മഴക്കാലത്ത് പലവട്ടം അരങ്ങേറുന്ന വെള്ളപ്പൊക്കമെന്ന പ്രതിഭാസത്തെ കൂസലിലില്ലാതെ നേരിടുന്ന കുട്ടനാട്ടുകാര്‍ക്ക് നല്ല വിശ്വാസമുണ്ടായിരുന്നു ഏതു വെള്ളത്തെയും നേരിടാമെന്ന്. പക്ഷേ 2018 ഓഗസ്റ്റിലെ പ്രളയം ആ പ്രതീക്ഷകള്‍ക്കും വിശ്വാസങ്ങള്‍ക്കുമപ്പുറത്തേക്കാണ് പൊങ്ങിക്കറിയത്. തൊണ്ണൂറ്റൊന്‍പതിലെ വെള്ളപ്പൊക്കത്തെപ്പറ്റി കേട്ടുകേള്‍വി മാത്രമേയുണ്ടായിരുന്ന കുട്ടനാട്ടിലെ ബഹുഭൂരിപക്ഷവും അതുപോലൊരു പ്രളയം നേരിട്ടനുഭവിക്കുകയായിരുന്നു.

2018 ജൂലൈയിലുണ്ടായ രണ്ടു വെള്ളപ്പൊക്കങ്ങളുടെ കെടുതികളില്‍നിന്ന് കുറച്ചൊന്നു കരകയറി വരികയായിരുന്നു ജനം. മാതൃഭൂമിയുടെ കുട്ടനാടിനൊരു കൈത്താങ്ങ് പദ്ധതിയുള്‍പ്പെടെ ഒട്ടേറെ സഹായഹസ്തങ്ങള്‍ നീട്ടിയ ദുരിതാശ്വാസ വസ്തുക്കള്‍ ലഭിച്ചതിന്റെ ആശ്വാസത്തിലായിരുന്നു അവര്‍. എന്നാല്‍ ഓഗസ്റ്റ് ആദ്യവാരം മുതല്‍ അന്തരീക്ഷം മൂടിക്കെട്ടി തുള്ളിക്കൊരുകുടം കണക്കു പെയ്തുകൊണ്ടിരുന്ന മഴ  കാര്യങ്ങള്‍ വീണ്ടും അവതാളത്തിലാക്കി. നിറഞ്ഞുപെയ്ത മഴത്തുള്ളികള്‍ പമ്പ, കക്കി, മൂഴിയാര്‍ എന്നിവയുള്‍പ്പെടെയുള്ള അണക്കെട്ടുകളില്‍ ജലനിരപ്പ് അപകടകരമായവിധം ഉയര്‍ത്തി.  ജില്ലാ  കളക്ടറുടെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പുകള്‍ നവമാധ്യമങ്ങളുള്‍പ്പെടെയുള്ള വാര്‍ത്താ മാധ്യമങ്ങളിലൂടെ വന്നുകൊണ്ടിരുന്നു.

സംഗതി അത്ര പന്തിയല്ലെന്ന് ജനങ്ങള്‍ ഭയപ്പാടോടെ മനസ്സിലാക്കി. ഓറഞ്ച് അലര്‍ട്ട് അധികം താമസിയാതെ റെഡ് അലര്‍ട്ടായി മാറി. (അണക്കെട്ടുകള് തുറക്കുന്നതു സംബന്ധിച്ചും  മുന്നറിയിപ്പ് നല്‍കുന്നതില്‍ സംഭവിച്ച അപാകങ്ങളെപ്പറ്റിയും പിന്നീട് ഒട്ടേറെ വാദങ്ങളും വിവാദങ്ങളുമുണ്ടായി). കരകവിഞ്ഞ പമ്പയാറ്റിലും മണിമലയാറ്റിലും  വെള്ളം മഞ്ഞനിറത്തില്‍ ചുഴിയും മലരിയുംകുത്തി പാഞ്ഞു. ഒരുപാട് കിഴക്കന്‍ വെള്ളപ്പാച്ചിലുകള്‍ കണ്ടവര്‍പോലും പകച്ചുനിന്നു. വെള്ളം പറമ്പുകളിലേക്കും വീട്ടുമുറ്റത്തേക്കും ഒഴുകിക്കയറിക്കൊണ്ടിരുന്നു. 

