''ആംബുലന്‍സുകളുടെയും ടിപ്പര്‍ ലോറികളുടെയും ഇരമ്പലുകള്‍...ഡെറ്റോളിന്റെയും മരുന്നിന്റെയും രൂക്ഷമായ ഗന്ധം...വാവിട്ട് കരയുന്ന കൈക്കുഞ്ഞുങ്ങളെ താരാട്ടാനും മാറോടടക്കി കരച്ചില്‍ മാറ്റാനും ശ്രമിക്കുന്ന അമ്മമാര്‍...നിറവയര്‍ താങ്ങിപ്പിടിച്ച് നടക്കാന്‍ ശ്രമിക്കുന്ന പൂര്‍ണഗര്‍ഭിണികളായ സ്ത്രീകള്‍... എവിടേക്ക് നോക്കിയാലും കാഴ്ചകളുടെ ഫ്രെയിമുകളില്‍ ദുരിതങ്ങളും ആശങ്കകളും മാത്രമാണ് നിറഞ്ഞുകൊണ്ടിരുന്നത്.''

പ്രളയത്തിന്റെ തണുപ്പ് ശരീരത്തിലേക്ക് പടര്‍ന്നുതുടങ്ങിയത് അന്ന് അര്‍ധരാത്രി ഭൂതത്താന്‍കെട്ടിലെ വെള്ളത്തെ തൊടുമ്പോഴായിരുന്നു. പിറ്റേന്ന് പുലര്‍ച്ചെ ഇടമലയാര്‍ ഡാമിന്റെ മുകള്‍ത്തട്ടിലെത്തുമ്പോള്‍ രൗദ്രഭാവത്തില്‍ താഴേക്ക് ചാടിക്കൊണ്ടിരുന്ന വെള്ളത്തിന്റെ ഹുങ്കാരം കാതില്‍ പേടിയായി നിറഞ്ഞു. വരാനിരുന്ന മഹാപ്രളയത്തിന്റെ മുന്നറിയിപ്പായിരുന്നു രൗദ്രഭാവമാര്‍ന്ന ആ ഹുങ്കാരമെന്ന് അപ്പോള്‍ തിരിച്ചറിഞ്ഞില്ല. മലയിറങ്ങി വന്നത് പക്ഷേ മഹാപ്രളയത്തിന്റെ ഒരിക്കലും മറക്കാനാകാത്ത ഒരുപാട് കാഴ്ചകളിലേക്കായിരുന്നു. കഴിഞ്ഞ ദിവസം മള്ളൂശ്ശേരിയിലെ ദുരിതാശ്വാസക്യാമ്പില്‍  ലക്ഷ്മിയമ്മ എന്ന 80കാരി കൈകളില്‍ മുറുകെപ്പിടിച്ച് കരഞ്ഞപ്പോള്‍ ശരീരത്തിലേക്ക് അറിയാതെ ഒരു പ്രളയത്തിന്റെ തണുപ്പ് കയറി വന്നു. ഭൂതത്താന്‍കെട്ടിലെ അര്‍ധരാത്രി മുതല്‍ ലക്ഷ്മിയമ്മയെ കണ്ട പകല്‍വരെയുള്ള ഒരു മാസക്കാലത്തിനിടയില്‍ എത്രയോ പ്രളയക്കാഴ്ചകളിലൂടെയാണ് സഞ്ചരിച്ചത്. ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ ഒരു കടല്‍ നീന്തിക്കയറി വന്നതുപോലെ തോന്നുന്നു.

ഓഗസ്റ്റ് ഒമ്പതിന് അര്‍ധരാത്രി ഭൂതത്താന്‍കെട്ടിലെത്തുമ്പോള്‍ അണക്കെട്ടിലെ വാച്ച്മാന്‍ സാബുവിന്റെ ശ്രദ്ധ മുഴുവന്‍ വെള്ളത്തിന്റെ അളവറിയാന്‍ സ്ഥാപിച്ച മീറ്ററിലായിരുന്നു. അണക്കെട്ടിലെ പാലത്തിന് മുകളില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിലിരിക്കുന്ന പോലീസുകാരും അതീവജാഗ്രതയില്‍ തന്നെ. ഇടമലയാര്‍ ഡാം തുറന്ന് വെള്ളം ഒഴുകിയെത്തിയാല്‍ എങ്ങനെ നേരിടണമെന്ന ചിന്തകളുടെ അടയളങ്ങളായിരുന്നു അന്ന് അര്‍ധരാത്രിയില്‍ ഭൂതത്താന്‍കെട്ടില്‍ കണ്ട കാഴ്ചകളെല്ലാം.

സാബുവിന്റെ സഹായത്തോടെ പുഴയിലേക്കിറങ്ങുമ്പോള്‍ വിരല്‍ വെച്ചാല്‍ മുറിഞ്ഞുപോകുന്ന വെള്ളത്തിന്റെ ഒഴുക്ക് തൊട്ടറിയാമായിരുന്നു. 35 മീറ്റര്‍ സംഭരണശേഷിയുള്ള ഡാമില്‍ അന്ന് രാവിലെ 28 മീറ്ററായിരുന്നു ജലനിരപ്പ്. എന്നാല്‍ മഴ തുടങ്ങി നീരൊഴുക്ക് ശക്തമായതോടെ ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ തുടങ്ങി. വൈകുന്നേരമായതോടെ ജലനിരപ്പ് 30 മീറ്റര്‍ കടന്നതോടെ എല്ലാവരും അതീവജാഗ്രതയിലായി. രാത്രിയും മഴ തുടര്‍ന്നാല്‍ ജലനിരപ്പ് 31 മീറ്റര്‍ കടക്കുമെന്ന സ്ഥിതി വന്നതോടെ അസിസ്റ്റന്റ് എന്‍ജിനിയര്‍ ജേക്കബും സ്ഥിതിഗതികള്‍ നിയന്ത്രിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ കൃത്യമായി നല്‍കിക്കൊണ്ടിരുന്നു. അര്‍ധരാത്രിയായതോടെ ജേക്കബ് വീട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുമ്പോഴും വാച്ച്മാന്‍ സാബുവിനോട് പറഞ്ഞത് ഒന്നുമാത്രം...''എപ്പോഴും ശ്രദ്ധ വേണം. വെള്ളം 31 മീറ്ററായാല്‍ ഉടനെ എന്നെ വിളിക്കണം...''

