ചെറിയരീതിയിലാണ് തുടങ്ങിയതെങ്കിലും അതിവേഗമാണ് ഫ്ളെക്സ് വ്യാപിച്ചത്. അതിന്റെ തെളിമയും മറ്റും തന്നെ അതിനുകാരണം. ഉപയോഗശേഷം ഫ്ലക്സ് കത്തിക്കുകയാണ് എല്ലാവരും ചെയ്യുന്നത്. വേറെ മാർഗമില്ലാത്തതു കൊണ്ടാണിത്. കേരളംപോലുള്ള സംസ്ഥാനങ്ങളിലാണ് പി.വി.സി. ഫ്ളെക്സിന്റെ ആധിക്യം ഏറ്റവുമധികമുള്ളത്. ഇതപകടകരമാണ്. തുണിയാണ് ഏറ്റവും നല്ല മാർഗമെങ്കിലും ഫ്ളെക്സിൽ പ്രിന്റ് ചെയ്യുന്ന തെളിമയൊന്നും തുണിയിൽ കിട്ടില്ല. പി.വി.സി.ക്കുപകരം പോളി എത്തിലീൻ ഉപയോഗിക്കാൻ എല്ലാവരും തുടങ്ങണം.
ഡോ. എം. ചന്ദ്രദത്തൻ
മുഖ്യമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവ്
ഈ തിരിച്ചറിവ് നല്ലതുടക്കം
കാലമേറെക്കഴിഞ്ഞാലും മണ്ണിൽ ലയിച്ചുചേരാത്ത, പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും ഹാനികരമായ ഫ്ളെക്സിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിനെ കഴിഞ്ഞദിവസം ചേർന്ന സർവകക്ഷിയോഗം സ്വാഗതംചെയ്തത് പ്രതീക്ഷനൽകുന്നു. താത്കാലിക ലാഭങ്ങൾക്കുപരി പ്രകൃതിയോടും അതിലെ ജീവജാലങ്ങളോടും നാം കാട്ടേണ്ട പ്രതിബദ്ധത മനസ്സിലാക്കിക്കൊണ്ടുള്ള സമീപനമാണ് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി കെ.ടി. ജലീൽ വിളിച്ചുചേർത്ത ആ യോഗത്തിൽ പങ്കെടുത്ത രാഷ്ട്രീയപ്പാർട്ടികളെല്ലാം സ്വീകരിച്ചത്. ഈ തിരിച്ചറിവ് നല്ലതുടക്കമാണ്. മണ്ണിനെ നശിപ്പിക്കുന്ന പോളി വിനൈൽ ക്ലോറൈഡ് (പി.വി.സി.) ഉപയോഗിച്ചുള്ള ഫ്ലെക്സിന്റെ വ്യാപകമായ ഉപയോഗം അവസാനിപ്പിച്ച് ബദൽമാർഗങ്ങളിലേക്ക് കടക്കാൻ ഇതോടെ കേരളത്തിൽ സാഹചര്യമൊരുങ്ങിയിരിക്കുന്നു. തൊഴിലും വരുമാനവും നഷ്ടമാകുന്ന ഫ്ലെക്സ് ബോർഡ് നിർമാതാക്കളുടെയും തൊഴിലാളികളുടെയും ആശങ്കകൾകൂടി പരിഹരിച്ചുള്ള തീരുമാനമാണ് ഇനിയുണ്ടാകേണ്ടത്. സർക്കാർ ഇതുസംബന്ധിച്ച നയം വൈകാതെ വ്യക്തമാക്കണം. രാഷ്ട്രീയപ്പാർട്ടികളുടെയും വിവിധ വിഭാഗങ്ങളുടെയും അഭിപ്രായ നിർദേശങ്ങളും കൂടി കണക്കിലെടുത്ത് പ്രായോഗികവും ശാസ്ത്രീയവുമായ തീരുമാനമാണ് ഇക്കാര്യത്തിൽ കേരളം കാത്തിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണമെന്ന ജീവൽപ്രധാനമായ സങ്കല്പത്തിനായിരിക്കണം ഈ തീരുമാനത്തിൽ മുൻതൂക്കം.
