കനത്തമഴയും ഉരുള്‍പൊട്ടലും മുറിവേല്‍പിച്ച ഇടുക്കി ജില്ലയിലെ റിപ്പോര്‍ട്ടിങ്ങിനെ കുറിച്ച് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ ജെയ്ന്‍ എസ് രാജു എഴുതുന്നു

ആഗസ്റ്റ് 13

ചെറുതോണിയില്‍നിന്നു ഞങ്ങള്‍ യാത്ര തിരിക്കുന്നു. അടിമാലിയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ കാണുകയും അവിടെ എട്ട്  പേരുടെ  മരണത്തിന് ഇടയാക്കിയത് അടക്കമുള്ള ഉരുള്‍പൊട്ടലുകളെ കുറിച്ചുള്ള വാര്‍ത്ത ശേഖരിക്കുകയുമായിരുന്നു ലക്ഷ്യം. ചെറുതോണിയില്‍നിന്നു പനങ്കുട്ടി വഴി കല്ലാറുകുട്ടിയില്‍ എത്തി. ഇതിന് ഇടയില്‍ പന്നിയാറുകുട്ടിയിലെ  രാഗമാല റിസോര്‍ട്ടിന് സമീപത്ത് ഉരുള്‍ പൊട്ടല്‍ ഉണ്ടായിയെന്നും അവിടെയുണ്ടായിരുന്ന വിനോദസഞ്ചാരികളെ റവന്യു വകുപ്പ് ഇടപെട്ട്  മാറ്റിയെന്നും വിവരം ലഭിച്ചു.  ഞങ്ങള്‍ അങ്ങോട്ട് തിരിച്ചു.

കല്ലാറുകുട്ടിയില്‍നിന്നു പന്നിയാറുകുട്ടിയിലേയ്ക്കുള്ള യാത്രയിലാണ് അതുവരെ ആ പ്രദേശത്ത്  കനത്തമഴയുണ്ടാക്കിയ ആഘാതം എത്ര വലുതാണെന്ന്  ഞങ്ങള്‍ക്ക് മനസിലാകുന്നത്. റോഡിന് ഇരുവശവും മണ്ണ് ഇടിഞ്ഞും ഉരുള്‍ പൊട്ടിയും  വലിയനാശ നഷ്ടം ഉണ്ടായിരിക്കുന്നു.  അപ്പോഴും മഴ അത്ര ശക്തമല്ല.

പന്നിയാറുകുട്ടി ഡാമിലെ ഷട്ടറുകള്‍ ഉയര്‍ത്തി വച്ചിരിക്കുന്നു. കള്ളിമാലി വ്യു പോയിന്റില്‍നിന്നു ഡാമിന്റെ മനോഹര കാഴ്ച കാണാം. പന്നിയാറു കുട്ടിയില്‍നിന്നു വന്ന വഴി പോകാതെ  ഞങ്ങള്‍ രാജാക്കാട്ടിലേയ്ക്ക് തിരിച്ചു. രാജാക്കാട്ടില്‍ നിന്നും അടിമാലിയിലേയ്ക്ക് പോകാനായിരുന്നു തീരുമാനം.   സമയം  വൈകിട്ട് ആറുമണി കഴിഞ്ഞിരുന്നു മഴ ശക്തമാകാന്‍ തുടങ്ങി. കാഴ്ചയെ മറയ്ക്കുന്ന മഴ. 7.30 ന് കുഞ്ചിത്തണിയിലെത്തി. തുടര്‍ന്നുള്ള യാത്ര സുരക്ഷിതമല്ലായിരുന്നു. ഏത് സമയത്തും ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാവാം. അതു കൊണ്ട് ഞങ്ങള്‍ കുഞ്ചിത്തണ്ണിയില്‍ തങ്ങാന്‍ തീരുമാനിച്ചു.  അപ്പോഴും മഴ നിര്‍ത്ത  സര്‍വ്വശക്തിയില്‍ പെയ്യുന്നുണ്ടായിരുന്നു.

