാന്‍, ഗുജറാത്, കര്‍ണ്ണാടക, മഹാരാഷ്ട്ര എന്നിവയെക്കാളും കുറവാണ്. 1981ലെ സ്ഥിതിവിവരക്കണക്കനുസരിച്ചുള്ള ജലലഭ്യത പട്ടിക 1ല്‍ കൊടുത്തിരിക്കുന്നു. 

പട്ടിക 1: പ്രതിശീര്‍ഷജലലഭ്യത  

                        മഴ      ഉപരിതലജലം     ഭൂഗര്‍ഭജലം

ഇന്ത്യ                   15,600         2,612           1,280
കര്‍ണ്ണാടക             19,00         2,103             810
മഹാരാഷ്ട്ര             17,600         1,343           1,500
രാജസ്ഥാന്‍           16,000       32,807            790
ഗുജറാത്                13,100         2,291            910
കേരളം                 12,500        1,652            780
തമിഴ് നാട്              7,140         1,443          1,030

 

മഴയിലൂടെയും ഉപരിതലജലത്തിലൂടെയും ലഭിക്കുന്ന ശുദ്ധജലത്തിന്റെ പ്രതിശീര്‍ഷഅളവ് കേരളത്തിലേതിനെക്കാള്‍ കൂടുതലാണ് രാജസ്ഥാനില്‍ എന്നാണ് പട്ടിക കാണിക്കുന്നത്. അതുപോലെ, തമിഴ്‌നാട്ടിലെ ഭൂഗര്‍ഭജലത്തിന്റെ പ്രതിശീര്‍ഷലഭ്യത കേരളത്തിലേതിനെക്കാള്‍ കൂടുതലാണ്. പ്രതിശീര്‍ഷശുദ്ധജലലഭ്യത ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം എന്നുള്ള തിരിച്ചറിവ് ജലത്തെ സംബന്ധിച്ചുള്ള പല പരമ്പരാഗത വിശ്വാസങ്ങളെയും സങ്കല്പങ്ങളെയും അട്ടിമറിക്കേണ്ടതാണ്; ' കേരളത്തില്‍ ധാരാളം വെള്ളമുണ്ട്' എന്ന വിശ്വാസത്തെയുള്‍പ്പെടെ.

കേരളത്തിലെ ജലസമ്പത്തിനെ ശരിയായ രീതിയില്‍ നോക്കിനടത്തിയാല്‍ സ്ഥിതിഗതികള്‍ തീര്‍ച്ചയായും മെച്ചപ്പെടും. പക്ഷെ ഇവിടെ ധാരാളം വെള്ളമുണ്ട് എന്ന വിശ്വാസം നാം ആദ്യം മാറ്റണം.

waterമേല്പറഞ്ഞ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് സംസ്ഥാന ശാസ്ത്രസാങ്കേതികപരിസ്ഥിതി കൗണ്‍സിലാണ്. സര്‍ക്കാര്‍ വകുപ്പുകളില്‍ ഇത് എത്തിയിരിക്കും എന്നു പ്രതീക്ഷിക്കാം. പക്ഷെ ജനങ്ങളില്‍ എത്രപേര്‍ ഇതു കണ്ടിട്ടുണ്ടാകും? ഒരുപക്ഷെ കുറച്ചു ശാസ്ത്രജ്ഞര്‍ മാത്രം. എന്നിട്ടു നമ്മളെന്തു ചെയ്തു? നാം നമ്മുടെ ' വികസനം'ന നര്‍ബാധം തുടര്‍ന്നു, ഇപ്പൊഴും തുടരുന്നു. കാടുകള്‍ ഇല്ലാതാക്കി, അവശേഷിച്ച കുളങ്ങളും പാടങ്ങളും കൂടി നികത്തി വികസിപ്പിച്ചു. പറ്റുന്നിടത്തെല്ലാം കോണ്‍ക്രീറ്റും മറ്റു വസ്തുക്കളുംകൊണ്ട് ഒരുതുള്ളി വെള്ളം ഭൂമിയില്‍ താഴാത്തവിധം മൂടിവച്ചു. വീഴുന്ന മഴവെള്ളം കഴിവതും വേഗത്തില്‍ ഓടയിലൂടെ സമുദ്രത്തിലെത്താന്‍വേണ്ട സംവിധാനമൊരുക്കി. എന്നിട്ട്, മഴ പെയ്യുമ്പോള്‍ പ്രളയമെന്നും മഴ നിന്നാല്‍ വരള്‍ച്ചയെന്നും പറഞ്ഞ് കേന്ദ്രസഹായത്തിനായി നിലവിളിച്ചു. ഇതാണോ വിദ്യാസമ്പന്നരെന്ന് അഹങ്കരിക്കുന്ന മലയാളി ചെയ്യേണ്ടിയിരുന്നത്?

