അമ്പലപ്പുഴ: തോട്ടപ്പള്ളി സ്പില്‍വേയിലേക്ക് കിഴക്കന്‍ മേഖലകളില്‍നിന്നുള്ള പ്രളയജലത്തിന്റെ വരവ് അതിശക്തമായി. ഇതിന്റെ അമ്പത് ശതമാനത്തില്‍ താഴെ മാത്രമാണ് കടലിലേയ്ക്ക് പോകുന്നത്. ഇതുമൂലം സ്പില്‍വേയുടെ പരിസരപ്രദേശങ്ങളെല്ലാം വെള്ളത്തിലായി.

പമ്പാനദിയിലെയും ഉള്‍നാടന്‍ ജലാശയങ്ങളിലെയും വെള്ളം സ്പില്‍വേ വഴിയാണ് കടലിലേയ്ക്ക് എത്തേണ്ടത്. സ്പില്‍വേയിലൂടെ ഒഴുക്ക് കുറവായതിനാല്‍ ജലാശയങ്ങളുടെ ഇരുകരകളും വെള്ളത്തിലാണ്. ലീഡിങ് ചാനല്‍, ടി.എസ്.കനാല്‍ തുടങ്ങിയ ജലാശയങ്ങളെല്ലാം നിറഞ്ഞുകവിഞ്ഞു.

തോട്ടപ്പള്ളി സ്പില്‍വേ പരിസരപ്രദേശങ്ങളില്‍ ഒട്ടനവധി വീടുകളാണ് വെള്ളത്തിലായിരിക്കുന്നത്. ഇനിയും ജലനിരപ്പുയര്‍ന്നാല്‍ തോട്ടപ്പള്ളി ലിറ്റില്‍വേയ്ക്ക് സമീപം ദേശീയപാതയില്‍ വെള്ളം കയറുന്ന സ്ഥിതിയുണ്ട്. പ്രദേശത്തെ വീടുകളില്‍നിന്ന് ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

സ്പില്‍വേയിലൂടെയുള്ള നീരൊഴുക്കില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ദുരിതബാധിതരായ ആയിരങ്ങള്‍ ക്യാമ്പുകളില്‍ കഴിയുന്നത്. പ്രളയജലം കടലില്‍ ഒഴുകിയെത്തിയാലേ കുട്ടനാടന്‍, അപ്പര്‍കുട്ടനാടന്‍ മേഖലകളില്‍ വീടുകളില്‍നിന്ന് വെള്ളം പൂര്‍ണമായി ഇറങ്ങൂ. സ്പില്‍വേയുടെ പടിഞ്ഞാറേ കനാലിന് ആഴമില്ലാത്തതാണ് സുഗമമായി വെള്ളം ഒഴുകുന്നതിന് തടസം. പൊഴിമുഖം ആഴവും വീതിയും കൂട്ടുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. തിങ്കളാഴ്ചയും പൊഴിമുഖത്തെ മണല്‍ത്തിട്ട നീക്കി. ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ട്.

ദിവസങ്ങളായി കടല്‍ ശാന്തമായി കിടക്കുന്നതാണ് ആശ്വാസം പകരുന്ന കാര്യം. കര്‍ക്കടകവാവിനും അത്തത്തിനും സാധാരണയുണ്ടാകാറുള്ള കടലേറ്റം ഇത്തവണ അത്ര ശക്തമായി ഉണ്ടായില്ല. ഇതുമൂലം കടലിലേക്കുള്ള നീരൊഴുക്കിന് തടസമില്ല. നിലവിലുള്ള സാഹചര്യത്തില്‍ സ്പില്‍വേയുടെ പരിസരത്തെത്തിയിരിക്കുന്ന പ്രളയജലം കടലിലെത്താന്‍ ദിവസങ്ങളെടുക്കും. പുറക്കാട്, കരുവാറ്റ, തകഴി, അമ്പലപ്പുഴ പഞ്ചായത്തുകളാണ് ഇതുമൂലമുള്ള കെടുതികള്‍ ഏറ്റവും രൂക്ഷമായി അനുഭവിക്കുന്നത്. കാലവര്‍ഷം കഴിയുമ്പോഴെങ്കിലും സ്പില്‍വേ കനാല്‍ ആഴംകൂട്ടാന്‍ അടിയന്തരനടപടി വേണമെന്ന ആവശ്യം ശക്തമാകുകയാണ്. കഴിഞ്ഞ ദിവസം തോട്ടപ്പള്ളി സ്പില്‍വേ സന്ദര്‍ശിക്കാനെത്തിയ മന്ത്രി ജി.സുധാകരനോട് പ്രദേശവാസികള്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.