• ഇന്ത്യയ്ക്ക് 7516 കിലോമീറ്റർ തീരമാണുള്ളത്. മറ്റുരാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ തീരമേഖലയെ ഇന്ത്യ കാര്യമായി ഉപയോഗപ്പെടുത്തിയിട്ടില്ല. യൂറോപ്യൻ രാജ്യങ്ങൾ ബി.ഇ.യെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയ സാഹചര്യത്തിൽ ഇന്ത്യയും ഈ നിലയ്ക്കു തന്ത്രം മെനയണം.

• തീരദേശ വിനോദസഞ്ചാരവും കടലിലെ സുരക്ഷിതമായ ഭാഗങ്ങളിൽ ഇറങ്ങിയുള്ള സ്നോർകെലിങ്, യോട്ടിങ് പോലുള്ളവയും ഉൾപ്പെടുത്തി ഇന്ത്യൻ തീരങ്ങളിലേക്ക് സഞ്ചാരികളെ ആകർഷിക്കാം.

• ഇപ്പോഴത്തെ പ്രതിസന്ധിയൊടുങ്ങിക്കഴിഞ്ഞ് 2022-ൽ വിനോദസഞ്ചാരം അതിന്റെ താളം വീണ്ടെടുക്കും. അതിനാൽ, അതിനനുസരിച്ചുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കണം. യൂറോപ്യൻ കമ്മിഷന്റെ വിലയിരുത്തലനുസരിച്ച് തീരദേശ, മാരിറ്റൈം വിനോദസഞ്ചാരമാണ് യൂറോപ്പിൽ സമുദ്രവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ പ്രവർത്തനം. 32 ലക്ഷം ജീവനക്കാർ ഈ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു. 18.3 കോടി യൂറോയാണ് ഇതിൽനിന്നുള്ള വരുമാനം. യൂറോപ്പിന്റെ മാരിറ്റൈം സമ്പദ്‌വ്യവസ്ഥയുടെ മൂന്നിലൊന്നാണിത്.

• സമുദ്രവുമായി ബന്ധപ്പെട്ട ഗതാഗതത്തിനുള്ള അടിസ്ഥാസൗകര്യം മൂന്നുമുതൽ അഞ്ചുവർഷത്തിനുള്ളിൽ സജ്ജമാക്കാനാകും. ഇന്ത്യയുടെ പടിഞ്ഞാറൻ തീരം ഗൾഫിൽനിന്നും യൂറോപ്പിൽനിന്നും കിഴക്കൻ രാജ്യങ്ങളിലേക്കുള്ള കപ്പൽ പാതയ്ക്കടുത്താണ്. ഇതുവഴി കടന്നുപോകുന്ന കപ്പലുകളുടെ ചെറിയ അറ്റകുറ്റപ്പണിയിലും ഘർഷണം കുറയ്ക്കുന്നതിനുള്ള ലൂബ്രിക്കന്റുകൾ നൽകുന്നതിലും മറ്റും ഇന്ത്യക്കു ശ്രദ്ധപതിപ്പിക്കാവുന്നതാണ്.

• ബങ്കർ ഇന്ധനവിപണിയിൽ താരതമ്യേന പുതുമുഖമാണ് ഇന്ത്യ. ആഗോള ബങ്കർ വിപണി വർഷം 15 കോടി ടൺ (എം.എം.ടി.പി.എ.) ഇന്ധനമാണ് കൈകാര്യം ചെയ്യുന്നത്. ഇന്ത്യയിലെ 12 പ്രധാന തുറമുഖങ്ങളും 180 അപ്രധാന തുറമുഖങ്ങളും വഴി ഇപ്പോൾ 1.5 എം.എം.പി.ടി.എ. മാത്രമേ കൈകാര്യം ചെയ്യുന്നുള്ളൂ. ഇന്ത്യൻ തുറമുഖത്തുകൂടി കടന്നുപോകുന്ന കപ്പലുകളുടെ എണ്ണം അഞ്ചുശതമാനമായിട്ടുണ്ട്. അതിനാൽ, ബങ്കർ ഇന്ധന (കപ്പലിൽ ഇന്ധനം നിറയ്ക്കൽ) മേഖലയിലും ഇന്ത്യയ്ക്കു ശ്രദ്ധപതിപ്പിക്കാം.

• കപ്പലുകളിൽ ഇന്ധനം നിറയ്ക്കുന്ന ബങ്കർ ബാർജുകൾ സുരക്ഷിതമായി നിർത്തിയിടേണ്ടതുണ്ട് (ബെർത്തിങ്). ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിൽ ഇതിന് താരതമ്യേന വലിയ തുകയാണ് ഈടാക്കുന്നത്. ബങ്കർ കൈകാര്യം ചെയ്യുന്ന കമ്പനിയുടെ വരുമാനത്തിന്റെ നല്ലൊരുഭാഗവും ഇതിനായി ചെലവാക്കേണ്ടിവരുന്നു. കൂടുതൽ അടിസ്ഥാനസൗകര്യമൊരുക്കുകയോ പുതിയ ബെർത്തിങ് ചട്ടങ്ങൾ ആവിഷ്കരിക്കുകയോ വേണം.

ബ്ലൂ ഇക്കോണമിയിലുൾപ്പെട്ട 10 പ്രധാനകാര്യങ്ങൾ

• മറൈൻ ഫിഷിങ്

• മറൈൻ ബയോടെക്‌നോളജി

• തീരക്കടലിലെയും ആഴക്കടലിലെയും ഖനനം

• മറൈൻ ടൂറിസം

• കപ്പൽ ഗാതാഗതം, തുറമുഖം

• നിർമാണങ്ങൾ

• പുനരുത്പാദിപ്പിക്കാവുന്ന ഊർജം

• ഉത്പാദനപ്രവർത്തനങ്ങൾ

• മറൈൻ കൊമേഴ്‌സ് ആൻഡ് ഐ.സി.ടി.

• വിദ്യാഭ്യാസവും ഗവേഷണവും

വിവരങ്ങൾക്ക്‌ കടപ്പാട്‌: ഡോ. സി.ഉണ്ണിക്കൃഷ്ണൻ (മുംബൈ ജവഹർലാൽ നെഹ്രു പോർട്ട്‌ ട്രസ്റ്റ്‌ മുൻ ചീഫ്‌ ഓപ്പറേഷൻസ്‌ മാനേജർ)