പട്ടിണിയും ദാരിദ്ര്യവും മാത്രമായിരുന്നില്ല കണ്ണൂരിലെ മലയോര ഗ്രാമമായ കൊട്ടിയൂരിലേക്കുള്ള കുടിയേറ്റത്തിന് പിന്നിൽ. പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും ചരിത്രമുണ്ടതിൽ. 1945കളിലാണ് മധ്യതിരുവിതാംകൂറില്‍ നിന്ന് കൊട്ടിയൂരിലേക്ക് ആദ്യ കുടിയേറ്റമുണ്ടായത്.

 രണ്ടാംലോക മഹായുദ്ധാനന്തരം തിരുവിതാംകൂറിലുണ്ടായ സവിശേഷമായ സാമൂഹ്യപശ്ചാത്തലവും ദേശീയപ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചെന്ന രാഷ്ട്രീയ കാരണങ്ങളുമെല്ലാം അതിലടങ്ങിയിരുന്നു. മുത്തനാട്ട് മത്തായി, കദളിക്കാട്ടില്‍ കുടുംബം, മാളിയേക്കപ്പറമ്പില്‍ സേവ്യര്‍, തുരുത്തിയില്‍ മത്തായി, കുമ്പളങ്ങയില്‍ വര്‍ക്കി തുടങ്ങിയവരാണ് ആദ്യകാല കുടിയേറ്റക്കാര്‍. മണ്ണിനോടും പ്രകൃതിയോടും പടവെട്ടിയാണ് ഈ മലയോര മേഖലയില്‍ അവര്‍ കൃഷിയിറക്കിയത്. ഓരോ കാലവര്‍ഷവും അവര്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചു. പക്ഷേ, തകര്‍ന്നതെല്ലാം പുന:സൃഷ്ടിക്കാന്‍ അവരുടെ ഇച്ഛാശക്തിക്ക് കഴിഞ്ഞുവെന്നതാണ് പുതുതലമുറിയില്‍ നിന്ന് അവരെ വ്യത്യസ്തരാക്കുന്നത്

പഴമക്കാരായ പലരോടും ചോദിച്ചു. ഇല്ല, അവരുടെ ഓര്‍മ്മകളില്‍ ഇങ്ങനെയൊരു പ്രളയം ഉണ്ടായിട്ടില്ല. ബാവലിപ്പുഴ മുന്‍കാലങ്ങളില്‍ സംഹാരരുദ്രയായി ഒഴുകിയിട്ടുണ്ട്. എന്നാല്‍, ഉരുള്‍പൊട്ടലിന്റെ ഭീതിതമായ ദൃശ്യങ്ങള്‍ കൊട്ടിയൂര്‍ ജനതയെ സംബന്ധിച്ചിടത്തോളം ആദ്യത്തേതാകണം. പത്തിലധികം ഉരുള്‍പൊട്ടലുകളാണ് കൊട്ടിയൂരിലുണ്ടായത്. മൂന്നുഭാഗങ്ങള്‍ മലനിരകളാല്‍ ചുറ്റപ്പെടുകയും ബാവലിപ്പുഴ അതിന്റെ മധ്യത്തിലൂടെ ഒഴുകുകയും ചെയ്യുന്നതാണ് കൊട്ടിയൂരിന്റെ ഭൂമിശാസ്ത്രം. കനത്തമഴയില്‍ ആഗസ്റ്റ് 8ന് രാത്രിയാണ് ഉരുള്‍പൊട്ടല്‍ പരമ്പരകളുടെ തുടക്കം. അമ്പായത്തോട്ടിലും പാല്‍ച്ചുരത്തിലും നെല്ലിയോടിയിലും ചപ്പമലയിലും കണ്ടപ്പുനത്തുമെല്ലാം ഒന്നിനുപുറമെ ഒന്നായി ഉരുള്‍പൊട്ടി. കണ്ണൂരില്‍നിന്ന് ഞങ്ങള്‍ എന്റെ ഗ്രാമത്തിലേക്ക് പുറപ്പെടുമ്പോള്‍ റോഡുകള്‍ അരുവികളായിരുന്നു. തുള്ളിക്കൊരു കുടമെന്നപോല്‍. കാറിന്റെ ചില്ലുകളിലേക്ക് വലിയ കല്ലെടുത്ത് എറിയുന്നതുപോലെ അനുഭവപ്പെട്ടു.

ബാവലിപ്പുഴ അതിന്റെ സംഹാരരൂപം പൂണ്ടിരുന്നു. വയനാട്ടില്‍ നിന്നും ഉദ്ഭവിച്ച ചെകുത്താന്‍ തോടും തിരുനെല്ലി ഫോറസ്റ്റ് ഡിവിഷനില്‍നിന്നും ഉദ്ഭവിക്കുന്ന അരുവികളും പാല്‍ച്ചുരത്തെത്തി ബാവലിപ്പുഴയായി ഒഴുകുന്നു. വയനാട്ടിലെ മക്കിമലയിലുണ്ടായ ഉരുള്‍പൊട്ടലിന്റെ പരിണിതഫലം ബാവലിപ്പുഴ ഏറ്റുവാങ്ങുകയായിരുന്നു.

