38 വര്‍ഷത്തെ പത്രപ്രവര്‍ത്തന ജീവിതത്തില്‍ നിരവധി ദുരന്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പക്ഷേ, ഇത്രയേറെ ജീവനുകളെടുത്ത പ്രകൃതി ദുരന്തം ഇതാദ്യം. തൃശ്ശൂർ കുറാഞ്ചേരിയിലെ ദുരന്തഭൂമിയിലെത്തി സ്വന്തം ജീവന്‍ അവഗണിച്ച് മൂന്ന് പേരെ രക്ഷിച്ച അഗ്‌നിരക്ഷ സേന പ്രവർത്തകരെ കണ്ടുമുട്ടിയിരുന്നു. പക്ഷെ രണ്ട് പേരെ കൂടി രക്ഷിക്കാനാവത്ത പ്രയാസം അവര്‍ പങ്കു വെച്ചത് പൊട്ടികരഞ്ഞായിരുന്നു.

 ദുരന്ത സ്ഥലത്ത് മൂന്ന് വീടുകള്‍ പൂര്‍ണ്ണമായി ചിതറിയ അവസ്ഥയിലായിരുന്നു. മറ്റൊരു വീട് ആദ്യമെത്തിയ ജനപ്രതിനിധികളും, നാട്ടുകാരും ജാക്കി ഉപയോഗിച്ച് സ്ലാബ് താങ്ങി നിര്‍ത്തിയിരിക്കുന്നു. കൂടുതലൊന്നും ആലോചിക്കാതെ ഫയര്‍മാന്‍ രഞ്ജിത്ത് രവീന്ദ്രനും വിമുക്തഭടനായ ഹോംഗാര്‍ഡ് എ.ബി.നാരായണന്‍കുട്ടിയും വീടിനുളളില്‍ സഹായിക്കാനായി കയറി. ഫയര്‍മാന്‍ ആര്‍.രമേഷും ഡ്രൈവര്‍ ബി.ബി.ബിജുവും നഗരസഭ കൗണ്‍സിലര്‍മാരായ പി.ആര്‍.അരവിന്ദാക്ഷനും ജയന്തനും ഒപ്പം കൂടി.

wadakkanchery

വെളളത്തില്‍ മുങ്ങാന്‍ പോകുന്നവര്‍ പിടിക്കുന്നത് പോലെ കൈയില്‍ ബലമായി പിടിച്ച് പാണാട്ടില്‍ സജി രക്ഷിക്കണം എന്ന് അലറി നിലവിളിച്ചു. ജീവനുണ്ടെങ്കില്‍ രക്ഷപ്പെടുത്തും എന്ന ഉറപ്പ് നല്‍കി കൈവേര്‍പ്പെടുത്തി. ചുമരും കട്ടിലും എല്ലാം സജിക്ക് മീതെയായിരുന്നു. ഹൈഡ്രോളിക് സ്പ്രെഡ്ഡര്‍ ഉപയോഗിച്ച് ലോഡ് ചെയ്താണ് സജിയെ രക്ഷപ്പെടുത്തിയത്.സമീപത്ത് സജിയുടെ ഭാര്യ ജോളിയും മകള്‍ കാതറിനും കിടന്ന് കരയുന്നു.വാള്‍ ഉപയോഗിച്ച് കട്ടിലും അലമാരയും മേശയും മുറിച്ച് നീക്കി ആദ്യം ജോളിയെയും കാതറിനെയും രക്ഷപ്പെടുത്തി. തൊട്ടടുത്തുണ്ടായിരുന്ന സജിയുടെ അമ്മ റോസിയെയും മകള്‍ എയ്ഞ്ചലിനെയും രക്ഷിക്കാനുളള ഇവരുടെ ശ്രമം വിഫലമാകുകയായിരുന്നു.

