ആ ചെറുപ്പക്കാരന്‍ ഇപ്പോള്‍ ഒരു അച്ഛനായിട്ടുണ്ടാകുമോ? 
അയാളുടെ ഭാര്യയെ നാവികസേനയോ കൊതുമ്പുവളളത്തില്‍ പോയ മത്സ്യതൊഴിലാളികള്‍ രക്ഷിച്ചിട്ടുണ്ടാവുമോ?
പ്രളയമിറങ്ങിയപ്പോള്‍ അവള്‍ തനിയെ നടന്ന് വരികയായിരുന്നോ?​

പ്രളയജലം എത്തുന്നതിന് ദിവസങ്ങള്‍ക്കു മുമ്പേ ഞങ്ങള്‍ ആലുവയില്‍ എത്തി. ഇടമലയാര്‍ അണക്കെട്ട് തുറന്ന ദിവസം. പെരിയാറില്‍ ഓരോ നിമിഷവും ഉയരുന്ന ജലനിരപ്പിന്റെ തോത് നോക്കി. ഇടമലയാറിലെ വെളളം ഒഴുകിയെത്തിയപ്പോഴും ആശ്വസിച്ചു. ഇല്ല, പെരിയാര്‍ കാര്യമായൊന്നും കവര്‍ന്നിട്ടില്ല.

ചെറുതോണിയിലെ ആദ്യ രണ്ടു ഷട്ടറുകളില്‍ നിന്ന് വെളളം കുതിച്ചെത്തിയപ്പോള്‍ ജലനിരപ്പ് ഉയര്‍ന്നെങ്കിലും ആലുവാപുഴ പിന്നെയും ശാന്തമായി ഒഴുകി. അതുവരെ കയ്യേറിവെച്ച ചിലതിനെ സ്പര്‍ശിച്ചായിരുന്നു ഇത്തവണ ഒഴുക്ക്. പക്ഷെ, ചെറുതോണിയിലെ അഞ്ചു ഷട്ടറുകളും മുല്ലപ്പെരിയാറില്‍നിന്നുളള വെളളവുംകൂടി എത്തിയ പുലര്‍ച്ചെ ആലുവ നഗരത്തില്‍ എലെത്തിയപ്പോള്‍ നഗരം പുഴയായി മാറിയിരുന്നു. പിന്നെ കണ്ടെതെല്ലാം അടുത്ത തലമുറയോട് പറഞ്ഞു കൊടുക്കേണ്ട വെളളപ്പൊക്ക കഥകള്‍. 

ജനനവും മരണവും ഈ പ്രളയത്തെ ശപിച്ചിട്ടുണ്ടാകാം. അതിന്റെ വേവലാതി പേരറിയാത്ത ആ ചെറുപ്പക്കാരനെ പോലെയുള്ളവര്‍ക്ക്, ദിവസങ്ങള്‍ക്കുളളില്‍ പിറന്നു വീഴാനിരുന്ന കണ്‍മണിയെ കാത്തിരുന്നവര്‍ക്ക്, പ്രിയപ്പെട്ടവര്‍ അവസാന ശ്വാസം വലിക്കുമ്പോള്‍ നിസഹായരായി നോക്കി നിന്നവര്‍ക്ക്... അവര്‍ക്കേ അതറിയൂ. 

പ്രളയദിനങ്ങളില്‍ പോലീസിനും രക്ഷാസംഘത്തിനുമെന്ന പോലെ, ഒരു പക്ഷെ അതില്‍ക്കൂടുതല്‍, ഫോണ്‍വിളികള്‍ വന്നത് മാധ്യമപ്രവര്‍ത്തകര്‍ക്കായിരിക്കും. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹപാഠികളുടെയും ജീവന്‍ രക്ഷിക്കാന്‍ അഭ്യര്‍ത്ഥിച്ച് ആശങ്കയും വിങ്ങലും കരച്ചിലും നിറഞ്ഞ വിളികള്‍. ജീവിതത്തോടുളള സ്നേഹം നിറയുന്ന ആ വിളികള്‍ക്കു മറുപടി പറയാതിരിക്കാനാവില്ല.

ഓരോ നിമിഷവും വാര്‍ത്തയായിരുന്നു. ആ തിരക്കിനിടയിലും എത്തിയ ഫോണ്‍വിളികള്‍ക്ക് കണക്കില്ല. സമയഭേദമന്യേ. കേരളത്തിന്റെ വിവിധ ദിക്കുകളില്‍നിന്ന്. ബെംഗളൂരു, ഡല്‍ഹി, കോയമ്പത്തൂര്‍, ഭോപ്പാല്‍, വഡോദര... ഗള്‍ഫില്‍നിന്നും അമേരിക്കയില്‍നിന്നും ഓസ്ട്രലിയയില്‍നിന്നും ഇറ്റലിയില്‍നിന്നും ഒക്കെ. 

