പ്രളയമഴയക്ക് തുടക്കം ഒരു ബുധനാഴ്ച ആയിരുന്നു. അതും ഒരു സ്വാതന്ത്ര്യദിനത്തില്‍. രാവിലെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മഴയില്‍ കുതിര്‍ന്ന സ്വാതന്ത്ര്യദിന പരേഡിന്റെ ചിത്രമെടുത്തായിരുന്നു അന്നത്തെ തുടക്കം.  പിന്നെ കേള്‍ക്കുന്നത് കേരളമാകെ മഴയെന്നാണ്. പക്ഷേ അന്ന് സ്വാതന്ത്ര്യ ദിന അവധിയായിരുന്നു. മധ്യകേരളമാകെ പ്രളയത്തില്‍ മുങ്ങിയതോടെ സൈന്യത്തിന്റെ സഹായം സര്‍ക്കാര്‍ തേടിയിരുന്നു. 

kerala flood

പിറ്റേന്ന് എനിക്ക് അസൈന്‍മെന്റ് കിട്ടിയത് തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്നിക്കല്‍ ഏരിയയില്‍. പ്രളയബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ കര, വ്യോമസേനകളുടെ വിമാനങ്ങളും ഹെലികോപ്റ്ററുകളും പറന്നിറങ്ങുന്നതും ഉയരുന്നതുമായ കാഴ്ചയായിരുന്നു അവിടെ.  എയര്‍ ഫോഴ്സിന്റെ റഷ്യന്‍ നിര്‍മ്മിതമായ ഹെലികോപ്റ്റര്‍  എം.ഐ 17. ഇന്ത്യന്‍ നിര്‍മ്മിതമായ എ.എല്‍.എച്ച് സാരംഗ്, അമേരിക്കന്‍ നിര്‍മ്മിതമായ വലിയ ട്രാന്‍സ്പോട്ട് വിമാനങ്ങള്‍ സി.17 ഗ്ലോബ് മാസ്റ്റര്‍, 130 ജെ.ഹെര്‍ക്കുലീസ്, റഷ്യന്‍ നിര്‍മ്മിതമായ ഐ.എല്‍76,എന്‍32 ഇങ്ങനെ നീണ്ടനിര ആകെ  യുദ്ധ സമാനമായ കാഴ്ച. 

kerala flood army

കേന്ദ്ര സേനയും ഒഡിഷയില്‍ നിന്നുള്ള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീം, മഹാരാഷ്ട്രയില്‍ നിന്നുള്ള മെഡിക്കല്‍ ടീം, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സേനകള്‍, എന്നിങ്ങനെ വിവിധ ടീമുകള്‍ ടെക്നിക്കല്‍ ഏരിയയില്‍ എത്തിക്കൊണ്ടിരുന്നു. ഇവരെയൊക്കെ അപ്പപ്പോള്‍ തന്നെ കെ.എസ്.ആര്‍.ടി.സി.ബസുകളിലും മറ്റു വാഹനങ്ങളിലുമായി പ്രളയബാധിത പ്രദേശങ്ങളിലേക്ക് കൊണ്ടുപോയിരുന്നു. ആദ്യം നടന്നത് രക്ഷാ പ്രവര്‍ത്തനമാണെങ്കില്‍ പിന്നീടുള്ള ദിവസങ്ങളില്‍  രാജ്യത്തിന്റെയും സംസ്ഥനത്തിന്റെയും വിവിധ ഭാഗങ്ങളില്‍നിന്ന് അവശ്യ സാധനങ്ങള്‍ വിമാനത്താവളത്തിലെ ടെക്നിക്കല്‍ ഏരിയയില്‍ എത്തിക്കൊണ്ടേയിരുന്നു. ഉറക്കമൊഴിച്ച് രാപകലില്ലാതെ ജോലി ചെയ്യുന്ന യുവതീ യുവാക്കളും വിദ്യാര്‍ത്ഥികളുമടങ്ങിയ സന്നദ്ധപ്രവര്‍ത്തകര്‍ ഭക്ഷണസാധനങ്ങള്‍ പായ്ക്ക് ചെയ്ത് ഹെലികോപ്റ്ററില്‍ കയറ്റി പ്രളയ ബാധിത മേഖലകളിലേക്ക് അയച്ചുകൊണ്ടിരുന്നു. ഇതിനിടയില്‍ ചിലരെ സൈന്യം രക്ഷപ്പെടുത്തി ഹെലികോപ്റ്ററില്‍ കൊണ്ടുവന്നു. ഇവരെ തിരുവനന്തപുരത്ത്  ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. 