കുറാഞ്ചേരിയില്‍ മണ്ണിടിച്ചിലില്‍ 19 ജീവനുകളാണ് പൊലിഞ്ഞത്.തട്ടുകട നടത്തുന്ന മുണ്ടന്‍ പ്ലാക്കല്‍ ജെന്‍സന്‍ (ചാച്ചന്‍- 45),ഭാര്യ സുമി (40),മക്കളായഹെനോക്ക് (7),യാഫത്ത് (3),മോസസ്സ് (12), സുമിയുടെ പിതാവ് വടക്കഞ്ചേരി സ്വദേശി ഫ്രാന്‍സീസ് (65), ജെന്‍സന്റെ സഹോദരന്‍ ഷാജി (56), ജെന്‍സന്റെ ഭാര്യാമാതാവ് വടക്കഞ്ചേരി സ്വദേശി സാലി (60 ),കുറാഞ്ചേരിയില്‍ പച്ചക്കറി വ്യാപാരി കന്നുകുഴിയില്‍ മോഹനന്‍ (52),ഭാര്യ ആശ (45),മക്കളായ അഖില്‍ (24),അമല്‍ (20),കുറാഞ്ചേരിയില്‍ ഇറച്ചിക്കട നടത്തുന്ന കൊല്ലം കുന്നേല്‍ മത്തായി (65),ഭാര്യ ബേബി (58),മകള്‍ സൗമ്യ (35),സൗമ്യയുടെ മക്കളായ മെറിന്‍ (10), മില്‍ന(5),പാറേക്കാട്ടില്‍ തങ്കച്ചന്റെ ഭാര്യ റോസി (65),പാറേക്കാട്ടില്‍ സജിയുടെ മകള്‍ എയ്ഞ്ചല്‍ (10) എന്നിങ്ങനെ പോകുന്നു മണ്ണിടിച്ചില്‍ കവര്‍ന്ന ജീവനുകള്‍ .തകര്‍ന്ന നാലു വീടുകളില്‍ ഒരു വീട്ടിലെ നാലുപേര്‍ മാത്രം ദുരന്തത്തില്‍ അവശേഷിച്ചു.

wadakkanchery landslide

 പ്രളയ ദൃശ്യങ്ങള്‍ ധാരാളം കണ്ടിട്ടുണ്ട്. പക്ഷെ ഇതെന്നെ അകംപുറം പിടിച്ചു കുലുക്കി.  ഓഗസ്റ്റ് 15 നാണ് ചരിത്രത്തില്‍ ആദ്യമായി വാഴാനി അണക്കെട്ടിന്റെ നാലു ഷട്ടറുകളും 60 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയത്. അന്ന് വടക്കാഞ്ചേരി പുഴ നിറഞ്ഞു കവിഞ്ഞൊഴുകി.രാത്രിമഴ നിറഞ്ഞാടി; വാഴാനി കുലുങ്ങി .സ്വന്തം വീടിന്റെ താഴത്തെ നിലയിലും വെള്ളം കയറി തുടങ്ങി.ഉറങ്ങാതെ ഒന്നാം നിലയില്‍ കയറിയ ഞങ്ങളെല്ലാവരും മഴയെ ശപിച്ചു. താഴത്തെ നിലയിലുള്ളതെല്ലാം വെള്ളത്തിലായി.ഇതിനിടയില്‍ പുഴയിലൂടെ കടപുഴകി ഒഴുകിയെത്തിയ പ്ലാവ് വീടിനു മുന്നിലെ ചാലിപ്പാടം ചിറയില്‍ കുരുങ്ങി.മഴയെ കൂസാതെ സുമനസ്സുകള്‍ ഏറെ ശ്രമിച്ചിട്ടും മരം നീക്കാനായില്ല.പിന്നെ പുഴ ദിശമാറി ഒഴുകിയത് വീട്ടിലേയ്ക്കുള്ള റോഡിലൂടെയായിരുന്നു. 

 

wadakkanchery landslide

 വീട്ടിലെ വൈദ്യുതി നിലച്ചു.ഇന്‍വെര്‍ട്ടര്‍ ഞങ്ങളോഫാക്കി.നിലവിളക്കിന്റെ വെളിച്ചത്തില്‍ എല്ലാവരും ഉറങ്ങാതിരുന്നു.തുടര്‍ച്ചായ ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും ഫോണിലൂടെയുള്ള ആശ്വാസവചനങ്ങളുടെ പിന്‍ബലത്തില്‍ നേരം വെളുപ്പിച്ചു.ഫോണ്‍ നിശ്ചലമാവുന്നതിന് മുന്നെ മാതൃഭൂമി ന്യൂസ് എഡിറ്ററെ വിളിച്ച് സ്വന്തം അനുഭവം പങ്കുവെച്ചു.