പി.വി.സി. ഉപയോഗിച്ചുള്ള ഫ്ലെക്സ് പരിസ്ഥിതിക്ക് നാശവും പൊതുജനാരോഗ്യത്തിന് ഭീഷണിയുമാണ് എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. കേരളത്തിൽ ഇതിന്റെ ഉപയോഗമുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടും ഇതിന് അടിവരയിടുന്നുണ്ട്. നമ്മുടെ നാട്ടിലെ ഫ്ളെക്ല് ഉപയോഗത്തിന്റെ മാരകമായ വ്യാപ്തി കണക്കിലെടുത്താൽ പ്രത്യാഘാതവും മാരകമാണെന്ന് കാണാം. എന്നാൽ, ഇതുപയോഗിച്ചുള്ള പരസ്യപ്പലകകളുടെ നിർമാണം ഇന്ന് ഒട്ടേറെപ്പേരുടെ ജീവിതമാർഗമാണ്. ഫ്ലെക്സ് നിരോധിക്കാൻ മുൻപ് നടന്ന നീക്കങ്ങളെല്ലാം തടസ്സപ്പെട്ടത് പെട്ടെന്നുള്ള നിരോധനം ഈ രംഗത്ത് മുതൽമുടക്കിയവരെയും തൊഴിലെടുക്കുന്നവരെയും നിരാശ്രയരാക്കും എന്നുള്ളതിനാലാണ്. ഇത് നിരോധിക്കുന്നതിന്റെ ലാഭനഷ്ടങ്ങൾ തുലനംചെയ്താൽ തത്കാലം ഉണ്ടാകുന്ന നഷ്ടത്തെക്കാൾ സമൂഹത്തിന് ഭാവിയിലുണ്ടാകുന്ന നേട്ടത്തിനായിരിക്കും തൂക്കം കൂടുതലെന്നതിലും തർക്കംവേണ്ട. എന്നാൽ, ഇതുകൊണ്ടുണ്ടാകുന്ന ഹ്രസ്വകാല ദുരിതങ്ങളെ അവഗണിക്കാനാവില്ല. പുനരുപയോഗിക്കാവുന്നതും പി.വി.സി. മുക്തവുമായ പോളി എത്തിലിൻകൊണ്ട് നിർമിച്ച വസ്തുക്കളിലേക്ക് ഈ പരസ്യപ്പലക നിർമാണമേഖല എത്രയും പെട്ടെന്ന് മാറുകയാണ് വേണ്ടത്. ഇതിലേക്ക് ഈരംഗത്ത് ഇപ്പോഴുള്ളവരെ സജ്ജമാക്കാൻ സർക്കാർതന്നെ മുൻകൈയെടുക്കണം. അതിനുവേണ്ട മൂലധന നിക്ഷേപത്തിനും സാങ്കേതികസംവിധാനങ്ങളുടെ കാലാനുസൃതമായ മാറ്റത്തിനും സർക്കാരിന്റെ പിന്തുണ ഇവർക്ക് ലഭിക്കണം. ഈ മേഖലയുടെ ആശങ്കകൾ മനസ്സിലാക്കാനും അവയ്ക്ക് പ്രായോഗികപരിഹാരം നിർദേശിക്കാനും സംരംഭകരും തൊഴിലാളികളുമായി ചർച്ചചെയ്യാനും സർക്കാർ തയ്യാറാവണം. പരിസ്ഥിതിക്ക് ഹാനികരമല്ലാത്ത ബദൽ മാർഗങ്ങളിലേക്ക് കടക്കാൻ സാഹചര്യമൊരുങ്ങുന്നതോടെ ദോഷകരമായ ഫ്ലെക്സ് ഷീറ്റുകളുടെ ഉപയോഗം പൂർണമായും ഒഴിവാക്കാനാകണം.