കേളകം പിന്നിടുമ്പോഴേ കലങ്ങിമറിഞ്ഞൊഴുകുന്ന ബാവലിപ്പുഴ കാണാമായിരുന്നു. ഏകദേശം ഇരുനൂറിലധികം മീറ്റര്‍ ബാവലിപ്പുഴ ഗതിമാറിയൊഴുകി. ആര്‍ത്തലച്ചെത്തിയ മലവെള്ളത്തില്‍ കൃഷിയിടങ്ങള്‍ പൂര്‍ണമായും ഇല്ലാതായി. കൂറ്റന്‍ പാറകളും മരങ്ങളും പുഴയ്ക്ക് കുറുകെയുള്ള പാലങ്ങള്‍ തകര്‍ത്തു. കൊട്ടിയൂര്‍ പഞ്ചായത്തില്‍ ബാവലിപ്പുഴയോട് ചേര്‍ന്നുള്ള പത്തോളം വീടുകളെ വെള്ളമെടുത്തു. നിരവധി വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകളുണ്ടായി. ദക്ഷിണകാശിയെന്ന് അറിയപ്പെട്ട അക്കരെ കൊട്ടിയൂര്‍ ക്ഷേത്രവും തിരുവഞ്ചിറയും മുങ്ങി. ബാവലിപ്പുഴയ്ക് കുറുകെയുള്ള എല്ലാ പാലങ്ങള്‍ക്കും ബലക്ഷയമുണ്ടായി. പാമ്പറപ്പാന്‍ പാലം തകര്‍ന്നു. നോക്കി നില്‍ക്കെ മലവെള്ളം ഉയരുകയായിരുന്നു... 


കണ്‍മുന്നില്‍ ഭയാനകമായ ഉരുള്‍പൊട്ടല്‍ കണ്ടതിന്റെ ഞെട്ടലിലായിരുന്നു അമ്പായത്തോട്ടുകാര്‍. ഈ സമയം, അല്‍പം ദൂരെ മാറി ഞങ്ങള്‍ ബാവലിപ്പുഴ വീക്ഷിക്കുകയായിരുന്നു. ആരൊക്കെയോ വിളിച്ചുപറയുന്നു. 'അമ്പായത്തോട്ടില്‍ ഉരുള്‍പൊട്ടിയിരിക്കുന്നു'. എന്തുവേണമെന്ന് അറിയാതെ ഞങ്ങള്‍ അല്‍പനേരം പകച്ചുനിന്നു. ബാവലിപ്പുഴയുടെ ദൃശ്യം പകര്‍ത്തിക്കൊണ്ടിരിക്കെ പുഴ കൂടുതല്‍ കലങ്ങിമറിഞ്ഞൊഴുകി. ഞങ്ങള്‍ വേഗം അമ്പായത്തോട്ടിലേക്ക് തിരിച്ചു. പരിചയക്കാര്‍ പലരുമുണ്ടായിരിന്നു. അമ്പരപ്പും ഭീതിയും വിട്ടുമാറാതെ കുട്ടികളും സ്ത്രീകളെയും കാണാമായിരുന്നു. നോക്കിനില്‍ക്കെ ഒരഗ്‌നിപര്‍വതം കണക്കെ ഭീമാകാരമായ മലകള്‍ ഒലിച്ചെത്തുകയായിരുന്നു. അമ്പായത്തോട്ടിലെ ഫോറസ്റ്റിലാണ് ഉരുള്‍പൊട്ടിയത്. ആദ്യം വലിയതോതിലുള്ള സ്‌ഫോടനം പിന്നാലെ മണ്ണും കല്ലുകളും ഒഴുകിയെത്തി. 


നിരവധി മരങ്ങള്‍ കടപുഴക്കി മണ്ണ് കുത്തിയൊലിച്ചു. പിന്നാലെ മലവെള്ളപ്പാച്ചില്‍. ഈ ദൃശ്യം പകര്‍ത്തിയവരാകട്ടെ ഫോറസ്റ്റിന്റെ അതിരും ബാവലിപ്പുഴയ്ക്കും അപ്പുറം ഏകദേശം 500 മീറ്റര്‍ മാറിയുള്ള ഒരു തിണ്ടിൻ മുകളിലായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായെത്തിയ മലവെള്ളം ദൃശ്യം പകര്‍ത്തിയവര്‍ നിന്നിരുന്ന തിട്ടിന്റെ മുകളില്‍ വരെയെത്തി. പലരും ഓടിമാറിയതിനാല്‍ ദുരന്തം ഒഴിവാകുകയായിരുന്നു. ഈ ഉരുള്‍പൊട്ടല്‍ നടന്ന് ഏകദേശം അഞ്ചുമിനിറ്റിനുള്ളില്‍ ക്യാമറയുമായി ഞങ്ങളെത്തി. അപ്പോഴും ചെറിയതോതില്‍ ഉരുള്‍പൊട്ടല്‍ തുടര്‍ന്നുകൊണ്ടേയിരുന്നു