kochi1
വെള്ളം കയറി മുന്നോട്ടുനീങ്ങാനാകാതെ റോഡില്‍ കുടുങ്ങിയ ലോറികള്‍

അര്‍ധരാത്രിയില്‍ ഡാമിലെ മീറ്റര്‍ പരിശോധനക്ക് പോയ സാബുവിനൊപ്പം കൂടിയപ്പോഴും കേട്ടത് മുഴുവന്‍ പാഞ്ഞുവന്നേക്കാവുന്ന വെള്ളത്തിന്റെ ഭീകരതയെപ്പറ്റിയായിരുന്നു. ''നിങ്ങള്‍ നോക്കൂ...ദാ എത്ര വേഗത്തിലാണ് വെള്ളം കുത്തിയൊഴുകുന്നത്. വിരല്‍വെച്ചാല്‍ മുറിഞ്ഞുപോകുന്നത്ര ഒഴുക്കുണ്ട്. സമീപകാലത്തൊന്നും ഇത്രയധികം വെള്ളം ഈ ഡാമില്‍ ഞാന്‍ കണ്ടിട്ടില്ല. ഇത്തവണ കാലവര്‍ഷം കലിതുള്ളിയെത്തിയപ്പോള്‍ ഡാമും നിറഞ്ഞു കവിഞ്ഞു. വെള്ളം ഉയര്‍ന്നതോടെ ഒരാഴ്ച മുമ്പ് ഡാമിലെ 15 ഷട്ടറുകളില്‍ 14ഉം തുറന്നിരുന്നു. ചില ഷട്ടറുകള്‍ ഒമ്പത് മീറ്റര്‍ വരെ തുറന്നപ്പോള്‍ ചിലത് എട്ടും ചിലത് ആറും മീറ്ററുകള്‍ തുറന്നിരുന്നു. ഇടമലയാര്‍ ഡാം തുറന്നാല്‍ ഇവിടത്തെ 15-മത്തെ ഷട്ടറും തുറക്കണം. അതുകൊണ്ടുതന്നെ ഈ രാത്രിയില്‍ അതീവ ജാഗ്രതയോടെ കാവലിരുന്നേ മതിയാകൂ...'' സംസാരത്തിനിടയിലും സാബുവിന്റെ കണ്ണുകള്‍ വെള്ളത്തിലെ മീറ്ററില്‍ തന്നെയായിരുന്നു.

മഞ്ഞും മഴയും പെയ്യുന്ന ആ രാത്രിയില്‍ ഭൂതത്താന്‍കെട്ടിലെ ചെക്ക്പോസ്റ്റില്‍ വാതില്‍ തുറക്കുന്നതും കാത്തിരുന്നത് നാലു മണിക്കൂറാണ്. പുലര്‍ച്ചെ നാലുമണിയോടെ ചെക്ക്പോസ്റ്റ് തുറന്നതോടെ മാധ്യമപ്പടയുടെ വാഹനങ്ങള്‍ കാടിനകത്തേക്ക്. കനത്ത മഴയില്‍ കാഴ്ചകള്‍ മങ്ങിയ വഴികളിലൂടെ ഉയരങ്ങള്‍ താണ്ടി ഇടമലയാര്‍ ഡാമിന്റെ മുകള്‍ത്തട്ടിലെത്തുമ്പോള്‍ നേരം അഞ്ചുമണിയാകുന്നു. കാത്തിരിപ്പ് അധികം നീണ്ടുനിന്നില്ല. വാച്ചില്‍ അഞ്ചു മണി നേരം തെളിഞ്ഞപ്പോള്‍ മുന്നിലെ മഞ്ഞുമൂടിയ താഴ്വരയില്‍ ആ ദൃശ്യവും ശബ്ദവും തെളിഞ്ഞു. ഡാമിന്റെ ഷട്ടറുകള്‍ തുറന്നതോടെ വെളുത്ത പഞ്ഞിക്കെട്ടുകള്‍ ചേര്‍ത്തുവെച്ച വലിയൊരു കിടക്കപോലെ മുന്നില്‍ ഹുങ്കാര ശബ്ദത്തില്‍ വെള്ളച്ചാട്ടം രൂപംകൊള്ളുന്നു. പാറക്കെട്ടുകളില്‍ തട്ടിച്ചിതറുന്ന വെള്ളം തൂവെള്ള നിറത്തില്‍ ഒഴുകുമ്പോള്‍ അതിനുമേലെ വെള്ള പുതച്ചതുപോലെ തൂമഞ്ഞ് പൊഴിഞ്ഞുകൊണ്ടിരുന്നു.

kc7
വെള്ളപ്പൊക്കത്തില്‍ കുടുങ്ങിപ്പോയവരെ താത്കാലികമായി തയ്യാറാക്കിയ ചങ്ങാടങ്ങളില്‍ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്നു

