ഗോള താപനനിരക്ക് നിർണയിക്കുന്ന സുപ്രധാന ശക്തിയായി ഇന്ത്യൻ മഹാസമുദ്രം മാറിക്കഴിഞ്ഞു. ഹിന്ദ് മഹാസാഗർ എന്നുകൂടി അറിയപ്പെടുന്ന ഇന്ത്യൻ മഹാസമുദ്രത്തിൽ ഭൂമുഖത്തെ ജലസമ്പത്തിന്റെ 20 ശതമാനംപോലുമില്ല. എന്നാൽ, വലുപ്പത്തിന് അതീതമായി ഹരിതഗൃഹവാതകങ്ങൾ അന്തരീക്ഷത്തിൽ തടഞ്ഞുനിർത്തുന്ന അധിക ഊർജത്തിൽ എത്രത്തോളം സമുദ്രം ആഗിരണം ചെയ്യുന്നുണ്ടെന്ന് നിർണയിക്കുന്നത് ഈ കുഞ്ഞു സമുദ്രമാണ്.

കാലാവസ്ഥയുടെ രണ്ട് സ്വഭാവങ്ങൾ സമുദ്രങ്ങളുടെ ഊർജ ആഗിരണത്തെ സ്വാധീനിക്കുന്നുണ്ട്. അന്തരീഷത്തിലെ ചൂട് സ്പോഞ്ചുപോലെ വലിച്ചെടുത്ത് അടിത്തട്ടിൽനിന്നും തണുത്ത ജലമെത്തിക്കുന്ന പസഫിക്‌ പ്രദേശത്തെ കാറ്റുകളായ വാണിജ്യവാതങ്ങളാണ് ഇവയിലൊന്നാമത്തേത്. വാണിജ്യവാതങ്ങൾ ശക്തമാകുന്നതനുസരിച്ച് സമുദ്രം കൂടുതൽ ചൂട് ആഗിരണം ചെയ്യുന്നു.

രണ്ടാമത്തെ സ്വാധീനശക്തി സമുദ്രത്തിന്റെ മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന ചംക്രമണ സ്വഭാവമാണ്. ഗ്രീൻലൻഡ്-ഐസ്‌ലൻഡ് -നോർവീജിയൻ സമുദ്രമേഖലകളിലെ ജലാന്തർ രൂപവത്കരണ കേന്ദ്രങ്ങളിലാണ് തണുത്തതും കട്ടിയുള്ളതുമായ ജലം രൂപമെടുക്കുന്നത്. ഇവിടെനിന്നും ആഴംകൂടിയ പസഫിക്, ഇന്ത്യൻ സമുദ്രങ്ങളിലേക്ക് ഈ തണുത്ത ജലം പ്രവഹിക്കുന്നു. ഒട്ടേറെ നൂറ്റാണ്ടുകളായി ഈ അന്തർധാരകൾ യാത്രതുടങ്ങിയിടത്തുതന്നെ ഉപരിതല ജലമായി തിരിച്ചെത്തുന്നുണ്ട്. ഈ പ്രതിഭാസംമൂലം ചിലയിടത്ത് അടിത്തട്ടിലൂടെയൊഴുകി മറ്റിടങ്ങളിൽ സമുദ്രോപരിതലത്തിലൊഴുകുകയും വീണ്ടും അടിയിലേക്ക് താണൊഴുകുകയും ചെയ്യുന്ന സമുദ്രജല പ്രവാഹങ്ങളുടെ അന്താരാഷ്ട്ര ചംക്രമണ വ്യവസ്ഥ നൂറ്റാണ്ടുകളായി നിലനിൽക്കുന്നുണ്ട്.

താഴ്‌ന്നൊഴുകുന്ന ജലപ്രവാഹം അന്തരീക്ഷത്തിൽനിന്നും ഊർജം വലിച്ചെടുത്ത് നൂറ്റാണ്ടുകളോളം സമുദ്രത്തിലടക്കം ചെയ്യുന്നു. ഈ പ്രവാഹത്തിന്റെ വേഗമാണ് എത്രകാലത്തിനുശേഷം സമുദ്രം ഈ ഊർജം അടക്കംചെയ്യുമെന്നത് നിർണയിക്കുന്നത്. ഇങ്ങനെ എത്രമാത്രം ഊർജം സമുദ്രം ആഗിരണം ചെയ്യുന്നുവെന്നും എത്രകാലത്തിനുശേഷം പുറത്തുവിടുമെന്നും നിശ്ചയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കാൻ പസഫിക് സമുദ്രത്തിനാകും.

എന്നാൽ, കഴിഞ്ഞ കുറച്ചുവർഷങ്ങളായി പുറത്തുവരുന്ന അത്ഭുതകരമായ വിവരങ്ങളനുസരിച്ച് പസഫിക് സമുദ്രം ആഗിരണം ചെയ്യുന്ന അധിക ഊർജത്തിലൊരു പങ്ക് ഇന്ത്യൻ മഹാസമുദ്രത്തിലാണെത്തുന്നത്. പടിഞ്ഞാറൻ പസഫിക്കിൽനിന്ന് ഇൻഡൊനീഷ്യൻ കടലിലൂടെ കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് ഈ ഊർജം കൈമാറ്റം ചെയ്യപ്പെടുന്നു. ഓസ്ട്രേലിയയുടെ പടിഞ്ഞാറൻ തീരത്തും ഇതേ പ്രവാഹമെത്തുന്നുണ്ട്.

