‘‘അന്നൊക്കെ കടൽ കണ്ണാടിപോലെയാ. മീൻ ഓടിനടക്കുന്നത് കാണാം. കണ്ണിൽ കണ്ടാണ് വലയെറിയുന്നത്. കടലമ്മ കനിഞ്ഞു തരും. നമ്മളത് കോരിയെടുത്താ മതി.’’ കുട്ടിക്കാലത്തെ കടൽക്കാഴ്ചകൾ ഓർക്കുകയാണ് പീറ്റർ സ്രാങ്ക്. കൊച്ചിയിലെ കടലാശാന്മാരിലൊരാളാണ് പീറ്റർ. പ്രായം 74 കഴിയുന്നു. 14-ാം വയസ്സിൽ ചെറുവഞ്ചിയിൽ കടലിലേക്ക് ഇറങ്ങിയതാണ്. കടന്നുപോയ ആറു പതിറ്റാണ്ടുകാലം കടലിന്റെ മടിത്തട്ടിലായിരുന്നു ആ ജീവിതം. ഇപ്പോഴും ഒരുദിവസം മുടങ്ങാതെ മീൻപിടിക്കാൻ കടലിലിറങ്ങും.

‘‘കടലിന്റെ കെടപ്പ് കാണുമ്പോ സങ്കടമാ. ഇതൊക്ക കണ്ടുനിക്കാമെന്നല്ലാതെ എന്തുചെയ്യും. പണ്ട് കടൽ ആരെയും പട്ടിണിക്കിട്ടിരുന്നില്ല. പ്രാർഥനയോടെ ഇറങ്ങിയാ കൈനിറയെ മീൻ കിട്ടുമായിരുന്നു. ഇപ്പോ, എല്ലാവരും പട്ടിണിയാ.

വള്ളത്തിലാണ് പണ്ടൊക്കെ കടലിൽ പോയിരുന്നത്. അധികം പോകണ്ടാ. കുറച്ചങ്ങ് പോകുമ്പോ തന്നെ മീൻ കാണും. ഒരുമണിക്കൂർ പണിയെടുത്താൽ മീനുമായി തിരിച്ച് വരാം.’’ വയറുനിറച്ച് മീനുമായി തൊഴിലാളിയെ കാത്തിരുന്ന പഴയ കടലിനെ ഓർത്തെടുക്കുകയാണ് അദ്ദേഹം. ‘‘അന്ന് തണ്ടുവലിച്ചാണ് കടലിൽ പോയിരുന്നത്. പിന്നീട് വലിയ എൻജിനുകൾ വന്നു. കൂറ്റൻ എൻജിൻ പിടിപ്പിച്ച ബോട്ട് പത്തുമണിക്കൂർ ഓടിയാലും ഇപ്പോ മീൻ കാണുന്നില്ല.

ഓരോവർഷം കഴിയുമ്പോഴും മീൻ കരയിൽനിന്ന് അകന്നു പോകുകയാ. തീരക്കടലിൽ ചെളി നിറഞ്ഞുകിടക്കുന്നു. അതുകൊണ്ടാ മീൻ ഓടിപ്പോകുന്നത്. ഓടി ഓടി തളർന്നാലും മീനെ കാണുന്നില്ല. പണ്ടൊക്കെ ഒന്നുമില്ലെങ്കിലും വേളൂരി, നത്തോലി, മുള്ളൻ, കൊഴുവ, മണങ്ങ് തുടങ്ങിയ മീനൊക്കെ എല്ലായിടത്തും കാണാമായിരുന്നു. ഇപ്പോ ഇതൊന്നുമില്ല. എന്തിനുപറയുന്നു, ചാള പോലുമില്ല. മുട്ടച്ചാളയും മുട്ട അയലയുമൊക്കെ പിടിച്ച കാലം മറന്നു.

പണ്ടൊക്കെ കടലിലേക്ക് ഇറങ്ങുമ്പോ തന്നെ നല്ല ആഴമായിരുന്നു. ഇപ്പോ കുറെ അധികം പോയാലും ആഴമില്ല. മാലിന്യം വന്ന് അടിഞ്ഞ് ആഴം കുറഞ്ഞു. ഏഴുഭാഗം കാണണമെങ്കിൽ കുറെയധികം ഓടണം.

കുറെക്കഴിഞ്ഞപ്പോ എൻജിൻ ഘടിപ്പിച്ച ബോട്ടുകൾ കൂട്ടത്തോടെ വന്ന് കടൽ കൊള്ളയടിച്ചു. ഇപ്പോ എവിടെ നോക്കിയാലും ബോട്ടാണ്. പുറങ്കടലിൽ കൂറ്റൻ കപ്പലുകൾ വന്നതും ഞങ്ങളൊക്കെ കണ്ടു. അവരും മീൻപിടിക്കാൻ വന്നതാ.. തക്കം നോക്കിയാ അന്നൊക്കെ കടലിൽ പോണത്. അഷ്ടമിയും വാവുമൊക്കെ കണക്കാക്കി ഇറങ്ങിയാ വലയിൽ മീൻ നിറയും. കരക്കാറ്റും മേൽക്കാറ്റും അറിഞ്ഞാണ് വലയിട്ടിരുന്നത്. പക്ഷേ, കടൽക്കണക്കുകൾ ഇപ്പോ പിഴയ്ക്കുന്നു. തക്കംനോക്കി കടലിൽ ഇറങ്ങാനാകുന്നില്ല. തെക്ക് പടിഞ്ഞാറൻ കാറ്റ് മാത്രമാണിപ്പോ. നേരത്തേ ഓരോ കാലത്തും പല ദിശകളിൽനിന്ന് കാറ്റുവരും. അതോടൊപ്പം മീനും വരും. കാലം മാറിയപ്പോ പഴയ കണക്കുകൾ ചേരുന്നില്ല. മഴക്കാലത്തുപോലും കടൽ ഇളകുന്നില്ല. പണ്ട് കാലവർഷകാലത്ത് മലവെള്ളം നല്ലോണം കടലിലേക്ക് ഒഴുകിവരും. അങ്ങനെയാണ് കടൽ ഇളകിമറിയുന്നത്. ഇപ്പോ അതൊന്നുമില്ല. കടൽ ഇളകാതെ എങ്ങനെ മീൻകിട്ടും.

പണ്ടൊക്കെ മീനല്ലാതെ മറ്റൊരു വസ്തുവും വലയിൽ കുടുങ്ങിയിരുന്നില്ല. കുറച്ചുകാലമായി പ്ലാസ്റ്റിക് സഞ്ചികളാണ് വലയിൽ കുടുങ്ങുന്നത്. എല്ലാ മാലിന്യവും കടലിലേക്ക് ഒഴുക്കിവിടുന്നു. ഇതുവരെ കാണാത്ത മാലിന്യമാണിപ്പോ കടലിൽ. എല്ലാവരും ചേർന്ന് കടലിനെ ദ്രോഹിക്കുകയാ...’’ പീറ്റർ സ്രാങ്ക് പറയുന്നു.

‘‘ഇപ്പോ ഓർത്തിരിക്കാത്ത നേരത്ത് കടലിന്റെ മുഖം മാറും. പെട്ടെന്ന് കാറ്റടിക്കും. കാലം മാറിയപ്പോ കടലിന്റെ സ്വഭാവവും മാറുകയാ. പക്ഷേ, ഞങ്ങൾക്കൊക്കെ കടലിനെ ഇപ്പോഴും വിശ്വാസമാ. നമ്മളാണ് കടലിനെ ചതിക്കുന്നത്.’’ -പീറ്റർ സ്രാങ്ക് പറയുന്നു.