3

ആഗസ്റ്റ് 14

രാവിലെ  എട്ടുമണിക്കാണ് മാട്ടുപ്പെട്ടി ഡാമിലെ ഒരു ഷട്ടര്‍ ഉയര്‍ത്തുകയാണെന്ന് വിവരം ഞങ്ങളുടെ ഇടുക്കി റിപ്പോട്ടര്‍  ജീവ് ടോം മാത്യു അറിയിക്കുന്നത്.   കുഞ്ചിത്തണിയില്‍നിന്നു ചിത്തരിപുരം വഴി പത്തുമണിയോടെ ഞങ്ങള്‍ മൂന്നാറിലെത്തി. അപ്പോഴേക്കും മാട്ടുപ്പെട്ടി ഡാമിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്തിയിരുന്നു. സെക്കന്റില്‍ 12500 ലിറ്റര്‍ വെള്ളം മുതിരപ്പുഴയാറിലേയ്ക്ക്  ഒഴുക്കിവിടാന്‍ തുടങ്ങി. പഴയ മൂന്നാറില്‍ പുഴയിലേയ്ക്ക് ഇറക്കി നിര്‍മ്മിച്ചിരുന്ന തൊഴിലാളി ലയങ്ങളുടെ മുറ്റത്ത് വെള്ളം കയറി.

തൊഴിലാളികള്‍ ഉയര്‍ന്ന ഇടങ്ങളിലേയ്ക്ക് മാറിക്കഴിഞ്ഞു. അപ്പോഴും മഴ ശക്തമായി പെയ്യുകയാണ്.  മാട്ടുപ്പെട്ടി ഡാമിലെ രണ്ടാമത്തെ ഷട്ടര്‍ 12.30 ഓടെ   ഉയര്‍ത്താന്‍ കെ എസ് ഇ ബി തീരുമാനിച്ചു.  ഞങ്ങള്‍ പഴയ മൂന്നാറിലാണ് നില്‍ക്കുന്നത്. മുതിരപ്പുഴയാറിലെ ജലനിരപ്പ് ഉയരുന്നുണ്ട്.  പതിനൊന്ന് മണിയായപ്പോഴേക്കും മൂന്നാര്‍ സ്റ്റേഡിയത്തിന്  സമീപം ദേശിയ പാതയില്‍ വെള്ളം കയറി. ഞങ്ങളോട്  പലരും  അവരുടെ ആശങ്ക പങ്കുവക്കുന്നുണ്ട്. മൂന്നാറില്‍ ജനിച്ച് വളര്‍ന്ന അറുപത് പിന്നിട്ട തോട്ടം തൊഴിലാളികള്‍  ആദ്യമായിട്ടാണ് മുതിരപ്പുഴ ഇങ്ങനെ നിറഞ്ഞ് ഒഴുകുന്നത് കാണുന്നത്. രാജമലയില്‍ അടക്കം കനത്തമഴ പെയ്യുകയാണ്.

രണ്ടുമണിയോടെ മൂന്നാര്‍ ഭാഗികമായി ഒറ്റപ്പെട്ടു. ദേശിയ പാതയില്‍ വണ്ടികള്‍ പോകാതായി. മാട്ടുപ്പെട്ടി ഡാമിലെ രണ്ടാമത്തെ ഷട്ടറും ഉയര്‍ത്തി. ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് ഇരട്ടിയായി. ഞങ്ങള്‍ നില്‍ക്കുന്ന മൂന്നാര്‍  സ്റ്റേഡിയത്തിന്  സമീപത്താണ്. ഇനി വെള്ളം ഉയര്‍ന്നാല്‍ മൂന്നാര്‍ കെ എസ് ആര്‍ ടി സി ഡിപ്പോയ്ക്ക് സമീപത്തും വെള്ളം കയറാനുള്ള സാധ്യതയുണ്ട്.   അങ്ങനെയാകുമ്പാള്‍ ഞങ്ങള്‍ക്ക് ഇരുവശത്തേയ്ക്ക് പോകാന്‍ കഴിയാതാവും മൂന്നാര്‍ ടൗണിലേയ്ക്ക് പോകുകയായിരുന്നു ഞങ്ങളുടെ മുന്നിലുള്ള  ഏക  മാര്‍ഗം.

ദേശീയപാതയില്‍ മണ്ണ് ഇടിയാന്‍ സാധ്യതയുള്ളതിനാല്‍ അതുവഴിയുള്ള യാത്ര സുരക്ഷതമായിരുന്നില്ല. മൂന്നാര്‍ ഹെഡ് വര്‍ക്ക് ഡാമിന് മുകളിലൂടെ എസ്റ്റേറ്റ് വഴിയിലൂടെ ഞങ്ങള്‍ മൂന്നാര്‍ ടൗണിലേയ്ക്ക് പോന്നു. രാവിലെ മുറ്റത്ത് മാത്രം വെള്ളമുണ്ടായിരുന്ന വീടുകള്‍ ഏതാണ്ട്  പൂര്‍ണാമായും മുങ്ങിക്കഴിഞ്ഞിരുന്നു. ടോപ്പ് സ്റ്റേഷന്‍ റോഡിലെ മാര്‍ത്തോമ റിട്രീറ്റ് ഹോമിലാണ്  ഞങ്ങള്‍ മുറിയെടുത്തത്.