ഇവിടെ മഴവെള്ളസംഭരണം നടപ്പിലാക്കണം, ജലസംരക്ഷണസംവിധാനങ്ങള്‍ കൊണ്ടുവരണം എന്നും മറ്റും പലരും ആവലാതിപ്പെട്ടു. പക്ഷെ അവരെയൊക്കെ  'വികസനവിരുദ്ധര്‍' ആയി മുദ്രകുത്തി. ഇനിയിപ്പൊള്‍ അവശേഷിക്കുന്ന ചില നീരുറവകള്‍കൂടി വികസിപ്പിച്ചു വൈദ്യുതി ഉത്പാദിപ്പിച്ചാലേ നമുക്കു സമാധാനമാകുവത്രെ! പണിയാം നമുക്കു കൂടുതല്‍കൂടുതല്‍ ജലവൈദ്യുതപദ്ധതികള്‍ എന്നിട്ട് അവയില്‍നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് കടല്‍വെള്ളം ശുദ്ധീകരിച്ചു കുടിക്കാം. വനങ്ങളെല്ലാം വെട്ടി തടിയായി വില്‍ക്കാം. അതോടെ മഴവെള്ളം ഒരുതുള്ളി പോലും നാട്ടില്‍ നില്‍ക്കാതെ നേരെ കടലിലെത്തിക്കൊള്ളും. നാടുമുഴുവനും വൃത്തിയായി കിടന്നുകൊള്ളും. ഒരുതരി ചെളിപോലും ഉണ്ടാവില്ല. അപ്പോള്‍ കേരളം വികസിതരാജ്യമാകും.

ഇവിടെ പ്രസക്തമായ മറ്റൊരു പ്രശ്‌നവുമുണ്ട്. കേരളത്തിലെ ഗവേഷകരെങ്കിലും പഠനംനടത്തി കണ്ടുപിടിക്കുന്ന കാര്യങ്ങള്‍ അവരെഴുതുന്ന റിപ്പോര്‍ട്ടുകളില്‍ ആരുടെയൊക്കെയൊ അലമാരകളില്‍ രഹസ്യമായി ഇരിക്കേണ്ടതാണോ? ഈ വിവരങ്ങള്‍ ജനങ്ങളിലെത്തിയാല്‍ കുറെപ്പേരെങ്കിലും അവ നല്‍കുന്ന അറിവുകള്‍ സമൂഹത്തിനുവേണ്ടി പ്രയോജനപ്പെടുത്തി എന്നു വരില്ലേ? അതുകൊണ്ട് സമൂഹത്തിനു മൊത്തത്തില്‍ പ്രയോജനമുള്ള ഇത്തരം റപ്പോര്‍ട്ടുകളെങ്കിലും പൊതുജനങ്ങള്‍ക്കു വായിക്കാവുന്ന വിധത്തില്‍ ഇന്റര്‍നെറ്റിലൊ ഒക്കെ ലഭ്യമാക്കേണ്ടതല്ലേ?

അടിക്കുറിപ്പുകള്‍:

1. https://archive.org/details/EveryoneLovesAGoodDrought
2. വീഴുന്ന മഴവെള്ളത്തില്‍ ഒരു ഭാഗം ഉപരിതലത്തിലൂടെ ഒഴുകി തോടുകളിലും നദികളിലും അങ്ങനെ സമുദ്രത്തിലും എത്തുന്നു. ഇതിനാണ് സര്‍ഫസ് റണ്ണോഫ് (surface runoff) എന്നു പറയുന്നത്.
3. ഭൂഗര്‍ഭജലത്തിലേക്കു ചെന്നുചേരുന്ന മഴവെള്ളം.

അവലംബം:

James, E.J., Remani K.N. and Harikumar, P.S. (1998): Water Scenario of Kerala: A compendium of background papers on the Focal Theme of Tenth Kerala Science Congress, Published by The State Committee on Science, Technology and Environment, Kerala.