വെള്ളം പൊങ്ങിത്തുടങ്ങിയ തലവടിയില്‍നിന്ന് തിരുവല്ല നഗരത്തിലെത്തി രണ്ടുകുട്ടികളുടെ കൈയുംപിടിച്ച് ഞാന്‍ ഒന്നും മനസ്സിലാകാതെനിന്നു. എനിക്കൊപ്പം എന്റെ ചേച്ചിയും അവരുടെ മകളും ചേട്ടന്റെ ഒമ്പതുവയസ്സുള്ള ഇരട്ടക്കുട്ടികളും 'മോട്ടി' എന്ന നായയും ഉണ്ടായിരുന്നു. വാഹനങ്ങള്‍ മുന്നിലൂടെ പാഞ്ഞുപോകുന്നതൊന്നും ഞാന്‍ കണ്ടില്ല. തിരുവന്‍വണ്ടൂരില്‍ താമസിക്കുന്ന ചെറിയമ്മയുടെ വീട്ടിലേക്ക് പോകാനായിരുന്നു ഞങ്ങളുടെ പരിപാടി. പുല്ലാടുനിന്ന് തിരിച്ചുവന്ന കുട്ടന്റെ ഓട്ടോറിക്ഷയില്‍ ഞാനും കുട്ടികളും കയറി നേരെ തിരുവന്‍വണ്ടൂരിലെ കള്ളിക്കാട്ട് പടിയിലേക്ക്. അവിടെ ചെറിയമ്മ താമസിക്കുന്ന വാടകവീട്ടില്‍ അഞ്ചരയോടെ എത്തിയപ്പോള്‍ റോഡില്‍ പാദം നനയാന്‍പോലും വെള്ളമില്ല. മോട്ടിയടക്കമുള്ളവര്‍ ഓടി വീട്ടില്‍ക്കയറി. 

വൈകുംവരെ ഒന്നും കഴിച്ചിട്ടില്ലാത്ത മിനിച്ചേച്ചിക്കും മാളുവിനും ഭക്ഷണം ഒരുക്കാനുള്ള തിരക്കിലായി ചെറിയമ്മ. വൈദ്യുതി നിലച്ചിട്ട് അപ്പോഴേക്കും 12 മണിക്കൂര്‍ പിന്നിട്ടിരുന്നു. സന്ധ്യയായതോടെ വെള്ളത്തിന്റെ വരവിനെക്കുറിച്ച് ആശങ്ക പങ്കുവെച്ച് പലരും റോഡിലൂടെ പോകുന്നു. എന്താണ് സ്ഥിതിയെന്ന് ചോദിച്ചപ്പോള്‍ 'പമ്പ പെരുകിനില്‍ക്കുന്നു, വെള്ളം ഇവിടെയെങ്ങും നില്‍ക്കുമെന്ന് തോന്നുന്നില്ല' എന്ന് മറുപടി. ഉള്ളില്‍ക്കയറിയ ആധി പുറത്തുകാണിക്കാതെ ഇടയ്ക്കിടെ പുറത്തിറങ്ങി വെള്ളം കേറിയോ എന്നു നോക്കിക്കൊണ്ടിരുന്നു. കാര്യങ്ങള്‍ ഒട്ടും ആശാവഹമല്ലെന്ന് മനസ്സിലായി. 

രാത്രി ഏഴരയായതോടെ റോഡില്‍നിന്ന് വീടിരിക്കുന്ന തട്ടിലേക്ക് വെള്ളം കയറി. റോഡില്‍ അപ്പോള്‍ മുട്ടിനുമുകളിലായി വെള്ളം. 
ഭാര്യയുടെയും അമ്മയുടെയും മൊബൈല്‍ഫോണിന്റെ ബാറ്ററി ചാര്‍ജ് തീര്‍ന്ന് ഓഫായതോടെ ആറന്മുളയിലെ വീട്ടില്‍നിന്നുള്ള വിവരങ്ങള്‍ നിലച്ചു. വീട്ടിലെ ലാന്‍ഡ് ഫോണും പ്രവര്‍ത്തനരഹിതമായി. കാര്യങ്ങള്‍ അറിയാന്‍ സഹപാഠിയും പത്തനംതിട്ടയിലെ മാതൃഭൂമി ന്യൂസ് ലേഖികയുമായ വിദ്യയെ വിളിച്ചു. 'വെള്ളം എവിടുന്നൊക്കെയോ പാഞ്ഞുവരുന്നുണ്ട്. ഒരു പിടിയുമില്ല. വീടിരിക്കുന്ന കാഞ്ഞിരവേലി മേഖല മുഴുവന്‍ വെള്ളത്തിനടിയിലാണ്' എന്ന മറുപടി ഉള്ളില്‍ തീ കോരിയിട്ടു. രാത്രി എട്ടേമുക്കാലോടെ ഞങ്ങള്‍ ഭക്ഷണം കഴിച്ചു. 

img
പ്രളയകാഴ്ചകളില്‍ നിന്ന്

 

പറമ്പില്‍ വെള്ളം കയറിയതോടെ വീട്ടിനുള്ളിലേക്ക് കയറ്റിനിര്‍ത്തിയ മോട്ടി നിര്‍ത്താതെ ബഹളമുണ്ടാക്കുന്നു. ഉണങ്ങിയ തറയാണ്, അവിടെ കിടക്കാതെ കസേരയിലേക്ക് ചാടിക്കയറുന്നു. ആകപ്പാടെ വെപ്രാളം കാണിക്കുകയാണ് നായ. വരാനിരിക്കുന്ന അപകടത്തെ അതിന് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞിരുന്നോ? എന്തോ അറിയില്ല. 

ഒരുമുറിയില്‍ ചേച്ചിയും മൂന്നുകുട്ടികളും കിടന്നു. മറ്റൊരുമുറിയില്‍ ചെറിയമ്മയും ഞാനും. എനിക്ക് കട്ടില്‍ ഒഴിഞ്ഞുതന്നിട്ട് നിലത്തേക്ക് ചെറിയമ്മ കിടപ്പ് മാറ്റി. അതുകണ്ടപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞു: 'ഉറക്കത്തില്‍ നനഞ്ഞ് എഴുന്നേല്‍ക്കേണ്ടിവരരുത്'. എത്രയോ വെള്ളപ്പൊക്കങ്ങള്‍ കണ്ടിട്ടുള്ള ചെറിയമ്മയ്ക്ക് ഈ വാക്കുകള്‍ വെറും തമാശ മാത്രമായിരുന്നു. ഭയംകൊണ്ട് ഉറക്കം നഷ്ടപ്പെട്ട ഞാന്‍ പലവട്ടം വീടിന് പുറത്തെ വെള്ളത്തിന്റെ അളവ് നോക്കി. സമീപത്ത് കടയുള്ള വീട്ടുകാര്‍ സാധനങ്ങള്‍ പൊക്കിവെച്ചു എന്ന ആശ്വാസത്തിലായിരുന്നു അതുവരെ കഴിഞ്ഞിരുന്നത്. പ്രതീക്ഷകള്‍ തെറ്റിച്ചുകൊണ്ട്  ആ വീട്ടിലേക്ക് ഞാന്‍ നോക്കിനില്‍ക്കെ വെള്ളം കയറുകയാണ്. 
 