ഒരു മണിക്കൂര്‍ തുറന്നിടുമെന്ന് ആദ്യം പറഞ്ഞ ഷട്ടറുകള്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും അടക്കാതായതോടെ സ്ഥിതി അതീവഗുരുതരമാണെന്ന് മനസിലായി. സമയം ഒമ്പതുമണി കഴിഞ്ഞപ്പോള്‍ വെള്ളം പാഞ്ഞുപോയ വഴികളില്‍ നിന്നുള്ള വാര്‍ത്തകള്‍ കാതോരമെത്തിത്തുടങ്ങി. ഡാമില്‍ നിന്നുള്ള വെള്ളം വടാട്ടുപാറ പലവന്‍വടിയിലൂടെ കുട്ടമ്പുഴ ആനക്കയത്ത് വെച്ച് കുട്ടമ്പുഴയാറുമായി ചേരുന്നു. തുടര്‍ന്ന് തട്ടേക്കാടിലൂടെ ഒഴുകുന്ന വെള്ളം ഭൂതത്താന്‍കെട്ടിന് ഒരു കി.മീ മുകളില്‍ കൂട്ടിക്കല്‍ഭാഗത്തുവെച്ച് പെരിയാറുമായി കൂടിച്ചേരുന്നു. ഭൂതത്താന്‍കെട്ടില്‍ നിന്ന് പാണിയേലി, മലയാറ്റൂര്‍, കാലടി, ആലുവ വഴി വെള്ളം അറബിക്കടലിലേക്ക്.

വെള്ളം ഒഴുകിയെത്തിയ വഴികളിലൂടെയുള്ള യാത്രക്കായി ഇടമലയാറില്‍ നിന്ന് ആദ്യമെത്തിയത് ഭൂതത്താന്‍കെട്ടിലാണ്. പത്തുമണിയോടെ ഭൂതത്താന്‍കെട്ടിലെത്തുമ്പോള്‍ അണക്കെട്ടിന്റെ മുകളിലെ പാലത്തില്‍ കാഴ്ചകള്‍ കാണാന്‍ നൂറുകണക്കിന് ആളുകള്‍ കൂടിയിരിക്കുന്നു. പിന്നെയും യാത്ര തുടര്‍ന്ന്‌ കുട്ടമ്പുഴയിലെത്തുമ്പോള്‍ നേരം പത്തര കഴിഞ്ഞു. വെള്ളം കയറിയ വീടുകള്‍ കണ്ട് പൂയംകുട്ടി ഭാഗത്തേക്ക് യാത്ര തിരിച്ചപ്പോള്‍ വഴിയില്‍ കൂവപ്പാറ ഭാഗത്ത് വലിയ മണ്ണിടിച്ചില്‍. ജെ.സി.ബി. കൊണ്ടുവന്ന് മണ്ണ് മാറ്റി ഗതാഗതം പുനസ്ഥാപിച്ച് യാത്ര തുടര്‍ന്നപ്പോള്‍ പൂയംകുട്ടിക്കടുത്ത് പിന്നെയും മാര്‍ഗതടസം.

മണികണ്ഠന്‍ചാലിലേക്കുള്ള പാലം വെള്ളം മൂടിയിരിക്കുന്നു. റോഡ് പൊടുന്നനെ അവസാനിക്കുകയും മുന്നില്‍ കലക്കവെള്ളം നിറഞ്ഞതും നോക്കി കുറേനേരം വെറുതെനിന്നു.
കലങ്ങിമറിഞ്ഞൊഴുകുന്ന പുഴയിലൂടെ ആടിയുലഞ്ഞുവരുന്ന തോണിയുടെ കാഴ്ച പെട്ടെന്നാണ് മുന്നില്‍ തെളിഞ്ഞത്. തോണി ഒരു വിധത്തില്‍ കരക്കടുപ്പിച്ച് അവരെല്ലാം ഇറങ്ങിയപ്പോഴാണ് തോണിയിലെ ആ 'യാത്രക്കാരനെ' കണ്ടത്. വെള്ള പുതച്ച് നിത്യശാന്തതയില്‍ ഉറങ്ങുന്ന വര്‍ഗീസ്. മണികണ്ഠന്‍ചാലില്‍ വെള്ളം കയറിയതറിഞ്ഞ് കുഴഞ്ഞുവീണുമരിച്ച വര്‍ഗീസിന്റെ മൃതദേഹം സംസ്‌ക്കരിക്കാനായി ഇക്കരെയുള്ള പള്ളിയിലെത്തിക്കാന്‍ തോണിയിലെ സാഹസിക യാത്രയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നുമുണ്ടായിരുന്നില്ല. മരണം പുതച്ച ആ കാഴ്ചയും കണ്ട് കുട്ടമ്പുഴയില്‍ നിന്ന് മടങ്ങുമ്പോള്‍ നേരം ഉച്ചയോടടുത്തിരുന്നു.

