ലറിപ്പാഞ്ഞെത്തിയ പ്രളയജലം നടവഴിയും കടന്ന് വീടിന്റെ വരാന്തയോളം എത്തിയപ്പോള്‍,  94 വര്‍ഷം മുമ്പ് മാളികമുകളിലിരുന്ന് മലവെള്ളം ഒഴുകിയെത്തുന്നത് കണ്ടാസ്വദിച്ച നാലാം ക്ലാസുകാരന്റെ കൗതുക കാഴ്ചകളാണ് ഇട്ടിച്ചന്റെ മനസ്സിലേക്ക് ഒഴുകിയെത്തിയത്.  നാടിനെയാകെ വിറപ്പിച്ച്,  ഏറെ ദുരിതകാഴ്ചകള്‍ സമ്മാനിച്ച  മഹാപ്രളയത്തെ രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുള്ള  വീടിന്റെ വരാന്തയിലെ ചാരുകസേലയിലിരുന്ന്  നോക്കികാണുമ്പോഴും, 99 ലെ പ്രളയകാലത്തിന്റെ ഓര്‍മ്മചെപ്പ് പതിയെ പൊടിതട്ടിയെടുക്കുവാനുള്ള ശ്രമത്തിലായിരുന്നു 104 കാരനായ ഇട്ടിച്ചന്‍.  

അന്ന് ഇട്ടിച്ചന് ഒമ്പത് വയസ്സ്. വരാപ്പുഴ പുത്തന്‍പള്ളിയില്‍ അഞ്ച് ഏക്കറോളം സ്ഥലത്തുള്ള പുതുശ്ശേരി വീടിന്റെ പടിയോളം വെള്ളം കയറിയപ്പോള്‍ പിതാവ്,  ഇട്ടിച്ചനെയും അമ്മയെയും അവിടെനിന്നും മാറ്റി പാര്‍പ്പിച്ചു.  അയല്‍വാസിയും, പില്‍ക്കാലത്ത് കേരളം അറിഞ്ഞ സാഹിത്യകാരനുമായ എം.പി.പോളിന്റെ മാളികമുകളിലേക്കായിരുന്നു താമസം മാറിയത്. പ്രദേശത്തെ ഉയരം കൂടിയ വീടുകളിലൊന്നായിരുന്നു എം.പി.പോളിന്റെ മാളിക വീട്. സമീപത്തെ മറ്റു വീടുകളില്‍ നിന്നുള്ളവരും അപ്പോള്‍ അവിടെയെത്തിയിരുന്നു. കുട്ടികളും, സ്ത്രീകളുമൊക്കെ ഉള്‍പ്പെടെയുള്ള വന്‍സംഘം തന്നെയുണ്ടായിരുന്നു.  കര്‍ക്കശക്കാരനായ പിതാവിന്റെ നിയന്ത്രണത്തിലല്ലാതെ കഴിയാന്‍ കിട്ടിയ അവസരം ഇട്ടിച്ചന്‍ നന്നായി ആസ്വദിച്ചു. 

മാളിക മുകളിലെ ജനല്‍ വാതില്‍ തുറന്നിട്ട് പടിയോളം കയറിവന്ന മലവെള്ളം നോക്കികണ്ടു. നാട്ടിടവഴികളും, ഇടതൂര്‍ന്ന് നില്‍ക്കുന്ന മരങ്ങളും ചുറ്റിയൊഴുകിപോകുന്ന മലവെള്ളത്തിന്റെ ദൂരകാഴ്ച ഏറെ മനോഹരമായിരുന്നെന്നും ഇട്ടിച്ചന്‍ ഓര്‍ത്തെടുത്തു.  പ്രളയം അല്ലെങ്കിലും നാട്ടില്‍ പട്ടിണിയുള്ള കാലം. എന്നാല്‍ എം.പി.പോളിന്റെ മാളികയിലെ താമസകാലത്ത് അതൊന്നും ബാധിച്ചില്ല. സമയാസമയങ്ങളില്‍ ഭക്ഷണം മാളികയുടെ മുകളിലേക്ക് എത്തും.  കഞ്ഞിയും കപ്പ പുഴുക്കും. രാത്രിയില്‍ മണ്ണെണ്ണവിളക്കിന്റെ പ്രഭയില്‍  എല്ലാരും ചേര്‍ന്ന് നിലത്ത് വട്ടം വളഞ്ഞിരുന്നുള്ള ഭക്ഷണം കഴിക്കല്‍. ഇട്ടിച്ചനും ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ക്കും ആഘോഷം തന്നെയായിരുന്നു മാളികമുകളിലെ മൂന്ന് ദിനങ്ങള്‍.  