ആഗസ്റ്റ് 15

ശരവണ്‍ ഇന്‍ എന്ന ലോഡ്ജിലേയ്ക്ക് മണ്ണ് ഇടിഞ്ഞ് വീണ് തമിഴ്‌നാട് സ്വദേശി മരിച്ചുവെന്ന വാര്‍ത്തയായിരുന്നു ആദ്യം ഞങ്ങളെ തേടിയെത്തിയത്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മൂന്നാര്‍ ടൗണിലെത്തി. അതിരാവിലെ തന്നെ സജീവമാകുന്ന മൂന്നാറിലെ  കടകള്‍ തുറന്നിട്ടില്ല. തുറന്ന് ഇരിക്കുന്നത് ഒന്നോ രണ്ടോ ചെറുകടകള്‍ മാത്രം. മഴ അപ്പോഴും ഇടവേളയില്ലാതെ പെയ്യുകയാണ്. ശരവണ ഇന്നിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി.

ഇതിന് ഇടയില്‍ പലസ്ഥലങ്ങളിലും മണ്ണ് ഇടിച്ചിലുണ്ടായി.  പള്ളിവാസില്‍ റിസോര്‍ട്ടിന്റെ ഒരു ഭാഗം ഇടിഞ്ഞ്  വീണ് മൂന്നുപേര്‍ മണ്ണിനടിയിലാണെന്ന് അറിഞ്ഞതോടെ ഞങ്ങള്‍ അങ്ങോട്ടു പോകാന്‍ തീരുമാനിച്ചു. മൂന്നാര്‍ ടൗണിലേയ്ക്ക് വന്ന എസ്റ്റേറ്റ് വഴി മാത്രമെ യാത്ര സാധ്യമാകുമായിരുന്നുള്ളു. മുതിരപ്പുഴയാറിലെ വെള്ളം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ 1942 ല്‍ നിര്‍മ്മിച്ച തൂക്കുപാലം അവിടെ കാണാനില്ല. 

ഹെഡ് വര്‍ക്ക്  ഡാമിന് മുകളിലൂടെ ദേശിയ പാതയിലൂടെ മുന്നോട്ട് പോകുമ്പോള്‍ റോഡ് വിജനമാണ്. വലതുവശത്ത്  മല മുകളില്‍നിന്നും റോഡിലെക്ക് പുതുതായി ചെറുവെള്ളച്ചാട്ടങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്.  ഞങ്ങള്‍ എത്തുന്നതിന് മുമ്പ് തന്നെ അപകടത്തില്‍പ്പെട്ട മൂന്നുപേരെയും ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന്  രക്ഷപെടുത്തിയിരുന്നു. ഞങ്ങള്‍ മൂന്നാറിലേയ്ക്ക് മടങ്ങിപ്പോന്നു പലസ്ഥലത്തേയ്ക്കും ഗതാഗതം അസാധ്യമായിരുന്നു.

ഐഡിയക്ക് റേയ്ഞ്ച്  നഷ്ടമായി. ബി എസ് എന്‍ എല്ലിനും ജിയോക്കും റേഞ്ചുണ്ട്.  മാട്ടുപ്പെട്ടി ഡാമിലെ മൂന്നാമത്തെ ഷട്ടറും തുറന്നു. മുതിരപ്പുഴയാറിലെ  ജലനിരപ്പില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിക്കിയില്ല. രാജമലയിലെ മഴകുറഞ്ഞു. പക്ഷേ മൂന്നാറില്‍ അപ്പോഴും പെയ്തുകൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്തേയ്ക്ക് മടങ്ങി പോന്നു.  ഹോട്ടലുകള്‍ തുറക്കാത്തതിനാല്‍ ഭക്ഷണത്തിന് അല്‍പ്പമൊന്ന് ബുദ്ധിമുട്ടി. നെടുങ്കണ്ടം പച്ചടിയില്‍  മണ്ണ് ഇടിഞ്ഞ് വീണ് ഒരു വീട്ടിലെ മൂന്ന് പേര്‍ മരിച്ചുവെന്ന വിവരവും ഞങ്ങളെ തേടിയെത്തി.