ktn
വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവരെ ബോട്ടുകളില്‍ രക്ഷപ്പെടുത്തുന്നു

ഓഗസ്റ്റ് 13 മുതല്‍ തുള്ളിതോരാത്ത മഴയായിരുന്നു. അണക്കെട്ടുകളില്‍ നിന്നും  കിഴക്കന്‍ മലയോരങ്ങളിലെ ഉരുള്‍പൊട്ടി കുത്തിയൊലിച്ചു വന്ന വെള്ളവും കൂടിയായപ്പോള്‍ കുട്ടനാട് പതുക്കെ മുങ്ങിത്തുടങ്ങി. 15-ാം തീയതി ആയപ്പോഴേക്കും നാട്ടിലെ കരപ്രദേശങ്ങളെ മുഴുവന്‍ വെള്ളം വിഴുങ്ങിയിരുന്നു.

റോഡിനും പാടങ്ങള്‍ക്കും ചെറിയപാലങ്ങള്‍ക്കുമെല്ലാം മീതെ പ്രളയജലം പരന്നൊഴുകി. എല്ലായിടവും ജലപ്പരപ്പുമാത്രം. ഒരു പലായനത്തിന്റെ ഒരുക്കത്തിലായിരുന്നു അപ്പോള്‍ നാട്ടുകാരെല്ലാം. കൈയ്യില്‍കിട്ടിയതൊക്കെ വാരിയെടുത്തും പെട്ടിയിലും കുട്ടയിലുമൊക്കെ പെറുക്കിയും കുത്തൊഴുക്കിലൂടെ അവര്‍ കരതേടി നീന്തിത്തുടങ്ങി. കുട്ടനാട് താലൂക്കിലെ 13 പഞ്ചായത്തുകളിലെയും സ്ഥിതി സമാനമായിരുന്നു. കൈനകരിയും കാവാലവും മങ്കൊമ്പ്, പുളിങ്കുന്ന്, ചമ്പക്കുളം, രാമങ്കരി, മുട്ടാര്‍,വേഴപ്ര, തലവടി, എടത്വ, തകഴി തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുമെല്ലാം ആളുകള്‍ രക്ഷതേടി പുറപ്പെട്ടു. ചിലര്‍ ബന്ധുവീടുകളിലേക്ക്. ചിലര്‍ സമീപത്തെ രണ്ടുനിലകളുള്ള വീടുകളിലേയ്ക്ക്. കൂടുതല്‍പേരും സമീപത്തുള്ള സ്‌കൂളുകളില്‍ തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പുകളിലാണ് അഭയംതേടിയത്.

എന്നാല്‍ പ്രളയജലം അവിടംകൊണ്ടൊന്നും നിലയ്ക്കുന്ന മട്ടില്ലായിരുന്നു. നോക്കി നില്‍ക്കെ അത് പെരുകിപ്പെരുകി വന്നു. രണ്ടുനിലയുള്ള വീടുകളുടെയും സ്‌കൂളുകളുടെയും താഴത്തെ നില മുങ്ങിയപ്പോള്‍ നനഞ്ഞുവാരിയ തുണികളും സാധനങ്ങളുമായി എല്ലാവരും രണ്ടാം നിലയിലേക്ക് ചേക്കറിത്തുടങ്ങി. വീടുകളിലും മറ്റും കുടുങ്ങിക്കിടന്നവരുമായി വള്ളങ്ങളും ചങ്ങാടങ്ങളും ക്യാമ്പുകളിലേയ്ക്ക് തുഴഞ്ഞടുത്തു. പ്രായമായവരുടെയും കൊച്ചുകുട്ടികളുടെയും സ്ഥിതിയായിരുന്നു ഏറെ കഷ്ടം. അവരെയൊക്കെ ചുമലിലേറ്റിയും കട്ടിലോടെയുമൊക്കയാണ് ക്യാമ്പുകളിലും മറ്റുമെത്തിച്ചത്. നിറവയര്‍ താങ്ങിപ്പിടിച്ച് കരപ്പറ്റുതേടി ഒഴുക്കിലൂടെ പോകുന്ന ഗര്‍ഭിണികള്‍ പ്രളയദുരിതത്തിന്റെ സങ്കടക്കാഴ്ചയായിരുന്നു.

