പ്രളയം പോലെ നിറയുന്നു അനാരോഗ്യം. കുറച്ചുനാളായി തീര്‍ത്തും വയ്യ. പുറത്തേക്ക് നോക്കുന്നതിനേക്കാള്‍ അകത്തേക്ക് നോക്കേണ്ട കാലം. നിശ്ശബ്ദയാകാനാണ് വൈദ്യോപദേശം. പുറത്ത് എല്ലാം തകര്‍ത്തെറിയുകയാണ് പക്ഷേ പ്രകൃതി നമ്മുടെയൊക്കെ മുഴുവന്‍ അഹങ്കാരങ്ങള്‍ക്കും മീതേ മഴ പെയ്തിറങ്ങി.

തകഴിയുടെ ആ കഥ അനുഭവിക്കുകയായിരുന്നു എല്ലാവരും. വെള്ളപ്പൊക്കത്തില്‍. ചേന്നപ്പറയന്റെ നിറം അറിയാത്ത പട്ടി. അവസാനം വരെ കുരച്ചുനിന്ന് വീടുകാത്ത വിശ്വസ്തന്‍. മുതലയും നീര്‍ക്കോലിയും ഉറുമ്പിന്‍പറ്റങ്ങളും നിറഞ്ഞ വെള്ളം. കള്ളന്മാരും ഹൃദയമില്ലാത്തവരും നുഴഞ്ഞുകയറാന്‍ വെമ്പിയ ഇടങ്ങള്‍. തകഴി എഴുതിയ പോലെ മൂന്നു നിലമുള്ള ക്ഷേത്രത്തിലെ മാളികപ്പുറത്ത് 67 കുട്ടികള്‍, 356 ആളുകള്‍, പട്ടി, പൂച്ച, ആട് കോഴി മുതലായ വളര്‍ത്തുമൃഗങ്ങള്‍. എല്ലാവരും ഐകമത്യത്തോടെ കഴിഞ്ഞുകൂടിയ നാളുകള്‍.

വലിയ ദുരന്തത്തിലാണ് കേരളം. നമ്മള്‍ നിത്യേന പറഞ്ഞ് ജയിക്കാന്‍ പാടുപെടുന്നവര്‍. ദിനേന വിഷയങ്ങളും കണ്ടെത്തും. വിമര്‍ശനമാണ് മുഖ്യം. ആത്മവിമര്‍ശനത്തിന് ഇടമില്ല. 

പറഞ്ഞല്ലോ, പുറത്തേക്ക് നോക്കാതിരിക്കുകയായിരുന്നു കഴിഞ്ഞ നാളുകളില്‍. അകത്തേക്ക് നോക്കുമ്പോള്‍ കാണാതെ വയ്യ. ഇത് കേരളം ക്ഷണിച്ചു വരുത്തിയ ദുരന്തമാണ്. ഇരട്ടമുഖമുണ്ട് ഇതിന്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. മലയോരങ്ങളില്‍ ഉരുള്‍പൊട്ടി. മരണസംഖ്യ നാനൂറിലേക്ക് എത്തുന്നു.

ഓ, നാനൂറു മനുഷ്യജീവനുകള്‍. എത്ര ഭീകരമാണിത്. രാഷ്ട്രീയ സംഘട്ടനങ്ങളേക്കാള്‍, വര്‍ഗീയ വഴക്കുകളേക്കാള്‍, ഭീകരവാദത്തേക്കാള്‍ ഉയര്‍ന്ന സംഖ്യ. കരുതലുണ്ടെങ്കില്‍ രക്ഷിക്കാവുന്നതായിരുന്നില്ലേ ഇതില്‍ പലതും? 
മരം വെട്ടരുതെന്ന് പറഞ്ഞാല്‍ വികസന വിരോധി. ക്വാറികള്‍ തുരക്കുന്ന മലകള്‍ക്ക് വേണ്ടി വാദിച്ചാല്‍ പരിസ്ഥിതി മൗലികവാദി. പാടം നികത്തരുതെന്ന് പറഞ്ഞാല്‍ രാഷ്ട്രീയശത്രു. കായല്‍ കയ്യേറരുതെന്ന് പറഞ്ഞാല്‍ ടൂറിസം വിരുദ്ധ. പുഴ നികത്തരുതെന്ന് പറഞ്ഞാല്‍ പൂഴിയേറ്. എല്ലാം ഒന്നിച്ചു വന്ന കാലം. മണ്ണാങ്കട്ടയും കരിയിലയും കാശിക്ക് പോയ പോലെ കേരളം.