ഇതേ സമയത്ത്, ചൂടുകൂടിക്കൊണ്ടിരിക്കുന്ന ദക്ഷിണ സമുദ്രത്തിൽ ചൂടേറിയ കാറ്റിന്റെ സ്വാധീനത്താൽ കൂടുതൽ തിരമാലകളുണ്ടാകുന്നു. ഈ തിരമാലകൾ വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് ഓസ്ട്രേലിയൻ തീരത്തുനിന്നുള്ള അധിക ഊർജമെത്തിക്കുന്നു. കഴിഞ്ഞ ഏതാനം പതിറ്റാണ്ടുകളായി ഇന്ത്യൻ സമുദ്രത്തിൽ ക്രമാതീതമായുയരുന്ന ചൂടിന്റെ സ്രോതസ്സിതാണ്.

ഇന്ത്യൻ സമുദ്രത്തിലെ ഉയരുന്ന ചൂട് പസഫിക് സമുദ്രത്തെ തിരിച്ചും സ്വാധീനിക്കുന്നു. ചൂടുയരുന്നതുമൂലം അതിശക്തമായ വാണിജ്യവാതങ്ങൾ പിറവിയെടുത്ത് പസഫിക് സമുദ്രമേഖലയിൽ വീശിയടിക്കുന്നു. ഊർജം ആഗിരണം ചെയ്യാനുള്ള പസഫിക് സമുദ്രത്തിന്റെ കഴിവിന് ആക്കംകൂട്ടുന്നത് ഇന്ത്യൻ സമുദ്രത്തിന്റെ വർധിക്കുന്ന ചൂടാണ്. ചുരുക്കിപ്പറഞ്ഞാൽ, ആഗോളതാപനത്തിന്റെ അളവ് നിശ്ചയിക്കുന്ന പസഫിക് സമുദ്രത്തിന്റെ ഉഷ്ണം ആഗിരണം ചെയ്യാനുള്ള കഴിവിനെ സ്വാധീനിക്കുന്നത് ഇന്ത്യൻ മഹാസമുദ്രമാണ്.

ഇതുകൂടാതെ സമുദ്രജല പ്രവാഹങ്ങളുടെ പ്രദക്ഷിണത്തെ ഇന്ത്യൻ മഹാസമുദ്രത്തിലുയരുന്ന ചൂട് ത്വരപ്പെടുത്തുവെന്നാണ് കഴിഞ്ഞ വർഷം പുറത്തുവന്ന കണക്കുകൾ പറയുന്നത്. സമുദ്രം ആഗിരണം ചെയ്യുന്ന താപോർജത്തിന്റെ അളവിനെ സ്വാധീനിക്കുക മാത്രമല്ല, കൂടുതൽ കാലം ചൂട് അടക്കംചെയ്യാനും ഇന്ത്യൻ മഹാസമുദ്രം സഹായിക്കുന്നു. ഇവ രണ്ടും ആഗോള താപനത്തിന്റെ വർധനയെ നിർണയിക്കുന്ന സുപ്രധാന ഘടകങ്ങളാണ്.

സമുദ്രത്തിലേക്ക് തള്ളിനിൽക്കുന്ന ഇന്ത്യൻ ഉപദ്വീപിന്റെ സാമീപ്യമാണ് സമഗ്രമായ കര-കടൽ അന്തരത്തിലൂടെ മൺസൂൺ കാലാവസ്ഥയെയും സമുദ്രോപരിതലത്തിലെ ഉയർന്ന ചൂടിനെയും സ്വാധീനിക്കുന്നത്. അന്തരീഷ താപസംവഹനവും പ്രവാഹവും നിയന്ത്രിക്കാനുള്ള ഊർജം നൽകുന്ന ഉഷ്ണസമുദ്രങ്ങളുടെ സൂക്ഷ്മ മാറ്റങ്ങൾപോലും ഭൗമ കാലാവസ്ഥയെ സ്വാധീനിക്കുന്നുണ്ട്. ചൂടിനെ ആഗിരണം ചെയ്ത് പ്രതിവാതങ്ങൾ സൃഷ്ടിക്കാനുള്ള കഴിവ് ആഗോളതാപനം നിർണയിക്കുന്നതിലെ വലിയ ശക്തിയായി ഇന്ത്യൻ മഹാസമുദ്രത്തെ മാറ്റിയിരിക്കുന്നു.

മനുഷ്യരുടെ ദൈനംദിന പ്രവൃത്തികൾമൂലമുണ്ടാകുന്ന ഹരിതഗൃഹപ്രഭാവം മൂലം ഉത്പാദിപ്പിക്കപ്പെടുന്ന ഊർജത്തിന്റെ 90 ശതമാനവും ആഗിരണം ചെയ്യുന്നത് ഇന്ത്യൻ മഹാസമുദ്രമാണ്. ഈ ആഗിരണത്തോത് നിർണയിക്കുന്നതിലൂടെ ‘മഹാസാഗർ’ എന്ന പേര് അന്വർഥമാകുന്നു

(​മെറിലൻഡ് സർവകലാശാലയിൽ അറ്റ്മോസ്ഫെറിക് ആൻഡ് ഓഷ്യാനിക് സയൻസ് വിഭാഗം അധ്യാപകനും ബോംബെ ഐ.ഐ.ടി.യിൽ വിസിറ്റിങ് പ്രൊഫസറുമാണ് ലേഖകൻ)