മഴ പെയ്യുന്നുണ്ടായിരുന്നു. പെയ്യുന്നു എന്ന് പറഞ്ഞാല്‍ പോരാ കോരി ഒഴിക്കുന്നുണ്ടായിരുന്നു. ആഗസ്റ്റ് 13ന് ഉച്ച കഴിഞ്ഞ പമ്പയിലേക്ക് തിരിക്കുമ്പോള്‍ രണ്ട് കാര്യങ്ങളായിരുന്നു മനസില്‍. ഒപ്പമുള്ള അബൂക്കയ്ക്ക് ( ചീഫ് ഫോട്ടോഗ്രാഫര്‍ കെ. അബൂബക്കര്‍) നല്ലൊരു പടത്തിന് സാധ്യതയുണ്ട്. ഇതേ വരെ കണ്ടിട്ടില്ലാത്ത പമ്പയുടെ രൗദ്രമുഖമാണ്  കാത്തിരിക്കുന്നതെന്ന് പമ്പയില്‍ നിന്ന് നമുക്ക് വിവരങ്ങള്‍ തരുന്ന വിനു അട്ടത്തോട് പറഞ്ഞിരുന്നു. പമ്പയില്‍ എല്ലാ ദിവസവും വരുന്ന തൊഴിലാളിയാണ് വിനു. വാര്‍ത്തകള്‍ മനസിലാക്കാന്‍ വലിയ കഴിവുള്ള ചെറുപ്പക്കാരന്‍ കൂടിയാണ് വിനു. എന്നും കാണുന്ന പോലല്ല ഇപ്പോഴുള്ള സ്ഥിതിയെന്ന് വിനു ആശങ്കയോടെ പറയുമ്പോള്‍ തന്നെ മനസ് ഇളകി. പമ്പയ്ക്ക് താഴെയുള്ള ഞങ്ങളുടെ റാന്നി, പിന്നെ ആറന്‍മുള, ചെങ്ങന്നൂര്‍..

15ന് ശബരിമല നിറപുത്തിരിയാണ്. ഞങ്ങള്‍ ചെല്ലുന്നതിന്റെ പിറ്റേന്ന് നട തുറക്കും. 14ന് പുലര്‍ച്ചേ തന്ത്രി അവിടെയുണ്ടാകണം. ശബരിമല പൂജകള്‍ക്ക് തന്ത്രിയുടെ സാന്നിധ്യം നിര്‍ബന്ധമാണ്. പമ്പ കടന്ന് തന്ത്രിയ്‌ക്കോ അയ്യപ്പന്‍മാര്‍ക്കോ സന്നിധാനത്ത് എത്താന്‍ കഴിയുമോ.. ആര്‍ക്കും നിശ്ചയമില്ല. മന്ത്രി മാത്യു ടി.തോമസ് ഞങ്ങള്‍ പമ്പയില്‍ എത്തിയ സമയത്ത് അവിടെ വന്നു. ത്രിവേണി കവിഞ്ഞ് വെള്ളം ഒഴുകുന്നു. ശബരിഗിരി പദ്ധതിയുടെ കക്കി ആനത്തോട് ഡാം തുറന്നിരിക്കുകയാണ്. പമ്പാ നടപ്പാലം കാണാനില്ല. സൂക്ഷിച്ച് നോക്കിയപ്പോള്‍ ഒരു രേഖ പോലെ അത് കാണാം. ആര്‍ക്കും പമ്പ കടക്കാന്‍ കഴിയില്ലന്ന് മന്ത്രി പറഞ്ഞു. തന്ത്രി എങ്ങനെ ചെല്ലും. പുല്ലുമേട് വഴി ആലോചിക്കാം എന്നായിരുന്നു മറുപടി.