നമുക്ക് 44 നദികളുണ്ട്. എല്ലായിടത്തുമായി ഏതാണ്ട് 80 അണക്കെട്ടുകള്‍. അതിലെല്ലാം വെള്ളം നിറച്ചുവച്ചു. ശരാശരിയേക്കാള്‍ 37 ശതമാനം കൂടുതല്‍ വെള്ളം നമുക്ക് പെയ്തു കിട്ടി. പുറത്ത് വെള്ളം നിറഞ്ഞു. അതിലേക്ക് കൂനിലെ കുരുവായി ഡാം തുറന്നു. പലതും ഒറ്റയടിക്ക്.  ചിലത് ഘട്ടം ഘട്ടമായി. തകഴിയുടെ വെള്ളപ്പൊക്കത്തില്‍ ഇത്തവണ കുട്ടനാട് മാത്രമല്ല മറ്റുള്ളവരും കണ്ടു. 

ജല വിഭവ ആസൂത്രണത്തില്‍ കേരളത്തിന് ദേശീയതലത്തില്‍ പന്ത്രണ്ടാം സ്ഥാനമാണ്. ആന്ധ്രയ്ക്കും പിന്നില്‍. രാജ്യത്തെ ഏറ്റവും പ്രളയസാധ്യതയുള്ള ഒരു സംസ്ഥാനത്തിന് താങ്ങാവുന്നതിലും വലുത്. പെയ്തിറങ്ങിയ മഴ നാശമുണ്ടാക്കിയത് കരുതല്‍ ഇല്ലായ്മ കൊണ്ടാണ്.

വൈദ്യുതി വകുപ്പിന് വെള്ളം എന്നത് ഓരോ യൂണിറ്റ് വൈദ്യുതിയുടേയും വിലയാണ്. അവിടെ മനുഷ്യനില്ല. വരള്‍ച്ചയില്‍ മാത്രം വെള്ളത്തെ പറ്റി ആകുലപ്പെടുന്നതാണ് പൊതുവേ സര്‍ക്കാര്‍ രീതി. ഇനിയെങ്കിലും മാറിയേ പറ്റൂ എന്ന് ഓര്‍മ്മിപ്പിക്കുന്നു പോയ് മറഞ്ഞ ജീവനുകള്‍. 

എല്ലാ മേഖലയിലും സമഗ്രമായ നാശനഷ്ടമാണ് കേരളത്തില്‍. റോഡുകളും പാലങ്ങളും ഒലിച്ചുപോയി. വീടുകള്‍ തകര്‍ന്നു. ഹൃസ്വകാല- ദീര്‍ഘകാല വിളകള്‍ നശിച്ചു. കാലിസമ്പത്ത് ഇല്ലാതായി. ടൂറിസം വഴുക്കിവീണു കിടപ്പാണ്. ക്രയശേഷി നശിച്ച് മാനം നോക്കിയിരിപ്പാണ് മധ്യവര്‍ഗ്ഗം. മന്ദീഭവിക്കുകയാണ് സേവനമേഖലകള്‍. കാലമെടുക്കും തിരിച്ചുവരാന്‍. 