ഞങ്ങള്‍കൂടി അങ്ങോട്ട് വന്നോട്ടേ?

വീണ്ടും പുറത്തേക്കിറങ്ങി, കാണുന്നത് എതിര്‍വശത്തെ വീടിന്റെയും വഴിയുടെയും മതിലുകള്‍ കുത്തൊഴുക്കില്‍ തകര്‍ന്നുവീഴുന്നതാണ്. ശബ്ദംകേട്ട് ആ വീട്ടുകാര്‍ രണ്ടാംനിലയില്‍നിന്ന് താഴേക്ക് ടോര്‍ച്ച് തെളിച്ചുനോക്കുന്നു. ഒരുമണി കഴിഞ്ഞതോടെ ഞാന്‍ വീണ്ടും പുറത്തെത്തി വെള്ളം നോക്കി. ഉള്ളിലൊരു കാളല്‍. ഇനി ഒരു അടിപോലുമില്ല വീട്ടില്‍ കയറാന്‍. തിരിച്ചുവന്ന് കട്ടിലില്‍ ഇരുന്ന് ആലോചിച്ചു: ഇനിയും കാത്തിരിക്കണോ?

flood
പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍

എവിടേക്ക് പോകും... ആ ചോദ്യം എന്റെ തലയ്ക്കുള്ളില്‍ കൊള്ളിയാന്‍ പോലെ പാഞ്ഞു.  പരിചയമില്ലാത്ത നാടാണ്. ആരുമില്ല, സഹായം ചോദിക്കാന്‍. ഒറ്റനില മാത്രമുള്ള വീടിന്റെ മുകളിലേക്ക് കയറാനുള്ള വഴി കോണ്‍ക്രീറ്റ് വെച്ച് അടച്ചിരിക്കുകയാണ്. വീടിന്റെ ടെറസില്‍ കയറി രക്ഷപ്പെടാമെന്ന് വിചാരിച്ചാല്‍ നടക്കില്ല. ഇരിപ്പുറയ്ക്കാതെ വീട്ടിനുള്ളില്‍ വട്ടംനീളം നടന്നു. എന്റെ മുഖത്തേക്ക് നോക്കി നായമാത്രം ഇടയ്ക്ക് എന്തൊക്കെയോ ശബ്ദം പുറപ്പെടുവിക്കുന്നു. 

കാര്യങ്ങളുടെ പോക്ക് പന്തിയല്ലെന്ന് മനസ്സിലായി. എത്രയും വേഗം അവിടെനിന്ന് ചാടാന്‍ തീരുമാനിച്ചു. ചെറിയമ്മയെ വിളിച്ചുണര്‍ത്തി കാര്യം പറഞ്ഞു. ഏറിപ്പോയാല്‍ കിട്ടുന്നത് ഒരു മണിക്കൂര്‍ മാത്രമാണ്. അതിനുള്ളില്‍ രക്ഷപ്പെടണം. എന്തുചെയ്യും? ഒടുവില്‍ രണ്ടുംകല്പിച്ച്, രണ്ടുനിലയുള്ള അയല്‍വീട്ടുകാരോട് ചോദിക്കാന്‍ തീരുമാനിച്ചു. ചെറിയമ്മ അയല്‍വീട്ടിലെ ചേച്ചിയെ വിളിച്ചു: ''ഇച്ചേയിയേ ഇവിടെ വീട്ടില്‍ വെള്ളം കയറുന്നു, ഞങ്ങള്‍കൂടി അങ്ങോട്ട് വരട്ടെ...''   ''ഇങ്ങോട്ടുപോരൂ...'' അച്ചിലേത്ത് എന്ന ആ വീട്ടിലെ ജ്യോതി എന്ന കുലീനയായ വീട്ടമ്മയുടെ മറുപടി ഞങ്ങള്‍ നൂറു നന്ദിയോടെയാണ് കേട്ടത്. ഇതിനിടയില്‍ വീടിന്റെ പിന്നിലെ ഭിത്തിയിലെ വിടവില്‍കൂടി അകത്തേക്ക് വെള്ളം കയറിത്തുടങ്ങി. കുട്ടികളെ പെട്ടെന്ന് ഉണര്‍ത്തി. കിട്ടിയ തുച്ഛസമയംകൊണ്ട് അലമാരയുടെയും മറ്റും താഴേത്തട്ടിലിരുന്ന എന്തൊക്കെയോ സാധനങ്ങള്‍ ഉയരത്തിലേക്ക് കേറ്റിവെക്കാന്‍ ചെറിയമ്മ ഓടിനടക്കുന്നു. കുട്ടികളെ എങ്ങനെ അടുത്ത വീട്ടിലേക്ക് എത്തിക്കുമെന്നതായിരുന്നു എന്റെ ആലോചന.

kerala flood

രണ്ടേമുക്കാല്‍ കഴിഞ്ഞതോടെ ഇളയവളായ വന്ദനയെ തോളിലേറ്റി റോഡിലേക്കിറങ്ങി. നെഞ്ചിനൊപ്പം വെള്ളമെത്തിയിരിക്കുന്നു റോഡില്‍. നീന്തി അച്ചിലേത്ത് വീട്ടിലെത്തി. അപ്പോഴേക്കും ആ വീടിന്റെ ഒന്നാംനിലയില്‍ മുട്ടിനുതാഴെ വെള്ളം കയറിയിരിക്കുന്നു. അവരുടെ സിറ്റൗട്ടില്‍ അവളെ നിര്‍ത്തി. നന്ദനയെ മതിലിനുമുകളിലൂടെ പൊക്കിയെടുക്കാനായി ശ്രമം. ഈ ശ്രമം കണ്ട 'മോട്ടി'യും മതിലിലൂടെ കയറി എന്റെ തോളിലേക്ക് ചാടാന്‍ ശ്രമിക്കുന്നു. അവനെ ഞങ്ങള്‍ ഉപേക്ഷിക്കുമെന്ന് അവന്‍ വല്ലാതെ ഭയന്നിരിക്കുന്നു. അങ്ങനെ തോന്നിപ്പിക്കും വിധം അവന്‍ നിലവിളിച്ചുകൊണ്ടിരുന്നു. റോഡിലൂടെ നീന്തിയാണ് മറ്റുള്ളവര്‍ എത്തിയത്. അവര്‍ക്കൊപ്പം രക്ഷപ്പെടാനായി പട്ടിയും നീന്തി. ഞങ്ങള്‍ക്ക് അഭയം തന്ന വീട്ടിലേക്ക് ഒരു പട്ടിയുമായി കയറിച്ചെന്ന് അവര്‍ക്ക് അലോസരമുണ്ടാക്കുന്നതിനെക്കുറിച്ച് ആലോചിച്ചപ്പോള്‍ മോട്ടിയെ വെള്ളം കയറിയ വീട്ടില്‍തന്നെ തിരിച്ച് എത്തിച്ച് വാതില്‍ അടച്ചു. അവിടെ വീടിനുള്ളില്‍ പൊങ്ങിയൊഴുകുന്ന കട്ടിലുകളില്‍ ഒന്നില്‍ കയറിനിന്നുകൊണ്ട് അവന്‍ വീണ്ടും നിലവിളിച്ചുകൊണ്ടിരുന്നു. 'എന്നെയും കൊണ്ടുപോകൂ...' എന്ന് ദയനീയമായി പറയുംപോലെ.

