മലയാളികളുടെ കാതില്‍ പുതിയൊരു വേദമോതുകയായിരുന്നു മഴ. പ്രളയാനന്തരം കണ്ട കാഴ്ചകള്‍, കേട്ട വാക്കുകള്‍... എല്ലാറ്റിലും പുതിയൊരു വെളിപാടിന്റെ വെളിച്ചമുണ്ടായിരുന്നു

മദംപൊട്ടിയ കൊമ്പനെപ്പോലെയാണ് ഇപ്പോഴും ആ മലയുടെ നില്പ്. നെടുകെപ്പിളര്‍ന്ന അതിന്റെ നെഞ്ചിലൂടെ ഇനിയും വറ്റാതെ ഭൂമിയുടെ മദജലമൊഴുകുന്നു. കുഴമണ്ണായ വഴിയിലൂടെ അരക്കിലോമീറ്റര്‍ നടന്നുകയറി ചെട്ട്യാന്‍പാറയ്ക്കുമുകളിലെത്തിയപ്പോള്‍ നിലമ്പൂരിന്റെ മരണവേദനമുഴുവന്‍ അവിടെ തളംകെട്ടി നില്‍പ്പുണ്ടായിരുന്നു.

'ദാ, ഇവിടെയാണ് സുബ്രഹ്മണ്യന്റെ വീട് നിന്നിരുന്നത്', വലിയൊരു കരിങ്കല്‍പ്പാറ കാണിച്ച് നാട്ടുകാരിലൊരാള്‍ പറഞ്ഞു. അവിടെ റവന്യൂ അധികൃതര്‍വന്ന് സ്ഥലംതിരിച്ചറിയാന്‍ ഒരു ഫ്‌ളക്‌സ് അടയാളമായി പതിച്ചിട്ടുണ്ട്. അതല്ലാതെ വീടിനെ താങ്ങിനിര്‍ത്തിയ ഒരുതരി മണ്ണുപോലും അവിടെ ബാക്കിയില്ല. 

nilambur

പ്രളയം ഉരുള്‍പൊട്ടിയെത്തിയ ഈ ഭാഗത്തെ വീടുകളില്‍പ്പലതും തിരിച്ചറിയാന്‍  അടയാളംപോലുമില്ലാത്തവിധം മാഞ്ഞുപോയി. സുബ്രഹ്മണ്യനടക്കം ആറുപേര്‍ അക്ഷരാര്‍ഥത്തില്‍ മണ്ണടിഞ്ഞു. കുറേ ഉരുളന്‍കല്ലുകളും കുഴമണ്ണും മാത്രമാണ് ഭൂമി നെടുകെപ്പിളര്‍ന്ന ഈ ഭാഗത്ത് ഇപ്പോഴുള്ളത്. പിന്നെ മരണത്തേക്കാള്‍ ഭീകരമായ നിശ്ശബ്ദതയും. യുദ്ധംകഴിഞ്ഞ കുരുക്ഷേത്രഭൂമിപോലെ. മതില്‍മൂല കോളനിയിലും ഭൂമി ഇതുപോലെ പിളര്‍ന്നു. മദിച്ചൊഴുകിയ കാഞ്ഞിരപ്പുഴ മതില്‍മൂലയിലെ കുടുംബങ്ങളെ അഭയാര്‍ഥികളാക്കി. ഇവിടെ റോഡും തോടും ഭൂമിയും പുഴയുമെല്ലാം ഇടിഞ്ഞുതകര്‍ന്ന് ഒന്നായി. മനുഷ്യന്‍ കെട്ടിപ്പൊക്കിയതെല്ലാം പ്രകൃതി തച്ചുടച്ചു.

സ്വന്തമെന്ന പദത്തിനെന്തര്‍ഥം?