   16ന് ഉച്ചയോടെ മനസ്സുനിറയെ സ്നേഹം കരുതലായി സൂക്ഷിച്ച വടക്കാഞ്ചേരിയിലെ പൊതു സമൂഹം സൈന്യത്തെയും കൂട്ടി ബോട്ടുമായി വന്ന് ഞങ്ങളെ രക്ഷപ്പെടുത്തി.വീട്ടുകാരെ സുരക്ഷിത സ്ഥലത്താക്കി നേരെ മണ്ണിടിഞ്ഞ കുറാഞ്ചേരിയിലെ ദുരന്തഭൂമിയിലേയ്ക്ക്.കാറിലിരുന്ന് മൊബൈലിന് ഓക്സിജന്‍ നല്‍കി.കുറഞ്ചേരിയുടെ ദുരന്ത സ്ഥലമെത്തുന്നതിന് മുന്നെ വാഹനം തടഞ്ഞു.അവിടെ ആംബുലന്‍സും ടിപ്പറുകളും ഒരു കിലോമീറ്റര്‍ നിരന്നു കിടക്കുന്നു.റോഡില്‍ നിറയെ ചെളി .പ്രയാസപ്പെട്ട് ദുരന്തഭൂമിയുടെ ചിത്രങ്ങള്‍ എടുത്തു.കിട്ടിയ വിവരങ്ങള്‍ ശേഖരിച്ചു. അവിടെ മണ്ണുമാന്തിയന്ത്രങ്ങള്‍ മണ്ണ് നീക്കുന്നു.ടിപ്പറുകള്‍ മണ്ണ് എടുത്ത് സമീപത്തേയ്ക്ക് മാറ്റുന്നു.മണ്ണില്‍ പുരണ്ട ഒന്നു രണ്ടു മൃതശരീരങ്ങള്‍ കണ്ടെടുത്തത് ആറ് മണിക്കുര്‍ പ്രയാസപ്പെട്ടാണ്.
           

മൊബൈല്‍ കാഴ്ചവസ്തുവായി.24 മണിക്കുര്‍ വൈദ്യുതി നിലച്ചതിന് പുറമെ ടെലിഫോണ്‍ എക്സ്ചേഞ്ചില്‍ വെളളം കയറിയതിനാല്‍ ബി.എസ്.എന്‍.എല്‍ മേഖലയില്‍ നിശ്ചലമായിരുന്നു.രക്ഷാപ്രവര്‍ത്തകര്‍ക്കും വിവിധ സേനകള്‍ക്കും ഇത് ഏറെ പ്രയാസം സൃഷ്ടിച്ചു. 
             
പ്രകൃതിക്ഷോഭം ഏറ്റുവാങ്ങിയ മുഴുവന്‍ പേരുടെയും മൃതദേഹങ്ങള്‍ വടക്കാഞ്ചേരി നഗരസഭയുടെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് പൊതുദര്‍ശനത്തിന് വെച്ചത്.ആരവം ഉയരേണ്ട സ്റ്റേഡിയത്തില്‍ തോരാതെ പെയ്തത് കണ്ണീര്‍മഴയായിരുന്നു.

 കുറാഞ്ചേരി ദുരന്തത്തില്‍ പോലീസിന്റെ സേവനവും പ്രശംസനീയമായിരുന്നു.മണ്ണിടിച്ചിലില്‍ മരിച്ച 19 പേരുടെയും മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റ് നടത്തുന്നതിലെ പോലീസ് സേവനം ശ്രദ്ധ പിടിച്ചുപറ്റി.

     ആദ്യദിവസം ലഭിച്ച 12 മൃതദേഹങ്ങളും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചത് പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു. ഒന്നര മണിക്കൂര്‍ ഒരു മൃതദേഹ പരിശോധനയ്ക്ക് വേണം. പകല്‍ വെളിച്ചത്തില്‍ നടത്തുന്ന മൃതദ്ദേഹ പരിശോധന അപൂര്‍വ്വമായി മാത്രമാണ് രാത്രി നടത്തുക. കുറാഞ്ചേരിയിലും കാഞ്ഞിരശ്ശേരിയിലുമായി 20 പേരാണ് മണ്ണിടിച്ചിലില്‍ മരിച്ചത്. 

      wadakkanchery landslide മണ്ണ് 19 ജീവനെടുത്ത കുറാഞ്ചേരിയുടെ മരവിപ്പ് ഇനിയും മാറിയിട്ടില്ല.ഒരു നൂറ്റാണ്ടിനിടയില്‍ തലപ്പിള്ളി താലുക്കിലെന്നല്ല ജില്ലയില്‍ പോലും ഇത്രയധികം പേരുടെ ജീവന്‍ അപഹരിച്ച പ്രകൃതി ദുരന്തം ഓര്‍മ്മയിലില്ലെന്ന് പഴമക്കാര്‍ പറയുന്നു.1924 ലെ പേമാരിയില്‍ അകമലയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. അന്ന് തീവണ്ടി ഗതാഗതം തടസ്സപ്പെട്ടിരുന്നു. മനുഷ്യ ജീവനൊന്നും ഹാനി സംഭവിച്ചിരുന്നില്ല. 