അച്ചിലേത്ത് വീട്ടില്‍ അപ്പോഴേക്കും എട്ട് അംഗങ്ങള്‍ എത്തിയിരുന്നു. പ്രവാസിയായ രാജശേഖരന്‍ നായരുടെ ഭാര്യ ജ്യോതിയും മകള്‍ അഞ്ജലിയുമാണ് ആ വീട്ടിലുണ്ടായിരുന്നത്. തൊട്ടുചേര്‍ന്നുള്ള വീട്ടില്‍ താമസിക്കുന്ന അനിയന്റെ ഭാര്യ ഷീല, മകള്‍ ഗായത്രി, തൊട്ടുചേര്‍ന്ന തറവാട്ടുവീട്ടിലെ ഇളയ അനിയന്‍ തുളസീധരന്‍, ഭാര്യ മിനി, മകന്‍ ആദിത്യന്‍, രാജശേഖരന്‍ നായരുടെ ബന്ധു വസുമതിയമ്മ എന്നിവര്‍. അവര്‍ക്കൊപ്പം ഞങ്ങള്‍ ആറുപേരും ആ വീട്ടിലേക്ക് കൂടി. 

ആ രാത്രി ഞങ്ങള്‍ വീടിന്റെ മുകളിലെ നിലയില്‍ വര്‍ത്തമാനം പറഞ്ഞുകൊണ്ട് നേരംവെളുപ്പിച്ചു. അതിനിടയില്‍ ഫെയ്സ് ബുക്കില്‍നിന്ന് വിവരം കിട്ടിയ ഒരാള്‍ കോഴിക്കോട്ടുനിന്ന് വിളിച്ചു. രാവിലെ രക്ഷാപ്രവര്‍ത്തകര്‍ എത്തുമെന്നും വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നുമായിരുന്നു അപരിചിതനായ ആ മനുഷ്യന്റെ വാക്കുകള്‍. നേരംപുലര്‍ന്നപ്പോഴേക്കും വീട്ടിനുള്ളില്‍ വെള്ളം മുട്ടിനുമുകളിലായി. രാവിലെ കിണര്‍ മൂടുന്നതിനുമുമ്പ് ജ്യോതി ചേച്ചി അടുക്കളയിലേക്ക് ചെറിയ പാത്രങ്ങളില്‍ കുറച്ച് വെള്ളം പിടിച്ചു. രാവിലെ കഴുത്തോളം വെള്ളത്തില്‍ നീന്തിപ്പോയി ചെറിയമ്മ ഗോതമ്പുദോശയും കടലക്കറിയും ഉണ്ടാക്കിക്കൊണ്ടുവന്നു. 

kerala flood

ഭക്ഷണത്തിനോട് ഏറെ താത്പര്യമുള്ളയാളായിട്ടും ഞാന്‍ രണ്ടുദോശയില്‍ രാവിലത്തെ ഭക്ഷണം അവസാനിപ്പിച്ചു. കക്കൂസില്‍ പോകുന്നതാണ് വെള്ളപ്പൊക്കക്കാലത്ത് ഏറ്റവും ബുദ്ധിമുട്ട് എന്ന് കുട്ടനാട്ടുകാരനായ എനിക്ക് അനുഭവംകൊണ്ട് ബോധ്യമുണ്ട്. ഞങ്ങളുടെ എല്ലാവരുടെയും ഭാഗ്യംകൊണ്ട് ആ വീട്ടില്‍ മുകളിലത്തെ നിലയില്‍ ഒരു കക്കൂസ് ഉണ്ടായിരുന്നു. 14 പേര്‍ ഉപയോഗിച്ചാല്‍ അതിന്റെ അവസ്ഥയെന്താവും?

ഫോണ്‍വിളികള്‍ക്കൊന്നും ഫലം കാണാതെ വന്നതോടെ ഞാന്‍ ആശങ്കയുടെ നടുക്കടലിലായി. പരിചയമില്ലാത്ത വീട്, വീട്ടുകാര്‍. ഒരാളല്ല അവിടേക്ക് കുടിയേറിയിരിക്കുന്നത്.  ഭക്ഷണവും വെള്ളവും വേഗത്തില്‍ തീര്‍ന്നുപോകുമെന്നറിയാം. എത്രയും വേഗം രക്ഷപ്പെട്ടേ മതിയാകൂ. ആലപ്പുഴയില്‍നിന്ന് മടങ്ങുന്ന വഴിയായതിനാല്‍ എന്റെ പക്കലുള്ളത് ഞാന്‍ ഇട്ടിരിക്കുന്ന ഏക അടിവസ്ത്രം മാത്രമാണ്. നനഞ്ഞ അടിവസ്ത്രം ധരിച്ചുകൊണ്ടാണ് ഇരിക്കുന്നത്. ഇടാന്‍ മറ്റൊരു ഷര്‍ട്ട് ഇല്ലാത്തതിനാല്‍ ഇട്ടിരുന്ന ഷര്‍ട്ട് മടക്കി ബാഗില്‍ െവച്ചു, രക്ഷപ്പെടാന്‍ നേരത്ത് ഇടാന്‍ വേണ്ടി. 
 