പ്രളയം അപ്പാടെ മൂടിയത് ചെങ്ങന്നൂരിനെയും ചെറുതോണിയെയും ആലുവയെയുമൊക്കെയാണ് എന്നുപറയാം. എന്നാല്‍ അവിടെയൊക്കെ ഒരു ആശ്വാസമുണ്ട്. വെള്ളമിറങ്ങിയപ്പോഴെങ്കിലും അവര്‍ക്ക് സ്വന്തം സ്ഥലത്തേക്ക് തിരിച്ചുവരാനാവുമായിരുന്നു. ചെട്ട്യാന്‍പാറയില്‍ ഉരുള്‍പൊട്ടിയ ഭാഗത്ത്  മുമ്പ് താമസിച്ചിരുന്ന ഒരാള്‍ തിരിച്ചുവന്നാല്‍ അയാള്‍ക്ക് അയാളുടെ സ്ഥലംപോലും തിരിച്ചറിയാന്‍ കഴിയില്ല. അത്രമേല്‍ ഉരുള്‍പ്പൊട്ടലില്‍ പിളര്‍ന്ന് തകിടംമറിഞ്ഞു ഭൂമി.

nilmbur

ഇങ്ങനെ സ്ഥലവും വീടും നഷ്ടപ്പെട്ട നാല്പത് കുടുംബങ്ങളാണ് നിലമ്പൂരിലെ ചാലിയാര്‍ പഞ്ചായത്തില്‍ മാത്രമുള്ളത്. ഇനി എങ്ങോട്ടുപോകുമെന്നറിയാതെ എരഞ്ഞിമങ്ങാട്ടെ ക്യാമ്പില്‍ കഴിയുകയാണ് ഇവര്‍. പാറയ്ക്കുതാഴെ പാച്ചന്‍വീട്ടില്‍ കൃഷ്ണന്‍കുട്ടിയുടെ കുടുംബമാത്രമാണ് ഇപ്പോള്‍ ഈ ഭാഗത്ത് താമസിക്കുന്നത്. ബാക്കിയെല്ലാവരും വീടൊഴിഞ്ഞുപോയി. ചിലര്‍ ബന്ധുവീടുകളിലേക്ക്, ചിലര്‍ ക്യാമ്പുകളിലേക്ക്...

'സാറേ, ആറടി മണ്ണുപോലും ഞമ്മക്ക് സ്വന്തല്ല, അത് മനസ്സിലാക്ക്യാമതി', ചെട്ട്യാന്‍പാറയിലെ മലയിറങ്ങുമ്പോള്‍ വഴിയില്‍നിന്നിരുന്ന കുഞ്ഞിമൊയ്തു പറഞ്ഞു.

ആകാശത്തിലെ പറവകള്‍

ആകാശത്തിലെ പറവകള്‍ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല എന്ന് അച്ചന്‍ പറഞ്ഞപ്പോള്‍ അവര്‍ വേദപുസ്തകം വായിക്കുന്നുമില്ലല്ലോ എന്ന് തമാശയായിപ്പറഞ്ഞ ഒരു കപ്യാരുടെ കഥയുണ്ട്. പുസ്തകങ്ങളില്‍നിന്നുള്ള വെളിപാടും ജീവിതാനുഭവങ്ങളില്‍നിന്നുണ്ടാകുന്ന വെളിപാടും രണ്ടാണ്. 