kt4
വീടുകളില്‍നിന്ന് രക്ഷപ്പെട്ടവര്‍ ദുരിതാശ്വാസക്യാമ്പുകളിലേക്ക്

രക്ഷാദൗത്യം

പ്രളയജലത്തില്‍ വീടുകളില്‍നിന്ന് പുറത്തു കടക്കാനാവാതിരുന്നവര്‍ മരണം മുന്നില്‍ക്കണ്ട് രക്ഷപെടാനുള്ള വഴികള്‍ തേടി. വൈദ്യുതി നിലച്ചതിനാല്‍ മൊബൈല്‍ ഫോണുകളും മറ്റും നിന്നുപോയിരുന്നത് ഇവരെ കൂടുതല്‍ ആശങ്കയിലാക്കി. സമീപ ജില്ലകളിലും വിദേശത്തുമൊക്കെയള്ള ബന്ധുക്കള്‍ പ്രളയത്തിലകപ്പെട്ടവരെപ്പറ്റി രാപ്പകലില്ലാതെ സമൂഹമാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ കൈമാറി. ദുരിതത്തില്‍പ്പെട്ടവരെ സഹായിക്കാനായി സമൂഹമാധ്യമങ്ങളില്‍ വിവിധ കൂട്ടായ്മകള്‍ ഉണ്ടായി.

17-ാം തീയതിയോടെ കര-നാവിക- വ്യോമ  സേനകള്‍ വെള്ളപ്പൊക്ക ബാധിതപ്രദേശങ്ങളില്‍ എത്തിയത് രക്ഷാപ്രവര്‍ത്തനങ്ങള്‍  കാര്യക്ഷമമാക്കി. കേന്ദ്ര സംസ്ഥാന ദുരന്തനിവാരണ സേനകള്‍,  പോലിസ്,  ഫയര്‍ഫോഴ്‌സ്, മത്സ്യത്തൊഴിലാളികള്‍, നാട്ടുകാര്‍, തുടങ്ങി എല്ലാ വിഭാഗങ്ങളുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ  ദുരിതക്കയത്തില്‍നിന്ന് ലക്ഷക്കണക്കിന് ആളുകളെ രക്ഷിച്ചു.   

kt6

ഏകദേശം 200-ലധികം ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. സ്വന്തം ജീവന്‍ അവഗണിച്ച് മത്സ്യത്തൊഴിലാളികള്‍ മീന്‍പിടുത്ത വള്ളങ്ങളുമായി കുട്ടനാടിന്റെ വിവിധ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തി. രക്ഷാപ്രവര്‍ത്തനവുമായി സഹകരിക്കാതെ വിട്ടുനിന്ന അഞ്ച് ബോട്ട് ഉടമകളില്‍ നാലുപേരെ മന്ത്രി ജി.സുധാകരന്റെ നിര്‍ദേശപ്രകാരം അറസ്റ്റ് ചെയ്തു.  18 ബോട്ടുകളുടെ ലൈസന്‍സും റദ്ദാക്കി.  

ആശ്വാസത്തുരത്തുകള്‍

വാഹനങ്ങളിലും സകല വഴികളിലും  പ്രളയദുരിത ബാധിതരെക്കൊണ്ടു നിറഞ്ഞു. കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ വെള്ളത്തിലായതോടെ ആലപ്പുഴയിലും അമ്പലപ്പുഴയിലുമായി സുരക്ഷിത സ്ഥാനങ്ങള്‍ തേടിയെത്തിപ്പോകുന്നവരായിരുന്നു അവര്‍. വീടുകള്‍ തകര്‍ന്നവര്‍,സകലതും നഷ്ടപ്പെടുന്നത് നിസഹായരായി നോക്കി നില്‍ക്കേണ്ടി വന്നവര്‍ എല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു.