ഓരോ ചാനലുകളുടെയും ഡി.എസ്.എന്‍.ജി. വാനുകള്‍ക്കും കാറുകള്‍ക്കും മുന്നില്‍ അവരുണ്ടായിരുന്നു- തങ്ങളുടെ പ്രിയപ്പെട്ടവര്‍ കുടുങ്ങി കിടക്കുന്ന സ്ഥലങ്ങളിലേക്ക് രക്ഷാദൗത്യത്തെ എത്തിക്കാന്‍, വാര്‍ത്ത നല്‍കാന്‍ ആവശ്യപ്പെട്ട്. അപരിചിതമായ നമ്പരുകള്‍, വിദൂരസൗഹൃദങ്ങളുടെ പരിചയപ്പെടുത്തല്‍ ആമുഖമാക്കിയവര്‍... മാധ്യമങ്ങള്‍ക്കു മാത്രമേ ഞങ്ങളെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യാനാകൂ എന്ന് പ്രതീക്ഷയോടെ പറഞ്ഞവര്‍.

aluva flood3

അവരില്‍ റാന്നിയിലെ വിദ്യാര്‍ത്ഥിനികളുണ്ട്. ചാലക്കുടിയിലെ പളളിയില്‍ കുടുങ്ങിയവരുണ്ട്. കാലടിയിലെ ഇതര സംസ്ഥാന തൊഴിലാളികളുണ്ട്. പറവൂരിലെയും കുന്നുംപുറത്തെയും സാധാരണക്കാരുണ്ട്. ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരുമുണ്ട്. ഒരു പരിചയവുമില്ലാതിരുന്നിട്ടും അവരുടെ ബന്ധുക്കള്‍ക്കുവേണ്ടി വിളിച്ച് -ഒന്നല്ല, ഒരുപാടു തവണ, രണ്ടും മൂന്നും ദിവസം- സൗഹൃദത്തിലായവരുണ്ട്. 

അവരോടൊക്കെ പറഞ്ഞു: ''ധൈര്യമായിരിക്കൂ. പോലീസിലും നാവികസേനയിലും റെസ്‌ക്യൂ ടീമിലും ഉടന്‍ അറിയിക്കാം. രക്ഷാപ്രവര്‍ത്തകര്‍ എത്തും. ഒന്നും സംഭവിക്കില്ല.'' ചാലാക്ക് മെഡിക്കല്‍ കോളജിന്റെ മുകള്‍ നിലയില്‍ കുടുങ്ങിയവര്‍ക്കു വേണ്ടി എണ്ണമറ്റ തവണ വിളിച്ച നേവല്‍ ബേസിലെ വനിതാ ഡോക്ടറെ പോലുളളവര്‍ക്ക് എത്ര രക്ഷാസംഘങ്ങളുടെ നമ്പര്‍ കൈമാറിയെന്ന് ഓര്‍ക്കാനാവുന്നില്ല. 

വിളിച്ചവരില്‍ ഏറിയ പങ്കിനും അറിയേണ്ടത് തങ്ങളുടെ പ്രിയപ്പെട്ടവരുള്ള സ്ഥലത്തേക്ക് എത്താനുള്ള വഴിയായിരുന്നു. അങ്ങോട്ടു പോവരുതെന്നും അപകടമാണെന്നും പറയാനുള്ള ആര്‍ജവത്തേക്കാള്‍ മുന്‍തൂക്കം നല്‍കിയത് രക്ഷാസംഘങ്ങളെ ബന്ധപ്പെടാനുള്ള വഴിക്കായിരുന്നു. ചിലര്‍ക്കെങ്കിലും വഴി പറഞ്ഞു കൊടുത്തു. പോവരുതെന്ന് അപേക്ഷിച്ചു. പ്രളയജലം ഇറങ്ങിപ്പോയപ്പോള്‍ കണ്ണീരിനും സന്തോഷത്തിനും ഇടയിലെ ഇടര്‍ച്ചയോടെ തിരികെ വിളിച്ച് നന്ദി പറഞ്ഞവരും സ്നേഹം പ്രകടിപ്പിച്ചവരും ഉണ്ട്. 