വിപണിയുടെ അനിവാര്യതയാണ് പരസ്യപ്പലകകൾ. ചെലവുകുറച്ച് അനായാസം മിഴിവാർന്ന മുദ്രണം സാധ്യമാകുന്ന മാധ്യമങ്ങൾ ലഭ്യമാണെങ്കിൽ വിപണിക്ക് അതാണ് അനുഗ്രഹം. അങ്ങനെയാണ് ഫ്ലെക്സ് ഷീറ്റുകളിൽ കേരളത്തിന്റെ കാഴ്ച മറഞ്ഞത്. മണ്ണ് നശിച്ചുതുടങ്ങിയത്. താത്കാലിക നേട്ടങ്ങൾക്കായി മണ്ണിനെയും പ്രകൃതിയെയും നശിപ്പിക്കുന്ന ഒരു പരസ്യപ്രചാരണ മാധ്യമം വിവേകമുള്ള ആർക്കും സ്വീകരിക്കാനാവില്ല. എന്തിനും ഏതിനും ഫ്ലെക്സ് ബോർഡ് ഉയർത്തുന്നവർ ആത്മനിയന്ത്രണത്തിലൂടെ ഈ വിവേകം ഇനിയെങ്കിലും കാട്ടേണ്ടതുണ്ട്. സാങ്കേതികവിദ്യ അതിവേഗം വളരുന്ന ഇക്കാലത്ത് കൂടുതൽ മെച്ചപ്പെട്ട മാർഗങ്ങൾ കണ്ടെത്തി ഫ്ലെക്സ് ബോർഡ് നിർമാതാക്കൾക്ക് താത്കാലിക നഷ്ടങ്ങൾ അതിജീവിക്കാവുന്നതേയുള്ളൂ. പരിസ്ഥിതിസംരക്ഷണം പ്രകൃതിയുടെയും പരിസ്ഥിതിവാദികളുടെയും മാത്രം ഉത്തരവാദിത്വമല്ല, എല്ലാവരും ഒരുമനസ്സോടെ നിർവഹിക്കേണ്ട കർത്തവ്യമാണിത്. ലോകമെങ്ങും ഈ മാർഗത്തിലാണിപ്പോൾ. സർക്കാരും പൊതുസമൂഹവും ഫ്ളെക്സിന്റെ ദൂഷ്യങ്ങൾ തിരിച്ചറിയുന്ന ഇക്കാലത്ത് ഇതൊരു ഉപജീവനമാർഗമായി സ്വീകരിച്ചിരിക്കുന്നവർക്കും അത് ബോധ്യപ്പെട്ടിരിക്കുന്നുവെന്നത് പ്രശ്നപരിഹാരം അനായാസമാക്കുന്നുണ്ട്. അവരുടെ സഹകരണം ഉറപ്പാക്കുകയാണ് ഇനി വേണ്ടത്. എല്ലാവരും സർവാത്മനാ സഹകരിച്ചാലേ ഈ വിപത്തിൽനിന്ന് കേരളത്തിന് രക്ഷയുള്ളൂ.
