പായ്‌വഞ്ചിയിലൂടെ ഒറ്റയ്ക്ക് ലോകം ചുറ്റിവന്ന ആദ്യ ഇന്ത്യക്കാരൻ, കമാൻഡർ അഭിലാഷ് ടോമി. രണ്ടാംയാത്രയ്ക്കിടെ കടലിൽ വെച്ചുണ്ടായ അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ് കിടപ്പിലായിരുന്നു അഭിലാഷ്. അടുത്ത കടൽയാത്രയെക്കുറിച്ചുള്ള സ്വപ്നം മാതൃഭൂമി പ്രതിനിധി സൗമ്യ ഭൂഷനോട് അഭിലാഷ് പങ്കുവെക്കുന്നു

കടൽ പ്രവചനാതീതം എന്നാണ് എപ്പോഴും പറഞ്ഞു കേട്ടിട്ടുള്ളത്, എന്റേത് മറിച്ചുള്ള അനുഭവമാണ്. പ്രകൃതിയിലെ ഓരോ നിറംമാറ്റവും ഓരോ തിരമാലയും ഓരോ മേഘപടലവും കാറ്റും പക്ഷികളും മത്സ്യങ്ങളും ഓളവും പരപ്പും ആകാശവും നക്ഷത്രങ്ങളും ചന്ദ്രനും സൂര്യനും ഒരായിരം സന്ദേശങ്ങളാണ് നാവികന് നൽകുന്നത്. ഓരോന്നിന്റേയും അതിസൂക്ഷ്മമായ ശാസ്ത്രവായനയിലൂടെയാണ് നാവികൻ കടലുമായി സംവദിക്കുന്നത്. അവളുമായി സൗഹൃദത്തിലാകുന്നത്.

എന്നാൽ സൗഹൃദവും സംവാദവും പലപ്പോഴും ഒരുദിശയിൽ മാത്രമാണ്. കടലിന് വികാരമോ ഔപചാരികതയോ ഇല്ല. മനുഷ്യനെപ്പോലെ കുറ്റബോധവുമില്ല! അത്യന്തം സ്വാതന്ത്ര്യമെടുക്കുന്ന സുഹൃത്തിനെപ്പോലെ ഇഷ്ടമുള്ളതെല്ലാം ചെയ്തിട്ടുപോകും. അങ്ങനെയൊന്നാണ് 2018 സെപ്റ്റംബർ 21-ന് സംഭവിച്ചതും. ഇന്ത്യൻ മഹാസമുദ്രത്തിൽ പെട്ടെന്നുണ്ടായ അതിഭയങ്കര കൊടുങ്കാറ്റ്. കഴിഞ്ഞദിവസം ബംഗാളിലടിച്ച അംഫൻ പോലെയൊന്ന്. കടൽ എല്ലാ സന്ദേശങ്ങളും തന്നിരുന്നു. പക്ഷേ, എന്റെ ഭാഗത്തുനിന്ന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലായിരുന്നു.

15-20 മീറ്ററിലായിരുന്നു തിരമാല, ബോട്ടിലെ അലൂമിനിയം പാളിയിൽ നടുവിടിച്ചു. എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ നല്ലവേദന. അപ്പോഴേ കണക്കുകൂട്ടി, നടുവൊടിഞ്ഞുകാണുമെന്ന്. കരയാൻ ശ്രമിച്ചു, പക്ഷേ, ശബ്ദമോ കരച്ചിലോ പുറത്തുവന്നില്ല. അന്ന് ഭാര്യ ഗർഭിണിയാണ്. തിരിച്ചുവരുമെന്ന് അവർക്കും വീട്ടുകാർക്കും കൊടുത്തവാക്ക് പാലിക്കാതെ പോകുമോയെന്നതും മനസ്സിലൂടെ കടന്നുപോയി. ബോട്ട് നഷ്ടപ്പെടുമോ എന്നതായിരുന്നു മറ്റൊരു പേടി. സംഘാടകരെ വിവരമറിയിച്ചശേഷം മൂന്നുദിവസം കഴിയുന്നത്ര ഉറങ്ങിത്തീർത്തു. കരയിൽ നിന്നും 7000 കിലോമീറ്റർ ദൂരെയായിരുന്നു ബോട്ട്, അടുത്തൊരു കപ്പലിൽ നിന്നും 1000 കിലോമീറ്റർ ദൂരെയും.

കടൽ യാത്രയ്ക്കിടെ നഷ്ടപ്പെടുന്ന ഒന്ന് ഓർമയാണ്. സമയവുമായുള്ള എല്ലാ ബന്ധങ്ങളും നഷ്ടപ്പെടും. സൂര്യനുദിക്കുന്നു അസ്തമിക്കുന്നു. ഇതുമാത്രമാണ് അറിയുന്നത്. ഇന്നലെ എന്തുചെയ്തെന്നുപോലും ഓർത്തെടുക്കാനാകില്ല. വെയിൽ ചൂടാകുമ്പോൾ വല്ലതും പാകം ചെയ്തുകഴിക്കും. അതും വിശക്കുമ്പോൾമാത്രം.

കരയിൽ ആളുകളുമായുള്ള ബന്ധംകൊണ്ടാണ് നമ്മൾ ഉണർന്നു പ്രവർത്തിക്കുന്നത്. കാര്യങ്ങൾ ഓർമയിൽ സൂക്ഷിക്കുന്നതും മറ്റുള്ളവർക്കുവേണ്ടിയാണ്. കടലിൽ അതിന്റെയൊന്നും ആവശ്യമില്ല. കടലും ആകാശവും കാറ്റും നക്ഷത്രങ്ങളും മാത്രമുള്ള ലോകം. ആരുടേയും പരിഭവം തീർക്കാനില്ല, സമയം പാലിക്കാനായി ഓടേണ്ട... ആരും തടയാനില്ല, നിങ്ങൾ മാത്രം! സ്വയം തിരഞ്ഞെടുത്ത ഏകാന്തത ആസ്വദിച്ചുള്ള ജീവിതം. 50 ദിവസത്തിലുംമേലെ കുളിക്കാതെയാണ് കഴിഞ്ഞത്!

കരയിൽ തിരിച്ചെത്തി സാധാരണജീവിതവുമായി പൊരുത്തപ്പെടാൻ നല്ല ബുദ്ധിമുട്ടായിരുന്നു. കടലുപോലെ ഞാനും നിർവികാരനായി മാറിയിട്ടുണ്ടായിരുന്നു. പൂർവസ്ഥിതിയിലെത്താൻ ഒന്നര വർഷമെടുത്തു. ഏതോ ഉന്മാദത്തിലെന്നപോലെ പാറിനടന്നു. ആളുകൾ സംസാരിക്കുന്നതൊന്നും ചെവിയിൽ പതിഞ്ഞില്ല, ആളുകളുമായുള്ള ഇടപെടലിലും ബുദ്ധിമുട്ടുകളുണ്ടായിരുന്നു.

മനുഷ്യൻ എത്ര നിസ്സാരം എന്നതാണ് കടലിലെ ഓരോ അനുഭവവും നൽകിയ പാഠം. നമ്മുടെ നിയന്ത്രണത്തിലുള്ള കാര്യങ്ങൾ തുച്ഛം. ടൺ കണക്കിന് വെള്ളമാണ് ഒറ്റ തിരമാലയിൽതന്നെ. അതിനിടയിൽ മനുഷ്യനെവിടെ! കടൽയാത്രയിലെ സ്വാതന്ത്ര്യം, അതെന്നെ തിരിച്ച് കടലിലേക്ക് വിളിച്ചുകൊണ്ടിരിക്കുന്നു...