ഭക്ഷണം നിയന്ത്രിച്ച്, ആരെയോ കാത്ത്

അറിയാവുന്ന അധികൃതരെയൊക്കെ വിളിക്കുന്നുണ്ട്. എല്ലാവര്‍ക്കും ഇരിക്കുന്ന സ്ഥലം വ്യക്തമാക്കിക്കൊണ്ട് മെസേജ് അയക്കുന്നുമുണ്ടായിരുന്നു. ഒന്നും അനുകൂലമായി സംഭവിക്കുന്നില്ലെന്ന് മാത്രം. കുത്തൊഴുക്കിലൂടെ വള്ളവും ബോട്ടും വരില്ലെന്നാണ് വിളിച്ചു കിട്ടുന്നവര്‍ പറയുന്നത്. പനി പൂര്‍ണമായും മാറുന്നതിനുമുമ്പേ കൂട്ടിക്കൊണ്ടുവന്ന കുട്ടികളാണ് കൂടെയുള്ളത്. അസുഖം മൂര്‍ച്ഛിച്ചാല്‍ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയില്ല. അവരുടെ അച്ഛനെയും അമ്മയെയും പോലും വിളിക്കാന്‍ കഴിയുന്നില്ല. വിളിച്ചുകിട്ടിയാലും അവര്‍ക്ക് എത്താന്‍ കഴിയാത്തവിധം പെട്ടുപോയിരിക്കുന്ന ഞങ്ങള്‍. കുഞ്ഞുങ്ങളെക്കാള്‍ ദയനീയമാണ് മിനിച്ചേച്ചിയുടെയും മാളുവിന്റെയും അവസ്ഥ. വീടുമാറി എവിടെയും പോയി താമസിച്ച് ശീലമില്ല രണ്ടുപേര്‍ക്കും. ബന്ധുവീടുകളിലേക്കുപോലും പോയി താമസിക്കാറില്ല. ഓരോ ഫോണ്‍കോള്‍ വരുമ്പോഴും മൂന്നുകുട്ടികളും മിനിച്ചേച്ചിയും ഓടിയെത്തും, വള്ളം വരുമോ എന്നു ചോദിക്കും. ഒന്നുമായില്ലെന്ന മറുപടി കേട്ട് അവര്‍ വീണ്ടുംപോയി കുത്തിയിരിക്കും. 

kerala flood

ഉച്ചഭക്ഷണത്തിനും സ്വയം നിയന്ത്രണം പാലിച്ചു.  കൂട്ടത്തിലുള്ള തുളസിച്ചേട്ടന് വയറിന് സുഖമില്ലാത്തതിനാല്‍ ബുദ്ധിമുട്ടിയിരിക്കുകയാണ്. ഭക്ഷണംകഴിഞ്ഞ് ഇരിക്കുമ്പോഴാണ് മോട്ടിയുടെ കാര്യം അവതരിപ്പിക്കുന്നത്. അതിനോടുള്ള മിനിച്ചേച്ചിയുടെയും കുട്ടികളുടെയും സ്‌നേഹം കണ്ടിട്ടാകണം ജ്യോതിച്ചേച്ചി അതിനെയും അഴിച്ചുകൊണ്ടുവന്ന് മുകളിലത്തെ നിലയില്‍ കെട്ടാന്‍ പറഞ്ഞു. ആകെ പാചകം ചെയ്യുന്ന ടെറസിന്റെ ഭാഗത്തുമാത്രമാണ് കുറച്ച് സ്ഥലമുള്ളത്. അവിടേക്ക് അങ്ങനെ മോട്ടിയുമെത്തി. ഉപേക്ഷിക്കേണ്ടിവരും എന്നു കരുതിയ അവന് വീണ്ടും കൂട്ടത്തില്‍ കൂടാന്‍ അവസരം കിട്ടി. 

വൈകുന്നേരമായപ്പോഴേക്കും ചില വള്ളങ്ങള്‍ അതുവഴി പോകുന്നത് കണ്ടു. കണ്ടമാത്രയില്‍ ചാടിവീണു ചോദിച്ചു, ഞങ്ങളെ ചെങ്ങന്നൂര്‍ വരെ ഇറക്കാമോ? രോഗികളെ രക്ഷിക്കാന്‍ പ്രദേശത്തുള്ള ചിലര്‍ വളരെ ബുദ്ധിമുട്ടി എത്തിച്ചതാണവ. എം.സി. റോഡിലും വെള്ളം കയറിയതിനാല്‍ തിരുവന്‍വണ്ടൂര്‍ ജങ്ഷനിലോ പ്രാവിന്‍കൂട് ജങ്ഷനിലോ എത്തിയിട്ട് കാര്യമില്ല. അവിടെനിന്ന് നീന്തുക എന്നത് എന്റെ കൂടെയുള്ള കുഞ്ഞുമനുഷ്യര്‍ക്ക് സാധിക്കുന്ന കാര്യമല്ല. 
 
കുടിവെള്ളം തീരുന്നു

വെള്ളം ഉയര്‍ന്നും ആരും രക്ഷിക്കാന്‍ എത്താതെയും ഭയം നിറഞ്ഞ മനസ്സോടെയും അന്നത്തെ പകല്‍ അവസാനിച്ചു. അപ്പോഴും മഴ ഒരുപിടിയും തരാതെ പെയ്തുകൊണ്ടിരുന്നു. ഇതിനിടയില്‍ പാലക്കാട്ടുനിന്ന് സഹപ്രവര്‍ത്തക പ്രജിനയുടെ വിളി. പ്രജിനയുടെ ഇടപെടലിനെ തുടര്‍ന്ന് അവര്‍ക്ക് പരിചയമുള്ള ഫയര്‍ഫോഴ്സ് അധികൃതര്‍ പാലക്കാട്ടുനിന്ന് എനിക്കുവേണ്ടി ആലപ്പുഴയിലേക്കും പത്തനംതിട്ടയിലേക്കും വിളിച്ചുകൊണ്ടിരുന്നു. എല്ലാവരും എന്റെ ലൊക്കേഷന്‍ ശേഖരിച്ച് അധികൃതര്‍ക്ക് കൈമാറി. വീണ്ടും രാത്രി ചെറിയ പ്രതീക്ഷ. 
വൈകീട്ട് കഞ്ഞിയും തോരനും അച്ചാറും കഴിച്ചു. എല്ലാവരും അകത്ത് ഉറങ്ങിയപ്പോള്‍ 'ഞങ്ങളെ കൊണ്ടുപോകാന്‍ വരുന്ന ബോട്ടും' കാത്ത് ഞാന്‍ പുറത്തുകിടന്നു. ഉറങ്ങിയിട്ട് ദിവസം രണ്ടായെങ്കിലും ബോട്ടുകാത്തിരിക്കുന്ന എന്റെ കണ്ണുകള്‍ അടയാന്‍ തയ്യാറായില്ല. 