ആലപ്പുഴ പട്ടണം കൂടാതെ അമ്പലപ്പുഴ, പുന്നപ്ര, പുറക്കാട്, തകഴി എന്നിവിടങ്ങളിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലും സ്വകാര്യ വിദ്യാലയങ്ങളിലുമെല്ലാം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കുട്ടനാട്ടിലെ ദുരിതബാധിതര്‍ക്കൊപ്പം പ്രദേശങ്ങളില്‍ വീടുകള്‍ വെള്ളത്തിലായവരും ക്യാമ്പുകളിലുണ്ട്. ആഗസ്ത് 17 വെള്ളിയാഴ്ച ഉച്ചമുതലാണ് കുട്ടനാട്ടിലെ വിവിധ ക്യാമ്പുകളില്‍ കഴിയുന്നവരെ അമ്പലപ്പുഴയിലെ വിവിധ ക്യാമ്പുകളിലേക്കെത്തിച്ചത്. ബസുകള്‍, ലോറികള്‍, മറ്റ് വാഹനങ്ങള്‍ എന്നിവ നിറഞ്ഞായിരുന്നു ദുരിതബാധിതര്‍ എത്തിയത്.

ആലപ്പുഴ മാതാ ജെട്ടി, ഫിനിഷിങ്‌ പോയിന്റ് എന്നിവിടങ്ങളിലേക്ക് ബോട്ടുകളിലും വള്ളങ്ങളിലുമായി ആയിരങ്ങളാണ് എത്തിയത്. ശനിയാഴ്ച വൈകിയും കുട്ടനാട്ടില്‍നിന്നുള്ള ദുരിതബാധിതരുടെ വരവ് അവസാനിച്ചില്ല. ആലപ്പുഴ പട്ടണത്തിലെ ക്യാമ്പുകള്‍ നിറഞ്ഞതോടെ ദുരിതബാധിതരെ ചേര്‍ത്തല, കണിച്ചുകുളങ്ങര തുടങ്ങിയ സ്ഥലങ്ങളിലേക്ക് മാറ്റി. 

ചങ്ങനാശ്ശേരിയായിരുന്നു കുട്ടനാട്ടുകാരുടെ മറ്റൊരു ആശ്വാസത്തുരുത്ത്. ഇവിടുത്തെ കോളേജുകളും സ്‌കൂളുകളും കുട്ടനാട്ടുകാരെക്കൊണ്ടു നിറഞ്ഞു. തിരുവല്ലയിലും ഒട്ടേറെ ക്യാമ്പുകള് തുറന്നിരുന്നു. ഉടുതുണിമാത്രയാണ് പലരും ക്യാമ്പുകളിലെത്തിയത്. ചിലര്‍ വളര്‍ത്തുമൃഗങ്ങളെയും കൈവിടാതെ കൂടെക്കൂട്ടി. വലിയ മൃഗങ്ങളെ നാട്ടിലെ കരപ്പറ്റുള്ള സ്ഥലങ്ങളില്‍ കെട്ടിയിട്ടു. പാലങ്ങള്‍ കാലിത്തൊഴുത്തായി മാറി. വാഹനങ്ങള്‍ ചീറിപ്പാഞ്ഞിരുന്ന എ.സി.റോഡിലൂടെ അരയാള്‍പ്പൊക്കത്തില്‍ വെള്ളം കുത്തിയൊഴുകി. ആളുകളും സാധനങ്ങളുമായി ബോട്ടുകളും വള്ളങ്ങളും ഓളമിളക്കി റോഡിലൂടെ പോയി.

