തിരുവനന്തപുരം: പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ മാസം 28, 29 തീയതികളില്‍ കേരളത്തില്‍ എത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍. ആയിരം വീടുകള്‍ കോണ്‍ഗ്രസ് പ്രളയ ബാധിതര്‍ക്കായി നിര്‍മ്മിച്ച് നല്‍കുമെന്നും ഹസ്സന്‍ വ്യക്തമാക്കി. കേരളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി ചാലക്കുടി, ആലുവ, വയനാട് എന്നിവിങ്ങളില്‍ സന്ദര്‍ശനം നടത്തും.

ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ ഓരോ വീടുകള്‍ വീതം ദുരിത ബാധിതര്‍ക്കു സ്‌പോണ്‍സര്‍ ചെയ്യും. വീടുകള്‍ നിര്‍മ്മിക്കാന്‍ സ്‌പോണ്‍സര്‍മാരുടെ സഹായവും തേടും. 

വീടുകളിലേക്ക് മങ്ങുന്നവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപ വളരെ കുറവാണെന്ന് എം.എം ഹസ്സന്‍ ചൂണ്ടിക്കാട്ടി. കുറഞ്ഞത് 25,000 രൂപയെങ്കിലും നല്‍കണം. ഈ തുക ഇവര്‍ക്ക് നേരിട്ട് നല്‍കുന്ന സംവിധാനമുണ്ടാക്കണം. 

ക്യാമ്പുകളില്‍ ഉയരുന്ന പരാതികള്‍ പരിഹരിക്കാന്‍ അടിയന്തര നടപടി വേണം. ക്യാമ്പുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ നടപടി ഉണ്ടാക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.

content highlights: rahul gandhi to visit kerala flood affected areas