നുഷ്യ ഇടപെടലുകളിലും കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികളിലും നാശോന്മുഖമായി കേരളത്തിന്റെ കടലോരങ്ങൾ. അരനൂറ്റാണ്ടിനിടെ കേരളത്തിന്റെ തീരമേഖല വലിയ മാറ്റങ്ങൾക്കാണ് സാക്ഷ്യംവഹിച്ചത്. മണ്ണൊലിപ്പും മലിനീകരണവും ജൈവവൈവിധ്യ ശോഷണവുമെല്ലാം മനോഹരതീരത്തെ മരണവക്കിലെത്തിച്ചു.

നാഷണൽ സെന്റർ ഫോർ കോസ്റ്റൽറിസർച്ചിന്റെ (എൻ.സി.സി.ആർ) പഠനമനുസരിച്ച് മണ്ണൊലിപ്പ് കാരണം കാൽനൂറ്റാണ്ടിനിടെ കേരളത്തിന് നഷ്ടമായത് 40 ശതമാനം തീരമാണ്. ഒരിടത്ത് നഷ്ടമാവുന്നത് മറ്റിടത്ത് നിക്ഷേപിക്കപ്പടുന്ന പ്രതിഭാസം കാരണം 21 ശതമാനം തീരം തിരിച്ചുലഭിച്ചു. എങ്കിലും 560 കിലോമീറ്റർ ദൈർഘ്യമുള്ള കേരളതീരത്തിന് മൊത്തത്തിലുള്ള നഷ്ടം ഭീമമാണ്.

1990 മുതൽ 2016 വരെയുള്ള കാലയളവിൽ 33 ശതമാനം പ്രദേശങ്ങളിലും തീരശോഷണം കണ്ടെത്തി. കേരളതീരത്തിന്റെ ഏതാണ്ട് 1.3 ശതമാനം പ്രദേശങ്ങൾ രൂക്ഷമായ മണ്ണൊലിപ്പ് മേഖലയാണ്. 7.8 ശതമാനം (46.3 കിലോമീറ്റർ) മാത്രമാണ് മണ്ണൊലിപ്പില്ലാത്ത സുസ്ഥിര മേഖലയിലുള്ളത്.

ഇന്ത്യയിൽ അറബിക്കടൽ തീരങ്ങളിലാണ് മണ്ണൊലിപ്പ് കൂടുതൽ. കഠിനമായ കാലാവസ്ഥയാണ് ഇതിന് പ്രധാന കാരണം. ജൂൺമുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലെ മൺസൂൺമഴയും ഒക്ടോബർ, ഡിസംബറിലെ തുലാവർഷവും തീരങ്ങളെ പ്രക്ഷുബ്ധമാക്കുന്നു. മനുഷ്യന്റെ നിർമാണ പ്രവർത്തനങ്ങളാണ് മറ്റൊരു ഗുരുതരഭീഷണി. മണൽഖനനവും തീരത്തിന്റെ സന്തുലനം തകർക്കുന്നു. കൊടുങ്കാറ്റുകൾ, സുനാമി, വൻ തിരമാലകൾ തുടങ്ങിയവയും തീരശോഷണത്തിന് ആക്കംകൂട്ടുന്നു.

ആഗോളതാപനത്തിന്റെ ഭാഗമായി കടൽനിരപ്പ് ഉയരുന്നത് ഈ നൂറ്റാണ്ടിൽ കേരളതീരങ്ങൾ നേരിടുന്ന ഏറ്റവുംവലിയ ഭീഷണി. കടൽനിരപ്പ് ഉയരുന്നതോടെ പല തീരദേശപ്രദേശങ്ങളും വെള്ളത്തിനടിയിലാവും. 2100-ഓടെ കടൽ ജലനിരപ്പ് കഴിഞ്ഞ നൂറ്റാണ്ടിനെ അപേക്ഷിച്ച് 87.8 സെന്റീമീറ്റർവരെ ഉയരുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ കേരളത്തിലെ പല തീരപ്രദേശങ്ങളും വെള്ളത്തിനടിയിലാവും. കുട്ടനാട്, വൈപ്പിൻ, കൊച്ചി, വൈക്കം, തൃശ്ശൂരിന്റെ ഭാഗങ്ങൾ തുടങ്ങിയവയാണ് ഏറ്റവുമധികം ഭീഷണി നേരിടുന്നത്. ഇന്ത്യയിൽ മുംബൈ, ചെന്നൈ, ഗോവ, ഒഡിഷ, ആന്ധ്രാപ്രദേശ് തുടങ്ങിയ പ്രദേശങ്ങൾ ഭീഷണിയിലാണ്.

അമൂല്യ ജൈവസമ്പത്തിന്റെ കേന്ദ്രമാണ് കേരള തീരം. വള്ളിച്ചെടികൾ, പച്ചപുതച്ച മണൽക്കൂനകൾ, ചെറുതീരവനങ്ങൾ, കണ്ടൽക്കാടുകൾ, കാവുകൾ തുടങ്ങിയവ തീരങ്ങളെ കാത്തുസൂക്ഷിച്ചിരുന്നു. അറബിക്കടൽ ജൈവസമൃദ്ധമാണ്. കടലിലെ പ്ലവകങ്ങളും അസംഖ്യം മത്സ്യഇനങ്ങളും ഇതിന്റെ തെളിവാണ്. തീരങ്ങളുടെ നാശം ജൈവ സന്പത്തിൻറേയും നാശത്തിന് വഴിവെക്കും. തീരജനതയേയും ഇത് പ്രതിസന്ധിയിലാക്കും.