kerala flood

രക്ഷാപ്രവര്‍ത്തനത്തിന്റെ ചിത്രങ്ങള്‍ ഹെലികോപ്ടറില്‍ പോയി എടുക്കാനുള്ള അനുമതിക്കായി  ഡിഫന്‍സ് പി ആര്‍ ഒ യുമായും, എയര്‍ ഫോഴ്സിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായും നിരന്തരം  ബന്ധപ്പെട്ടങ്കിലും നാലു ദിവസനങ്ങള്‍ക്കുശേഷമാണ് അനുമതി കിട്ടിയത്. ഒടുവില്‍ ഹെലികോപ്റ്ററില്‍ ദുരന്തസ്ഥലത്തേക്ക് പോകാനുള്ള അനുമതി ലഭിച്ചു. തിരുവനന്തപുരത്തുനിന്ന് മലയാള പത്രങ്ങളില്‍ യാത്രാനുമതി  ലഭിച്ചത് മാതൃഭൂമിക്ക് മാത്രമായിരുന്നു.  ഓഖിയുടെ രക്ഷാപ്രവര്‍ത്തന സമയത്തും സൈന്യത്തോടൊപ്പം പോയി ഹെലികോപ്റ്ററില്‍ ദൃശ്യമെടുക്കാന്‍ മാതൃഭൂമിക്ക് അനുമതി ലഭിച്ചിരുന്നു. പത്തൊമ്പതാം തിയതി രാവിലെ അഞ്ചിന്  ടെക്നിക്കല്‍ ഏരിയയില്‍ എത്തിയെങ്കിലും പുറപ്പെട്ടത് ഏഴ് മണിക്കാണ്, യാത്രയില്‍ എന്നോടൊപ്പം ദി ഹിന്ദുവിന്റെ ഫോട്ടോഗ്രാഫറും ഉണ്ടായിരുന്നു. 

kerala flood helicopter army

എം.ഐ17 ഹെലികോപ്ടറിലാണ് ഞങ്ങള്‍ പുറപ്പെട്ടത്, യാത്രക്ക് മുമ്പ് ചെങ്ങന്നൂരിലേക്കാണ് പോകുന്നതെന്നും ദുരിതബാധിതര്‍ക്ക്  ഭക്ഷണ കിറ്റുകള്‍  വിതരണം ചെയ്യുന്നുണ്ടെന്നും ആവശ്യമെങ്കില്‍ രക്ഷാപ്രവര്‍ത്തനം നടത്തുമെന്നും പൈലറ്റ് അറിയിച്ചിരുന്നു. യാത്രക്കിടയില്‍ ചെറിയ മഴ. ഇടക്ക് ആകാശ വഴിയില്‍ മൂടല്‍ മഞ്ഞും തടസമുണ്ടാക്കി. മലയാളിയായ കാട്ടാക്കട സ്വദേശി വിങ് കമാന്‍ഡര്‍ ബി. പ്രശാന്തും ഒപ്പമുണ്ടായിരുന്നു. ഹെലികോപ്റ്ററില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിനായി റോപില്‍ തൂങ്ങിയിറങ്ങാന്‍ തയ്യാറെടുത്തിരിക്കുകയായിരുന്നു പ്രശാന്ത്. അദ്ദേഹം മലയാളിയാണെന്ന് വൈകിയാണ് അറിയുന്നത്. രക്ഷാപ്രവര്‍ത്തനത്തിന്റെ പിരിമുറുക്കവുമായി ഇരിക്കുന്ന ആവരെ ശല്യപ്പെടുത്താതെ ചിത്രങ്ങളെടുക്കാനാണ് ശ്രദ്ധിച്ചത്. പലതവണ സഞ്ചരിച്ചിട്ടുള്ള ചെങ്ങന്നൂരായിരുന്നു അപ്പോള്‍ ഓര്‍മയില്‍. 