2

ആഗസ്റ്റ് 16

പുറത്ത്  ഭീതിപ്പെടുത്തുന്ന  മഴയും കാറ്റും. പാതിരാത്രിയില്‍  ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും അറിയിച്ചുള്ള ഫോണ്‍ വിളികള്‍. പത്തനംതിട്ടയും റാന്നിയിലും വെള്ളം കയറിയെന്നും അറിഞ്ഞിരുന്നു. കുഞ്ചിത്തണിയില്‍ മണ്ണ് ഇടിഞ്ഞ് വീണു.  ലക്ഷ്മിയില്‍ രണ്ടു തൊഴിലാളി ലയങ്ങള്‍ ഒലിച്ച് പോയിട്ടുണ്ട്. പെരിയവര പാലത്തില്‍ വിള്ളല്‍ വീണു. 

രാവിലെ മൊബൈലില്‍ ഒന്നിലും റേഞ്ചില്ല. വൈദ്യുതിയും  നിലച്ചു.  പുറംലോകവുമായുള്ള ബന്ധം  പൂര്‍ണ്ണമായും അറ്റു. മൂന്നാര്‍ ആര്‍ട്‌സ് കോളേജിലെ ഇരുനില കെട്ടിടം പൂര്‍ണമായും താഴേയ്ക്ക് നിലപതിച്ചത് ഹോട്ടലില്‍ നിന്നാല്‍ കാണാം.  നല്ലതണ്ണിയില്‍ ഉരുള്‍പൊട്ടി  രണ്ടുകുട്ടികള്‍ അടക്കം നാലു പേര്‍ മണ്ണിന് അടിയിലാണെന്ന് ഹോട്ടില്‍ താമസിക്കുന്ന പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും  എന്‍ ഡി ആര്‍ എഫുകാരില്‍ നിന്നും അറിഞ്ഞു അവര്‍ അങ്ങോട്ട് പോകാന്‍ ഒരുങ്ങുകയാണ്.  ഹോട്ടലില്‍നിന്നു മൂന്നാര്‍ ടൗണിലേയ്ക്ക് പോകുന്ന വഴിയില്‍ രണ്ട് ഇടത്ത്  മണ്ണിടിഞ്ഞിട്ടുണ്ട്.  ഈ മണ്ണ് മാറ്റിയാല്‍ മാത്രമെ  ദുരന്ത നിവാരണ സേനയ്ക്ക്  അപകട സ്ഥലത്ത് എത്താന്‍ കഴിയൂ.

അവര്‍ അങ്ങോട്ട് പോകുകയാണ്. ഞാനും ക്യാമാറാമാനും ദുരന്ത നിവാരണ സേന സഞ്ചരിച്ച ബസ്സില്‍ അവരോടൊപ്പം അപകടസ്ഥലത്തേയ്ക്ക്  തിരിച്ചു. മണ്ണ് നീക്കി നല്ലതണ്ണി റോഡിലെത്തി. അവിടെയും റോഡില്‍ മണ്ണ് ഇടിഞ്ഞ് കിടക്കുകയാണ്. മരവും വീണുകിടക്കുന്നുണ്ട്. മണ്ണ് വീണ്ടും ഇടിയാന്‍ സാധ്യതയുള്ളതിനാല്‍ ദുരന്ത നിവാരണ സേനാംഗങ്ങള്‍ മടങ്ങി പോന്നു. ഞങ്ങളും. അപകട സ്ഥലത്ത് ഫയര്‍ ഫോഴ്‌സ് രക്ഷപ്രവര്‍ത്തനം നടത്തുന്നുണ്ട്.   മൂന്നാര്‍ പൂര്‍ണമായും ഒറ്റപ്പെട്ടിരുന്നു.

മൂന്നാര്‍ ടൗണിനുള്ളില്‍ പരമാവധി മൂന്നു കിലോ മീറ്റര്‍ വാഹനത്തില്‍ സഞ്ചിരിക്കാം. തമിഴ്‌നാടുമായി ബന്ധിപ്പിക്കുന്ന റോഡുകളിലും ഗതാഗതം അസാധ്യമായിരുന്നു. 