കുറച്ച് പടങ്ങള്‍ കൂടി എടുത്ത് ഞങ്ങള്‍ മടങ്ങി. 14ന് രാവിലെ വീണ്ടും പമ്പയില്‍. ഇന്നലെ കണ്ടതൊന്നും പമ്പയില്‍ ഇപ്പോള്‍ കാണാനില്ല. നടപ്പാലത്തോട് ചേര്‍ന്ന് നില്‍ക്കുന്ന വന്‍മരം ചരിഞ്ഞിരിക്കുന്നു. പുഴ കടന്ന് കാട്ടിലെ മരങ്ങള്‍ വരുന്നു. പാലത്തിന്റെ കൈവരികളില്‍ ഇടിച്ച് ചിതറുന്നു. തന്ത്രി പോകുമോ , നിറപുത്തിരിക്കുള്ള കതിര് എങ്ങനെ സന്നിധാനത്ത് എത്തിക്കും.. ഇതൊന്നിനും ഉത്തരം പറയാന്‍ ആര്‍ക്കും കഴിയുന്നില്ല. ദേവസ്വം ഭാരവാഹികള്‍ നിലയ്ക്കല്‍ എത്തിയെന്ന് അറിഞ്ഞ് ഞങ്ങള്‍ അവിടേക്ക് മടങ്ങി. തന്ത്രി കണ്ഠര് മഹേശ്വരര് മോഹനരും ശബരിമല യാത്രയ്ക്ക് തയ്യാറായി നിലയ്കല്‍ എത്തിയിട്ടുണ്ട്. തന്ത്രിയും സംഘവും കതിരുമായി പുല്ലുമേട് വഴി പോകാന്‍ തീരുമാനിച്ചു. എരുമേലി, വണ്ടിപ്പെരിയാര്‍ വഴി വള്ളക്കടവിലെത്തി ഉപ്പുപാറ വഴി പുല്ലുമേട് കടന്ന് സന്നിധാനത്തേക്ക് .... ഇതാണ് യാത്ര. തന്ത്രി പുറപ്പെടുന്ന പടവും എടുത്ത് ഞങ്ങള്‍ പമ്പയിലേക്ക് മടങ്ങി. പ്ലാന്തോട് എത്തിയപ്പോള്‍ യാത്ര പറ്റില്ല. വന്‍മരം റോഡിലേക്ക് വീണിരിക്കുന്നു. ഇടയ്ക്കിടെ മണ്ണിടിയാന്‍ തുടങ്ങുന്നു. ഞങ്ങള്‍ വനത്തില്‍ കുടുങ്ങി. അഗ്‌നിരക്ഷാസേന വന്ന് മരം മുറിച്ചു തുടങ്ങി. മൂന്ന് മണിക്കൂറിന് ശേഷം റോഡ് തുറന്നു. ഞങ്ങള്‍ പമ്പയില്‍ മടങ്ങിയെത്തി. രാവിലെ പമ്പയില്‍ കണ്ടതൊന്നും ഇപ്പോഴില്ല. അതെല്ലാം വെള്ളത്തിനടിയില്‍. പോലീസ് അവിടെയുള്ളവരെ ഒഴിപ്പിച്ച് നിലയ്ക്കലേക്ക് മാറ്റി. ഞങ്ങള്‍ നടപ്പാലം കയറി നല്ലൊരു പടത്തിന് സാധ്യത നോക്കി.പോലീസ് ഓടിവന്നു. ദയവുചെയ്ത് പാലത്തില്‍ കയറരുത്. ഒഴുക്ക് അപകടകരം.ഇതിനിടെ അട്ടത്തോട്ടിലെ നാല് തൊഴിലാളികള്‍ കതിരുമായി പുഴയുടെ നിറവിലേക്ക് ചാടി. ഞെട്ടിയ നിമിഷങ്ങള്‍. അവര്‍ എന്നും നീന്തുന്ന പുഴ. അമ്മയേപ്പോലെ പുഴ അവരെ കരുതി. ഒരു ഫോട്ടോയ്ക്ക് പോലും പറ്റാത്ത വിധം വേഗത്തില്‍ അവര്‍ നീന്തി മറഞ്ഞു. നീരൊഴുക്ക് കടന്ന് അവര്‍ അക്കരെ പറ്റി. ഏത് കുത്തൊഴുക്കിലും പിടിച്ചുനില്‍ക്കുന്ന മനുഷ്യന്റെ കരുത്തിന്റെ മുഖമാണ് കണ്ടത്. പക്ഷേ പിന്നീട് കാണാനിരിക്കുന്നതെല്ലാം നിസ്സഹായനായ മനുഷ്യന്റെ രൂപങ്ങളായിരുന്നു. പ്രളയം നാളെയെന്ന് ആരും കരുതിയില്ലെങ്കിലും.