Flood

രാത്രി ആറന്മുളയിലെ അയല്‍വാസിയായ പെണ്‍കുട്ടി ജീന ചെന്നൈയില്‍നിന്ന് വിളിക്കുമ്പോഴാണ് മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയി മരിച്ചവിവരം അറിയുന്നത്. വീട്ടിലെ വിവരം പറയാനാണ് ജീനയുടെ വിളി. ഞങ്ങളുടെ വിവരങ്ങള്‍ അറിയാതെ എന്റെ ഭാര്യ കരഞ്ഞ് നിലവിളിച്ച് കിടക്കുന്നു. കനത്തപനിയും ബാധിച്ചിട്ടുണ്ട്.  അതുകൂടി കേട്ടതോടെ നടുക്കം പൂര്‍ത്തിയായി. വെള്ളം കയറി മുങ്ങിക്കിടക്കുന്ന ആറന്മുളയില്‍നിന്ന് പുറംലോകത്തേക്ക് ഒരു തരത്തിലും പോകാനാകില്ല. ആ അവസ്ഥയില്‍ പനിബാധിച്ച ഭാര്യയെ അമ്മ എങ്ങനെ ആശുപത്രിയില്‍ കൊണ്ടുപോകും? എനിക്ക് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. ആറന്മുളയിലെ അറിയാവുന്ന നമ്പരുകളിലേക്ക് ഒക്കെ വിളിച്ചുനോക്കി, ഒന്നും പ്രവര്‍ത്തിക്കുന്നില്ല. 
വെള്ളം താഴുന്നുണ്ടോ എന്ന് അറിയാന്‍വേണ്ടി ഇടയ്ക്ക് പുറത്തേക്ക് ടോര്‍ച്ച് പ്രകാശിപ്പിച്ച് നോക്കിക്കൊണ്ടിരുന്നു. 

ഒട്ടും കുറവില്ലാതെ വെള്ളം ഉയരുകയാണ്. പിരിമുറുക്കത്തിനും ആശങ്കയ്ക്കും ഒട്ടും കുറവില്ലാതെ രാത്രി കടന്നുപോയി. നേരം പുലര്‍ന്നപ്പോള്‍ വീണ്ടും പ്രതീക്ഷയോടെ നോക്കിയിരിക്കുകയാണ്. രാവിലെ ചായ കുടിച്ചുകഴിഞ്ഞപ്പോഴാണ് ഞാന്‍ പ്രതീക്ഷിച്ച ഭീഷണിയെക്കുറിച്ച് പാചകം ചെയ്യുന്നിടത്തുനിന്ന് അവര്‍ പറയുന്നത്: 'വീട്ടിലെ ശുദ്ധജലം തീര്‍ന്നു'. അറിയാവുന്നവര്‍ക്കൊക്കെ മെസേജ് അയച്ചു. 'ശുദ്ധജലം തീര്‍ന്നു. പ്രളയജലം ഉപയോഗിക്കേണ്ടിവരും. ഭക്ഷണവും തീര്‍ന്നുകൊണ്ടിരിക്കുകയാണ്.' നെറ്റ്വര്‍ക്ക് തകരാറിലായതോടെ പുറത്തേക്കുള്ള കോളുകള്‍ പോകുന്നില്ല. വെള്ളം ചോദിക്കാന്‍ ഒരു മാര്‍ഗവുമില്ല. ജ്യോതിച്ചേച്ചി ആരെയൊക്കെയോ വിളിച്ചന്വേഷിച്ചപ്പോള്‍ വീട്ടിന് അടുത്തുള്ള ഒരു കിണര്‍ മുങ്ങിയിട്ടില്ലെന്ന് അറിഞ്ഞു.

flood

വള്ളവും ചങ്ങാടവുമില്ലാതെ അവിടെ പോയി വെള്ളം കൊണ്ടുവരാന്‍ കഴിയില്ല. ഏഴടിയോളം ഉയരത്തില്‍ റോഡില്‍ വെള്ളമുണ്ട്. ആ റോഡിലൂടെ പോയിട്ട് അതിലും ആഴമുള്ള ഇറക്കത്തിലേക്ക് കടന്നുവേണം  കിണറുള്ള വീട്ടിലേക്ക് എത്താന്‍. റോഡില്‍ ചങ്ങാടവും വള്ളവും ഒഴുക്കിക്കൊണ്ട് പോകുന്നരീതിയിലുള്ള കുത്തൊഴുക്കാണ് എങ്ങനെ പോകും?  എന്നിലെ കുട്ടനാട്ടുകാരന്‍ ഉണര്‍ന്നെണീറ്റു. ടെറസില്‍ അലക്ഷ്യമായി കൂട്ടിയിട്ട തെര്‍മോക്കോള്‍ കഷണങ്ങള്‍ കൂട്ടിക്കെട്ടി രണ്ടടി വലുപ്പത്തില്‍ ഒരു താത്കാലിക തട്ടമുണ്ടാക്കി. അതില്‍ കഞ്ഞിവയ്ക്കുന്ന കലം ഉറപ്പിച്ചു. വെള്ളത്തില്‍ അതിലും വലിയ പാത്രം താങ്ങാനുള്ള ശേഷി ആ തെര്‍മോക്കോള്‍ തട്ടത്തിനുണ്ടാവില്ല. 

മുറ്റത്തെ കഴുത്തൊപ്പം വെള്ളത്തിലേക്കിറങ്ങി. അവിടെ ആ വീട്ടിലെ നാലു കാറുകള്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. ആ കാറുകള്‍ക്കിടയിലൊക്കെ സഞ്ചരിച്ചിട്ട് വീട്ടിനുള്ളിലേക്ക് കയറാന്‍ കഴിയാത്ത വിഷമത്തില്‍ കാര്‍ ഷെഡിന്റെ അഴികളില്‍ കെട്ടിയിരിക്കുന്ന വലയ്ക്ക് മുകളില്‍ കയറിയിരിക്കുന്ന കരിമൂര്‍ഖനാണ് എന്നെ പുറത്തേക്ക് സ്വാഗതംചെയ്യുന്നത്. താഴത്തെ നിലയുടെ വാതില്‍ തുറന്ന് സഹായിക്കാന്‍ എനിക്കൊപ്പം താഴേക്കിറങ്ങിയവര്‍ പാമ്പിനെക്കണ്ട് ഭയന്ന് തിരിച്ചുകയറി. ഞങ്ങളെപ്പോലെ പ്രളയത്തില്‍ താമസിക്കാനിടം നഷ്ടപ്പെട്ടവനാണ്. അവന്‍ അവിടെത്തന്നെയിരിക്കട്ടെ എന്നു കരുതി റോഡിലേക്ക് നീങ്ങി. അവിടെനിന്ന് കിണറുള്ള വീട് ലക്ഷ്യമിട്ട് നീന്തിത്തുടങ്ങി.  എനിക്കൊപ്പം നീന്താന്‍ റോഡില്‍ ഒരു നീര്‍ക്കോലിയുമുണ്ട്. നീ എന്തിനാണ് എന്നെപ്പോലെ നീന്തുന്നതെന്ന് അതെന്നോട് ചോദിക്കുകയാണെന്ന് എനിക്കുതോന്നി. ഏതാണ്ട് 13 വര്‍ഷങ്ങള്‍ക്കുശേഷമാണ് നീന്തുന്നത്. ഏതാനും മിനിറ്റുകള്‍കൊണ്ട് കിണറുള്ള വീട്ടിലെത്തി. അപരിചിതനെ കണ്ടതിന്റെ ഒരു പരിചയക്കുറവ് ഉണ്ടെങ്കിലും വീട്ടുകാര്‍ കിണറ്റില്‍നിന്ന് വെള്ളം കോരിയെടുക്കാന്‍ പാത്രം നല്‍കി. 

