വില്ലുപുരം: നാലുവര്‍ഷമായി അവള്‍ സ്വരുക്കൂട്ടി വെച്ചതായിരുന്നു ആ പണം; ഒരു സൈക്കിള്‍ വാങ്ങാന്‍. പ്രളയത്തില്‍ കേരളത്തിലെ ജനങ്ങള്‍ ദുരിതമനുഭവിക്കുന്നതിന്റെ വാര്‍ത്തയും ദൃശ്യങ്ങളും ടെലിവിഷനില്‍ കണ്ടതോടെ ആ ഒമ്പതു വയസ്സുകാരി തന്റെ തീരുമാനം മാറ്റി. തന്റെ പക്കലുള്ള 9000 രൂപ കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് അവള്‍ സംഭാവന ചെയ്തു.

കുഞ്ഞു മനസ്സിന്റെ നന്‍മയറിഞ്ഞ സൈക്കിള്‍ കമ്പനി ശരിക്കും അവളെ ഞെട്ടിച്ചു കളഞ്ഞു. അവളാഗ്രഹിച്ച സൈക്കിള്‍ സൗജന്യമായി നല്‍കുമെന്ന് അവര്‍ വാഗ്ദാനം ചെയ്തു.

തമിഴ്‌നാട്ടിലെ വില്ലുപുരം സ്വദേശിയായ അനുപ്രിയ എന്ന ഒമ്പതുവയസ്സുകാരിയാണ് കേരളത്തിന്റെ ദുരിതത്തില്‍ മനമലിഞ്ഞ് തന്റെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. സ്വന്തമായി ഒരു സൈക്കിള്‍ വാങ്ങുന്നതിനായി നാലു വര്‍ഷമായി അവള്‍ കൂട്ടിവെച്ചതായിരുന്നു ആ പണം. 

കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലുണ്ടായ പ്രളയ ദുരിതത്തിന്റെ ദൃശ്യങ്ങള്‍ ടെലിവിഷനില്‍ കണ്ടതോടെ അനുപ്രിയയുടെ മനസ്സലിഞ്ഞു. സൈക്കിളിനേക്കാള്‍ വലുതാണ് കഷ്ടപ്പെടുന്നവര്‍ക്കുള്ള കുഞ്ഞു കൈത്താങ്ങെന്ന് അവള്‍ക്ക് ബോധ്യമുണ്ടായിരുന്നു. അനുപ്രിയയുടെ ഈ തീരുമാനം അറിഞ്ഞ ഹീറോ സൈക്കിള്‍ കമ്പനി അവളെ ഞെട്ടിച്ചുകൊണ്ട് ഒരു തീരുമാനം പ്രഖ്യാപിച്ചു- അനുപ്രിയയ്ക്ക് ഇഷ്ടമുള്ള ഒരു സൈക്കിള്‍ സൗജന്യമായി നല്‍കും!

അനുപ്രിയയുടെ മനുഷ്യത്വപൂര്‍ണമായ ഈ നടപടിയെ അഭിനന്ദിക്കുന്നതായും അവള്‍ക്ക് ഒരു പുത്തന്‍ സൈക്കിള്‍ സൗജന്യമായി നല്‍കുമെന്നും ഹീറോ സൈക്കള്‍സ് അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പ്രഖ്യാപിച്ചു. 'പ്രിയപ്പെട്ട അനുപ്രിയ, അവശ്യ ഘട്ടത്തില്‍ സഹജീവികളെ സഹായിക്കാനുള്ള തീരുമാനത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. നിനക്ക് ഒരു പുതുപുത്തന്‍ സൈക്കിള്‍ ഞങ്ങള്‍ നല്‍കും. വിലാസം ഉടന്‍ അറിയിക്കുകയോ കമ്പനിയുമായി ബന്ധപ്പെടുകയോ ചെയ്യുക'- ഹീറോ സൈക്കിള്‍ ട്വിറ്ററില്‍ കുറിച്ചു. ഹീറോ സൈക്കിളിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നതായി ശശി തരൂര്‍ എംപി ട്വിറ്ററില്‍ കുറിച്ചു. 

അനുപ്രിയയുടെ സന്മനസ്സിന് വലിയ അഭിനന്ദനമായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. അനുപ്രിയ എന്ന കുഞ്ഞു മാലാഖയുടെ മനസ്സ് തൊട്ടറിഞ്ഞ സൈക്കിള്‍ കമ്പനിക്കും ഇപ്പോള്‍ അഭിനന്ദന പ്രവാഹമാണ്. ദുരിതം അനുഭവിക്കുന്ന കേരള ജനതയ്ക്ക് കൈത്താങ്ങേകുവാന്‍ മുന്നോട്ടുവരുന്നതിന് മറ്റുള്ളവര്‍ക്കും ഇത് പ്രോത്സാഹനമാകുമെന്ന് നിരവധി പേര്‍ ട്വിറ്ററില്‍ കുറിച്ചു. അതെ, ചിലപ്പോള്‍ നന്‍മ വൈദ്യുതിപോലെയാണ്, അത് ഒരാളില്‍നിന്ന് നിരവധി പേരിലേക്ക് പ്രവഹിക്കുന്നു! 

Content Highlights: Tamil girl donates Rs 9,000, Kerala flood relief, gets cycle from 'hero', kerala floods 2018