ഞങ്ങള്‍ പുഴയോരത്ത് നിന്ന് മാറുമ്പോഴേക്കും രാവിലെ ചരിഞ്ഞ് നിന്ന വന്‍മരം പാലത്തിലേക്ക് വീണു. പമ്പയുടെ ഒഴുക്കിന്റെ ശബ്ദം മാറുന്നു. പച്ചമണ്ണിന്റെ മണം പരക്കുന്നു. രാത്രിയോടെ മടങ്ങുമ്പോഴേക്കും വാഹനങ്ങള്‍ കിടന്നിരുന്ന മൈതാനത്തിന്റെ അരിക് പുഴയിലേക്ക് വീണുപോയിരുന്നു.

പോരുന്ന വഴി കാണാം.. പമ്പ ഞങ്ങള്‍ക്കൊപ്പം വരുന്നു. വഴികളെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍. രാത്രി പത്തനംതിട്ട ഓഫീസിലെത്തി വാര്‍ത്തയും കൊടുത്ത് റാന്നിയെത്തുമ്പോള്‍ വെള്ളം കരകളെ കവിഞ്ഞ് കയറിത്തുടങ്ങിയിരുന്നു. സന്നിധാനത്തേക്ക് പുല്ലുമേട് വഴി പോയിരുന്ന തന്ത്രിയും സംഘവും ഉപ്പുപാറയില്‍ കുടുങ്ങിയെന്ന് വനപാലകര്‍ അറിയിച്ചു.

രാത്രി 11.30. ഞാന്‍ പുഴ കടന്ന് റാന്നി പിന്നിട്ടപ്പോഴേക്കും അവിടം മുങ്ങിത്തുടങ്ങി.പുലര്‍ച്ചെ 1.30...റാന്നി വെളളത്തിലായി. റാന്നിയും പരിസരപ്രദേശങ്ങളും ഇരുളില്‍. ഇത്രയും വെള്ളം ആരും പ്രതീക്ഷിച്ചിട്ടില്ല. വീടുകളില്‍ നിന്ന് ആരെയും മാറ്റിയിട്ടില്ല. മഴ തോരാതെ പെയ്യുന്നു. 15ന് പുലര്‍ച്ചെ റാന്നിക്കാരില്‍ മിക്കവരും ക്യാമ്പിലേക്ക് എത്തി. ഞങ്ങളുടെ വീടിരിക്കുന്ന മക്കപ്പുഴ ഒരു കാലത്തും വെള്ളം കയറാത്ത ഇടമാണ്. വയല്‍ കവിഞ്ഞതോടെ വീടിന്റെ മുറ്റത്തും വെള്ളം കയറി. റാന്നിയില്‍ ബോട്ടുകളും കുട്ടവഞ്ചികളും ജനങ്ങളുമായി യാത്ര തുടര്‍ന്നു. ചെത്തോങ്കര ജംങ്ഷനില്‍ വെള്ളം കാണാന്‍ വന്നവരെ ഭയപ്പെടുത്തി ഒരു തള്ളലുണ്ടായി. വെള്ളം ഏറുകയാണ്. കാഴ്ചയുടെ കൗതുകം നഷ്ടമായവര്‍ പിന്നിലേക്ക് ഓടി. ഓടാവുന്നത്ര ദൂരത്തേക്ക്. റാന്നി അക്കരെ എത്തിയ ഫോട്ടോഗ്രാഫര്‍ അബൂക്ക വിളിക്കുന്നു. നീയെവിടെയാ... ഞാനിക്കരെ ഉണ്ടെന്ന് പറഞ്ഞു. വേഗം റാന്നി പെരുമ്പുഴയില്‍ നിന്ന് പിന്നിലേക്ക് പത്തനംതിട്ട ഭാഗത്തേക്ക് മടങ്ങാന്‍ ഞാന്‍ പറഞ്ഞു. മാതൃഭൂമി ചാനല്‍ സംഘത്തില്‍ റിപ്പോര്‍ട്ടര്‍ വിദ്യയും ക്യാമാറാമാന്‍ സുധീഷും വാഹന സാരഥി ആസാദും. ഇവര്‍ക്കൊപ്പം അബൂബക്കറും റാന്നി പോലീസ് സ്‌റ്റേഷന്‍ ഭാഗത്തേക്ക് മടങ്ങിയെന്ന് ഒരു പോലീസുകാരന്‍ മൊബൈലില്‍ അറിയിച്ചു. പിന്നെ മൊബൈലുകള്‍ നിശ്ചലമായിത്തുടങ്ങി.