kc3
Caption

ആലുവ മണപ്പുറത്തെത്തുമ്പോള്‍

ഇടമലയാര്‍ ഡാം തുറന്ന അര്‍ധരാത്രിയില്‍ ആലുവ മണപ്പുറത്തെത്തുമ്പോള്‍ ശിവരാത്രി പോലെയായിരുന്നു അവിടം. ജാഗരൂകരായി പോലീസും ഫയര്‍ഫോഴ്സും. വെള്ളം പൊങ്ങുന്ന കാഴ്ചകള്‍ കാണാനെത്തിയ കുറേ ജനങ്ങള്‍. കര്‍ക്കിടകവാവിനെത്തുന്ന ഭക്തജനങ്ങളെ കാത്തിരിക്കുന്ന കടകളിലെ കച്ചവടക്കാര്‍. എല്ലാവരുടെയും കണ്ണുകള്‍ നീളുന്നത് പുഴയിലെ വെള്ളത്തിലേക്കായിരുന്നു. കരകവിഞ്ഞൊഴുകിയ പെരിയാര്‍ മൂടിക്കളഞ്ഞ മണപ്പുറത്തെ ജലനിരപ്പ് ഇനിയും ഉയര്‍ന്ന് വെള്ളം നഗരത്തിലേക്കെങ്ങാനും വരുമോയെന്ന ആശങ്കയോടെയുള്ള കാത്തിരിപ്പ്. ഇടമലയാറും ഇടുക്കിയും ചെറുതോണിയും തുറന്നുവിട്ട വെള്ളം രാത്രിയോടെ ആലുവയിലെത്തുമെന്ന പേടിയില്‍ കാത്തിരുന്നവര്‍ക്ക് പക്ഷേ ആശങ്ക താഴുന്ന കാഴ്ചകളായിരുന്നു രാത്രി സമ്മാനിച്ചത്. വെള്ളം അല്‍പാല്‍പമായി ഇറങ്ങുന്ന ദൃശ്യങ്ങള്‍ മുന്നില്‍ തെളിഞ്ഞതോടെ എല്ലാ മുഖങ്ങളിലും ആശ്വാസം പടര്‍ന്നു. പക്ഷേ അത് കൊടുങ്കാറ്റിന് മുമ്പുള്ള ചെറിയൊരു ശാന്തത മാത്രമായിരുന്നെന്ന് തിരിച്ചറിഞ്ഞത് അതിനടുത്ത ദിവസങ്ങളിലാണ്.

ടൈറ്റാനിക് എന്ന ഹോളിവുഡ് സിനിമയിലെ ദൃശ്യം പോലെയാണ് ആ കാഴ്ച കണ്‍മുന്നില്‍ നിറഞ്ഞത്. വെള്ളം ഇരച്ചെത്തി കടലിന്റെ ആഴങ്ങളിലേക്ക് താഴുന്ന കപ്പലിനെ ഓര്‍മ്മിപ്പിച്ചതുപോലെ മുന്നില്‍ മെട്രോ സ്റ്റേഷന്‍. ആലുവ കമ്പനിപ്പടിയിലെ മെട്രോ സ്റ്റേഷന് മുന്നിലെ ദേശീയപാതയിലൂടെ വെള്ളം കുത്തിയൊഴുകുന്നു. കാര്‍ അടക്കമുള്ള ചെറിയ വാഹനങ്ങള്‍ മുങ്ങിപ്പോകുന്ന വെള്ളക്കെട്ടിലൂടെ ഒരുവിധത്തില്‍ മുന്നോട്ടുപോയത് ലോറികളും ബസ്സുകളും അടക്കമുള്ള വലിയ വാഹനങ്ങള്‍ മാത്രം. അതും ഏറെ നേരം നീണ്ടുനിന്നില്ല. എറണാകുളത്ത് നിന്ന് ആലുവ ഭാഗത്തേക്കുള്ള റോഡ് നാലടിയോളം വെള്ളത്തിനടിയിലായി ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടപ്പോള്‍ മറുവശത്തേക്കുള്ള റോഡില്‍ ഭാഗികമായി ഗതാഗതം നടത്താനുള്ള തീവ്രശ്രമത്തിലായിരുന്നു പോലീസും നാട്ടുകാരും. എന്നാല്‍ വെള്ളത്തിന്റെ അതിശക്തമായ ഒഴുക്കില്‍ റോഡ് ഇടിഞ്ഞുതുടങ്ങിയെന്ന് കണ്ടതോടെ അതുവഴിയുള്ള ഗതാഗതവും തടയുകയല്ലാതെ മറ്റൊരു മാര്‍ഗവുമുണ്ടായിരുന്നില്ല.

kc4
വെള്ളം നിറഞ്ഞ റോഡിലൂടെ നടന്നുനീങ്ങുന്നവര്‍. പകുതിയോളം മുങ്ങിയ കാറും കാണാം.

ആലുവയില്‍ നിന്ന് പെരുമ്പാവൂരിലേക്കുള്ള റോഡിലൂടെ മുന്നോട്ടുപോകുമ്പോള്‍ തോട്ടുംമുഖത്തെത്തിയപ്പോള്‍ മുന്നിലതാ പുഴപോലെ റോഡ്. അഞ്ചടി പൊക്കത്തില്‍ വരെ വെള്ളം കയറിയ റോഡിലൂടെ അല്‍പം പോലും മുന്നോട്ടുപോകാനാകില്ലെന്ന് വന്നതോടെ ഗതാഗതം അവിടെയും പൂര്‍ണമായും നിരോധിക്കപ്പെട്ടു. പുഴയായ റോഡിലൂടെ അരക്കൊപ്പം വെള്ളത്തില്‍ സഞ്ചരിക്കുമ്പോള്‍ മുന്നില്‍ തലക്ക് കൈകൊടുത്ത് ഒരാള്‍ നില്‍ക്കുന്നു. കീഴ്മാട് മൂലേപ്പാടത്ത് നാരായണന്‍കുട്ടി. റോഡരികിലെ തന്റെ ആക്രിക്കടയില്‍ വെള്ളം കയറി എല്ലാം ഒലിച്ചുപോയതിന്റെ തീരാസങ്കടത്തിലായിരുന്നു നാരായണന്‍ കുട്ടി. ''കഴിഞ്ഞ ഒരുമാസമായി നാടുമുഴുവന്‍ നടന്ന് ഞാന്‍ ശേഖരിച്ച പേപ്പറും പഴയ പാട്ടയും ഇരുമ്പും ഒക്കെ ഇവിടെയാണ് സൂക്ഷിച്ചിരുന്നത്. എല്ലാം വെള്ളം കൊണ്ടുപോയില്ലേ. ഭാര്യയും രണ്ടു പെണ്‍മക്കളുമടങ്ങുന്ന കുടുംബം പുലര്‍ത്താന്‍ എനിക്കുള്ള ഏക മാര്‍ഗമായിരുന്നു ഈ ചെറിയ കട. ഇനി ഞാനെങ്ങനെ ജീവിക്കുമെന്ന് നിങ്ങള്‍ തന്നെ പറയൂ...'' നാരായണന്‍കുട്ടിയുടെ ചോദ്യത്തിന് മുന്നില്‍ ഒരുത്തരവും പറയാനുണ്ടായിരുന്നില്ല.