എരഞ്ഞിമങ്ങാട് യത്തീംഖാനാക്യാമ്പില്‍ച്ചെന്നപ്പോള്‍ അതുമനസ്സിലായി. വിതയ്ക്കാതെയും കൊയ്യാതെയും നാളെയ്ക്ക് കരുതാതെയും മനുഷ്യന് ജീവിക്കാനാവില്ല. അന്‍പത്തൊമ്പത് കുടുംബങ്ങള്‍ അവിടെയുണ്ട്. പലജാതിക്കാര്‍, പല മതക്കാര്‍...അവരിപ്പോള്‍ അവരുടെ നാളെയെക്കുറിച്ചുമാത്രമാണ് ആലോചിക്കുന്നത്. ഇവരില്‍ ഭൂരിഭാഗം കുടുംബങ്ങള്‍ക്കും തിരിച്ചുപോകാന്‍ സ്ഥലമില്ല, വീടുമില്ല. ക്യാമ്പില്‍നിന്ന് ഇവരെ വാടകവീട്ടിലേക്ക് മാറ്റുമെന്ന് പറഞ്ഞപ്പോള്‍ പലരുടെയും കണ്ണുനിറഞ്ഞു: 'ഇനി എന്നും അഭയാര്‍ഥികളെപ്പോലെ ഇങ്ങനെ കഴിയേണ്ടിവരുമോ?' ഇതായിരുന്നു ആ കണ്ണുകളിലെ ആധി.

nilambur

മുട്ടുവിന്‍ തുറക്കപ്പെടും?

മതില്‍മൂലയിലെ തകര്‍ന്നടിഞ്ഞ വീടുകള്‍ക്കുമുന്നില്‍ നില്‍ക്കുമ്പോള്‍ സന്ദര്‍ശകരുടെ ഒരു സംഘം അവിടെയെത്തി. അക്കൂട്ടത്തില്‍ യേശുവിന്റെ മുഖച്ഛായയുള്ള ഒരു മനുഷ്യനും ഉണ്ടായിരുന്നു. ഏറെക്കുറെ തകര്‍ന്ന് ഒന്നോ രണ്ടോ ചുമരുകള്‍ മാത്രം ബാക്കിയായ വീടിനുമുന്നില്‍ അയാള്‍ മൗനിയായി നിന്നു. 

അതിന്റെ മുറിഞ്ഞ ചുമരില്‍ കെട്ടുപോയ ഒരു പാട്ടവിളക്കുണ്ടായിരുന്നു. അസ്തമിച്ച ജീവിതമോഹങ്ങളുടെ പ്രതീകം.  അവിടവിടെ ചിതറിക്കിടക്കുന്ന പാത്രങ്ങള്‍, പാതി മണ്ണില്‍പ്പൂണ്ട തുണികള്‍, കമ്പി മാത്രമായി മരക്കമ്പില്‍ കുരുങ്ങിക്കിടക്കുന്ന കുട...ലൗകികത്തിന്റെ തിരുശേഷിപ്പുകള്‍.

nil5

അക്കൂട്ടത്തില്‍ നനഞ്ഞുകുതിര്‍ന്ന ഒരു നോട്ടുപുസ്തകവും ഉണ്ടായിരുന്നു. നിലത്തുവീണുകിടക്കുന്ന നോട്ടുപുസ്തകത്തിലെ അടര്‍ന്നുവീഴാറായ പേജ് അയാള്‍ കുനിഞ്ഞെടുത്ത് വായിച്ചു. പിന്നെ അതിലെ കലങ്ങിയ അക്ഷരങ്ങള്‍ എനിക്കുവായിക്കാനായി നീട്ടി. ആ വാചകം ഇതായിരുന്നു: 'മുട്ടുവിന്‍ തുറക്കപ്പെടും'. എന്നിട്ടയാള്‍ എനിക്കുകാണാനെന്നോണം ചുറ്റുപാടും ഒന്നുവീക്ഷിച്ചു. ദുരന്തം തട്ടിത്തകര്‍ത്ത പലവീടുകളിലും വാതിലുകളോ ചുമരുകളോ പോലും ബാക്കിയുണ്ടായിരുന്നില്ല. ചെട്യാന്‍പാറയില്‍ ആറുപേര്‍മരിച്ചിടത്ത് വീട് നിന്ന ഭൂമി പോലും ഇപ്പോഴില്ല. അതൊക്കെ ഓര്‍ത്തിട്ടാവണം ഒരു തത്വജ്ഞാനിയെപ്പോലെ അയാള്‍ പറഞ്ഞു: 'മുട്ടുവിന്‍ തുറക്കപ്പെടും എന്നത് വീടുകള്‍ ഉള്ളിടത്തുമാത്രം ചെലവാകുന്ന വേദവാക്യമാണ്'