kerala flood
2018ലെ ഒരു പ്രളയദൃശ്യം

മലവെള്ളം ഇറങ്ങിയപ്പോള്‍ അമ്മയെയും തന്നെയും വീട്ടിലേക്ക് തിരികെ കൊണ്ടുപോകാന്‍  അച്ഛനെത്തിയപ്പോള്‍ മനസ്സ് വല്ലാതെ വിങ്ങി.  മനസ്സില്ലാമനസ്സോടെയാണ് താന്‍ അന്ന് വീട്ടിലേക്ക് തിരിച്ചതെന്നും ഇട്ടിച്ചന്‍ ഓര്‍മ്മിച്ചു. മലവെള്ളം കുറെയേറെ ദിവസം കയറിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചകാര്യം ഓര്‍ത്തപ്പോള്‍  ഇട്ടിച്ചന്റെ മനസ്സില്‍ ചിരിപൊട്ടി.  പ്രളയം കഴിഞ്ഞ് സ്‌ക്കൂളില്‍ ചെന്നപ്പോഴാണ് പല കുടുംബങ്ങളെയും മലവെള്ളം മുക്കിയ കാര്യം അറിയുന്നത്. ഇട്ടിച്ചന്‍ പഠിക്കുന്ന നാലാം ക്ലാസില്‍ എത്തിയത് രണ്ടോ മൂന്നോ കുട്ടികള്‍ മാത്രം. പലര്‍ക്കും മാറിയുടുക്കാന്‍ വസ്ത്രങ്ങളുണ്ടായിരുന്നില്ല. ഭക്ഷണ സാധനങ്ങളും കിട്ടാനില്ലായിരുന്നു. വറുതിയുടെ നാളുകള്‍.  വര്‍ഷങ്ങള്‍ കുറെയേറെ കഴിഞ്ഞാണ് മലവെള്ളം കയറിയതിന്റെ ദുരിതങ്ങളെ കുറിച്ച് യഥാര്‍ത്ഥ ബോധ്യം ഉണ്ടായത്. അതിന്റെ തീഷ്ണതയും, ഒട്ടേറെ കുടുംബങ്ങളില്‍ വെള്ളം കയറി നശിച്ചതുമൊക്കെ മനസ്സിലാക്കിയപ്പോളാണ് പ്രളയത്തിന്റെ ഭീകരത ശരിയായി അറിഞ്ഞത്.  99 ലെ പ്രളയകാലത്ത് ഇന്നത്തെപോലെ മുന്നറിയിപ്പൊന്നും കിട്ടിയിരുന്നില്ല. മലവെള്ളം വീടുകളിലേക്കൊഴുകിയെത്തിയപ്പോള്‍ മാത്രമാണ് പലരും അറിയുന്നത് തന്നെ.  പലര്‍ക്കും വീട്ടിനുള്ളിലുണ്ടായിരുന്ന അല്‍പമാത്രമായ സാധനങ്ങള്‍ പോലും എടുത്തുമാറ്റാനും കഴിഞ്ഞിരുന്നില്ല. അപ്രതീക്ഷിതമായിട്ടെത്തിയ മലവെള്ളത്തില്‍ നിന്നും രക്ഷനേടാന്‍ പലരും നന്നേ പണിപ്പെട്ടു. വീടുകളിലേറെയും ഓലപ്പുരകളായിരുന്നു. ഇവയെല്ലാം തുടച്ചുമാറ്റിയാണ് മലവെള്ളം പാഞ്ഞൊഴുകിപോയത്. പല കുടുംബങ്ങളെയും രക്ഷിച്ചത് കെട്ടുവള്ളങ്ങളില്‍ എത്തിയാണ്. മണിക്കൂറുകളെടുത്താണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. 