എല്ലാ സമയങ്ങളിലും ആള്‍ തിരക്കുള്ള കുറാഞ്ചേരി ഇപ്പോള്‍ മൂകമാണ്. ബസ്സ് സ്റ്റോപ്പ് പോലും മണ്ണെടുത്തു. എവിടെ നോക്കിയാലും മണ്ണ് മാത്രം. മഴ നിന്നതോടെ ചെളി ഇല്ലാതായിട്ടുണ്ട്. മലയോര മേഖലയില്‍ താമസിയ്ക്കുന്നവര്‍ ബസ്സ് യാത്രയ്ക്ക് ധാരാളമായി വേലുര്‍, വടക്കാഞ്ചേരി ,കുറാഞ്ചേരി, ചെപ്പാറ റോഡുകള്‍ സംഗമിക്കുന്ന ഇവിടെയെത്തി ചേരും. ചെപ്പാറ കുന്നിലേയ്ക്കുള്ള സഞ്ചാരികളും ഇവിടെ ബസ്സ് ഇറങ്ങി ഓട്ടോറിക്ഷകളെ ആശ്രയിയ്ക്കുന്നു.

    ജിയോളജി ഉദ്യാഗസ്ഥന്മാര്‍ ദുരന്തത്തിനു ശേഷം ഇവിടെയെത്തി നിര്‍ദ്ദേശിച്ചത് സമീപ കോളനി നിവാസികളെ മാറ്റിപാര്‍പ്പിയ്ക്കാനായിരുന്നു. മണ്ണിടച്ചിലില്‍ തേക്കുകള്‍ ഉള്‍പ്പടെ നിരവധി മരങ്ങള്‍ കടപുഴകി താഴ്‌വാരത്തിലെത്തി.

    അതിജീവനത്തിന് ആവശ്യമായതെല്ലാം ചെയ്തു നല്‍കാമെന്ന് ദുരന്തസ്ഥലം സന്ദര്‍ശിച്ച മന്ത്രി എ.സി.മൊയ്തീന്റെ വാക്കുകള്‍ മാത്രമായിരുന്നു ഏക ആശ്വാസം. അഞ്ച് വീടുകള്‍ തകരുകയും നാലു വീടുകളിലെ 19 പേരെ നഷ്ടപ്പെടുകയും ചെയ്ത കുറാഞ്ചേരിയുടെ പകപ്പ് മാറാന്‍ ഇനിയും സമയമെടുക്കും.

മലയിടിഞ്ഞെത്തിയ മണ്ണ് സംസ്ഥാന പാതയിലും റെയില്‍പാളത്തിലും വന്നടിഞ്ഞത് നീക്കിയാണ് ഗതാഗതം പുനരാരംഭിയ്ക്കാനായത്. മണ്ണ്  വീട് തകര്‍ത്തെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ട കുഞ്ഞുകുളങ്ങര വീട്ടിലെ ആറ് പേര്‍ ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് മടങ്ങിയെത്തി മറ്റൊരു വീട്ടിലാണ് താമസം. സംസ്ഥാനപാതയിലൂടെ മണ്ണിടിച്ചില്‍ സമയത്ത് ബൈക്കില്‍ പോയിരുന്ന തെക്കുംകര പാലിശ്ശേരി ബാലകൃഷ്ണന്‍ സാരമായ പരിക്കുകളോടെ ചികിത്സയിലാണ്.

 ദുരന്തത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയ കുറാഞ്ചേരി തെനം പറമ്പ് ,കട്ടികുന്ന് കോളനികളിലെ 50 വീട്ടുകാര്‍ തിരിച്ചെത്തി.വീടുകള്‍ക്ക് ഭീഷണി ഉയര്‍ത്തിയ മരങ്ങള്‍ മുറിച്ചുനീക്കിയാണ് ഇവരെ പുനരധിവസിപ്പിച്ചത്.