അടിയന്തരമായി ആലുവയില്‍ ജോലിക്ക് എത്താന്‍ ആവശ്യപ്പെട്ടപ്പോള്‍, ഏറെ വൈകാതെ തന്നെ മടങ്ങി പോകാമെന്നു കരുതി ഇട്ടിരുന്ന യൂണിഫോം മാത്രമെടുത്ത് ജോലിക്കെത്തിയ പോലീസുദ്യോഗസ്ഥര്‍- ഇവരില്‍ പലരും പിന്നീട് നാലുദിവസം കഴിഞ്ഞാണ് മടങ്ങിയത്- ചെളിവെളളം കയറിയ യൂണിഫോം രാത്രിയില്‍ അലക്കി ഉണങ്ങാനിട്ടശേഷം തോര്‍ത്തുമുണ്ട് ഉടുത്താണ് പലരും കിടന്നുറങ്ങിയത്.

aluva flood2

ആലുവ തോട്ടയ്ക്കാട്ടുകരയിലെ സൂപ്പര്‍ മാര്‍ക്കറ്റിനു മുന്നില്‍ കിടന്നുറങ്ങി, അലക്കിയ വസ്ത്രം വീശിയുണക്കിയ കേന്ദ്രസേനാംഗങ്ങള്‍. മാര്‍ത്താണ്ഡ വര്‍മ്മ പാലത്തില്‍ കെ.എസ്.ആര്‍.ടി.സി. ബസ് കൊണ്ടുവന്ന് പകല്‍ മുഴുവനും പാര്‍ക് ചെയത് അതില്‍ വിശ്രമിച്ച്, ഉറങ്ങി, തുണിയലക്കി ഉണങ്ങാനിട്ട സേനാംഗങ്ങള്‍. അങ്ങനെ പ്രളയബാധിതര്‍ക്കു മാത്രമല്ല, പ്രളയത്തെ നേരിടാന്‍ എത്തിയവര്‍ക്കും സമാനതകളില്ലാത്ത ദുരിതക്കാഴ്ചകളുടെ ദിനങ്ങള്‍.

ആരും പറയാതെ കൈയ്യിലെ കാശുമെടുത്ത് ബ്രഡും ഏത്തപ്പഴവും ചുക്കുകാപ്പിയുമായി മെട്രോ സ്റ്റേഷനരികെ 
കാത്തുനിന്ന് എല്ലാവര്‍ക്കും ആശ്വാസമേകിയ ആ നല്ല മനുഷ്യന്‍. ടിപ്പര്‍ ലോറിയില്‍ കുടുംബത്തിനൊപ്പം അന്യരുടെ ജീവന്‍ രക്ഷിക്കാന്‍ എത്തിയ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍. വളയം പിടിച്ചുകൊണ്ടിരിക്കെ ആരോ നീട്ടിയ ബ്രഡ് കടിച്ചു തിന്ന് മറുകൈ കൊണ്ട് വലിയ ടിപ്പര്‍-ടോറസുകള്‍ സാഹസികമായി വെളളത്തിലൂടെ പായിച്ച ഡ്രൈവര്‍മാര്‍. കണ്ടെയ്നറുകള്‍ക്കുളളില്‍ വരെ ആളുകളെ കയറ്റി മറുകരെയെത്തിച്ച ഇതരസംസ്ഥാന ലോറിക്കാര്‍. ആഡംബര കാറുകളില്‍മാത്രം യാത്രചെയ്യുന്നതിനിടെ ടോറസിന്റെ പളളയ്ക്കുളളിലേയ്ക്ക് ഏണിവച്ച് കയറാന്‍ നിര്‍ബന്ധിതരായവര്‍. 

കൊലയാളികളെന്നു പൊതുവെ വിളിപ്പേരുളള ടിപ്പര്‍ -ടോറസുകളെ ആരും സ്നേഹിച്ചുപോയ നിമിഷങ്ങള്‍. അവയെ സ്നേഹത്തോടെ കൈ കാണിച്ച് വിളിച്ച് യാത്രക്കാരെ കയറ്റാന്‍ നിര്‍ദേശിക്കുന്ന പോലീസുകാര്‍. സ്വന്തം കുടുംബത്തെ ദുരിതാശ്വാസ ക്യാമ്പില്‍ നിര്‍ത്തി രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത്. വിഴിഞ്ഞത്തു നിന്ന് അര്‍ദ്ധരാത്രി ആലുവയിലെത്തി കടത്തിണ്ണയില്‍ കിടന്നുറങ്ങി പുലര്‍ച്ചെ ആറുമണിക്ക് മാധ്യമപ്രവര്‍ത്തകരല്ലാതെ മറ്റാരും എത്തും മുമ്പെ, അവരോട് വഴിചോദിച്ച് വളളവുമായി ഇറങ്ങിയ മനുഷ്യരെ രക്ഷിക്കാന്‍ പോയ മത്സ്യത്തൊഴിലാളികള്‍.
സ്നേഹം നിറയുന്ന കാഴ്ചകള്‍. മനസ്സു നിറഞ്ഞ ദിനങ്ങള്‍.