ഇതൊക്കെയാണെങ്കിലും, 99 ലെ മലവെള്ളപൊക്കം തന്റെ വീടിന്റെ പരിസരത്ത്  കാര്യമായ പരിക്കേല്‍പ്പിച്ചില്ലെന്നും ഇട്ടിച്ചന്‍ പറയുന്നു. എന്നാല്‍ ഇക്കുറി ഇട്ടിച്ചന്റെ നാല് കുളങ്ങളിലായി  വളര്‍ത്തി പരിപാലിച്ചുപോരുന്ന മുഴുവന്‍ അലങ്കാര മത്സ്യങ്ങളെയും ഒഴുക്കികൊണ്ടാണ് പ്രളയജലം വീടിന്റെ പടിയിറങ്ങിപോയത്. പെരിയാറിനോട് ചേര്‍ന്ന് കിടക്കുന്ന വരാപ്പുഴയുടെ ഏറെ പ്രദേശങ്ങളും മഴവെള്ളത്തില്‍ മുങ്ങി. ആയിരക്കണക്കായ വീടുകളിലേക്ക് വെള്ളം ഇരച്ചുകയറിയെത്തി. പലവീടുകളുടെയും ഒന്നാം നിലവരെ മുങ്ങി. എങ്ങും രക്ഷയ്ക്ക് വേണ്ടിയുള്ള നിലവിളികള്‍. യന്ത്രം ഘടിപ്പിച്ച ചെറുവഞ്ചികളില്‍ രക്ഷപ്രവര്‍ത്തകര്‍ തലങ്ങും വിലങ്ങും പോകുന്നു. വീടിന്റെ ഉമ്മറ വരാന്തയില്‍ തനിച്ചിരുന്ന് ഇതെല്ലാം നോക്കി കാണുമ്പോഴും ഇട്ടിച്ചന് ഭയമേതുമുണ്ടായിരുന്നില്ല. രക്ഷാപ്രവര്‍ത്തകര്‍ ഇട്ടിച്ചന്റെ വീട്ടിലും എത്തി വിളിച്ചെങ്കിലും, താന്‍ ഇവിടം വിട്ടൊരിടത്തേക്കില്ലെന്നായിരുന്നു  മറുപടി. 

img
ഇട്ടിച്ചനും മറിയക്കുട്ടിയും

വെള്ളം ഒഴുകിയെത്തുമെന്ന മുന്നറിയിപ്പ് കിട്ടിയപ്പോള്‍ തന്നെ, ഭാര്യ മറിയംകുട്ടിയും, മക്കളുമൊക്കെ ഇട്ടിച്ചനെ നിര്‍ബന്ധിച്ചതാണ്. മറ്റൊരിടത്തേക്ക് താമസം മാറ്റാന്‍. എന്നാല്‍ ഇട്ടിച്ചന്‍ വഴങ്ങിയിരുന്നില്ല.  ഇട്ടിച്ചന് ഒന്നേ പറയാനുണ്ടായിരുന്നുള്ളു, പരമാവധി വെള്ളം കയറിയാല്‍ വീടിന്റെ വരാന്ത വരെ. രക്ഷാപ്രവര്‍ത്തകരായിട്ടെത്തിയവരില്‍ ചിലരെങ്കിലും നീരസപ്പെട്ടാണ് ഇട്ടിച്ചന്റെ വീടിന്റെ പടിയിറങ്ങിയത്. എന്നാല്‍ ഇട്ടിച്ചന്റെ കണക്കുകൂട്ടല്‍ തെറ്റിയില്ല, വീടിന്റെ പടികടന്നെത്തിയ പ്രളയജലം വീടിന്റെ വരാന്തവരെയെത്തി പിന്‍വാങ്ങുകയാണുണ്ടായത്. പ്രളയം വീടിന്റെ വരാന്തയില്‍ അടയാളപ്പെടുത്തിയ പാടുകള്‍ ചൂണ്ടികാണിക്കുമ്പോള്‍ പ്രളയത്തെ പോലും തോല്‍പ്പിച്ച നിശ്ചയദാര്‍ഢ്യമായിരുന്നു 104 കാരനായ ഇട്ടിച്ചന്റെ മുഖത്ത്. എന്നാല്‍ രണ്ട് പ്രളയകാലം ദര്‍ശിക്കാനായതിന്റെ സന്തോഷം ഇട്ടിച്ചന്‍ മറച്ചുവച്ചുമില്ല. 