kt5

ക്യാമ്പ് ജീവിതം

അതുവരെ പരസ്പരം കണ്ടാല്‍പ്പോലും മിണ്ടാത്തവര്‍ ക്യാമ്പുകളില്‍ പ്രളയത്തെപ്പറ്റി വാചാലരായി. പ്രകൃതി ഒന്നു പിണങ്ങിയാല്‍ തീരുന്നതേയുള്ളൂ മനുഷ്യരും കെട്ടിപ്പൊക്കിയതും വെട്ടിപ്പിടിച്ചതുമൊക്കയെന്ന് മുന്നില്‍ നിറഞ്ഞുപരന്ന ജലം നോക്കി അവര്‍ പറഞ്ഞു. വെറുപ്പും ശത്രുതയുമൊക്കെ പ്രളയത്തില്‍ ഒലിച്ചുപോയി. എന്നാല്‍ പുതിയ കൂട്ടുകാരെ കിട്ടിയ സന്തോത്തിലായിരുന്നു കൊച്ചുകുട്ടികള്‍. എങ്കിലും ദുരിതപൂര്‍ണമായിരുന്നു ക്യാമ്പു ജീവിതം.

പ്രാഥമികകൃത്യങ്ങള്‍ നിര്‍വ്വഹിക്കുന്നതായിരുന്നു എല്ലാവരെയും ഒരുപോലെ വലച്ച പ്രധാന പ്രശ്‌നം. മിക്ക സ്‌കൂളുകളിലെയും കക്കൂസുകള്‍ വെള്ളത്തിനടിയിലായിരുന്നു. ഇരുനിലയുള്ള സ്‌കൂളുകളുടെ മുകള്‍ നിലയാണ് ഭക്ഷണം കഴിക്കാനും കിടക്കാനുമൊക്കെ ഉപയോഗിച്ചത്. ഇവിടങ്ങളില്‍ മുകളില്‍ ഒന്നോരണ്ടോ കക്കൂസുകള്‍ മാത്രമാണുണ്ടോയിരുന്നത്. ചിലയിടത്ത് ഒരെണ്ണവും. നൂറും അഞ്ഞൂറും പേരുള്ള സ്‌കൂളുകളില്‍ മൂത്രമൊഴിക്കാനും കക്കൂസില്‍ പോകാനുമൊക്കെ ഏറെനേരം വരി നില്‍ക്കേണ്ട അവസ്ഥ. സ്ത്രീകളാണ് ഏറെ കുഴങ്ങിപ്പോയത്. ആണുങ്ങള്‍ വെള്ളത്തിലിറങ്ങി ഏതെങ്കിലും മറവുകളില്‍ കാര്യം സാധിക്കും. പക്ഷേ, സ്ത്രീകള്‍ക്കും പെണ്കുട്ടികള്‍ക്കും അത് അത്രകണ്ട് എളുപ്പമായിരുന്നില്ല. ഇത് അവരെ മാനസികമായും ശാരീരികമായും ഏറെ അസ്വസ്ഥരാക്കിയിരുന്നു. ഈ പ്രശ്‌നം പട്ടണത്തിലും മറ്റുമുള്ള ക്യാമ്പുകളില്‍ താരതമ്യേന ഭേദമായിരുന്നു.

