‘‘പ്രകൃതിദുരന്തങ്ങൾ, ജീവജാല വംശനാശം, ആഗോളതാപനം, അജ്ഞാത രോഗങ്ങൾ. പ്രകൃതി നൽകുന്ന ഇത്തരം മുന്നറിയിപ്പുകൾ അവഗണിക്കരുത്. ഇനിയും പാഠം പഠിച്ചില്ലെങ്കിൽ വരുംതലമുറയ്ക്ക് ഭൂമിയിൽ നിലനിൽപ്പുണ്ടാവില്ല’’ -മാലിപ്പുറത്ത് കായലിൽ താൻ നട്ടുവളർത്തിയ കണ്ടലുകൾ ചൂണ്ടിക്കാണിച്ച് ടി.പി. മുരുകേശൻ എന്ന മുരുകൻ പറഞ്ഞു.

വൈപ്പിനിലെ മാലിപ്പുറം സ്വദേശിയായ ഈ മത്സ്യത്തൊഴിലാളി നട്ടുവളർത്തിയത് എഴുത്തയ്യായിരത്തോളം കണ്ടൽച്ചെടികളാണ്. വെള്ളപ്പൊക്കം നിയന്ത്രിക്കാനും മണ്ണൊലിപ്പ് തടയാനും കണ്ടലുകളുടെ പ്രാധാന്യത്തെക്കുറിച്ച് അന്താരാഷ്ട്ര കോൺഫറൻസുകൾ ചേരുന്നതിനും എത്രയോ മുമ്പുതന്നെ കണ്ടൽസംരക്ഷണം ജീവിതചര്യയാക്കിയെടുത്തയാളാണ് മുരുകേശൻ.

വനംവകുപ്പുമായി സഹകരിച്ച് ചെറായ്, ഞാറക്കൽ, മുളവുകാട്, വല്ലാർപാടം, ചെല്ലാനം എന്നീ സ്ഥലങ്ങളിലാണ് കണ്ടൽക്കാടുകൾ വെച്ചുപിടിപ്പിച്ചത്. നട്ടുപിടിപ്പിക്കുക മാത്രമല്ല. പരിപാലിക്കുകയും അവ ആരോഗ്യകരമായി വളരുന്നെന്ന് ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്. കടൽത്തീരത്ത് 25,000 കാറ്റാടി മരങ്ങളും മുരുകേശൻ നട്ടിട്ടുണ്ട്. മുനമ്പത്തും ചെറായിയിലുമായി നടത്തുന്ന കടലാമസംരക്ഷണ പ്രവർത്തനങ്ങളിലും മുരുകേശൻ മുൻനിരയിലുണ്ട്. ‘‘തലമുറകൾ കൈമാറി തന്ന അറിവ് പ്രാവർത്തികമാക്കുകയാണ് ഞാൻ ചെയ്യുന്നത്. പണ്ട് വീടുകൾക്ക് അതിരു തന്നെ കണ്ടൽച്ചെടികളാണ്. വീട്ടുമുറ്റത്തേക്ക് വെള്ളം കയറാതിരിക്കാനുള്ള തന്ത്രംകൂടിയായിരുന്നു ഇത്. പണ്ടുണ്ടായിരുന്നതിന്റെ വെറും പത്തുശതമാനം മാത്രമാണ് ഇപ്പോൾ കണ്ടലുകൾ ഉള്ളതെന്ന് മുരുകേശൻ പറയുന്നു. വർഷം 15,000 തൈകൾ വളർത്തുന്ന ഒരു ചെറിയ നഴ്‌സറിയും വീട്ടിൽ എട്ടുസെന്റ് ഭൂമിയിൽ ഒരുക്കിയിട്ടുണ്ട്. ഇത് വനംവകുപ്പിന് വിൽക്കുന്നു. സന്നദ്ധ സംഘടനകളും തൈ വാങ്ങാറുണ്ട്.

മുന്നറിയിപ്പുകൾ അവഗണിക്കരുത്

ഇരുപതാം വയസ്സിൽ കടലിൽ മീൻപിടിക്കാൻ പോയിത്തുടങ്ങിയതാണ്. കടലും കായലും മലിനപ്പെടുന്നത് കണ്ട് മനസ്സുമടുത്താണ് പ്രകൃതിസംരക്ഷണത്തിന് ഇറങ്ങിത്തിരിച്ചത്. കാലാവസ്ഥാ വ്യതിയാനം യാഥാർഥ്യമാണെന്ന് നാം അംഗീകരിക്കേണ്ട സമയമാണിതെന്ന് മുരുകേശൻ പറയുന്നു. മുരുകേശന്റെ പ്രവർത്തനങ്ങളിൽ ഊർജം പകർന്ന് വനംവകുപ്പും ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.

മുരുകേശന്റെ എല്ലാ പ്രവർത്തനങ്ങളിലും പൂർണപിന്തുണയുമായി ഭാര്യ ഗീതയും പെൺമക്കളായ നിമിത, നിനിത, എട്ടു വയസ്സുകാരൻ ചെറുമകൻ അകാനിത് എന്നിവരുമുണ്ട്.