കേരളം നേരിട്ട ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയത്തില്‍ ഏറ്റവും വലിയ നഷ്ടങ്ങള്‍ ഉണ്ടായ ജില്ലകളിലൊന്നാണ് വയനാട്. സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ നിന്ന് ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകള്‍ ഉള്ളതുകൊണ്ട് തന്നെ വയനാടിനെ പ്രളയം കീഴടക്കിയതും മറ്റ് ജില്ലകളില്‍ നിന്ന് വ്യത്യസ്തമായാണ്. ആയിരക്കണക്കിന് ജനങ്ങളാണ് ഉള്ളതെല്ലാം നഷ്ടപ്പെട്ട് അഭയാര്‍ത്ഥികളായത്. കൃഷി നാശത്തിന്റെ കണക്കുകള്‍ അടുത്തൊന്നും കണക്കാക്കാന്‍ പോലും കഴിയാത്തത്രയും രൂക്ഷമാണ്. പല സ്ഥലങ്ങളിലും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാതായി കഴിഞ്ഞു. ആദിവാസികളും തോട്ടം തൊഴിലാളികളും ഉള്‍പ്പടുന്നവര്‍ അതിജീവനത്തിനായി പോരാടുകയാണ്. 

pozhuthana wayanadu flood relief

അതേ സമയം തന്നെ സമാനതകളില്ലാത്ത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് ജില്ല സാക്ഷ്യം വഹിച്ചത്. നിനച്ചിരിക്കാതെ വന്ന പേമാരിയില്‍ ആദ്യം ഒന്ന് പതറിയെങ്കിലും കൂട്ടായ്മകളുടെ കരുത്തില്‍ അതിജീവിക്കാന്‍ തുടങ്ങി കഴിഞ്ഞു. രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നും സഹായങ്ങളുടെ പ്രവാഹങ്ങള്‍ തന്നെ ഉണ്ടായി. അത്തരത്തില്‍ ഒരു അതിജീവന കഥയാണ് വയനാട്ടിലെ തോട്ടംതൊഴിലാളി ഗ്രാമമായ പൊഴുതനക്കും പറയാനുള്ളത്.

pozhuthana wayanadu flood relief

മലകളാലും വനങ്ങളാലും ചുറ്റപ്പെട്ട സ്ഥലമാണ് പൊഴുതന. പഞ്ചായത്തിന്റെ 30 ശതമാനം വനമാണ്. പഞ്ചായത്തിന്റെ രണ്ട് അതിരുകളിലും രണ്ട് പുഴയാണ്. ആനോത്ത് പുഴയും വണ്ണാത്തി പുഴയും. പഞ്ചായത്തിന്റെ എല്ലാ ജനവാസ മേഖലകളിലൂടെയും ഒരു പുഴയോ തോടോ ഒഴുകുന്നുണ്ട്. 1500 ലധികം തോട്ടംതൊഴിലാളി കുടുംബങ്ങളാണ് ഇവിടെ ഉള്ളത്. ഇവര്‍ എസ്‌റ്റേറ്റ് പാടികള്‍ എന്നറിയപ്പെടുന്ന ഒറ്റമുറി റൂമുകളിലാണ് താമസിക്കുന്നത്. 100 ല്‍ അധികം ആദിവാസി കോളനികള്‍ പഞ്ചായത്തിലുണ്ട്. പ്രധാനമായും പണിയ, കാട്ടുനായ്ക്ക വിഭാഗങ്ങള്‍. പഞ്ചായത്തിലെ സുഗന്ധഗിരിയില്‍ മാത്രം 600 ആദിവാസി കുടുംബങ്ങള്‍ ഉണ്ട്. 