ktn

വെള്ളം ഉയര്‍ന്നു വരുന്നതു കണ്ടിട്ടും കുഴപ്പമില്ലന്നു പറഞ്ഞ് വീടുവിട്ട് പോകാന്‍ മടികാണിച്ചവരും ഏറെയുണ്ടായിരുന്നു നാട്ടില്‍. ഇവരെക്കുറിച്ചുള്ള വിവരങ്ങളറിയാന്‍ കഴിയാതെ പുറംനാട്ടിലുള്ള മക്കളും ബന്ധുക്കളുമൊക്കെ കുറെ തീതിന്നേണ്ടിവന്നു. രക്ഷാപ്രവര്‍ത്തകരെപ്പോലും മടക്കിയയച്ചവരും കുട്ടനാട്ടിലുണ്ടായിരുന്നു എന്നതാണ് വിചിത്രം.
ആദ്യ ദിവസങ്ങളില്‍  ഭക്ഷണത്തിനും കുടിവെള്ളത്തിനും വലിയ പ്രയാസം നേരിട്ടു. എന്നാല്‍ സര്‍ക്കാരിനൊപ്പം സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ദുരിതബാധിതര്‍ക്കു വേണ്ട ഭക്ഷണവും കുടിവെള്ളവും മറ്റ് അവശ്യസാധനങ്ങളും യഥേഷ്ടം എത്തിച്ചതോടെ ക്യാമ്പുകളിലും വീടുകളിലും കഴിഞ്ഞിരുന്നവര്‍ക്ക് ആശ്വാസമായി. ടണ്‍കണക്കിനു ഭക്ഷ്യസാധനങ്ങളും വസ്ത്രങ്ങളും പാത്രങ്ങളും മറ്റ് അവശ്യസാധനങ്ങളുമാണ് ദുരിതബാധിതര്‍ക്കായി ആലപ്പുഴയിലേയ്ക്ക് എത്തിയത്. ദുരിതാശ്വാസ സാധനങ്ങളടങ്ങിയ കിറ്റുകളുടെ വിതരണം മിക്കയിടത്തും വെള്ളമിറങ്ങിക്കഴിഞ്ഞും തുടര്‍ന്നു. വാങ്ങാന്‍ രാത്രിയിലും ജനം റോഡില്‍ കാത്തിരുന്നു.

കലക്കവെള്ളത്തിലെ കള്ളന്മാര്‍

പ്രളയജലം പ്രാണനെടുക്കുംമുമ്പ് എല്ലാം വിട്ടൊഴിഞ്ഞ് കരക്കെത്തിയവരുടെ ഉറക്കംകെടുത്തി കായല്‍ക്കൊള്ളക്കാര്‍. കുട്ടനാടിന്റെ ഉള്‍പ്രദേശങ്ങളില്‍ ചെറുവള്ളങ്ങളിലെത്തി  മോഷണം നടത്തുന്നെന്ന് ഒട്ടേറെ പരാതികള്‍ പോലീസിന് ലഭിച്ചു.  പലരും സുരക്ഷിതമായി മുകള്‍നിലയിലേക്കും മറ്റും എത്തിച്ച ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ മോഷണം പോയി. ആട്, കോഴി, താറാവ് തുടങ്ങിയ പക്ഷിമൃഗാദികളെയും കായല്‍ക്കള്ളന്‍മാര്‍ കൈക്കലാക്കി. ജനറേറ്ററുകളുംമറ്റും നഷ്ടമായ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.  

നാശനഷ്ടം

ആലപ്പുഴ ജില്ലയില്‍ 84471 വീടുകള് പ്രളയത്തിലകപ്പെട്ടതായാണ് റവന്യൂവകുപ്പിന്റെ കണക്ക്.  കുട്ടനാട്ടില്‍ 10250 വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. 147 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 81667 കുടുംബങ്ങള്‍ ദുരിതാശ്വാ കേന്ദ്രങ്ങളില്‍ താമസിച്ചു. മിക്കയിടങ്ങളിലെയും മതിലുകള്‍ മുഴുവനായി നിലംപൊത്തിയിരുന്നു.നെല്‍കൃഷി മാത്രമായി 150 കോടിയുടെ നാശനഷ്ടം കണക്കാക്കി. 
 ക്ഷീരവികസന വകുപ്പിന്റെ പ്രാഥമിക കണക്കില്‍ ജില്ലയില്‍ 817 ഓളം കന്നുകാലികളാണ് ചത്തത്. അന്തിമകണക്കില്‍ ഇത് ഇരട്ടിയും കഴിയും. നൂറുകണക്കിന് മറ്റു വളര്‍ത്തുമൃഗങ്ങളും ചത്തിട്ടുണ്ട്.
കുട്ടനാട്, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍ താലൂക്കുകളാണ് കന്നുകാലികളുടെ ശവപ്പറമ്പായത്. കറവപ്പശുക്കള്‍ 418, എരുമ-39, കിടാരികള്‍-360 എന്നിങ്ങനെയാണ് പ്രാഥമിക കണക്കില്‍ ചത്തത്.
ജില്ലയില്‍ 1239 തൊഴുത്ത് പൂര്‍ണമായും 2500 തൊഴുത്തുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കര്‍ഷകര്‍ സംഭരിച്ചുവെച്ച 5000 ടണ്ണോളം കച്ചി, 2228 ഹെക്ടര്‍ സ്ഥലത്തെ തീറ്റപ്പുല്‍ക്കൃഷി, 2024 ചാക്ക് കാലിത്തീറ്റ എന്നിവയും നശിച്ചു. 