അവര്‍ വന്ന വഴിയില്‍ പലതും മുങ്ങിപ്പോയിരുന്നു. ഒരു വിധം പത്തനംതിട്ടയില്‍ അവര്‍ എത്തിയെന്ന് പിന്നീടാണ് അറിഞ്ഞത്. ഞാന്‍ മക്കപ്പുഴയിലേക്കും. പിറ്റേന്ന് പ്രവൃത്തി ദിനമാണ്. വാര്‍ത്ത കൊടുക്കണം. റാന്നി കടക്കാന്‍ വഴിയില്ല. ചുങ്കപ്പാറ, മല്ലപ്പള്ളി വഴി പോയാല്‍ അവിടെയും വെള്ളമാണ്. തല്‍ക്കാലം റാന്നിയിലേക്ക് പോയി. മൊബൈല്‍ ഫോണുകള്‍ റാന്നിയില്‍ നിശ്ചലമാകുന്നു. ഇടയ്‌ക്കെപ്പോഴോ റേഞ്ച് വന്നു. വിവരം ഒന്നൊന്നായി വരുന്നു..കോഴഞ്ചേരി ഓഫീസ് മുങ്ങിപ്പോയി.പന്തളത്ത് വെള്ളം കയറി. തിരുവല്ല ലേഖകന്‍ ഉല്ലാസ് കുമാര്‍, പൊടിയാടി ലേഖകന്‍ ശ്രീകുമാര്‍, പത്തനംതിട്ടയിലെ ലേഖകന്‍ ലിജോ ജോര്‍ജ്ജ് എന്നിവരുടെ വീടുകള്‍ മുങ്ങിയിരിക്കുന്നു. പത്തനംതിട്ടയില്‍ നിന്ന് വെള്ളം കയറിയപ്പോള്‍ ഇരവിപേരൂര്‍ക്ക് മടങ്ങിയ ലേഖകന്‍ രാജേഷ് ആര്‍. നായരുടെ വീടു വഴി വരെ വെള്ളമുണ്ട്. നെല്ലാട് കവല മുങ്ങിപ്പോയി. സീതത്തോട് ഉരുള്‍പൊട്ടലുകള്‍ തുടരുന്നുവെന്ന്  സജികുമാര്‍ അറിയിച്ചു. അവിടെ ടവ്വറുകള്‍ കേടായി. ബി.എസ്.എന്‍.എല്ലിന്റെ ഓഫീസ് വളപ്പില്‍ കയറി നിന്നാണ് വിളിക്കുന്നതെന്ന് സജി പറഞ്ഞു. എത്ര പേര്‍ മരിച്ചു. കണക്ക് കിട്ടിയിട്ടില്ല. ഇതിനിടെ കോന്നിയും പത്തനംതിട്ട ടൗണും വെള്ളത്തിലായി. ബ്യൂറോ ചീഫ് ടി.അജിത് കുമാറിനെ വിളിച്ചു. അദ്ദേഹവും വീട്ടില്‍ വെള്ളം കയറി ക്യാമ്പിലേക്ക് നീങ്ങുന്നു. വാര്‍ത്ത അയക്കണം. പത്തനംതിട്ട ഓഫീസില്‍ എത്തിയിട്ടും കാര്യമില്ല. ടൗണില്‍ വൈദ്യുതിയും നെറ്റുമില്ല. പോകാന്‍ കഴിയുകയുമില്ല. പത്തനംതിട്ട കോട്ടയം ജില്ലകളുടെ അതിര്‍ത്തിയിലെ ഒരു ടവ്വര്‍ പ്രവര്‍ത്തിച്ചിരുന്നത് കൊണ്ടാകണം എന്റെ ഫോണ്‍ നെറ്റ് വര്‍ക്ക് നിലനിര്‍ത്തി.