പ്രളയത്തിന്റെ കടലായിരുന്നു ചുറ്റും ഇരമ്പിയത്. കലങ്ങിമറിഞ്ഞൊഴുകുന്ന പെരിയാറിന് കുറുകേ ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലം കടന്ന് പറവൂര്‍ കവലയിലേക്കെത്തുമ്പോള്‍ യുദ്ധസമാനമായിരുന്നു മുന്നിലെ കാഴ്ചകള്‍. രൗദ്രഭാവത്തില്‍ കരയിലേക്ക് കവിഞ്ഞെത്തിയ പെരിയാര്‍ ദേശീയപാതയെ പൂര്‍ണമായി മൂടിക്കഴിഞ്ഞിരിക്കുന്നു. കടുങ്ങല്ലൂര്‍ കവല മുതല്‍ മുന്നോട്ടേക്ക് റോഡും പുഴയും ഒരുപോലെ. ആലുവ മണപ്പുറത്തുനിന്നുള്ള റോഡിലൂടെ ഇരച്ചെത്തുന്ന വെള്ളം ദേശീയപാത കടന്ന് കടുങ്ങല്ലൂര്‍ റോഡിലേക്ക് ഒരാള്‍പൊക്കത്തില്‍ വരെ പടര്‍ന്നിരിക്കുന്നു. സൈനികരും ആംബുലന്‍സുകളും പോലീസ് വാഹനങ്ങളും രക്ഷാപ്രവര്‍ത്തകരും ഒക്കെയായി ആകെ ബഹളം. പുഴയായ റോഡിലൂടെ രക്ഷാപ്രവര്‍ത്തകര്‍ തോണിയിലും മറ്റുമായി രക്ഷിച്ചുകൊണ്ടുവരുന്നവരെ കാത്ത് ബന്ധുക്കളും നാട്ടുകാരും പാലത്തിനടുത്ത് കാത്തുനില്‍ക്കുന്നു. 

kc6
ആളുകളെ ടിപ്പര്‍ലോറികളില്‍ രക്ഷപ്പെടുത്തുന്നു

കടുങ്ങല്ലൂര്‍ ഭാഗത്ത് കുടുങ്ങിയ നൂറുകണക്കിന് ആളുകളെ രക്ഷിക്കാനുള്ള തീവ്രശ്രമത്തിന്റെ കാഴ്ചകളായിരുന്നു ചുറ്റും നിറഞ്ഞത്. തോണികളില്‍ കയറ്റിക്കൊണ്ടുവന്ന് തീരത്ത് ഇറക്കുന്നവരെല്ലാം വലിയ ക്ഷീണത്തിലും ദൈന്യത്തിലുമായിരുന്നു. വീടും സാധനങ്ങളുമെല്ലാം നശിച്ചതിന്റെ സങ്കടവും കൂടിയായപ്പോള്‍ പലരും കരഞ്ഞുകൊണ്ടാണ് തീരത്ത് വന്നിറങ്ങിയത്. '' രണ്ടു ദിവസമായി ഞങ്ങള്‍ അവിടെ കുടുങ്ങിക്കിടക്കുകയായിരുന്നു. വെള്ളം കയറിവരുന്നത് കണ്ടതോടെ ഞങ്ങള്‍ അടുത്തുള്ള ഒരു ഫ്ളാറ്റിന്റെ അഞ്ചാം നിലയിലേക്ക് കയറി. വെള്ളം ഇറങ്ങിയാല്‍ വീട്ടിലേക്ക് പോകാമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ വെള്ളം കൂടിവരുന്നതല്ലാതെ ഒട്ടും കുറഞ്ഞില്ല. അതോടെ എല്ലാവരും പരിഭ്രാന്തിയിലായി. രണ്ടുദിവസമായി കാര്യമായ ഭക്ഷണം പോലുമില്ലാതെ ദുരിതത്തിലായിരുന്നു ഞങ്ങള്‍. ഇവിടെ കുരുങ്ങിയ കാര്യം മോന്‍ ഫോണിലൂടെ വിളിച്ച് പലരെയും അറിയിച്ചെങ്കിലും ആരും വന്നില്ല. ഇന്നാണ് ഇപ്പോള്‍ ഇവര്‍ വന്ന് ഞങ്ങളെ രക്ഷപ്പെടുത്തിയത്...'' സംസാരിച്ചുകൊണ്ടിരിക്കുമ്പോഴും ഓമന കരയുകയായിരുന്നു.