പ്രളയാനന്തരം

ഓഗസ്റ്റ് രണ്ടാംവാരം തുടങ്ങിയ ക്യാമ്പുകള്‍ മിക്കയിടത്തും തിരുവോണദിവസമായിരുന്ന 25-ാം തീയതി ശനിയാഴ്ചയോടെയാണ്  അവസാനിച്ചത്. എന്നാല്‍ ആലപ്പുഴ കണിച്ചുകുളങ്ങരയില്‍ ഇതിനുശേഷം ദിവസങ്ങളോളം ക്യാമ്പുകള്‍ തുടര്‍ന്നു. വീടുകളില്‍നിന്ന് വെള്ളമിറങ്ങാത്ത ലോവര്‍ കുട്ടനാട്ടില്‍നിന്നുള്ളവരാണ് ഇവിടെ കഴിഞ്ഞത്. പൊലിമകുറഞ്ഞെങ്കിലും ഓണാഘോഷവും തിരുവോണസദ്യയുമെല്ലാം ക്യാമ്പുകളിലായത് എല്ലാവര്‍ക്കും ആദ്യാനുഭവമായിരുന്നു. മന്ത്രിമാരും മറ്റു ജനപ്രതിനിധികളും ജനപ്രിയ കലാകാരന്മാരുമൊക്കെ ക്യാമ്പുകളിലെത്തി ദുരിതബാധിതര്‍ക്കൊപ്പമുണ്ടെന്ന് ഉറപ്പുനല്‍കി.

എട്ടും പത്തും ദിവസങ്ങള്‍ക്കുശേഷം വീടുകളിലെത്തിയവര്‍ക്ക് ചങ്കുതകര്‍ക്കുന്ന രംഗങ്ങളാണ് കാണാനായത്. വീടുകളിലും മുറ്റത്തുമൊക്കെ ചെളി വലിയതോതില്‍ അടിഞ്ഞുകൂടിക്കിടന്നിരുന്നു. ചെളിയില്‍ പുതഞ്ഞ വീട്ടുപകരണങ്ങള്‍, ഫര്‍ണീച്ചറുകളും വാരിവലിച്ചിട്ടതുപോലെ കിടന്നു. വിലപിടിച്ച ഇലക്ട്രിക് ഉപകരണങ്ങളും വാഹനങ്ങളും മെത്തകളും തുണിയുമെല്ലാം ചെളിയില്‍ കുഴഞ്ഞിരുന്നു. വീടുകളുടെ ഭിത്തികള്‍ വെള്ളത്തില്‍ കുതിര്‍ന്ന് ബലക്ഷയം വന്നത് താമസത്തിന് വലിയഭീഷണിയാണുണ്ടാക്കിയത്. ചെളിയും പൂപ്പലും പിടിച്ചഭിത്തികള്‍ വൃത്തിയാക്കുന്നത് മറ്റൊരു തലവേദനയായി. വീടുകളിലും പറമ്പിലുമൊക്കെ ഉഗ്രവിഷമുള്ള പാമ്പുകള്‍  ഒഴുകിവന്നിരുന്നു.  

ചെളികയറിയ വീടും വീട്ടുപരണങ്ങളും വെള്ളം കവിഞ്ഞൊഴുകിയ കിണറുകളും വൃത്തിയാക്കുകയെന്നത് ഭാരിച്ച ജോലിയായിരുന്നു. കൂലിക്ക് ആളെ നിര്‍ത്തിയാണ് മൊക്കെയാണ് പലരും ഇതു ചെയ്യ്തത്. വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ നേതൃത്വത്തില്‍ മറ്റു ജില്ലകളില്‍ നിന്നും ശുചീകരണത്തിന് നൂറുകണക്കിനുപേര്‍ എത്തിയത് നാട്ടുകാര്‍ക്ക്  സഹായമായി.  

