തൃശ്ശൂര്‍: ഏനാമാവ് ബണ്ട് പൊട്ടിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സ്ഥിതിയില്ലെന്നും പരിസരത്തുള്ളവര്‍ മാറിത്താമസിക്കേണ്ടതില്ലെന്നും ജില്ലാ കളക്ടര്‍ ടി.വി.അനുപമ അറിയിച്ചു.

ഏനാമാവ് ബണ്ട് പൊട്ടിയെന്നും തൃശ്ശൂര്‍ മുഴുവന്‍ വെള്ളത്തിലാകുമെന്നും ഉള്ള തരത്തിലാണ് കഴിഞ്ഞദിവസം മുതല്‍ സമൂഹ മാധ്യമങ്ങളിലൂടെ വാര്‍ത്ത പ്രചരിച്ചത്. ബണ്ടിന്റെ പരിസരത്തുള്ളവരെയൊക്കെ ഒഴിപ്പിച്ചെന്നും വന്‍ ദുരന്തമാണ് ഉണ്ടാകാന്‍ പോകുന്നതെന്നും പ്രചാരണമുണ്ടായിരുന്നു. യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെ നിരവധിയാളുകള്‍ തങ്ങള്‍ക്ക് ലഭിച്ച സന്ദേശങ്ങള്‍ വാട്‌സാപ്പിലൂടെയും ഫെയ്‌സ്ബുക്കിലൂടെയും ഷെയര്‍ ചെയ്യുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി ജില്ലാ കളക്ടര്‍ രംഗത്തെത്തിയത്.

ഏനാമാവ് ബണ്ടുമായി ബന്ധപ്പെട്ട് നിലവില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കളക്ടര്‍ ടി.വി അനുപമ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. മഴ ശക്തമായപ്പോള്‍ തന്നെ ബണ്ട് തുറന്നിരുന്നു. വെള്ളം അധികമായതോടെ ബണ്ടിനു മുകളിലൂടെ ഒഴുകിയതാകാം പരിഭ്രാന്തിക്കും വ്യാജസന്ദേശങ്ങള്‍ക്കും കാരണമായതെന്ന് കരുതുന്നു.

ഏനാമാവ് സ്വദേശികളായ ചില യുവാക്കള്‍ ബണ്ടിനു സമീപത്തുനിന്ന് വീഡിയോ എടുത്ത് സത്യാവസ്ഥ മറ്റുള്ളവരിലേക്ക് എത്തിക്കുന്നുമുണ്ട്. ബണ്ടിന്റെ സുരക്ഷ പരിഗണിച്ച് അവിടേക്കുള്ള വാഹനഗതാഗതം നിയന്ത്രിച്ചിട്ടുണ്ടെന്ന് മാത്രമേയുള്ളെന്നും ഭയപ്പെടേണ്ട സ്ഥിതിയില്ലെന്നും യുവാക്കള്‍ പറയുന്നു.

content highlights: Kerala Floods2018, Enamav Bund,Fake News