ആശ്വാസത്തിന്റെ ആശങ്കാമുനമ്പില്‍

ഒരാള്‍പൊക്കത്തിലുള്ള വെള്ളക്കെട്ടിനെ വകഞ്ഞുമാറ്റി ആടിയുലഞ്ഞ് മുന്നോട്ടുപോയ ടിപ്പര്‍ ലോറിയില്‍ അള്ളിപ്പിടിച്ച് നില്‍ക്കുമ്പോള്‍ ചുറ്റും പ്രളയത്തിന്റെ ഇരമ്പലുകള്‍ മാത്രമായിരുന്നു. വെള്ളം നീന്തി ചെന്നിറങ്ങിയത് ആശ്വാസത്തിന്റെ ആശങ്കാമുനമ്പില്‍. ആലുവ യു.സി.കോളേജിനെ ഈ വാചകത്തിലല്ലാതെ മറ്റൊന്നുകൊണ്ടും അപ്പോള്‍ വിശേഷിപ്പിക്കാനാകുമായിരുന്നില്ല. പെരിയാര്‍ കരകവിഞ്ഞ് കണ്‍മുന്നില്‍ പ്രളയം നിറഞ്ഞപ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ അവരെല്ലാം ചെന്നണഞ്ഞത് ഉയരമുള്ള പ്രദേശത്ത് സ്ഥിതി ചെയ്യുന്ന യു.സി.കോളേജിലേക്കായിരുന്നു.

ആദ്യം 500 പേരെ പ്രതീക്ഷിച്ച ക്യാമ്പിലേക്ക് മൂന്നു ദിവസങ്ങളിലായി ഒഴുകിയെത്തിയത് 15000ത്തിലേറെ ആളുകളാണ്. ടിപ്പര്‍ ലോറിയില്‍ നിന്ന് കോളേജിന്റെ മുറ്റത്ത് കാലുകുത്തിയ നിമിഷം മുതല്‍ കണ്‍മുന്നില്‍ നിറഞ്ഞത് ദുരിതത്തിന്റെ കാഴ്ചകള്‍ മാത്രമായിരുന്നു. ജീവന്‍ രക്ഷപ്പെട്ടതിന്റെ ആശ്വാസമായെങ്കിലും ആശങ്കയുടെ തുരുത്തായി ക്യാമ്പ് മാറിയ കാഴ്ചകള്‍ ഒരേ സമയം ഭീകരവും ദയനീയവുമായിരുന്നു.

kc9
ദുരിതാശ്വാസക്യാമ്പില്‍ നിന്നുള്ള ദൃശ്യം

ആംബുലന്‍സുകളുടെയും ടിപ്പര്‍ ലോറികളുടെയും ഇരമ്പലുകള്‍...ഡെറ്റോളിന്റെയും മരുന്നിന്റെയും രൂക്ഷമായ ഗന്ധം...വാവിട്ട് കരയുന്ന കൈക്കുഞ്ഞുങ്ങളെ താരാട്ടാനും മാറോടടക്കി കരച്ചില്‍ മാറ്റാനും ശ്രമിക്കുന്ന അമ്മമാര്‍...നിറവയര്‍ താങ്ങിപ്പിടിച്ച് നടക്കാന്‍ ശ്രമിക്കുന്ന പൂര്‍ണഗര്‍ഭിണികളായ സ്ത്രീകള്‍...വെറും തറയില്‍ വിരിച്ച ചെറിയൊരു ഷീറ്റില്‍ ചുരുണ്ടികൂടി കിടക്കുന്ന വൃദ്ധജനങ്ങള്‍...ഭക്ഷണത്തിനായി അര കിലോമീറ്ററിലേറെ നീണ്ട ക്യൂവില്‍ നില്‍ക്കുന്ന പുരുഷന്‍മാര്‍...അവസാന തുള്ളി ചാര്‍ജും തീര്‍ന്ന മൊബൈല്‍ ഫോണ്‍ കൈയ്യില്‍പിടിച്ച് ഉറ്റവരെ ബന്ധപ്പെടാനാകാത്ത സങ്കടത്തില്‍ വിങ്ങിപ്പൊട്ടി നില്‍ക്കുന്നവര്‍...ഇരുട്ടുമൂടിയ ഓഡിറ്റോറിയത്തില്‍ മെഴുകുതിരികളുടെ ഇത്തിരിവെട്ടത്തില്‍ രജിസ്ട്രേഷന്‍ എന്ന സംവിധാനത്തിന് കിണഞ്ഞുശ്രമിച്ച് പരാജയപ്പെട്ടിരിക്കുന്ന വളണ്ടിയര്‍മാര്‍...എവിടേക്ക് നോക്കിയാലും കാഴ്ചകളുടെ ഫ്രെയിമുകളില്‍ ദുരിതങ്ങളും ആശങ്കകളും മാത്രമാണ് നിറഞ്ഞുകൊണ്ടിരുന്നത്.

കരുണയാണ്...ബലിയല്ല ഞാന്‍ ആഗ്രഹിക്കുന്നത് (മത്താ 9: 13)