pozhuthana wayanadu flood relief

ഏഴാം തിയ്യതി മുതലാണ് അതിശക്തമായ മഴ പൊഴുതനയില്‍ ആരംഭിക്കുന്നത്. എട്ടാം തിയ്യതി വൈകുന്നേരമായപ്പോഴേക്കും പുഴകള്‍ കരകവിഞ്ഞൊഴുകി. അന്ന് തന്നെ ക്യാമ്പുകള്‍ ആരംഭിച്ചെങ്കിലും ആളുകള്‍ കൂടുതലായി വരാന്‍ തയ്യാറായില്ല. എട്ടാം തിയ്യതി രാത്രിയോടെ സ്ഥിതി രൂക്ഷമായി. ആനോത്ത് പുഴ കരകവിഞ്ഞ് പൊഴുതനയിലേക്ക് ഒഴുകി. വണ്ണാത്തിപുഴ തിരിച്ചും ഒഴുകി. പുഴകള്‍ക്കിടയിലെ പ്രദേശം മുഴുവന്‍ വെള്ളത്തിനടിയിലായി. പൊഴുതന ടൗണ്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. മുന്നൂറ് വീടുകള്‍ പൂര്‍ണമായും വെള്ളത്തിനടയിലായി.

pozhuthana wayanadu flood relief

അപ്പോള്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളൊഴികെ മറ്റെല്ലാം ഇവര്‍ക്ക് നഷ്ടമായി. നൂറിലധികം കുടുംബങ്ങള്‍ ടെറസിന് മുകളില്‍ അഭയം തേടി. രണ്ട് ദിവസത്തോളം ഇവര്‍ അവിടെ കുടുങ്ങി. ആദ്യ ദിവസങ്ങളില്‍ ഇവര്‍ പട്ടിണിയിലായിരുന്നു. ആ സമയങ്ങളില്‍ പൊഴുതന പൂര്‍ണമായും മറ്റ് സ്ഥലങ്ങളില്‍നിന്ന് ഒറ്റപ്പെട്ടു. വൈദ്യുതി ബന്ധം പൂര്‍ണമായും നിലച്ചു. പൊഴുതനയില്‍ എന്താണ് സംഭവിക്കുന്നത് എന്ന് പുറത്തുള്ളവര്‍ അറിയാത്ത അവസ്ഥയായിരുന്നു.

തുടര്‍ച്ചയായ ഉരുള്‍പൊട്ടലുകളായിരുന്നു മറ്റൊരു പ്രശ്‌നം. പഞ്ചായത്തിന്റെ കണക്കുകള്‍ പ്രകാരം അമ്പതോളം ഉരുള്‍പൊട്ടലുകളാണ് പൊഴുതനയില്‍ മാത്രം ഉണ്ടായത്. ജീവന്‍ പണയം വെച്ചുള്ള രക്ഷാപ്രവര്‍ത്തനമായിരുന്നു ആ സമയത്ത് നാട്ടുകാര്‍ നടത്തിയത്. ഫയര്‍ഫോഴ്‌സിനോ സൈന്യത്തിനോ ആദ്യദിവസങ്ങളില്‍ പൊഴുതനയില്‍ എത്താന്‍ കഴിഞ്ഞില്ല. ഭക്ഷണവും അരയില്‍കെട്ടി നീന്തിയാണ് നാട്ടുകാര്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് ഭക്ഷണമെത്തിച്ചത്. റോഡുകള്‍ പലതും ഒഴുകിപ്പോയി. പഞ്ചായത്ത് ഓഫീസ് ഒഴികെയുള്ള മറ്റെല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും വെള്ളം കയറി. ജില്ലയിലെ തന്നെ മികച്ച ഹെല്‍ത്ത് സെന്ററാണ് പഞ്ചായത്തിലേത്. ഇത് പൂര്‍ണമായും വെള്ളത്തിലായി. മരുന്നുകള്‍ പൂര്‍ണമായും നശിച്ചു.