ഞങ്ങള്‍ക്ക് ഓഫീസുമായോ വീടുമായോ ബന്ധപ്പെട്ടാന്‍ കഴിയുമായിരുന്നില്ല. സുരക്ഷിതരാണെന്ന് അറിയിക്കാന്‍ പോലും കഴിയാത്ത അവസ്ഥ. ഞങ്ങള്‍ കുറച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചേര്‍ന്ന് മൂന്നാര്‍ പോലീസ് സ്റ്റേഷനില്‍ പോയി. മൂന്നാറില്‍നിന്നു പുറത്തേയ്ക്ക് പോകാന്‍ കഴിയുന്ന എതെങ്കിലും വഴികള്‍ യാത്രായോഗ്യമാണോയെന്ന് തിരക്കി. ഒരു വഴിയുമില്ലെന്നായിരുന്നു മറുപടി.  പോലീസിന്റെ വയര്‍ലസ് വഴി മാത്രമാണ്  ആശയവിനിമയം നടക്കുന്നത്.  ഞങ്ങളെ കുറിച്ച്  ആരെങ്കിലും അന്വേഷിച്ചാല്‍ സുരക്ഷിതരാണെന്ന്  അറിയിക്കാന്‍ പറഞ്ഞ് ഞങ്ങള്‍ സ്റ്റേഷനില്‍ നിന്നും മടങ്ങി.

മൂന്നാറിലുള്ള രണ്ട് പെട്രോള്‍ പമ്പുകള്‍ ഭാഗികമായി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. നിരവധി വിനോദസഞ്ചാരികള്‍ വിവിധ ഹോട്ടലുകളില്‍ കുടിങ്ങിക്കിടക്കുകയാണ്. ഡീസലും ഗ്യാസും തീര്‍ന്നാല്‍ ഈ ഹോട്ടലുകളില്‍ ഭക്ഷണം പാകം ചെയ്യാന്‍ കഴിയത്ത അവസ്ഥ വരും.  പെട്രോള്‍ പമ്പുകള്‍ നിലച്ചാല്‍  മണ്ണ്  നീക്കുന്നത്  ഉള്‍പ്പെടെയുള്ള  ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും നിലക്കും. മൂന്നാറിലെ മണ്ണുമാന്തി എന്ത്രങ്ങള്‍ എല്ലാം പോലീസ് സ്റ്റേഷനില്‍ ഇടണമെന്ന് സബ് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഞങ്ങള്‍ താമസിക്കുന്ന മാര്‍ത്തോമ റിട്രീറ്റിലെ ജീവനക്കാര്‍ പമാവധി അരിയും സാധനങ്ങളും  ശേഖരിച്ചു. മാധ്യമ പ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും  ദുരന്ത നിവാരണ സേനാംഗങ്ങളും അടക്കം 37 പേരാണ് മാര്‍ത്തോമയില്‍ താമസിക്കുന്നത്. നാല് -അഞ്ച് ദിവസം കഴിക്കുന്നതിനുള്ള ഭക്ഷണ സാധനങ്ങള്‍ ഉണ്ട്. ഗ്യാസും ഡീസലും കുറവാണ്. ജനറേറ്റര്‍ ഉപയോഗിച്ചാണ്  ഭാഗികമായി വൈദ്യുതി ലഭ്യമാക്കിയിരിക്കുന്നത്. അതു കൊണ്ട് തന്നെ മൂന്നാറില്‍ തുടരുന്നത് സുരക്ഷിതമായിരുന്നില്ല.

വൈകിട്ട് എഴ് മണിയോടെ ബി എസ് എന്‍ എല്‍  ലാന്‍ഡ് ലൈന്‍ ബന്ധം പുനസ്ഥാപിച്ചു. മാര്‍ത്തോമ പള്ളി വികാരി ഫാദര്‍ ജേക്കബിന്റെ താമസ സ്ഥലത്തെ ലാന്‍ഡ് ഫോണില്‍ നിന്നും ഞങ്ങള്‍ വീടുകളിലേയ്ക്കും ഓഫിലേയ്ക്കും വിളിച്ചു.