ക്രൂശിതനായ കര്‍ത്താവിന്റെ തിരുരൂപത്തിന് മുന്നില്‍ തോളോടുതോള്‍ ചേര്‍ന്ന് ആ രാപ്പകലുകളില്‍ കഴിഞ്ഞവരെല്ലാം ഈ സുവിശേഷ വചനത്തിന്റെ ഭൂമിയിലെ അടയാളങ്ങളായിരുന്നു. പ്രളയം വിഴുങ്ങിയ മണ്ണില്‍ നിന്ന് ജീവന്‍ രക്ഷിക്കാന്‍ ഉടുതുണി മാത്രമായി ഒഴുകിയെത്തിയവര്‍ക്കെല്ലാം അഭയമേകിയ പള്ളി. പാരിഷ് ഹാളും ക്ലാസ് മുറികളും നിറഞ്ഞുകവിഞ്ഞതോടെ ഒടുവില്‍ അഭയാര്‍ത്ഥികള്‍ക്കായി പള്ളി തന്നെ തുറന്നുകൊടുത്ത സ്നേഹത്തിന്റെ സുവിശേഷം. പള്ളിയില്‍ അഭയാര്‍ത്ഥികള്‍ നിറഞ്ഞതോടെ പ്രാര്‍ത്ഥനയായ കുര്‍ബാന നിര്‍ത്തിവെച്ച് കാരുണ്യത്തിന്റെ വചനങ്ങള്‍ പ്രാവര്‍ത്തികമാക്കിയ പുരോഹിതര്‍. എറണാകുളം ആലങ്ങാട് നീറിക്കോട് സെന്റ് ജോസഫ് പള്ളി കാരുണ്യത്തിന്റെ വലിയൊരു തുരുത്തായി മുന്നില്‍ തെളിഞ്ഞത് ഈ പ്രളയകാല സഞ്ചാരത്തിലെ ഒരിക്കലും മറക്കാനാകാത്ത ഒരു ഫ്രെയിമായിരുന്നു. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയുമൊക്കെയായി 3000ത്തിലേറെപ്പേര്‍ മതത്തിന്റെ വിശ്വാസപ്രമാണങ്ങള്‍ക്കപ്പുറം കാരുണ്യത്തിന്റെ സ്പര്‍ശങ്ങള്‍ മാത്രം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരിടം. ഒരു സംശയവുമുണ്ടായിരുന്നില്ല, പ്രാര്‍ത്ഥനയോടെ കൈതൊഴുതു ആ കാരുണ്യത്തുരുത്തിന് മുന്നില്‍. 

kc2
രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സൈനിക ഉദ്യോഗസ്ഥരും നാട്ടുകാരും

ക്രൂശിതനായ കര്‍ത്താവിന്റെ തിരുരൂപത്തിന് മുന്നിലെ ഹാളില്‍ വെള്ളത്തുണി വിരിച്ച ആറു മേശകള്‍ അവരെ കാത്തുകിടന്നു. കരളലിയിക്കുന്ന വിലാപങ്ങള്‍ക്ക് നടുവിലൂടെ വെള്ളത്തുണിയില്‍ പൊതിഞ്ഞ് അവരുടെ ചേതനയറ്റ ശരീരങ്ങള്‍ ഒന്നിനുപിറകെ ഒന്നായി ആ മേശപ്പുറങ്ങളിലേക്കെത്തി. പിന്നെ കണ്‍മുന്നില്‍ കണ്ടതും കേട്ടതുമെല്ലാം നിലവിളികളുടെയും വിലാപങ്ങളുടെയും വലിയ സമുദ്രമായിരുന്നു. നെഞ്ച് തകരുന്ന നിലവിളികളോടെ അവരെല്ലാം ആ പേടകങ്ങളുടെ മുകളിലേക്ക് വീഴുമ്പോള്‍ കണ്ണീരണിയാതെ ഒരാള്‍ പോലും അവിടെയുണ്ടായിരുന്നില്ല. ഒന്നിനു പിറകെ ഒന്നായി ആറു മൃതദേഹങ്ങള്‍ ഒരുമിച്ച് ആ പള്ളിമുറ്റത്ത് എത്തിയതോടെ കണ്ണീരിന്റെ ജനസമുദ്രമായി കുത്തിയതോട് മാറിയിരുന്നു. പള്ളിമേട തകര്‍ന്ന് മരിച്ച ആറുപേരുടെ മൃതദേഹങ്ങള്‍ കാത്ത് കുത്തിയതോട് സെന്റ് സേവ്യേഴ്സ് പള്ളിയില്‍ കാത്തുനിന്ന ആ പകല്‍ സമ്മാനിച്ച കണ്ണുനീര്‍ എങ്ങനെയാണ് മറക്കാനാകുന്നത്. 

രാവിലെ മുതല്‍ തന്നെ പള്ളിയിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തിയിരുന്നു. ദുരന്തത്തിന്റെ അടയാളമായ പള്ളിമേടയുടെ തകര്‍ന്ന ഭാഗങ്ങള്‍ നോക്കി പലരും നെടിവീര്‍പ്പിട്ടു. പള്ളിയുടെ പുറത്തും അകത്തും പലയിടങ്ങളിലും ചെളി നിറഞ്ഞിരിക്കുന്നു. വിശ്വാസികള്‍ക്ക് ഇരിക്കാനുള്ള ബെഞ്ചുകളില്‍ പലതും സമീപത്ത് തകര്‍ന്ന് കിടന്നതും പലരിലും സങ്കടത്തിന്റെ കാഴ്ചകളായി.