പി.വി.സി. ഫ്ളെക്സ് ഉപയോഗിച്ചാല്‍ പിഴയ്ക്ക് ശുപാര്‍ശ
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടക്കമുള്ള പരസ്യ പ്രചാരണങ്ങള്‍ക്ക് പി.വി.സി. ഫ്ളെക്സ് ഉപയോഗിക്കാനോ പ്രിന്റുചെയ്യാനോ പാടില്ലെന്ന് വിദഗ്ധസമിതി. സര്‍ക്കാര്‍ പരിപാടികളുടെയും സ്വകാര്യ, മത ചടങ്ങുകളുടെയും പ്രചാരണത്തിന് പി.വി.സി. ഫ്ളെക്സ് ബോര്‍ഡോ ബാനറോ ഉപയോഗിക്കാന്‍ പാടില്ല. നിരോധനത്തിനുശേഷവും ഫ്ളെക്സ് അച്ചടിക്കുന്നവരില്നിന്നും സ്ഥാപിക്കുന്നവരില്നിന്നും ചതുരശ്ര അടിക്ക് 20 രൂപ നിരക്കില്‍ പിഴ ഈടാക്കാന്‍ സമിതി ശുപാര്‍ശചെയ്യുന്നു. പരിസ്ഥിതിക്ക് ദോഷകരമായ പി.വി.സി. ഫ്ളെക്സ് നിരോധിക്കുന്നതുസംബന്ധിച്ച് തദ്ദേശസ്വയംഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
മറ്റു ശുപാര്‍ശകള്‍
ഫ്ളെക്സിനുപകരം പ്രകൃതിസൗഹൃദവും പുനരുപയോഗിക്കാവുന്നതുമായ പോളി എത്തിലിനോ കോട്ടണ്‍ തുണിയോ മാത്രമേ ഉപയോഗിക്കാവൂ. പ്ലാസ്റ്റിക് അടങ്ങിയ തുണി ഉപയോഗിക്കരുത്. അത്തരം വസ്തുക്കളില്‍ പ്രിന്റ് ചെയ്യുമ്പോള്‍ 'പുനരുപയോഗിക്കാവുന്നത്, പി.വി.സി. ഫ്രീ' എന്ന ലോഗോ ഉള്‍പ്പെടുത്തണം. ഉപയോഗം അവസാനിക്കുന്ന തീയതി, പ്രിന്റുചെയ്യുന്ന സ്ഥാപനത്തിന്റെ പേര്, പ്രിന്റിങ് നമ്പര്‍ എന്നിവയും രേഖപ്പെടുത്തണം. തീയതിവെച്ചുള്ള പ്രോഗ്രാം ബാനറുകള്‍ക്ക് പരിപാടി തീരുന്ന തീയതി ഉപയോഗം അവസാനിക്കുന്ന തീയതിയായും തീയതി വെയ്ക്കാത്ത സ്ഥാപനങ്ങളുടെയും മറ്റും പരസ്യങ്ങള്‍ക്ക് പരമാവധി 90 ദിവസം ഉപയോഗം കണക്കാക്കിയുള്ള തീയതിയുമാണ് നല്‍കേണ്ടത്. ബാനര്‍ പ്രിന്റുചെയ്യുന്ന ഉപഭോക്താവിന്റെ മുഴുവന്‍ വിവരങ്ങളും സ്ഥാപനത്തില്‍ സൂക്ഷിക്കണം.
ഉപയോഗം അവസാനിക്കുന്ന തീയതികഴിഞ്ഞ് മൂന്നു ദിവസത്തിനകം അവ സ്ഥാപിച്ചവര്‍ പ്രിന്റുചെയ്ത സ്ഥാപനത്തില്‍ തിരിച്ചേല്‍പ്പിക്കണം. ഇത്തരത്തില്‍ മാറ്റാത്തപക്ഷം ചതുരശ്ര അടിക്ക് നിശ്ചിത നിരക്കില്‍ സ്ഥാപിച്ചവരില്‍നിന്ന് അതത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കാം. തിരിച്ചെത്തിക്കുന്ന ബാനറുകള്‍ പ്രിന്റുചെയ്ത സ്ഥാപനം ഉപഭോക്താവില്‍നിന്ന് തിരിച്ചെടുക്കണം.
പ്രിന്റിങ് തുകയ്ക്കുപുറമേ ചതുരശ്ര അടിക്ക് ഒരുരൂപ നിരക്കില്‍ മുന്‍കൂറായി ഉപഭോക്താവില്‍നിന്ന് ഈടാക്കാം. ബോര്‍ഡ് തിരിച്ചേല്പ്പിക്കുമ്പോള് ആ തുക തിരികെനല്കണം. തിരിച്ചെടുത്ത ബാനറുകള്‍, പ്രിന്റിങ് സ്ഥാപനങ്ങള്‍ തങ്ങളുടെ വിതരണക്കാര്‍ക്ക് തിരികെനല്കണം.
