കണ്ണൂര്‍: കണ്ണൂരിലെ ജര്‍മനി ആരാധകരുടെ മനസിലെ എരിതീയില്‍ എണ്ണയൊഴിച്ച് കണ്ണൂര്‍ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്. ജര്‍മനിയുടെ ലോകകപ്പില്‍നിന്നുള്ള അതിദയനീയ പുറത്താകലില്‍ തകര്‍ന്നിരിക്കുമ്പോഴാണ് ജര്‍മന്‍ ആരാധകരെ അല്‍പം ട്രോളിയും ഫ്ളക്സുകള്‍ നീക്കംചെയ്യാന്‍ നിര്‍ദേശിച്ചും കണ്ണൂര്‍ കളക്ടര്‍ മീര്‍ മുഹമ്മദലി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

ബുധനാഴ്ച രാത്രി നടന്ന മത്സരത്തില്‍ ദക്ഷിണ കൊറിയ ജര്‍മനിയെ 2-0ന് പരാജയപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ജര്‍മനിക്കുവേണ്ടി കണ്ണൂരില്‍ സ്ഥാപിച്ചിട്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് ഓര്‍മിപ്പിച്ച് കളക്ടര്‍ പോസ്റ്റ് ചെയ്തത്. 'കണ്ണൂരിലെ എല്ലാ ജര്‍മ്മന്‍ ആരാധകരും ജര്‍മ്മന്‍ ടീമിന് വേണ്ടി വച്ച എല്ലാ ഫ്‌ളക്‌സുകളും സ്വമേധയാ നീക്കം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു'- എന്നായിരുന്നു കളക്ടര്‍ കുറിച്ചത്.

വലിയ പ്രതീക്ഷയുമായെത്തിയ ലോക ചാമ്പ്യന്‍മാരുടെ പരാജയത്തില്‍ ആരാധകരെ അല്‍പം ട്രോളിക്കൊണ്ടായിരുന്നു കളക്ടറുടെ പോസ്റ്റ്. വിവിധ രാജ്യങ്ങളുടെ ആരാധകര്‍ ജില്ലയുടെ എല്ലാ പ്രദേശങ്ങളിലും നിരവധി ഫ്‌ളക്‌സുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ലോകകപ്പ് കഴിയുന്നതോടെ ഇവ നീക്കംചെയ്യുന്നതിനുതന്നെ വലിയ അധ്വാനം ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് പുറത്തായ ടീമുകളുടെ ആരാധകര്‍ സ്വമേധയാ ഫ്‌ളക്‌സുകള്‍ നീക്കംചെയ്യണമെന്ന അഭ്യര്‍ഥനയുമായി കളക്ടര്‍ രംഗത്തെത്തിയത്.

collecter

Content Highlights: Kannur Collector, Germany fans, remove flex, No to flex, Mir Mohammed Ali, FIFA World Cup 2018