pozhuthana wayanadu flood relief

പന്ത്രണ്ടോളം ക്യാമ്പുകളാണ് പഞ്ചായത്തില്‍ തുറന്നത്. ഇതിന് പുറമെ തോട്ടം തൊഴിലാളി കുടുംബങ്ങള്‍ കടുത്ത പട്ടിണിയിലേക്ക് നീങ്ങി. മഴ കാരണം ആര്‍ക്കും ജോലിക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. രണ്ട് മാസത്തോളമായി ഇവര്‍ക്ക് വേതനവും ലഭിച്ചിരുന്നില്ല. പരിമിതികള്‍ക്കിടയിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. ദുരിതാശ്വാസ സഹായങ്ങള്‍ ലഭിച്ചിരുന്നെങ്കിലും അതെല്ലാം അപ്പപ്പോള്‍ തീര്‍ന്ന് പോകുന്ന അവസ്ഥയായിരുന്നു. തോട്ടം തൊഴിലാളി മേഖലയിലേക്ക് കൂടുതല്‍ സഹായങ്ങള്‍ എത്തിക്കേണ്ടതുണ്ടായിരുന്നു.

ഈ സാഹചര്യത്തിലാണ് നാട്ടുകാരനും കല്‍പ്പറ്റ ന്യൂനപക്ഷ പരിശീലന കേന്ദ്രം പ്രിന്‍സിപ്പലുമായ യൂസുഫ് തന്റെ നാട്ടിലെ സ്ഥിതിഗതികള്‍ വിവരിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇടുന്നത്. പോസ്റ്റ് കുറഞ്ഞ സമയംകൊണ്ട് തന്നെ വൈറലായി. പിന്നീടിങ്ങോട്ട് സഹായങ്ങളുടെ പ്രവാഹമായിരുന്നു. സംവിധായകന്‍ ആഷിഖ് അബു യൂസുഫിനെ വിളിച്ച് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നു ഫോണ്‍വിളിയെത്തി. തോട്ടം തൊഴിലാളികള്‍ക്കും ആദിവാസികള്‍ക്കും സൗജന്യ റേഷനും ഭക്ഷണ കിറ്റുകളും എത്തിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. തോട്ടം തൊഴിലാളികളുടെ തടഞ്ഞു വെക്കപ്പെട്ട ശമ്പളവും മുഖ്യമന്ത്രി ഇടപെട്ട് ലഭ്യമാക്കി.

pozhuthana wayanadu flood relief

പലഭാഗത്ത് നിന്നും ദുരിതാശ്വാസ സഹായങ്ങളുമായി പൊഴുതനയിലേക്ക് വണ്ടികള്‍ വന്നു. ഇവ കൃത്യമായി തരം തിരിച്ച് യൂസുഫും കൂട്ടരും ദുരിതമനുഭവിക്കുന്നവര്‍ക്കിടയില്‍ വിതരണം ചെയ്തു. ക്യാമ്പുകളും മികച്ച രീതിയില്‍ മുന്നോട്ട് പോയി.

വെള്ളമിറങ്ങി തുടങ്ങിയതോടെ പതിയെ ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചുവരികയാണ് ഇവിടെ. ക്യാമ്പുകള്‍ ഒന്നാക്കി ചുരുക്കി. എങ്കിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചിട്ടില്ല. പലതും ആദ്യ ഘട്ടം മുതല്‍ വീണ്ടും നിര്‍മ്മിക്കേണ്ട അവസ്ഥയാണ്. ഉരുള്‍പൊട്ടലുകള്‍ ഉള്‍പ്പടെയുള്ള ദുരിതങ്ങള്‍ അനുഭവിച്ച കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ അതിന്റെ നടുക്കത്തിലാണ് ഇപ്പോഴും. അവരെയൊക്കെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരണം. ഹെല്‍ത്ത് സെന്റര്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കണം. വീട് നഷ്ടപെട്ടവര്‍ക്ക് വീടുകള്‍ നിര്‍മ്മിക്കണം. മനുഷ്യ സ്‌നേഹികളുടെ കരുത്തില്‍ അതെല്ലാം നടക്കുമെന്നാണ് പെഴുതനക്കാരുടെ പ്രതീക്ഷ.