ഫ്ളെക്സ് നിരോധനത്തിന് സ്വാഗതം; ആശങ്കകള്‍ പരിഹരിച്ചുവേണമെന്ന് സര്‍വകക്ഷിയോഗം
തിരുവനന്തപുരം: ഫ്ലെക്സ് നിരോധനത്തെ സ്വാഗതംചെയ്ത് സര്‍വകക്ഷിയോഗം. അതേസമയം, നിരോധിക്കുന്നതിനുമുന്‍പ് ഈ മേഖലയിലുള്ളവരുടെ ആശങ്കകള്‍ പൂര്‍ണമായും പരിഹരിക്കണമെന്ന് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. തൊഴില്‍ നഷ്ടപ്പെടാതെ ഈ മേഖലയില്‍ ജോലിചെയ്യുന്ന നൂറുകണക്കിനാളുകളുടെ പുനരധിവാസം സാധ്യമാകുന്ന തരത്തിലാവണം നിരോധനമെന്നും അവര്‍ നിര്‍ദേശിച്ചു. പരിസ്ഥിതിക്ക് ദോഷംചെയ്യുന്ന പോളിവിനൈല്‍ ക്ലോറൈഡ് (പി.വി.സി.) ഉപയോഗിച്ചുള്ള ഫ്ലെക്സ് ഉത്പന്നങ്ങളുടെ ഉത്പാദനവും ഉപയോഗവും നിരോധിക്കുന്നതുസംബന്ധിച്ച് അഭിപ്രായം ആരായാനാണ് മന്ത്രി കെ.ടി. ജലീലിന്റെ അധ്യക്ഷതയില്‍ സര്‍വകക്ഷിയോഗം ചേര്‍ന്നത്.
ഇതുസംബന്ധിച്ച് തദ്ദേശസ്വയംഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനും നിയമ സെക്രട്ടറി, വ്യവസായ വാണിജ്യവകുപ്പ് ഡയറക്ടര്‍, ശുചിത്വ മിഷന് എക്സിക്യുട്ടീവ് ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് യോഗം ചര്‍ച്ചചെയ്തു. ഫ്ലെക്സ് ബോര്‍ഡുകള്‍ക്ക് പകരം, പുനരുപയോഗിക്കാവുന്നതും പി.വി.സി. മുക്തവുമായ പോളി എത്തിലിന്‍ നിര്‍മിത വസ്തുക്കളോ അതുപോലെയുള്ള വസ്തുക്കളോ ഉപയോഗിക്കണമെന്നാണ് സമിതി ശുപാര്‍ശ. പോളി എത്തിലിന്‍ പോലെയുള്ള വസ്തുക്കള്‍ ഉപയോഗിക്കുക വഴി ഫ്ലെക്സ് പ്രിന്റിങ് സ്ഥാപനങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും സാമ്പത്തികനഷ്ടം ഉണ്ടാവില്ല. ഫ്ലെക്സ് നിര്‍മിക്കാനുപയോഗിക്കുന്ന പി.വി.സി. അപകടകാരിയായ രാസവസ്തുവാണെന്നും ഇത് കത്തിക്കുമ്പോള്‍ വിഷവാതകങ്ങളായ ഡയോക്സിനും ഫ്യൂറാനും പോലുള്ള വിഷവാതകങ്ങള്‍ ഉണ്ടാകുമെന്നും പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
നിരോധനം സംബന്ധിച്ച ശാസ്ത്രീയവും പ്രായോഗികവുമായ വസ്തുതകള്‍ സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിശദമായ വിവരം ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ച് സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കും. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ പ്രത്യേകയോഗം ചേരാനും തിരുമാനിച്ചു.
വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളെക്കൂടാതെ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, സര്‍ക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവായ എം.സി. ദത്തന്, ശുചിത്വമിഷന് ഡയറക്ടര്‍ അജയ് കുമാര്‍ എന്നിവരും പങ്കെടുത്തു.