വെള്ളമിറങ്ങി ആഴ്ചകള്‍പിന്നിട്ടിട്ടും കൈനകരിയടക്കമുള്ള കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളില് ദുരിതമൊഴിഞ്ഞില്ല. കുടിവെള്ളക്ഷാമവും വീടുകള്‍ക്കുണ്ടായ ബലക്ഷയവും പകര്‍ച്ചവ്യാധി ഭീഷണിയുംമൂലം കുട്ടനാട്ടില്‍ ജനജീവിതം പ്രയാസകരമായി.  തകര്‍ന്ന വീടുകളുടേയും മറ്റും കണക്കെടുപ്പ് പൂര്ത്തിയാകാത്തതിനാല് വീടിന്റെ അറ്റകുറ്റപ്പണികള്‍ നടത്താതെ പലരും നഷ്ടപരിഹാരത്തിന് കാത്തിരുന്നു. മലിനജലം കിണര്‍ കവിഞ്ഞൊഴുകിയതിനാല്‍ കുടിവെള്ളത്തിനും പ്രാഥമികാവശ്യങ്ങള്ക്കും വെള്ളമില്ലാതെ നാട്ടുകാര്‍ നട്ടംതിരിയുന്ന സ്ഥിതിയായിരുന്നു. അസുഖങ്ങള്‍ വന്നാല്‍ ചികിത്സയ്ക്കായി ആശ്രയിക്കേണ്ട ആശുപത്രികളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാകാന്‍ ആഴ്ചച്ചകളേറെ വേണ്ടിവന്നു.

സര്‍ക്കാരിന്റെ ദുരിതാശ്വാസ സഹായമായ 10,000 രൂപ പലര്‍ക്കും ആവശ്യമുള്ള സമയത്ത് കിട്ടാതിരുന്നത് ജനത്തെ ഏറെ വലച്ചു. സര്‍ക്കാര്‍ നല്‍കിയ കിറ്റ് മാത്രമാണ് ഇത്തരക്കാര്‍ക്ക്  ഏക ആശ്രയമായത്. സ്‌കൂളുകളുടെയും  സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവര്‍ത്തനവും സാധാരണനിലയിലേക്കെത്താന്‍ ദിവസങ്ങളെടുത്തു.   നേരെയാകാന്‍ ഇനിയും സമയമെടുക്കും.
കൈനകരിയില്‍  26 പാടശേഖരങ്ങള്‍ വെളളംനിറഞ്ഞ് കിടന്നത് നാലായിരത്തോളം വീടുകളെ   വെള്ളക്കെട്ടിലാക്കി. 

വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നേതൃത്വത്തില്‍ 25 പമ്പുകളുപയോഗിച്ച് പമ്പിങ് നടത്തിയെങ്കിലും കൈനകരിയിലെ വെള്ളമിറങ്ങാന് ആഴ്ചകള്‍ വേണ്ടിവന്നു.   പാടത്ത് മടകുത്തുന്ന ജോലികള് പൂര്‍ത്തിയാകാഞ്ഞതാണ് പമ്പിങിന് കാലതാമസമുണ്ടാക്കിയത്.    

പ്രളയാനന്തര രോഗങ്ങളായി എലിപ്പനിയും ഡങ്കിപ്പനിയുമൊക്കെ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളും ശുചീകരണവുമൊക്കെ ഈ പ്രതിസന്ധിയെ വലിയൊരളവില്‍ മറികടക്കാന്‍ സഹായിച്ചു. വെള്ളപ്പൊക്കം കുട്ടനാട്ടുകാര്‍ക്ക് പുത്തരിയല്ല. പക്ഷേ 2018ലെ പ്രളയം അവരുടെ വെള്ളത്തിലുള്ള അനുഭവങ്ങളെ ശരിക്കും പരീക്ഷിച്ചുകളഞ്ഞു.