4
 ജെയ്ന്‍ എസ് രാജു

ആഗസ്റ്റ്  17

അഞ്ച് ദിവസമായി മൂന്നാറില്‍  തുടര്‍ച്ചയായ മഴയാണ്. ചെറിയ ഇടവേളകള്‍ ഉണ്ടെന്നതല്ലാതെ മഴയില്‍ ചൊവ്വാഴ്ചയും കാര്യമായ കുറവൊന്നുമുണ്ടായിരുന്നില്ല. ബി എസ് എന്‍ എല്‍ രാവിലെ നെറ്റ് വര്‍ക്ക് പുനഃസ്ഥാപിച്ചു. മൂന്നാര്‍ ടൗണില്‍ എത്തിയാല്‍ ഫോണ്‍ വിളിക്കാന്‍ കഴിയും. ചില മാധ്യമസുഹൃത്തുകള്‍ അടിമാലിയിലേയ്ക്ക് പോകാന്‍ തീരുമാനിച്ച് ഇറങ്ങി. മഴ തുടരുന്നത് കൊണ്ട് തന്നെ മണ്ണ് ഇടിയാന്‍ സാധ്യതയുള്ളതിനാല്‍ ഞങ്ങള്‍ മൂന്നാറില്‍ തന്നെ തുടരാന്‍ തീരുമാനിച്ചു. പലസ്ഥലങ്ങളിലും അപ്പോഴും മണ്ണ് ഇടിയുന്നുണ്ടെങ്കിലും  ആളപായം ഒന്നും ഉണ്ടായിരുന്നില്ല. വൈകിട്ടോടെ മൂന്നാറില്‍ നിന്നും ടി വിയുമായി കണക്ട് ചെയ്യാന്‍ കഴിഞ്ഞു. അതു വരെ ഞങ്ങള്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ മുഴുവന്‍ അയച്ചു. ഇതിനകം മൂന്നാറില്‍ നിന്നും അടിമാലിയിലേയ്ക്ക്  തിരിച്ച മാധ്യമ സുഹൃത്തുകള്‍ പോകാന്‍ കഴിയാതെ മടങ്ങിയെത്തിയിരുന്നു.

ആഗസ്റ്റ് 18

മഴ അല്‍പ്പമൊന്ന് മാറി നില്‍ക്കുകയാണ്. ദേശീയപാതയില്‍ നിന്നും  വെള്ളം പൂര്‍ണമായും ഇറങ്ങി.  എന്നാല്‍ മണ്ണ് ഇടിഞ്ഞ് കിടക്കുന്നതിനാല്‍ ദേശീയ പാത ഗതാഗതയോഗ്യമായിരുന്നില്ല. പോതമേട്  ഇരുപതേക്കറിലേയ്ക്കുള്ള പാതയിലൂടെ വാഹനങ്ങള്‍ കടന്നു പോകാമെന്ന് പോലീസ് ഉദ്യോഗസ്ഥരില്‍  നിന്നും അറിഞ്ഞു. ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകരുടെ മൂന്ന് വാഹനങ്ങളും കണ്ണന്‍ദേവന്‍ ടി കമ്പനിയിലെ ജീവനക്കരാനായ ഓണക്കൂര്‍ സ്വദേശിയും അദ്ദേഹത്തിന്റെ രണ്ടുമക്കളും മറ്റൊരു വാഹനത്തിലുമായി ഒരുമിച്ചാണ് മൂന്നാറില്‍  നിന്നും തിരിക്കുന്നത്.

ദുര്‍ഘടവും ഇടുങ്ങിയതുമായ വഴിയിലൂടെയാണ് ഞങ്ങളുടെ യാത്ര വഴിയില്‍ മണ്ണ് ഇടിഞ്ഞ് കിടക്കുന്നുണ്ട്. റോഡിന് കുറുകെ വെള്ളം കുത്തിയൊഴുകി ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. പലസ്ഥലത്തും വഴി തെളിച്ചാണ് ഞങ്ങള്‍  ഇരുപതേക്കറിലെത്തുന്നത്. കുഞ്ചിത്തണ്ണി മുതല്‍ അടിമാലി വരെ വിവിധ സ്ഥലങ്ങളില്‍ മണ്ണ് ഇടിച്ചും ഉരുള്‍പൊട്ടലും ഉണ്ടായിട്ടുണ്ടായിരുന്നു.

ആലുവയിലും പറവൂരും ചെങ്ങന്നൂരുമെല്ലാമുണ്ടായ വലിയ പ്രളയത്തിന്റെ വ്യക്തമായ ചിത്രം ഞങ്ങള്‍ക്ക് ലഭിക്കുന്നത് അടിമാലിയില്‍ എത്തിയ ശേഷം മാത്രമാണ്. ഞങ്ങള്‍ എറണാകുളത്ത് എത്തുമ്പോഴേയ്ക്കും ആലുവ ഉള്‍പ്പെടെയുള്ള  സ്ഥലങ്ങളില്‍നിന്നും വെള്ളം ഇറങ്ങിയിരുന്നു.

content highlughts: Reporting During Kerala Flood Mathrubhumi news reporter Jain S Raju Writes