ഫ്ളക്സ് ആരോഗ്യത്തിനും പ്രകൃതിക്കും ദോഷം
ചെങ്ങന്നൂര്‍: രാജ്യത്തെ ഗ്രാമങ്ങളും നഗരങ്ങളും ഫ്ളക്സ് ബോര്‍ഡുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇതുണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതത്തെപ്പറ്റി നിരവധിപഠനങ്ങള്‍ നടന്നിട്ടുണ്ട്. പക്ഷികളും മൃഗങ്ങളും മനുഷ്യര്തന്നെയും പ്ലാസ്റ്റിക് ഉള്ളില്‍ ചെന്ന് മാരകരോഗങ്ങള്‍ ബാധിക്കുകയോ മരണമടയുകയോ ചെയ്തിട്ടുണ്ട്.
ഫ്ളക്സ് ഉപയോഗം വ്യാപകമായിട്ട് ഏതാണ്ട് 20 വര്‍ഷങ്ങളേ ആയിട്ടുള്ളൂ. ഫ്ളെക്സ് നിര്‍മിക്കുമ്പോള്‍ വിവിധയിനങ്ങള്‍ ലഭിക്കുന്നതിനും പ്ലാസ്റ്റിക് ഗുണം ലഭിക്കുന്നതിനും വേണ്ടി ഘനലോഹങ്ങള്‍ ചേര്‍ക്കുന്നുണ്ട്. പൂപ്പല്ശല്യം ഒഴിവാക്കുവാനായി കുമിള്‍നാശിനികളും മഴയില്‍ നശിക്കാതിരിക്കാന്‍ ലാമിനേറ്റ് ചെയ്യുമ്പോള്‍ ഫ്ളെക്സില്‍ ഉപയോഗിക്കുന്ന രാസപദാര്‍ഥങ്ങള്‍ വരെ അപകടകാരികളാണ്.
ഫ്ളെക്സില്നിന്നും പുറത്തുവരുന്ന ഘനലോഹങ്ങള്‍, മനുഷ്യശരീരത്തിലെ രാസാഗ്നികളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കുന്നു. ലാമിനേഷന് ഉപയോഗിക്കുന്ന രാസപദാര്‍ഥങ്ങളും ആസ്മയ്ക്കും ശ്വാസകോശ രോഗങ്ങള്‍ക്കും ഇടവരുത്തുന്നു. നാഡീവ്യൂഹ തളര്‍ച്ചക്കും ഇത് കാരണമാകുന്നുണ്ടെന്ന് ഗവേഷണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇന്ന് ഹൈദരാബാദ് പോലുള്ള പട്ടണങ്ങളില്‍ പ്രതിമാസം 750 ടണ്‍ എന്ന കണക്കിനാണ് ഫ്ളെക്സ് ഉപയോഗിച്ച് തള്ളുന്നത്. സംസ്ഥാനത്തെ നഗരങ്ങളിലും സ്ഥിതി വിഭിന്നമല്ല. ഫ്ളെക്സ് സിന്തറ്റിക് പോളിമര്‍ ഉപയോഗിച്ചശേഷം 80 ശതമാനവും കത്തിച്ചു കളയുകയാണ്. ഫ്ളെക്സ് ബോര്‍ഡുകള്‍ ഫുട്പാത്തിലൂടെപോലും ജനങ്ങള്‍ക്ക് നടക്കുവാന്‍ പറ്റാത്ത രീതിയില്‍ മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കുന്നു എന്ന പ്രശ്നവുമുണ്ട്.
ഇത്രമാത്രം പ്രശ്നം സൃഷ്ടിക്കുന്ന ഫ്ളക്സ് തിരഞ്ഞെടുപ്പില്‍ ഒഴിവാക്കിക്കൂടെയെന്നാണ് ജനം ചോദിക്കുന്നത്. വോട്ടര്‍മാരുടെ പ്രതികരണം തുടരുന്നു...