കുറാഞ്ചേരി വഴി സംസ്ഥാന പാതയിലൂടെ ഗതാഗതം പുനരാരംഭിച്ചത് ദുരന്തം നടന്ന് ആറാം ദിവസമായിരുന്നു. മണ്ണു വന്ന് മൂടി റോഡ് അവ്യക്തമായിരുന്നു.രണ്ട് ഭാഗങ്ങളിലും ടാര്‍ വീപ്പകള്‍ നിരത്തി അപകടസൂചന നല്‍കുന്ന റിബ്ബണ്‍ കെട്ടിയിട്ടുണ്ട്. പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥരെത്തി റോഡ് അളന്ന് തിട്ടപ്പെടുത്തി.വൈദ്യുതിലൈനുകളും പുന:സ്ഥാപിച്ചു.

 ദുരന്തത്തില്‍ വന്നടിഞ്ഞ ആയിരകണക്കിന് ലോഡ് മണ്ണ് നഗരസഭ വക മിണാലൂരിലുള്ള കളിസ്ഥലത്തേക്ക് മാറ്റി തുടങ്ങിയിട്ടുണ്ട്.
കുറാഞ്ചേരിയിലെ മോഹന്റെ ജൈവ പച്ചക്കറി ലഭിയ്ക്കാത്ത ഓണമാണ് കടന്നു പോയത്.സംസ്ഥാന പാതയിലൂടെ സ്ഥിരമായി സ്വന്തം വാഹനങ്ങളില്‍ കടന്നുപോകുന്നവരെല്ലാം നാടന്‍ പച്ചക്കറി തേടി മോഹനന്റെ കടയിലെത്തും. എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്ന മോഹനന്റെ വ്യാപാര സ്ഥാപനവും വീടും മാത്രമല്ല നാലംഗ കുടുംബത്തെയും മണ്ണെടുത്തു.ദുരന്തത്തില്‍ മരിച്ച ജെന്‍സന്റെ ചാച്ചന്‍സ് തട്ടുകടയും കുറാഞ്ചേരിയിലെത്തുന്നവര്‍ക്ക് പ്രിയപ്പെട്ടതായിരുന്നു.ദുരന്തം ജീവനെടുത്ത കൊല്ലംകുന്നേല്‍ മത്തായിയും ഏറെ സുഹൃത് വലയമുളള കുറാഞ്ചേരിയിലെ വ്യാപാരിയായിരുന്നു.

  തകര്‍ന്ന വീടുകള്‍ സന്നദ്ധ സംഘടനകളുടെയും സഹകരണ സ്ഥാപനങ്ങളുടെയും സഹായത്തോടെ പുനര്‍നിര്‍മ്മിച്ചു നല്‍കുന്നതിന് വടക്കാഞ്ചേരി നഗരസഭ സജീവ ഇടപെടല്‍ ആരംഭിച്ചിട്ടുണ്ട്. മണ്ണിടിച്ചിലിനെക്കുറിച്ച് ശാസ്ത്രീയ പഠനത്തിന് വിദഗ്ധ സംഘത്തിന്റെ സേവനം ഉറപ്പാക്കുമെന്ന് നഗരസഭ വൈസ് ചെയര്‍മാന്‍ എം.ആര്‍.അനൂപ് കിഷോര്‍ പറയുന്നു.

 ദുരന്ത ഭൂമിയില്‍ ദിവസങ്ങളോളം കഴിഞ്ഞ മണ്ണ് നീക്കിയ ടിപ്പര്‍ ലോറികളും ജെ.സി.ബികളുമായിരുന്നു താരമായത്.എല്ലാവര്‍ക്കും ടിപ്പറിനോടും,ജെ.സി.ബിയോടും ആദരം തോന്നിയ ദിവസങ്ങള്‍.ഒരുമയോടെ അപൂര്‍വ്വത പകര്‍ന്ന നാട് ഒന്നാകെ കൈകോര്‍ത്ത രക്ഷാപ്രവര്‍ത്തനങ്ങളും പ്രശംസ പിടിച്ചുപറ്റി.അഗ്നി രക്ഷാ സേനയുടെയും പോലീസിന്റെയും രാപ്പകല്‍ ഭേദമില്ലാതയുള്ള സേവനവും രേഖപ്പെടുത്തേണ്ടതാണ്.