prahladan

തൊട്ടടുത്ത ജില്ലയിലാണ് മണിമല. റാന്നിക്ക് സമീപമുള്ള പട്ടണമാണ്. അവിടെ സുഹൃത്ത് കളരിക്കല്‍ അനിലേട്ടനെ വിളിച്ചു. നേരെ ലാപ്‌ടോപ്പുമായി അവിടേക്ക് പോയി.അവിടെ വൈദ്യുതിയുണ്ട്. നെറ്റും കിട്ടുന്നു.പവ്വര്‍ ബാങ്കും എടുത്തു. രണ്ട് മണിയോടെ കിട്ടാവുന്ന ലേഖകന്‍മാരെ എല്ലാം വിളിച്ചു. മൊബൈല്‍ തകരാര്‍ ആയതിനാല്‍ അവരില്‍ പലരും നേരിയ റേഞ്ചുള്ള ഇടങ്ങളിലേക്ക് എത്തി. കഴുത്തറ്റം വെള്ളത്തില്‍ നിന്ന് കയറിവന്ന് പൊടിയാടി ലേഖകന്‍ അവിടുത്തെ വിവരങ്ങള്‍ തന്നു. മറ്റുള്ളവരും  വിളിക്കുന്നു. തല്‍ക്കാലം ജില്ലാ ഓഫീസ് മണിമലയായി. പത്തനംതിട്ട ജില്ല പൂര്‍ണമായും ഒറ്റപ്പെട്ടു തുടങ്ങുന്നു. മെല്ലെ മെല്ലെ പലരുടേയും ഫോണ്‍ നിശ്ചലമായിത്തുടങ്ങി.ടവ്വറുകളില്‍ ഇന്ധനം തീര്‍ന്നു. അവശ്യവസ്തുക്കളുടെ ക്ഷാമം, മരുന്ന് ഇല്ലാതെ രോഗികളുമായി ആംബുലന്‍സുകളുടെ നെട്ടോട്ടം. കുടുംബവീട്ടിലേക്ക് മാറിയ ഞാന്‍ രാത്രി എന്തെങ്കിലും വാര്‍ത്ത അടിക്കേണ്ടി വന്നാല്‍ ഒരു ബാറ്ററിയില്‍ അല്‍പ്പം വൈദ്യുതി ബാക്കിവെച്ചിരുന്നു.അതായിരുന്നു രാത്രിയിലെ ഏക പ്രതീക്ഷയും. പക്ഷേ ഒരു ആംബുലന്‍സ് റോഡരികില്‍ വന്നു നിന്നു. അവശനിലയിലുള്ള രോഗിയാണ് ഉള്ളില്‍. ജീവന്‍ രക്ഷാ ഉപകരണങ്ങളിലൊന്ന് ചാര്‍ജ്ജ് തീര്‍ന്ന് പ്രവര്‍ത്തനം നിലയ്ക്കുന്നു. 10 മിനിറ്റ് ചാര്‍ജ്ജ് ചെയ്യണം. ഞാന്‍ അവരെ വിളിച്ചു. വാര്‍ത്തയ്ക്ക് വെച്ചിരുന്ന ബാക്കി വൈദ്യുതി അവര്‍ക്ക് നല്‍കി. ആംബുലന്‍സ് ഡ്രൈവറുടെ മുഖത്ത് ആശ്വാസം നിറഞ്ഞു. എത്രയും വേഗം കാഞ്ഞിരപ്പള്ളിയിലേക്ക് ആംബുലന്‍സ് കുതിച്ചു.

മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍നമ്പരുകള്‍ ചേര്‍ത്ത് ജില്ലാ രക്ഷാ ഏകോപന കേന്ദ്രത്തില്‍ ഒരു വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. മണിമലയില്‍ നിന്ന് കടമെടുത്ത ചാര്‍ജ്ജില്‍ എന്റെ ഫോണ്‍ ഒരിക്കല്‍ പോലും ഓഫായില്ല.രാവും പകലും രക്ഷ തേടിയുള്ള വിളികള്‍.അധികവും ഗള്‍ഫ് നാടുകളില്‍ നിന്ന്. വെള്ളം കയറി വീടിന് മേലേ കയറിയപ്പോള്‍ അന്യനാടുകളിലെ മക്കളെ വിളിച്ചതാണ് അവര്‍. മടക്കിവിളിക്കുമ്പോള്‍ അച്ഛനെയും അമ്മയേയും കിട്ടുന്നില്ല. കൈവശമുള്ള ബോട്ട്, വള്ളം, സൈനിക നമ്പരുകളിലേക്ക് വിളിച്ചുകൊണ്ടിരുന്നു. അവരും തിരക്കിലാണ്. പലയിടത്തും പഞ്ചായത്ത് അംഗങ്ങള്‍ തന്നെ ബോട്ട് എത്തിച്ചുകൊടുത്തു. അടുത്ത ബന്ധുക്കള്‍ പലരും മേല്‍ക്കൂരയിലാണ്. അവരും വിളിക്കുന്നുണ്ട്. പുഴയുടെ തീരത്ത് റബ്ബര്‍ബോട്ടുകള്‍ കൊണ്ടുവരുന്നത് അപകടകരമാണെന്ന് സൈനികര്‍ പറഞ്ഞു. വീടുകള്‍ക്ക് മേലേ ഇരിക്കുന്നവരോട് അവിടെ ഇരിക്കാന്‍ പറഞ്ഞു. അപകടനില അറിയിച്ചതോടെ അവര്‍ക്കും കാര്യങ്ങള്‍ ബോധ്യമായി.

മെല്ലെ വെള്ളം കുറയുന്നു. സീതത്തോട്, ചിറ്റാര്‍ മേഖലയിലെ ഉരുള്‍പൊട്ടലുകളുടെ കണക്ക് കിട്ടിത്തുടങ്ങി. ഒന്നും രണ്ടുമല്ല.. 40 എണ്ണം. മരണം ആറ്. റാന്നി ടൗണില്‍ കഴുത്തറ്റം വെള്ളം കടന്ന് രണ്ട് ദിവസം പോയി.  വെള്ളത്തിലൂടെ പാമ്പുകള്‍ ഒഴുകിപ്പോകുന്നു. കടകള്‍ക്ക് മേലെ നില്‍ക്കുന്നവര്‍ പറഞ്ഞത് കൊള്ളയുടെ ഞെട്ടിക്കുന്ന കഥകള്‍.വെള്ളം പൊങ്ങിയ രാത്രിയില്‍ കടകള്‍ക്ക് മേലെ സാധനങ്ങള്‍ വെച്ച് അവിടുന്ന് ചങ്ങാടത്തിലാണ് വ്യാപാരികള്‍ രക്ഷപ്പെട്ടുപോയത്. പിന്നാലെ ചങ്ങാടത്തില്‍ വന്ന കൊള്ളക്കാര്‍ സാധനങ്ങളുമായി കടന്നു. എല്ലാം നശിച്ച വ്യാപാരികള്‍ക്ക് വെള്ളിടിയായി കവര്‍ച്ചകള്‍.