രക്ഷാപ്രര്‍ത്തനത്തിനെത്തിയ തുമ്പ സെന്റ് സേവ്യേഴ്സ് കോളജിലെ ജേണലിസം വിദ്യാര്‍ഥി കൂടിയായ പ്രദീപ് പറഞ്ഞ വാക്കുകളില്‍ ആത്മാര്‍ത്ഥത മുഴുവനുമുണ്ട്: ''ഇവിടെയിങ്ങനെ ആളുകള്‍ ജീവനുവേണ്ടി വിളിക്കുമ്പോ വെളളത്തെ അറിയാവുന്ന ഞങ്ങള്‍ക്ക് അവിടെയിരിക്കാനാകുമോ? വണ്ടിയെടുത്ത് ഇങ്ങോട്ട് പോന്നു. മറ്റന്നാള്‍ ചേട്ടന്റെ കല്യാണമാണ്. അതൊക്കെയവിടെ എങ്ങനെയേലും നടക്കും.''

ഡി.എസ്.എന്‍.ജി. വാനിലിരുന്ന് ആരോ ശേഖരിച്ചുവച്ച നാരങ്ങാ അച്ചാര്‍ മാത്രമുളള ഭക്ഷണം രുചിയോടെ കഴിക്കുമ്പോഴാണ് ആധിയോട് അയാളെത്തിയത്: ''അവരോടൊന്നു പറയൂ സര്‍, ഭാര്യ എട്ടു മാസം ഗര്‍ഭിണിയാണ്... അവള്‍ക്ക് നല്ല സുഖമില്ല. വളളം കിട്ടാനില്ല. ആ പോലീസുകാരോടൊന്നു പറയൂ...'' 

aluva flood

സ്ഥലത്തുണ്ടായിരുന്ന പോലീസുകാരോടും നാവികസേനാംഗങ്ങളോടും അയാളുടെ അവസ്ഥ പറഞ്ഞു. എല്ലാവരെയും രക്ഷിക്കുമെന്ന അവരുടെ ഉറപ്പ് അയാളെ വിശ്വസിപ്പിക്കാനേ അപ്പോള്‍ കഴിയുമായിരുന്നുളളു. നാവികസേനയെ ബന്ധപ്പെടാന്‍ കഴിയുന്ന എല്ലാ വഴികളും അയാള്‍ക്ക് പങ്കുവച്ചു.

പക്ഷെ, പിറ്റേന്നു രാവിലെയും അയാള്‍ വന്നു. ''ഒന്നുമായില്ല സാര്‍, ഇന്നലെ അവിടെ ആരും എത്തിയില്ല. ഇന്ന് എങ്ങിനെയെങ്കിലും എനിക്കവളെ പുറത്തെത്തിക്കണം.'' ജംഗ്ഷനില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ തിരക്കില്‍ റൂറല്‍ എസ്.പി നില്‍ക്കുന്നു. ഇന്ന് അവരെ പുറത്തെത്തിച്ചിരിക്കുമെന്ന് അദേഹത്തിന്റെ ഉറപ്പ്. ആ ഉറപ്പില്‍ അയാള്‍ക്ക് വിശ്വാസവും ആശ്വാസവുമായതു പോലെ. 

അയാളുടെ ഭാര്യയെ നാവികസേനയാകുമോ രക്ഷിച്ചിട്ടുണ്ടാകുക? 
മലവെളളമെന്ന കൊമ്പന്‍ സ്രാവിനെതിരേ തുഴഞ്ഞ് കൊതുമ്പു വളളത്തില്‍പോയ മത്സ്യതൊഴിലാളികള്‍ അവളെ കണ്ടിട്ടുണ്ടാവുമോ? 
അതുമല്ലങ്കില്‍ പ്രളയം ഇറങ്ങിയപ്പോള്‍ അവള്‍ കുഞ്ഞുജീവനെയും ചുമന്ന് തനിയെ നടന്ന് വന്നോ?