flood

കുടിവെള്ളം കിട്ടിയതോടെ വീട്ടിലെ പെണ്‍മുഖങ്ങള്‍ വീണ്ടും തെളിഞ്ഞു. അടുക്കള ക്രമീകരിച്ചിരിക്കുന്നിടത്ത് പാചകം തുടങ്ങി. ഉച്ചയ്ക്കുള്ള കാര്യങ്ങള്‍ അങ്ങനെ കഴിഞ്ഞു. പുറത്തേക്കുള്ള വിളികള്‍ നടക്കുന്നില്ലെങ്കിലും മെസേജ് അയച്ചുകൊണ്ട് ഞാന്‍ രക്ഷകരെ എത്തിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. കൈയിലുണ്ടായിരുന്ന പവര്‍ ബാങ്കില്‍ ബാക്കിയുള്ള അല്പം ചാര്‍ജുകൂടി ഫോണിലേക്ക് കയറ്റിയതിനാല്‍ ഫോണ്‍ ഓഫ് ആകാതെ രക്ഷപ്പെട്ടു. ഇതിനിടയില്‍ കൊണ്ടുവന്ന വെള്ളം തീര്‍ന്നു. വീണ്ടും നീന്തുന്ന കാര്യം ചിന്തിക്കുമ്പോഴാണ് നിര്‍ത്താതെ പെയ്യുന്ന മഴ എന്തിനാണ് വെറുതേ കളയുന്നത് എന്ന് തോന്നിയത്്. ടെറസിനുമുകളില്‍ വിരിച്ചിരുന്ന ഷീറ്റുകളിലൊന്ന് നീക്കംചെയ്തു. അവിടെ ഒരു പഴയ മുണ്ട് കെട്ടി അതിന് നടുവില്‍ നിരത്തോടിന്റെ ചെറിയ കഷണങ്ങള്‍ ഇട്ട് വെള്ളം നേരെ മധ്യത്തിലേക്ക് എത്തിച്ച് അരിച്ചുപിടിക്കാനുള്ള സൗകര്യം ഒരുക്കി. 

ഇതിനിടയില്‍ ഭക്ഷണം തീര്‍ന്നുകൊണ്ടിരിക്കുകയാണെന്ന വിവരം അറിഞ്ഞു.  അവിടെയുണ്ടായിരുന്ന, വീട്ടില്‍ ചെലവഴിയാതിരുന്ന അവല്‍വരെ നനച്ച് ഉപയോഗിച്ച് കഴിഞ്ഞിരുന്നു.  വെള്ളത്തിന് വഴികണ്ടെത്തിയപ്പോള്‍ ഭക്ഷണത്തിന്റെ പ്രതിസന്ധി തലപൊക്കിയിരിക്കുന്നു. 15-ന് വൈകീട്ട് ഞങ്ങള്‍ എത്തിയപ്പോള്‍ ഞങ്ങള്‍ക്ക് വിഭവസമൃദ്ധമായി കഴിക്കാന്‍ ചെറിയമ്മ സാധനങ്ങള്‍ വാങ്ങിയ കട അടുത്തുതന്നെയാണ്. ഒറ്റരാത്രികൊണ്ട് അത് മുങ്ങിനശിച്ചുകഴിഞ്ഞു.  കുറച്ചെന്തെങ്കിലും വാങ്ങുന്നതിനായി ഞാന്‍ വീണ്ടും നിലയില്ലാക്കയത്തിലൂടെ (റോഡിലൂടെ) നീന്തി. കുറച്ച് സവാളയും നനവ് പടര്‍ന്നുതുടങ്ങിയ പഞ്ചസാരയും അല്പം റവയും ഗോതമ്പുപൊടിയും കിട്ടി. അതുമായി വീട്ടിലേക്ക് തിരിച്ചുനീന്തി. 
 

നീന്തി, നീന്തിയെടുത്ത ഭിക്ഷ... 

വൈകുമ്പോഴേക്കും കിഴക്കന്‍ വെള്ളത്തിന്റെ വരവ് നിലച്ചു. ബോട്ടുകളും വള്ളങ്ങളും ഒന്നും രണ്ടുമൊക്കെയായി പോകുന്നുണ്ടെങ്കിലും ആരും ഞങ്ങളുടെ വിളികള്‍ കാര്യമായി എടുക്കുന്നില്ല. അവര്‍ രോഗികളെയും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെയും തേടി പോകുകയാണ്. ഇടയ്ക്ക് പാലക്കാട്ടുനിന്ന് പ്രജിനയുടെ മെസേജ് കിട്ടി, അധികൃതര്‍ ബോട്ട് അയച്ചിട്ടുണ്ട്. എന്നാല്‍ അത് ഞങ്ങള്‍ നില്‍ക്കുന്ന സ്ഥലത്ത് എത്തുന്നതിനു മുമ്പേതന്നെ ആളുകള്‍ കയറി നിറയും. അതോടെ അവരെയുംകൊണ്ട് തിരിച്ചുപോകും. അതോടെ ബോട്ടിനുവേണ്ടി ഇനി കാത്തിരിക്കുന്നതില്‍ അര്‍ഥമില്ലെന്ന് തോന്നി. ഇരിക്കുന്ന വീടിനുമുകളിലൂടെ തലങ്ങും വിലങ്ങും പറക്കുന്ന ഹെലികോപ്റ്ററുകള്‍ ഞങ്ങളെത്തേടിയെത്തുന്നതാണോ എന്ന് കുട്ടികള്‍ എന്നോട് വന്നു ചോദിച്ചുകൊണ്ടിരുന്നു. 

flood

അപ്പോഴേക്കും ഇരട്ടക്കുട്ടികളില്‍ മൂത്തവള്‍ക്ക് പനിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. എന്റെ ഉള്ളില്‍ വീണ്ടും ആധി പെരുത്തു. ഒരുവശത്ത് പനികൂടിയാല്‍ കുട്ടിയെ എന്തുചെയ്യുമെന്ന ചിന്ത. മറ്റൊരുവശത്ത് തങ്ങള്‍ക്ക് അഭയം നല്‍കിയവരെ നിലയില്ലാക്കയത്തില്‍ ഉപേക്ഷിച്ച് രക്ഷപ്പെടുന്നത് മനുഷ്യത്വമല്ലെന്ന തോന്നല്‍. രക്ഷിക്കാനുള്ള ബോട്ടുവന്നാല്‍ എല്ലാവര്‍ക്കും കയറിപ്പോകാമെന്ന് ഞാന്‍ അവരോട് പറഞ്ഞു. വെള്ളത്തിന്റെ വരവ് നിലച്ചിരിക്കുന്നത് താത്കാലികമായിട്ടാണെന്നും മൂന്നടിവെള്ളം കൂടി ഉയരുമെന്നും വ്യാപകപ്രചാരണം നടക്കുന്നുണ്ട്. അതോടെ ഇവിടെ നില്‍ക്കുന്നത് ഇനിയും സുരക്ഷിതമല്ലെന്ന തോന്നലിലേക്ക് അവരും എത്തി. പക്ഷേ, എങ്ങനെ രക്ഷപ്പെടും? ആ വീട്ടില്‍ ഞങ്ങള്‍ക്ക് കിട്ടുന്ന സുരക്ഷിതത്വം ഏതെങ്കിലും ബോട്ടില്‍ കയറി പാതിവഴിയിലെത്തിയാല്‍ കിട്ടുമോ? ചുറ്റിലുമുള്ള വെള്ളംപോലെ ഉള്ളില്‍ ചോദ്യങ്ങളും പെരുകി.