kc8
വെള്ളത്തില്‍ മുങ്ങിപ്പോയ കാറുകള്‍

ദുരന്തത്തിന്റെ കാഴ്ചകള്‍ നൊമ്പരമായി മനസിലേക്ക് പടരുന്നതിനിടയിലാണ് ജെയിംസിന്റെ മൃതദേഹവുമായി ആദ്യത്തെ ആംബുലന്‍സ് പള്ളിയുടെ മുറ്റത്തേക്കെത്തുന്നത്. ആറുപേരുടെയും അടുത്ത ബന്ധുക്കള്‍ക്ക് ഇരിക്കാനായി മേശക്കരികില്‍ തന്നെ ഓരോ ബെഞ്ചും ഇട്ടിരുന്നു. ഹൃദയം തകര്‍ന്ന നിലവിളികളോടെ ബെഞ്ചില്‍ കാത്തിരുന്നവരുടെ മുന്നിലേക്ക് ഓരോ പേടകങ്ങള്‍ കൊണ്ടുവന്ന് വെക്കുമ്പോഴും വിലാപങ്ങളുടെ വലിയ ശബ്ദങ്ങളുയര്‍ന്നു. മൃതദേഹങ്ങള്‍ എത്തുന്നതിന് മുമ്പേ പള്ളിയില്‍ അവര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനകള്‍ തുടങ്ങിയിരുന്നു. ''ജീവിതത്തിന്റെയും മരണത്തിന്റെയും നാഥനും, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വേശ്വരാ...ഞങ്ങളില്‍ നിന്ന് പറന്നകന്ന നിന്റെ ഈ പ്രിയപുത്രനെ സ്വര്‍ഗസ്ഥനാക്കണമേ...'' എന്ന പ്രാര്‍ത്ഥന ഏറ്റുചൊല്ലുമ്പോള്‍ പലരും കണ്ണീര്‍ തുടക്കുന്നുണ്ടായിരുന്നു. അറിയാതെ കണ്ണുകള്‍ നനഞ്ഞുപോയ ആ നിമിഷങ്ങള്‍ എങ്ങനെയാണ് മറക്കാനാകുന്നത്. 

സുബ്ഹാന്‍

''ദൈവത്തിന്റെ സ്വന്തം മാലാഖക്കുഞ്ഞിന്...'' എന്നെഴുതിയ സ്നേഹഫലകവുമായി സാജിദ വീട്ടിലേക്ക് തിരികെയെത്തുമ്പോള്‍ അവളുടെ കൈകളില്‍ ഒരു താരാട്ടുപോലെ കുഞ്ഞുവാവ ഉറങ്ങിക്കിടക്കുകയായിരുന്നു. വീട്ടിലേക്കെത്തിയ പുതിയ അതിഥിയെ നാലു വയസുകാരന്‍ നയീമും ഒന്നര വയസുകാരന്‍ നുഐമും കൗതുകത്തോടെ നോക്കി നിന്നു. കുഞ്ഞുവാവയെ കാണാനെത്തിയ നാട്ടുകാരുടെയും ബന്ധുക്കളുടെയും മുഖങ്ങളില്‍ ഒരത്ഭുത പിറവി കണ്ടതിന്റെ കൗതുകം കലര്‍ന്ന സന്തോഷം. എല്ലാവരെയും സാക്ഷിയാക്കി സാജിദ കുഞ്ഞുവാവയുടെ കാതോരം പേര് ചൊല്ലി വിളിച്ചു...''സുബ്ഹാന്‍...'' പ്രളയത്തില്‍ അകപ്പെട്ട് പള്ളിയുടെ ടെറസില്‍ അഭയം പ്രാപിച്ചപ്പോള്‍ ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ച നാവികസേനയോടുള്ള കടപ്പാടായിട്ടാണ് സാജിദ കുഞ്ഞിന് സുബ്ഹാന്‍ എന്ന പേരിട്ടത്.

ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തി നാവികസേന ആശുപത്രിയായ സഞ്ജീവനിയിലെത്തിച്ച സാജിദ അവിടെയാണ് പ്രസവിച്ചത്. പ്രളയം മൂടിയ നാളില്‍ അഭയം തേടിയ പള്ളിയുടെ ടെറസില്‍ നിന്ന് ഹെലികോപ്റ്ററില്‍ തൂങ്ങിക്കയറി ആശുപത്രിയിലെത്തി പ്രസവിച്ച സാജിദയുടെ കഥ കേട്ടിരുന്ന നിമിഷങ്ങള്‍ എങ്ങനെയാണ് മറക്കാനാകുന്നത്. അത്ഭുതകരമായ ഒരു പിറവിയുടെ അടയാള കഥയായി സുബ്ഹാന്റെ കുഞ്ഞുമുഖം ഇപ്പോഴും മനസില്‍ മായാതെയുണ്ട്.

kc10
ആലുവ മണപ്പുറത്തുനിന്ന്

ജലം കൊണ്ടേറ്റ മുറിവുകള്‍ തേടിയുള്ള യാത്രക്കിടയില്‍ കഴിഞ്ഞ ഒരു മാസക്കാലം കൊണ്ട് എത്രയോ കാഴ്ചകളാണ് കണ്ടത്. എല്ലാം അക്ഷരങ്ങളിലാക്കി പറയാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ മുന്നില്‍ തെളിഞ്ഞ കാഴ്ചകളൊന്നും മറന്നിട്ടില്ല....മറക്കാന്‍ കഴിയുമെന്ന് തോന്നുന്നുമില്ല. ഭൂതത്താന്‍കെട്ടിലെ ജലത്തില്‍ തൊട്ടപ്പോള്‍ അനുഭവിച്ച തണുപ്പ് മുതല്‍ ലക്ഷ്മിയമ്മൂമ്മയുടെ കരച്ചില്‍ വരെയായി എത്രയോ കാഴ്ചകള്‍. ജലം കൊണ്ടേറ്റ മുറിവുകള്‍ എത്രയോ ഭീകരമാണെന്ന് ഓരോ കാഴ്ചകളും അടയാളപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ശരിയാണ്, തൊട്ടുനോക്കാതെ തന്നെ ഇപ്പോഴും അറിയാന്‍ കഴിയുന്നുണ്ട്...കാലിലൂടെ ശരീരമൊന്നാകെ അരിച്ചുകയറുന്ന ജലത്തിന്റെ തണുപ്പും ജലം കൊണ്ടേറ്റ മുറിവുകളുടെ വേദനയും.