ശരീരം മരവിച്ചുപോകുന്ന തണുപ്പ്. കഴുത്തറ്റം ശക്തമായ ഒഴുക്ക്. ആലപ്പുഴ സ്വദേശികളായ നൈസി മാത്യുവും മകന്‍ ആദിലും മുട്ടാര്‍ സ്വദേശിയായ ഞാനും പ്രളയത്തില്‍നിന്ന് രക്ഷപെടാന്‍ ജീവന്‍ കൈയിലെടുത്ത് നീന്തിയത് ആറുമണിക്കൂറിലധികം. മുട്ടാറിലുള്ള സഹോദരിയുടെ വീട്ടില്‍ എത്തിയതായിരുന്നു നൈസി എന്ന വീട്ടമ്മ. അമ്മയെ തിരികെക്കൊണ്ടുവരാനാണ് ആദില്‍ വന്നത്.

എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയെ തിരുവല്ലയിലെ ആശുപത്രിയില്‍ കാണിച്ചശേഷം പത്തുവയസ്സുള്ള മകളെയും കൂട്ടി വെള്ളം പൊങ്ങുന്നതിന് തൊട്ടുമുന്‍പ് ചാത്തങ്കരിയിലുള്ള ഭാര്യയുടെ വീട്ടില്‍ എത്തിച്ചശേഷമാണ് ഞാന്‍ മുട്ടാറില്‍ എത്തിയത്. റോഡില്‍ മുട്ടിനുതാഴെയേ വെള്ളമുണ്ടായിരുന്നുള്ളൂ. ബുധനാഴ്ച ഉച്ചകഴിഞ്ഞപ്പോഴേക്കും നോക്കിനില്‍ക്കെ വെള്ളം കയറിവന്നു.

മുട്ടാര്‍ സ്‌കൂളിലെ ക്യാമ്പില്‍ ഇടമില്ലാത്തവിധം ആളുകള്‍ നിറഞ്ഞു. അമ്മയെ ഒരുവിധം ക്യാമ്പില്‍ എത്തിച്ചു. ഭാര്യയെയും മകളെയും എങ്ങനെയെങ്കിലും നീരേറ്റുപുറത്തെത്തിക്കാനുള്ള വഴികള്‍ മുഴുവന്‍ അടഞ്ഞു. അവര്‍ ചാത്തങ്കരി സി.എച്ച്.സി.യിലെ ക്യാമ്പിലേക്കുമാറി. മുട്ടാറിലെ എന്റെ വീട് മുങ്ങിത്തുടങ്ങിയതിനാല്‍ മറ്റുവഴിയില്ലാതെ ആലപ്പുഴയ്‌ക്കെത്താനാണ് ഞാന്‍ ഇറങ്ങി നീന്തിത്തുടങ്ങിയത്.

muttar
ഞങ്ങളുടെ വീട്ടില്‍ വെള്ളംകയറിവരുന്ന സമയത്ത് മകളുടെ(ശ്രീലക്ഷ്മി) വികൃതി. കുടുംബത്തെ പിന്നീട് ദുരിതാശ്വാസക്യാമ്പിലേക്ക് മാറ്റി.

കൈതത്തോട് പാലത്തിനടുത്ത് എത്തിയപ്പോഴേക്കും ആറ്റില്‍നിന്നുള്ള നേരിട്ടൊഴുക്ക്. ഒരുമതിലില്‍ കെട്ടിയിരുന്ന പ്‌ളാസ്റ്റിക് കയറില്‍ തൂങ്ങിപ്പിടിച്ച് ഒഴുക്കുകടന്നു. നീരേറ്റുപുറത്തേക്ക് നേരിട്ടുപോകാന്‍ കഴുത്തറ്റം വെള്ളം. കുഴിപ്പള്ളി വഴിയുള്ള ഇടവഴിയിലൂടെ പോകാനായി ശ്രമം. കാലുകള്‍ മുന്നോട്ടുവയ്ക്കുന്നതൊക്കെ കൂടുതല്‍ ആഴത്തിലേക്ക്. കാലില്‍ ചുറ്റിപ്പിണയുന്ന നീളന്‍ പുല്ലുകളുടെ വലിയ കൂട്ടങ്ങള്‍. രണ്ടുവലിയ ഒഴുക്കുകള്‍ കടന്നു.

ഇനി ഒരടിപോയാല്‍ ഒഴുക്കില്‍പ്പെടും. എന്തുചെയ്യുമെന്നറിയാതെനിന്നപ്പോഴാണ് പുറകില്‍ ആദിലും അമ്മയും നീന്തിവന്നത്. പുറകെ രണ്ടു ചെറുപ്പക്കാരും. ഞങ്ങള്‍ അഞ്ചുപേര്‍ തിരികെ പ്രധാനവഴിയിലൂടെത്തന്നെ പോകാന്‍ തീരുമാനിച്ചു. നീന്തിത്തുടങ്ങി. അപ്പോഴേക്കും ഒഴുക്കും തണുപ്പും കൂടിയിരുന്നു. കൈകള്‍ കൊരുത്തുപിടിച്ച് കാലുകള്‍ നിരക്കി നടന്നു. പലയിടത്തും വെള്ളം കഴുത്തൊപ്പമെത്തി.