kerala flood

ഒരു മണിക്കൂറിനുള്ളില്‍ ചെങ്ങന്നൂരിന് മുകളിലെത്തി, പക്ഷേ പണ്ട് കണ്ട ചെങ്ങന്നൂരല്ല, അകെ വെള്ളത്തില്‍ മുങ്ങിയിരിക്കുന്നു. ഹെലികോപ്റ്റര്‍ പല തവണ ചെങ്ങന്നൂരിന് മുകളില്‍ വട്ടമിട്ട് പറന്നിട്ടും നഗരത്തിന്റെ ചില ഭാഗങ്ങള്‍ ശരിക്കും കാണാന്‍ കഴിയുന്നില്ല, അകെ വെള്ളത്താല്‍ മൂടിയിരിക്കുന്നു. ദൈവങ്ങള്‍ പോലും തല കുനിച്ചോയെന്നു തോന്നിപോകും, പല ആരാധനാലയങ്ങളുടെ അഗ്രഭാഗം മാത്രമാണ് മുകളില്‍ കാണാന്‍ കഴിയുന്നത്. വീടുകളെല്ലാം വെള്ളത്താല്‍ മൂടി, വീടുകളുടെ മുകളിലത്തെ നിലയില്‍ നിന്ന് ആളുകള്‍  ഭക്ഷണ സാധനങ്ങള്‍ക്കായി യാചിക്കുന്നു.  കൈവീശുന്നു. ഒരായുഷ്‌ക്കാലം മുഴുവന്‍  സമ്പാദിച്ചതെല്ലാം പ്രളയം കവര്‍ന്നു. പെരുമഴയത്ത് ഒറ്റപ്പെട്ട  കുഞ്ഞിനെപ്പോലെ ചിലര്‍ വിലപിച്ചു. വാഹനങ്ങള്‍ വെള്ളത്തില്‍ ഒഴുകി നടക്കുന്നു. വളര്‍ത്തു മൃഗങ്ങളെ ഉയര്‍ന്ന കെട്ടിടത്തിന്റെ മുകളിലും വെള്ളം കയറാത്ത പാലത്തിന്റെ മുകളിലും കെട്ടിയിട്ടിരിക്കുന്നു .ചെങ്ങന്നൂരില്‍ പ്രളയം ഏറെ ബാധിച്ച പാണ്ടനാട്, ബുധനൂര്‍, കല്ലിശ്ശേരി, ഓതറ, കോഴഞ്ചേരി, ആറന്മുള എന്നിവടങ്ങളില്‍ പലയിടത്തും പുഴയും കരയും തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു. പമ്പയാറും വരട്ടാറും കരകവിഞ്ഞൊഴുകുന്നതും കാണാമായിരുന്നു. 
ഞങ്ങളെത്തിയ ഹെലികോപ്റ്ററില്‍ രണ്ടര ടണ്‍ ഭക്ഷണ പായ്ക്കറ്റുകള്‍ എടുത്തിരുന്നു. മാതൃഭുമി ശേഖരിച്ച അവശ്യ സാധനങ്ങളും ഇതോടൊപ്പമുണ്ടായിരുന്നു.

kerala floodചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിന്റെ ഗ്രൗണ്ടിലാണ് ഇവ ഇറക്കിയത്. ഹെലികോപ്റ്റര്‍ എത്തിയപ്പോഴേക്കും ദുരിതാശ്വാസക്യാമ്പില്‍നിന്ന് ആളുകള്‍ പുറത്തേക്ക് വന്നു. ഗ്രൗണ്ടിലിറങ്ങിയ ഹെലികോപ്റ്ററില്‍ നിന്ന് ഏഴ് മിനിട്ടുകൊണ്ടാണ് സൈന്യവും വളണ്ടിയര്‍മാരും ചേര്‍ന്ന് സാധനങ്ങള്‍ ഇറക്കിയത്. എല്ലാസാധനങ്ങളും ഇറക്കിയ ശേഷം ഹെലികോപ്റ്റര്‍ വീണ്ടും പറന്നുയര്‍ന്നു. ചെങ്ങന്നൂരില്‍ നിന്ന്  തിരുവല്ല റെയില്‍വേ സ്റ്റേഷനു മുകളിലൂടെ പറക്കുകയായിരുന്നു. അല്പ സമയത്തിനകം താഴെ നിന്ന് വിളികള്‍ ഉയരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്  ആണെന്നു കരുതി വിങ് കമാന്‍ഡര്‍ ബി.പ്രശാന്ത് ഹെലികോപറ്ററില്‍നിന്ന് താഴേക്ക് തൂങ്ങിയിറങ്ങി. താഴെ വെള്ളത്തില്‍ നിന്നവര്‍ അപകടനില തരണം ചെയ്തതിനാല്‍ ഹെലികോപ്റ്ററില്‍ കയറാന്‍ പക്ഷേ താല്പര്യം കാണിച്ചില്ല, ഭക്ഷണമായിരുന്നു അവര്‍ക്ക് വേണ്ടിയിരുന്നത്, മുഴുവന്‍ കിറ്റും ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ ഇറക്കിയിരുന്നതിനാല്‍ കോപ്റ്റര്‍ കാലിയായിരുന്നു. 

 

kerala flood

ഹെലികോപ്റ്ററില്‍ തിരികെ കയറി വന്ന പ്രശാന്തിനോട്  അവരെന്താണ് കൂടെ വരാഞ്ഞതെന്ന് തിരക്കി. 'ഞങ്ങളെ ഇനി  രക്ഷിക്കേണ്ട, ജീവന്‍ നിലനിര്‍ത്താന്‍ അല്പം വെള്ളവും ഭക്ഷണം തന്നാല്‍ മതിയെന്നാണ് അവര്‍ പറഞ്ഞതെന്ന് പ്രശാന്ത് പറഞ്ഞു. 
ജീവന്‍ നിലനിര്‍ത്താന്‍  എന്തെങ്കിലും. അതൊരു തേങ്ങലായി നിന്നു, തിരിച്ചിറങ്ങുവോളം.... 

ഹെലികോപ്റ്ററിൽ നിന്നുള്ള കൂടുതൽ ദൃശ്യങ്ങൾ