മണലിപ്പുഴ ഗതിമാറിയെന്നും വീടിനു പിറകില്‍ എരവിമംഗലം പടിഞ്ഞാറേപാടം നിറഞ്ഞു തുടങ്ങിയെന്നും നാട്ടുകാര്‍ വന്നുപറയുമ്പോള്‍ സമയം രാത്രി 12. വണ്ടി മാറ്റിയിടാനായിരുന്നു നിര്‍ദേശം. പ്രായമായ മാതാപിതാക്കളെ അര കിലോമീറ്ററിനപ്പുറം സുരക്ഷിതമായെത്തിച്ച് തിരിച്ചെത്തുമ്പോള്‍ സാഹചര്യങ്ങളാകെ മാറിയിരുന്നു. വഴിമാറിയ പുഴ, തിടംവെച്ച് കുലംകുത്തിയൊഴുകുന്നു. വീട്ടുമുറ്റവും മുന്‍വശത്തെ റോഡും നെഞ്ചൊപ്പം വെള്ളമെത്തിയിരിക്കുന്നു. സമീപവാസികളും നാട്ടുകാരും ഇന്നോളം കണ്ടിട്ടില്ലാത്തവിധം ഒരു പ്രദേശമാകെ പുഴയെടുത്ത നിലയില്‍.

പിന്നെ, നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനമായിരുന്നു. ഒരു കാലത്തും വെള്ളമെത്തില്ലെന്ന് വിശ്വസിച്ചിരുന്നയിടങ്ങളിലെല്ലാം ജലം രൗദ്രഭാവത്തോടെ കയറിയിറങ്ങി. പഞ്ചായത്ത് മെമ്പര്‍മാരും പൊതു പ്രവര്‍ത്തകരും ഒത്തുനിന്നു. അമ്പതോളം കുടുംബങ്ങളെ ക്ഷണനേരത്തില്‍ വെള്ളപ്പൊക്കത്തിന് പുറത്തെത്തിച്ചു.

ഇതിനിടെ താമസസ്ഥലമുള്‍പ്പെട്ട എരവിമംഗലം- പുത്തൂര്‍ റോഡിലെ കുന്നംകാട്ടുകര ഒറ്റപ്പെട്ടു കഴിഞ്ഞിരുന്നു. വാഹന ഗതാഗതം നിലച്ചു. പിന്നെ, മൊബൈല്‍ സന്ദേശങ്ങള്‍ മാത്രമായി ആശ്രയം. വാട്ട്‌സാപ്പ് ഗ്രൂപ്പുകളെല്ലാം രക്ഷാദൗത്യം ഏറ്റെടുത്തത് ഞൊടിയിടയിലായിരുന്നു. തമാശകളും നേരമ്പോക്കുകളും മാത്രം പങ്കുവെച്ചിരുന്ന ഗ്രൂപ്പുകള്‍ സാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. സര്‍ക്കാരിന്റെ സഹായ നമ്പറുകളും സഹായമാവശ്യമായവരുടേയും സഹായിക്കാന്‍ സന്നദ്ധരായവരുടെയും വിവരങ്ങളും നാലുദിക്കിലേക്കും സന്ദേശങ്ങളായി പറന്നു. മുന്നറിയിപ്പ് അവഗണിച്ച് വീടുകളിലും രണ്ടാം നിലകളിലുമിരുന്നവര്‍ക്കായി കടലിനക്കരെനിന്ന് സഹായ അഭ്യര്‍ത്ഥനകളെത്തി.

ദേശീയപാതയില്‍ ടോള്‍പ്ലാസ സെന്റര്‍ വെള്ളക്കെട്ടിലായതോടെ  തൃശ്ശൂരിനു തെക്കോട്ടുള്ള പ്രവേശനവും അടഞ്ഞ മട്ടായി. തൊട്ടപ്പുറത്ത് പുതുക്കാട് - വരന്തരപ്പിള്ളി മേഖലയില്‍ നിന്ന് ദുരന്തവാര്‍ത്തകള്‍ ഒന്നിനു പിറകെ ഒന്നായി എത്തിക്കൊണ്ടിരുന്നു. ചിമ്മിനി ഡാം കൂടുതല്‍ തുറന്നതോടെ കുറുമാലിപ്പുഴ അപകടകരമാംവിധം കരകവിഞ്ഞു. 

വരന്തരപ്പിള്ളി പഞ്ചായത്തിലെ റോഡുകളെല്ലാം പുഴയെടുത്തു. രണ്ടാം നിലകളില്‍ അഭയം തേടിയവരെല്ലാം കെട്ടിടങ്ങളില്‍ കുടുങ്ങി. ഇതിനിടെ മേഖലയിലെ മൊബൈല്‍ ടവറുകളുടെ ജനറേറ്ററുകള്‍ തകരാറിലായതോടെ മൊബൈല്‍ നമ്പറുകള്‍ ഒന്നൊന്നായി നിശ്ചലമായിക്കൊണ്ടിരുന്നു.

പലയിടങ്ങളിലായി മൂന്നുപേര്‍ ഒഴുക്കില്‍ കാണാതായെന്നറിഞ്ഞിട്ടും ഒരാളുടെപോലും കൃത്യമായവിവരം ലഭിക്കാതിരിക്കുക എന്ന നിരാശാജനകമായ അവസ്ഥ. വരന്തരപ്പിള്ളിയില്‍ മാത്രം നൂറോളം ക്യാമ്പുകള്‍. നന്തിപുലം മാഞ്ഞൂരില്‍നിന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് പുഴവെള്ളം വ്യാപിക്കുന്നുവെന്ന ഭീതിജനകമായ അറിയിപ്പ്. അപ്പോഴും വാട്ട്‌സാപ്പ് സന്ദേശങ്ങളായിരുന്നു ആശ്രയം. അവസാനം നേവിയുടെ എയര്‍ബോട്ട് എത്തി നാട്ടുകാരെ ക്യാമ്പിലെത്തിക്കുകയായിരുന്നു.

ഈ സമയമയത്രയും ജീവനുവേണ്ടിയുള്ള രോദനങ്ങള്‍, ആശ്രയത്തിനായുള്ള അവസാന പ്രതീക്ഷകള്‍, സഹായഹസ്തങ്ങള്‍, വിശപ്പ്, അനാഥത്വം, തണല്‍, വാഗ്ദാനങ്ങള്‍ ഓണ്‍ലൈന്‍ സന്ദേശങ്ങളായി പറന്നുകൊണ്ടിരുന്നു. ഈ ദുരന്തത്തെ കേരളം ഒറ്റക്കെട്ടായി മറികടക്കുമ്പോള്‍ അതില്‍ വലിയ സ്വാധീനശക്തിയായി നിന്ന സാങ്കേതികവിദ്യയെ വിസ്മരിക്കുന്നതെങ്ങനെ...?