muttar2

കുട്ടനാട് മുട്ടാര്‍ സെന്റ് ജോര്‍ജ് എച്ച്.എസ്.എസിലെ ക്യാമ്പില്‍ ഭക്ഷണം പാകം ചെയ്യാനുള്ള പാത്രങ്ങള്‍ കഴുകുന്നവര്‍

ചെറുപ്പക്കാര്‍ ഇടയ്‌ക്കൊരു വീട്ടിലേക്കുകയറി. ഇരുട്ടില്‍ പിന്നെ ഞങ്ങള്‍ മൂന്നുപേര്‍ മാത്രം. വഴിയരികിലെ വീടുകളുടെ മുകള്‍നിലയില്‍നിന്ന് ടോര്‍ച്ച് തെളിച്ച് ആളുകള്‍ അപകടസൂചനകള്‍ നല്‍കുന്നുണ്ടായിരുന്നു. വീട്ടില്‍ ഒറ്റയ്ക്കായ മകളെക്കാണണമെന്ന ആഗ്രഹത്തില്‍ ആ അമ്മ അതൊന്നും കണക്കാക്കാതെ കാലുകള്‍ മുന്നോട്ടുവച്ചു. പിടിവിട്ട് പലപ്പോഴും കാലുകള്‍ വെള്ളത്തിനുമുകളിലേക്കു പൊങ്ങിപ്പോയി. കൈയിലെ ബാഗുകള്‍ ഒഴുകിപ്പോയി. കൈകളിലും തുണിയിലുമൊക്കെ പൂണ്ടടക്കം പിടിച്ചുനടന്നു.

നീരേറ്റുപുറം ചന്തയുടെ അടുത്തെത്തിയപ്പോഴേക്കും മുന്നോട്ടുപോകാനുള്ള ഞങ്ങളുടെ എല്ലാ കരുത്തിനെയും പ്രളയജലം തോല്‍പ്പിച്ചു. മൂന്നുപേരും നിലയില്ലാക്കയത്തിലെ ഒഴുക്കില്‍ പരസ്പരം വേര്‍പെട്ടുപോയി.

muttar3
കുട്ടനാട് മുട്ടാര്‍ സെന്റ് ജോര്‍ജ് എച്ച്.എസ്.എസിലെ ദുരിതാശ്വാസക്യാമ്പിലേക്ക് വരുന്ന അച്ഛനും മകളും

മുഴുവന്‍ മുങ്ങി. വസ്ത്രങ്ങളില്‍ പിടികിട്ടിയത് രക്ഷയായി. സമീപത്തുള്ള മതിലിനടുത്തേക്ക് ഒഴുക്ക് ഞങ്ങളെ അടിച്ചുകയറ്റി. മതിലിന്റെ വിടവുകളിലും മറ്റും അള്ളിപ്പിടിച്ചുനടന്ന് സമീപത്തെ വീടിന്റെ ഗേറ്റില്‍ പിടിച്ചുകിടന്നു. അരമണിക്കൂറെങ്കിലും അങ്ങനെ കിടന്നിട്ടുണ്ടാവും. ഏറെ പാടുപട്ട് ഗേറ്റുതുറന്നു. താഴത്തെനില മുഴുവന്‍ മുങ്ങിയതിനെത്തുടര്‍ന്ന് വീട്ടുകാര്‍ മുകളിലെ നിലയിലാണ്. കുറേനേരത്ത ശ്രമത്തിനുശേഷം വീട്ടുകാര്‍ ഞങ്ങളെ കണ്ടു. പുത്തന്‍പറമ്പില്‍ ദാനിയല്‍ എന്നയാളുടെ ആ വീട് ഞങ്ങള്‍ക്ക് അഭയം തന്നു. വ്യാഴാഴ്ച ഉച്ചവരെ സഹായത്തിനായി ഒരുപാടു ശ്രമിച്ചെങ്കിലും എല്ലാം പരാജയപ്പെട്ടു.

muttar4
വെള്ളപ്പൊക്കത്തില്‍ വീട്ടില്‍ കയറിയ ഉടുമ്പിനെ പുറത്തുകളയാന്‍ കൊണ്ടുപോകുന്നു. കുട്ടനാട്ടില്‍ നിന്ന് പകര്‍ത്തിയ ചിത്രം.

ഒടുവില്‍ വീണ്ടും ഇറങ്ങി നീന്താന്‍ തീരുമാനിച്ചു. മറ്റൊരിടവഴിയിലൂടെ ഏഴുകിലോമീറ്ററോളം കുത്തൊഴിലൂടെ നീന്തി. അവിടെനിന്ന് വശങ്ങളില്‍ മറയില്ലാത്ത ലോറിയില്‍ നനഞ്ഞൊലിക്കുന്ന ഉടുവസ്ത്രവുമായി പത്തന്‍പതുപേര്‍ അട്ടിയട്ടിയായി പിടിച്ചിരുന്ന് അമ്പലപ്പുഴയിലേക്കും പിന്നീട് മറ്റൊരു വാഹനത്തില്‍ ആലപ്പുഴയിലുമെത്തി. പ്രളയദുരിത പാലായനത്തിന്റെയും ജീവഭയത്തിന്റെയും രക്ഷപ്പെടലിന്റെയുമൊക്ക ഒരിക്കലുമറിയാത്ത അധ്യായമാണ് കഴിഞ്ഞുപോയത്.