കൈക്കുഞ്ഞായിരിക്കുമ്പോള്‍ ഉണ്ടായ പ്രളയത്തെകുറിച്ച് മുതിര്‍ന്നവരില്‍ നിന്നും പകര്‍ന്നുകിട്ടിയ അറിവ് മാത്രമെ ഇട്ടിച്ചന്റെ ഭാര്യയും 97 കാരിയുമായ  മറിയംകുട്ടിക്കുള്ളു. മറിയകുട്ടിക്ക് മൂന്ന് വയസ്സുള്ളപ്പോഴാണ് മലയാറ്റൂരിലെ വീട്ടില്‍ മലവെള്ളം കയറുന്നത്.   മലവെള്ളപാച്ചിലില്‍ തന്റെ വീട് പൂര്‍ണ്ണമായും ഒലിച്ചുപോയതായി മറിയംകുട്ടി പിന്നീട് മുതിര്‍ന്നവര്‍ പറഞ്ഞറിഞ്ഞു.   തന്നെയും ചുമലിലേറ്റി  കുന്നിന് മുകളിലേക്ക് ഓടികയറിയ പിതാവിന്റെ വീരസാഹസികത  പലവട്ടം അമ്മയും ചേച്ചിയമ്മയുമൊക്കെ പറഞ്ഞുകേട്ടിട്ടുള്ളതായും മറിയംകുട്ടി പറയുന്നു. ഇനുയുമൊരു പ്രളയം നേരില്‍ കാണാന്‍ സാധിക്കുമെന്ന് വിചാരിച്ചിരുന്നില്ല.  പ്രളയം വരുന്നുവെന്ന് മക്കളും കൊച്ചുമക്കളുമൊക്കെ പറഞ്ഞപ്പോള്‍ മലയാറ്റൂരിലെ വീട് മലവെള്ളത്തില്‍ ഒലിച്ചുപോയ സംഭവമാണ് ഓര്‍മ്മയിലെത്തിയത്. പിന്നൊന്നും ചിന്തിച്ചില്ല, ഉടുത്തുമാറാനുള്ളത് മാത്രം ബാഗിലാക്കി മറിയംകുട്ടി ഇറങ്ങി. എന്നാല്‍ ഇട്ടിച്ചന്‍ ഒപ്പം വരാന്‍ തയ്യാറാകാത്തത് വല്ലാതെ വേദനിപ്പിച്ചു. ബന്ധുവിന്റെ വീട്ടിലായിരുന്നു താമസം. പ്രളയജലം ഇറങ്ങി വീട്ടിലേക്ക് മടങ്ങിയെത്തുമ്പോള്‍  രണ്ട് നൂറ്റാണ്ടിലായി സംഭവിച്ച രണ്ട് പ്രളയകാലം അതിജീവിച്ചവരില്‍ ഒരാളാണ് താനെന്ന തിരിച്ചറിവൊന്നും പക്ഷെ  മറിയംകുട്ടിക്കുണ്ടായിരുന്നില്ല. 

കേരളത്തിലെ  അലങ്കാര മത്സ്യ കൃഷിയുടെ തുടക്കക്കാരില്‍ ഒരാളാണ് ഇട്ടിച്ചന്‍.  അടുത്തനാളുകള്‍ വരെ ഈ രംഗത്ത് സജീവമായിരുന്നു. ഇട്ടിച്ചന്‍ - മറിയംകുട്ടി ദമ്പതികള്‍ക്ക് ആറ് മക്കളാണ്. ഇളയമകന്‍ റിട്ടയേര്‍ഡ് ബാങ്ക് ഉദ്ദ്യോഗസ്ഥന്‍ കൂടിയായ ജെയിംസിനൊപ്പമാണ് താമസം. 

Contnet Highlights: varappuzha ittichan and mariyakutty