അതിനാലാണ് പറഞ്ഞത്. ഈ ദുരന്തം ഒഴിവാക്കാമായിരുന്നു.  തീക്ഷ്ണത കുറയ്ക്കാമായിരുന്നു. ഡാം സുരക്ഷയെ പറ്റിയുള്ള വാചകമടികളില്‍ ഒന്നും വെള്ളം നിറഞ്ഞു നിന്ന കാലത്ത് അണക്കെട്ട തുറക്കേണ്ടി വരുമെന്ന് ഓര്‍ത്തതേയില്ല. സംഭരണ ശേഷിയുടെ പരമാവധിയോളം വെള്ളം ശേഖരിച്ചു വച്ചു. പിന്നെ നാടും നഗരവും മുക്കുന്ന വിധം തുറന്നുവിട്ടു. വൈദ്യുതി ആയിരുന്നു കരുതല്‍. മരിച്ചുപോയവര്‍ക്ക് ഇനിയൊരിക്കലും അതു ഉപയോഗിക്കാനാവില്ല.

ഓരോ ഡാമും തുറക്കുമ്പോള്‍ വെള്ളം കുട്ടനാട്ടില്‍ എത്തുമെന്ന് മനസ്സിലാക്കാന്‍ കഴിയാതെ പോയത് അവിടത്തെ കര്‍ഷകര്‍ക്കല്ല. ഇടുക്കിയും ഇടമലയാറും തുറന്നപ്പോഴത്തെ ജാഗ്രത പോലും കക്കിയില്‍ കണ്ടില്ല. ബാണാസുര സാഗര്‍ ആരുമറിയാതെ തുറന്നുവിട്ടത് നോക്കുക. ആയുസ്സിന്റെ ബലം കൊണ്ട് ആളുകള്‍ രക്ഷപ്പെട്ടു. അണക്കെട്ട് പരിപാലനത്തില്‍ കേവല സാക്ഷരത പോലും ഇല്ലെന്ന് ബോധ്യപ്പെടുത്തി അധികാരികള്‍. 

വീഴുന്ന മഴയുടെ കണക്കെടുപ്പിന് പോലും കൂടുതല്‍ സംവിധാനം വേണം എന്ന് മണ്‍സൂണ്‍ ഓര്‍മ്മിപ്പിക്കുന്നു. വെറും മൂന്നു ദിവസത്തേക്കു മാത്രമായിരുന്നല്ലോ നമ്മുടെ മുന്നറിയിപ്പുകള്‍. ദീര്‍ഘകാല കാഴ്ചപ്പാടില്ലാതെ എല്ലാവരും ഇരുട്ടില്‍ തപ്പി.

അനധികൃത നിര്‍മ്മിതികളെല്ലാം നിയമവിധേയമാക്കി പോയ നാളുകളില്‍ നിരന്തരം സര്‍ക്കാരുകള്‍. നികത്തിയ വയല്‍,  കയ്യേറിയ മല, കവര്‍ന്ന തീരം, പുഴ വഴി മാറി എന്ന് വിമര്‍ശിക്കാന്‍ വരട്ടെ. ഒഴുക്ക് തടഞ്ഞതും നമ്മളാണ്. വരട്ടാര്‍ ഇല്ലായിരുന്നെങ്കില്‍ ഈ ദുരന്തം എത്രയെന്ന് ഓര്‍ത്തുനോക്കുക. 

പുതിയ കേരളം സൃഷ്ടിക്കുമെന്ന് പറയുന്നുണ്ട് മുഖ്യമന്ത്രി. നവകേരള നിര്‍മ്മാണത്തിന് ഇറങ്ങും മുമ്പേ കുട്ടിക്കാലത്തെ കണ്ണൂരെങ്കിലും അദ്ദേഹം ഓര്‍ക്കണം. കീഴാറ്റൂരിലും കണ്ടങ്കാളിയിലേയുമൊക്കെ ആ പഴയ കൃഷിക്കാലം. പ്രതിപക്ഷം അതിലേറെ ഓര്‍ക്കണം. നിങ്ങളുടെ കാലത്ത് മന്ത്രിബന്ധുക്കള്‍ക്ക് പതിച്ചു കൊടുത്ത കാടും നിലവും. 

സമഗ്രമായ ഏകോപനം ഇല്ലായ്മ സമ്മാനിച്ചതാണ് കേരളം കടന്നുപോകുന്ന ഈ ദുരന്തം. മരുന്നുകള്‍ക്ക് വില കൂടുകയാണ്. രോഗം വരാതിരിക്കലാണ് ഭംഗി.