ഇതിനിടയില്‍ തിരുവന്‍വണ്ടൂരില്‍ മാവേലി സ്റ്റോര്‍ തുറന്ന് നാട്ടുകാര്‍ക്ക് സാധനങ്ങള്‍ കൊടുക്കുന്നുവെന്ന് മുന്നിലൂടെ ചങ്ങാടത്തില്‍ പോയ ചിലര്‍ പറഞ്ഞു. അല്പം കഴിഞ്ഞപ്പോള്‍ വാഴപ്പിണ്ടികൊണ്ടുണ്ടാക്കിയ ചങ്ങാടത്തില്‍ മൂന്നുപേര്‍ അരിയുമായി വരുന്നു. ഒട്ടും മടിക്കാതെ, വെള്ളത്തിലേക്കിറങ്ങി അവര്‍ക്കരികിലെത്തി അരിക്ക് യാചിച്ചു. നനഞ്ഞ് കുതിര്‍ന്നുപോയതിനാല്‍ അരി അപ്പോള്‍ തന്നെ ഉപയോഗിക്കണമെന്ന് പറഞ്ഞാണ് തന്നത്. കൈയൂക്കുള്ളവര്‍ കടയിലെ പാക്കറ്റ് ഫുഡ് അടക്കമുള്ള സാധനങ്ങള്‍ കൊണ്ടുപോയിരിക്കുന്നു. 
 

വീണ്ടും നീന്തി, കെ.എസ്.ആര്‍.ടി.സി.യിലേക്ക് 

പനി ബാധിച്ച നന്ദനയ്ക്ക് രാത്രി ആ വീട്ടുകാരി കൈയിലുണ്ടായിരുന്ന മരുന്ന് കൊടുത്തു. എല്ലാവരും ഉറങ്ങാന്‍ കിടന്നു. ഞാന്‍ പതിവുപോലെ പുറത്ത് ഉറങ്ങാനെന്ന പേരില്‍ കിടന്നു. ഉറക്കം സംഭവിക്കുന്നില്ല. ആ രാത്രിയിലാണ് എനിക്ക് ഒരു കാര്യംകൂടി ബോധ്യപ്പെട്ടത്. അവിടെ മൂന്നോ നാലോ വീടുകളില്‍ മാത്രമേ ആളുകളുള്ളൂ. മറ്റുള്ളവരൊക്കെ എങ്ങനെയോ രക്ഷപ്പെട്ടിരിക്കുന്നു. ഇനിയും വൈകുന്നത് എന്തുവന്നാലും നന്നല്ലെന്ന് ഞാന്‍ ഉറപ്പിച്ചു. നേരം വെളുത്താല്‍ എങ്ങനെയും ചാടണം. നീന്താവുന്നിടത്തോളം നീന്തി വള്ളമോ ബോട്ടോ എന്തെങ്കിലും സംഘടിപ്പിക്കണം. 

flood

18-ാം തീയതി നേരം പുലര്‍ന്നു. രാവിലെ വെള്ളം ഇറങ്ങിത്തുടങ്ങിയത് ആശ്വാസമായി തോന്നി. വളരെ സാവധാനത്തിലാണ് ഇറക്കം. ഉച്ചയ്ക്കുശേഷം രക്ഷപ്പെടുന്നവരുടെ എണ്ണംകൂടി കണ്ടപ്പോള്‍ വീണ്ടും ആശങ്ക. വീടുകളില്‍നിന്ന് ഗര്‍ഭിണികള്‍ അടക്കമുള്ളവര്‍ രക്ഷപ്പെടുന്നു. അവരെ തിരുവല്ലയിലും മറ്റുമുള്ള ബന്ധുക്കള്‍ എങ്ങനെയോ വള്ളം സംഘടിപ്പിച്ച് രക്ഷിച്ചുകൊണ്ടുപോകുകയാണ്. വൈകുന്നേരമായപ്പോഴേക്കും തിരുവന്‍വണ്ടൂര്‍ ക്ഷേത്ര ജങ്ഷനില്‍ ഭക്ഷണവസ്തുക്കള്‍ വിതരണം ചെയ്യുന്നുണ്ടെന്നറിഞ്ഞു. ബുദ്ധിമുട്ടുണ്ടെങ്കിലും തുളസിച്ചേട്ടനും എന്റെ കൂടെ അവിടേക്ക് നീന്തി. കുത്തൊഴുക്കാണ് റോഡില്‍. അതു കടന്ന് ജങ്ഷനില്‍ എത്തിയപ്പോള്‍ ഒരു ടോറസ് ലോറിയില്‍ കുറെ ആളുകള്‍ കയറിയിരിക്കുന്നു. കോട്ടയത്തേക്ക് പോകുന്ന വണ്ടിയാണ് അത്. ഞാന്‍ അവര്‍ക്കടുത്തെത്തി ഞങ്ങളെ ചെങ്ങന്നൂരില്‍ വിടാമോ എന്ന് ചോദിച്ചു. പിറ്റേന്ന് രാവിലെ വണ്ടിയുണ്ടെന്നും അതില്‍പോകാന്‍ തയ്യാറായിക്കൊള്ളാനും പറഞ്ഞതോടെ രക്ഷ അടുത്തെത്തി എന്ന തോന്നല്‍. 