അട്ടത്ത് വെച്ച മണ്ണെണ്ണ വിളക്കുകള്‍ തിരിച്ചുവന്ന രാത്രികളിലൂടെയാണ് കടന്നുപോകുന്നത്.സന്ധ്യയ്ക്ക് തുടച്ചുവെച്ച മണ്ണെണ്ണവിളക്കുകളും റാന്തലുകളും വെളിച്ചം തന്നു. വെള്ളം ഇറങ്ങിയിട്ടും മടങ്ങിവരാത്ത വൈദ്യുതി. ഭക്ഷണത്തിന് ക്ഷാമം നേരിട്ട നാളുകള്‍. റാന്നി ടൗണ്‍ നശിച്ചതോടെ കോട്ടയം ജില്ലയിലേക്ക് അവശ്യസാധനങ്ങള്‍ക്കായി പോകുന്നവര്‍. എല്ലാം നഷ്ടപ്പെട്ടവരെ അമിതവിലയിലൂടെ ചൂഷണം ചെയ്യുന്നത് നേരില്‍ കണ്ട ദിനങ്ങള്‍. കളക്ടറെ വിവരം അറിയിച്ചതോടെ അതിന് നടപടി വന്നു.  വെള്ളം മുങ്ങിയ നാട്ടില്‍ മനുഷ്യസ്‌നേഹത്തിന്റെ പ്രളയം വന്ന് പൊതിഞ്ഞു തുടങ്ങുന്നു. കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത അന്യനാട്ടുകാര്‍ വാഹനങ്ങളുമായി വന്നു. വീടുകള്‍ വൃത്തിയാക്കുന്നു. ഇലപ്പൊതികളില്‍ കരുതലിന്റെ വറ്റ്. എല്ലാമുണ്ടെന്ന് കരുതിയവര്‍ അടുത്ത നേരം എന്താണെന്ന് ഉറപ്പില്ലാതെ പകച്ചുനിന്നപ്പോള്‍ ഞങ്ങളുണ്ട് കൂടേ എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചവര്‍... ഒരു കറുത്തകാലം മെല്ലേ നീങ്ങുകയാണ്.. സ്‌നേഹത്തിന്റെ നാട്ടുകഥകള്‍ എത്രയോ അടുത്തറിഞ്ഞു. ആരും ആഹ്വാനം ചെയ്യാതെ ലോറി നിറച്ച് സാധനങ്ങളുമായി ക്യാമ്പുകളിലേക്ക് പോയ ചേത്തക്കല്‍ ഗ്രാമീണര്‍. വെള്ളം മുങ്ങാത്ത തൊട്ടടുത്ത ഗ്രാമങ്ങളില്‍ നിന്ന് വീട് കയറി ശേഖരിച്ച പൊതിച്ചോറുകള്‍. വിപണിയിലേക്ക് വില പറഞ്ഞ് നിര്‍ത്തിയിരുന്ന കപ്പത്തോട്ടം മുഴുവനായി പറിച്ചെടുത്ത് ക്യാമ്പിലേക്ക് കൊടുത്ത്‌വിട്ട കൃഷിക്കാരന്‍...

അല്‍പ്പം താമസിക്കും. പക്ഷേ ഞങ്ങള്‍ റാന്നിയും ആറന്‍മുളയും തിരുവല്ലയും ചെങ്ങന്നൂരുമെല്ലാം ഉണര്‍ന്നുവരിക തന്നെ ചെയ്യും .കാരണം ലോകം ഞങ്ങളെ സ്‌നേഹിക്കുന്നുണ്ടെന്ന തിരിച്ചറിവു തന്നെ.നിങ്ങള്‍ ഒപ്പമുണ്ടെന്ന ഉറപ്പും.