  മച്ചാട്-വടക്കാഞ്ചേരി വനം റെയിഞ്ചുകളുടെ പരിധിയില്‍ 20 ഇടങ്ങളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.മൂന്നിടങ്ങളിലായുണ്ടായ വനമേഖലയിലെ മണ്ണിടിച്ചിലില്‍ നഷ്ടമായത് 24 ജീവനുകളാണ്.കുറാഞ്ചേരിയില്‍ 19 ജീവനുകളാണ് മണ്ണെടുത്തത്. അഞ്ചു വീടുകളും തകര്‍ന്നു. കാഞ്ഞിരശ്ശേരിയില്‍ ഏക്കര്‍ കണക്കിന് സ്ഥലത്താണ് മണ്ണ് വന്നടിഞ്ഞത്. ഇവിടെയും ഒരാള്‍ മരിച്ചു. കൊറ്റമ്പത്തൂരില്‍ നാലു പേര്‍ മരിച്ചു.

    മിക്കയിടത്തും തേക്ക് ഉള്‍പ്പെടെ കടപുഴകി നീങ്ങി. മാനുകള്‍ ഉള്‍പ്പെടെയുളള വന്യജീവികളുടെ ആവാസ ഇടമാണ് മണ്ണിടിച്ചിലുണ്ടായ വനമേഖല. വന്യജീവികള്‍ക്കും ജീവനാശം സംഭവിച്ചിരിക്കാം.   കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ ഡോ എം.പി.പരമേശ്വരന്‍,ഡോ കെ.വിദ്യാസാഗര്‍, മീരഭായ് തുടങ്ങിയവര്‍ കുറാഞ്ചേരി മണ്ണിടിച്ചില്‍ മേഖലയിലെത്തിയിരുന്നു.
            പരിഷത്ത് സംഘത്തോടൊപ്പം സ്ഥലത്തെത്തിയ ദുരന്തനിവാരണ അതോറിറ്റിയുടെ ലാന്‍ഡ് സ്ലൈഡ് പ്രൊജക്ട് ഇന്‍വെസ്റ്റിഗേറ്ററും ജിയോളജിസ്റ്റ് ഡോ എസ്.ശ്രീകുമാര്‍ അഭിപ്രായപ്പെട്ടത് കുറാഞ്ചേരിയിലേത് അതിവര്‍ഷം മൂലമുണ്ടായ സ്വാഭാവിക മണ്ണിടിച്ചിലാണെന്നാണ്. ഉരുള്‍പൊട്ടലെന്ന് വിശേഷിപ്പിക്കാനാവില്ല.വലിയ മണ്ണിടിച്ചിലാണ്.51 ഡിഗ്രിയിലധികം ചെരിവുളള കുന്നില്‍ ധൃഢതയില്ലാത്ത മണ്ണ് വെളളത്തില്‍ കുതിര്‍ന്ന് കുത്തിയൊഴുകിയതാണ് കുറാഞ്ചേരിയില്‍ സംഭവിച്ചതെന്നാണ് ഡോ ശ്രീകുമാറിന്റെ പ്രാഥമിക വിലയിരുത്തല്‍.

         കുറാഞ്ചേരിയിലെ മണ്ണിടിച്ചില്‍ കനത്ത മഴയെ തുടര്‍ന്നുളള മണ്ണിനകത്തെ മണ്ണൊലിപ്പാണെന്ന് മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിലയിരുത്തിയത്.കേരള വനഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രഞ്ജരും മണ്ണിടിച്ചില്‍ മേഖലയിലെത്തി പ്രാഥമിക പഠനം നടത്തിയിരുന്നു.

    ചെരിവേറിയ പ്രദേശമായതിനാലും ചെളിയും ചരലുമുളള മണ്ണായതിനാലും മണ്ണിടിച്ചില്‍ ശക്തിയേറിയതായി. ഇത് മണ്ണിടിച്ചില്‍ മാത്രമാണ്.കനത്ത മഴ ഉണ്ടായാല്‍ വീണ്ടും ഇടിച്ചിലിനുളള സാദ്ധ്യത സംഘം വിലയിരുത്തി.സ്വാഭാവികമായ ഹരിതവത്ക്കരണത്തിലൂടെ മാത്രമേ പ്രതിരോധം സാദ്ധ്യമാവൂ എന്നായിരുന്നു വിദഗ്ദ സംഘത്തിന്റെ അഭിപ്രായം. നാട് ഒന്നാകെ അതിജീവിക്കാന്‍ ശ്രമിക്കുന്ന തോരാത്ത ദുരിതം.