പോകുമ്പോള്‍ ഞങ്ങളെ അതുവരെ സംരക്ഷിച്ചവര്‍ പട്ടിണിയായിപ്പോകരുതല്ലോ. ഭക്ഷണവുമായി വന്ന വണ്ടിയില്‍ എല്ലാം തീര്‍ന്നിരിക്കുന്നു. അടുത്ത വണ്ടിവരുമെന്നറിഞ്ഞ് ഞങ്ങള്‍ അരയ്ക്കൊപ്പം വെള്ളത്തില്‍ അവിടെ കാത്തുനിന്നു. ഒരു വണ്ടി സാധനവുമായി വരുന്നു. അവിടെ കൂടിനിന്നവര്‍ വാഹനത്തെ പൊതിഞ്ഞു. അതിനിടയില്‍ ഞാനും. നാലു പാക്കറ്റ് റസ്‌ക്, ഒരു പാക്കറ്റ് ബ്രഡ്, ആറ്ു ഏത്തപ്പഴം, നാല് പാക്കറ്റ് ബിസ്‌കറ്റ്, ഒരു പാക്കറ്റ് മിക്‌സ്ച്ചര്‍ ഇത്രയും സംഘടിപ്പിച്ചു. കുടിവെള്ളം നല്‍കുന്ന വശത്ത് കനത്ത ഇടിയാണ്. ഇടയ്ക്കുകൂടി നുഴഞ്ഞുകയറിയ ഞാന്‍ കെയ്സ് വെള്ളവും ഒപ്പിച്ചു. അതുമായി വീട്ടിലേക്ക് മടക്കം.

വീട്ടിലെത്തിയപ്പോഴാണ് അറിയുന്നത്, ഭാര്യയുടെ ഫോണ്‍ വന്നു. ഞങ്ങളെ തേടി എന്റെ സഹോദരന്മാര്‍ വരുന്നു എന്നാണ് പറഞ്ഞത്. അപ്പോഴേക്കും നേരം സന്ധ്യയായി. പന്തളത്തുള്ള രണ്ടുചേട്ടന്മാരും അന്നുരാവിലെ ഏതൊക്കെയോ വഴിയിലൂടെ സഞ്ചരിച്ച് ആറന്മുളയിലെ വീട്ടില്‍ എത്തിയിരുന്നു. പ്രധാനപ്പെട്ട പാതകള്‍ എല്ലാം അടച്ചിരിക്കുന്നതിനാല്‍ ഏറെ പാടുപെട്ടാണ് അവര്‍ ആറന്മുളയില്‍ എത്തിയത്. 

കനത്ത മഴയുടെ അകമ്പടിയോടെയാണ് ചേട്ടന്മാരുടെ വരവ്. മുന്നില്‍ നീന്തുന്ന ആളിനെ കാണാന്‍പോലുമാകാത്ത വിധത്തില്‍ മഴയുണ്ട്. അവര്‍ വന്നുകയറിയപ്പോള്‍ ഞാന്‍ പറഞ്ഞു, കനത്ത മഴയാണ്, കുത്തൊഴുക്കുമുണ്ട്. മൂത്ത ചേട്ടന്‍ രമേശന്‍ പറഞ്ഞു, ഡാം വീണ്ടും തുറക്കുമെന്ന് പറയുന്നു. ഇനിയും ഇതുപോലെ ഒരവസരം കിട്ടില്ല. നീന്താം...
ഒട്ടും വൈകിയില്ല, ഏഴുമണിയോടെ ഞങ്ങള്‍ തയ്യാറെടുത്തു. അഭയംതന്നവരെ വിട്ടുപോരുമ്പോള്‍ ഒന്നേ ഉദ്ദേശിച്ചിരുന്നുള്ളൂ: ഒരാളെങ്കിലും രക്ഷപ്പെട്ടാല്‍ എവിടെനിന്നെങ്കിലും ഒരു ബോട്ടുമായി വരാം, അവരെ രക്ഷിക്കാം. 

flood


 
വാതത്തിന്റെ ബുദ്ധിമുട്ടും ഹൃദയത്തിന് പ്രശ്‌നവുമുള്ളതിനാല്‍ ചെറിയമ്മ നീന്താനില്ലെന്ന് പറഞ്ഞു. പട്ടിയെ അവിടെ നിര്‍ത്തുന്നതിനെക്കുറിച്ച് ആലോചിച്ചു. അവനെ അവിടെ വിട്ടുപോരാന്‍ കുട്ടികള്‍ തയ്യാറല്ല. അവിടെനിന്ന് പുറത്തുകടന്നശേഷം വള്ളമോ മറ്റോ സംഘടിപ്പിച്ച് തിരിച്ചുവന്ന് ആ വീട്ടിലുള്ളവരെയും പട്ടിയെയും കൊണ്ടുപോകാമെന്നാണ് കരുതിയത്.  കുട്ടികളെപ്പോലെ തന്നെ പട്ടിയും നിര്‍ത്താതെ ബഹളമുണ്ടാക്കിക്കൊണ്ടിരുന്നു. നാലുദിവസം ഞങ്ങള്‍ ഭക്ഷണമുണ്ടാക്കുന്നിടത്ത് കെട്ടിയിട്ടിട്ടും വിസര്‍ജിക്കാതെ പിടിച്ചുനിന്ന് സമയത്തിനൊത്ത് ഉയര്‍ന്നവനാണ് മോട്ടി. കുട്ടികളുടെ ജീവനാണ്. ഒടുവില്‍ അതിനെയും തോളത്തെടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

അങ്ങനെ ഞങ്ങള്‍ പ്രാവിന്‍കൂട് ലക്ഷ്യമായി നീന്തി. ഒന്നരക്കിലോമീറ്റര്‍ പിന്നിട്ടപ്പോഴേക്കും കെ.എസ്.ആര്‍.ടി.സി.യുടെ ഒരു ബസ് ദൂരെ വെള്ളത്തില്‍ കിടക്കുന്നു. ദുരന്തനിവാരണസേന വന്നതാണ്. അതിലേക്ക് ഞങ്ങളും ചാടിക്കയറി. കൂട്ടത്തില്‍ പട്ടിയെയും കയറ്റി. അപ്പോഴാണ് ഞാന്‍ എന്റെ വേഷം ശ്രദ്ധിക്കുന്നത്. നാലുദിവസമായി ശരീരത്തില്‍ പറ്റിപ്പിടിച്ചുകിടക്കുന്ന അടിവസ്ത്രമാണ് ഞാന്‍ ധരിച്ചിരിക്കുന്നത്. ഇന്നര്‍ ബനിയനില്‍ പ്രളയജലത്തിന്റെ ചെളിമുഴുവനുമുണ്ട്.  നനഞ്ഞുകുതിര്‍ന്ന ഒരു കൈലിയാണ് അധികമായി ഞാന്‍ ധരിച്ചിരിക്കുന്നത്. ബസ് മുന്നോട്ട് നീങ്ങിയപ്പോഴേക്കും നാവികസേന നാട്ടിലിറങ്ങിയതിന്റെ അടയാളങ്ങള്‍ കണ്ടു. പിറ്റേന്ന് രാവിലെതന്നെ ഞങ്ങള്‍ക്കഭയം തന്നവരെ നേവിയുടെ സംഘം രക്ഷിച്ചു എന്നറിഞ്ഞതോടെയാണ് പ്രളയത്തില്‍നിന്ന് പൂര്‍ണമായും രക്ഷപ്പെട്ടു എന്ന തോന്നല്‍ ഉണ്ടായത്.