ആ വാക്കില്‍ മിഴിതുറന്ന് ഒന്നുതിരിഞ്ഞുനോക്കിയപ്പോള്‍ മറ്റൊരു വീടിന്റെ ബാക്കിയായ ചുമരിലുണ്ട് സുബ്രഹ്മണ്യനും ഗണപതിയും സരസ്വതിയുമെല്ലാം. എന്റെ നോട്ടം കണ്ടപ്പോള്‍ അയാള്‍ നേരത്തേപ്പറഞ്ഞതിന് ഒരു കൂട്ടിച്ചേര്‍ക്കല്‍ കൂടി നടത്തി: 'നമ്മുടെ ഭക്തിയും ജീവിതവും പ്രണയവുമെല്ലാം ചെറിയ ഫ്രെയിമുകളിലായിരുന്നു ഇതുവരെ. ഇനിയതിന്റെ ആഴവും വ്യാപ്തിയും വര്‍ധിക്കും' ചെങ്ങന്നൂരിലെയും ചെറുതോണിയിലെയും ആലുവയിലെയുമൊക്കെ ദൃശ്യങ്ങള്‍ ആ വാക്കുകളില്‍ മിന്നിമറിഞ്ഞു.

ആഹ്ലാദത്തോണി

മഴയും ഉരുള്‍പ്പൊട്ടലും അതിഭയങ്കരമായി താണ്ഡവമാടിയ സ്ഥലമാണ് നമ്പൂരിപ്പൊട്ടി. അവിടത്തെ നിസ്‌കാരപ്പള്ളി പൂര്‍ണമായും തകര്‍ന്നു, വഴികളും വീടുകളും ഒഴുകിവന്ന വന്മരങ്ങളും ചെളിയും ഒന്നായി കെട്ടിക്കിടക്കുകയാണ് ഇപ്പോഴും. രണ്ടാള്‍ ഉയരത്തിലുള്ള പറമ്പ് ഇടിഞ്ഞുതാഴ്ന്നു. ദുരന്തത്തിന്റെ ഭയാനകചിത്രംപോലെ അവശേഷിക്കുന്ന ഈ ഭാഗത്താണ് തിരിച്ചുവരുമ്പോള്‍ ആഹ്ലാദകരമായ കാഴ്ച കണ്ടത്. കലക്കം മാറി തെളിഞ്ഞ കാഞ്ഞിരപ്പുഴയില്‍ കുട്ടികള്‍ കൂട്ടത്തോടെ നീന്തിത്തുടിക്കുന്നു. ജീവിതത്തിലേക്ക് ഏറ്റവും പെട്ടെന്ന് തിരിച്ചുവരാന്‍ കഴിയുക കുട്ടികള്‍ക്കാണ്.

nil7

അഫ്ഗാന്‍ യുദ്ധം കഴിഞ്ഞപ്പോള്‍ ബോംബിട്ട് തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുട്ടികള്‍ കളിക്കുന്നതിന്റെ ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. ആണ്ടമുളന്തണ്ടില്‍ നീന്തിത്തുടിക്കുന്ന ഈ കുട്ടികളും അതേ സത്യം ഓര്‍മിപ്പിക്കുന്നു. ജീവിതത്തിന്റെ ആഹ്ലാദങ്ങളിലേക്ക് മുതിര്‍ന്നവരെക്കാള്‍ പെട്ടെന്ന് തിരിച്ചുവരാനാവുക കുട്ടികള്‍ക്കാണ്. പുഴക്കരയില്‍ ഒഴുകിയെത്തി അടിഞ്ഞ മരങ്ങള്‍ വെട്ടിയെടുത്ത് വിറകാക്കുന്നുണ്ട് അവരുടെ അമ്മമാര്‍.