ഉരുകിയൊലിക്കുന്ന ലാവകണക്കെ മണ്ണ് കുത്തിയൊഴുകുന്ന കാഴ്ച ജീവിതത്തില്‍ ആദ്യമായിരുന്നു. പലരുടെയും കണ്ണുകളില്‍ ഭീതിവിട്ടൊഴിഞ്ഞിരുന്നില്ല. അമ്പായത്തോട്ടിലെ ഫോറസ്റ്റില്‍ ഒരുമണിക്കൂറിനിടെ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. അതിന്റെ ദൃശ്യം പകര്‍ത്തുകയെന്നത് ശ്രമകരമായ ജോലിയായിരുന്നു. ഉരുള്‍പൊട്ടല്‍ ദൃശ്യം കണ്ടിട്ടാകണം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിനില്‍ക്കാന്‍ ഓഫീസില്‍നിന്നും മുന്നറിയിപ്പുണ്ടായത്.

ഇതിനകം തന്നെ മേലേ പാല്‍ച്ചുരം-താഴേ പാല്‍ച്ചുരം ആദിവാസി കോളനികളിലുള്ളവരെ മുഴുവന്‍ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിച്ചിരുന്നു. ഉടുതുണിയൊഴികെ ബാക്കിയെല്ലാം നഷ്ടപ്പെട്ട നിസ്സഹായരും നിരാലംബരുമായ മനുഷ്യര്‍. അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിലായി 2300ലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. വൈദ്യുതിയില്ല, ഗതാഗതം പൂര്‍ണമായും നിലച്ച അവസ്ഥ. വയനാടിനെ കണ്ണൂരുമായി ബന്ധിപ്പിക്കുന്ന രണ്ട് ചുരത്തിലും ഗതാഗതം തടസ്സപ്പെട്ടു. പാല്‍ച്ചുരം-ബോയ്‌സ് ടൗണ്‍ ചുരം ഇല്ലാതെയായി. പിറ്റേദിവസം ഞങ്ങളുടെ യാത്ര പാല്‍ച്ചുരത്തേക്കായിരുന്നു. 

പശ്ചിമഘട്ടത്തിലാണ് പാല്‍ച്ചുരം. തിരുനെല്ലി ഫോറസ്റ്റിനോട് ചേര്‍ന്ന പ്രദേശം. ഒരുഭാഗം ചെങ്കുത്തായ കൊക്കകള്‍, മറുഭാഗത്ത് ഭീമാകാരമായ കുന്നുകള്‍. നോക്കിനില്‍ക്കെ ഭീതിതോന്നുന്ന കാഴ്ചകള്‍. വലിയ പാറകള്‍ അടര്‍ന്നുവീഴാറായിരിക്കുന്നു. വാഹനം സുരക്ഷിത കേന്ദ്രത്തില്‍ പാര്‍ക്ക് ചെയ്ത് ഞങ്ങള്‍ ഒരു ജീപ്പില്‍ യാത്രയാരംഭിച്ചു. പാതിയിലേറെ ദൂരം പിന്നിട്ടപ്പോള്‍ ജീപ്പിന് പോലും മുന്നോട്ടുനീങ്ങാന്‍ കഴിയാത്തത്ര രീതിയില്‍ പാത ദുര്‍ഘടമായി. ജീപ്പ് ഉപേക്ഷിച്ച് ക്യാമറയുമായി ഞങ്ങള്‍ മുന്നോട്ടുനീങ്ങി. കുറെയേറെ ദൃശ്യങ്ങള്‍ പകര്‍ത്തി. കൂടുതല്‍ നേരം ചെലവഴിക്കുന്നത് അപകടം വിളിച്ചുവരുത്തുമെന്നതിനാല്‍ തിരിച്ചുനടന്നു.

കണ്ടപ്പുനം മേമനക്കുന്നിലാണ് ഈ കാഴ്ച കണ്ടത്. ഭൂമി ഒരു മീറ്ററോളം വിണ്ടിരിക്കുന്നു. പിറ്റേദിവസം അതിരാവിലെ സുഹൃത്തുക്കള്‍ വീണ്ടും വിളിച്ചു. ഞങ്ങളെത്തുമ്പോള്‍ കഴിഞ്ഞദിവസത്തെക്കാള്‍ ഭീകരമായിരുന്നു ഈ പ്രദേശം. വീണ്ടുകീറിയ ഭൂമിയുടെ ഒരുഭാഗം രണ്ടരമീറ്ററോളം താഴ്ന്നുപോയിരുന്നു. ഈ പ്രദേശം ജനവാസയോഗ്യമല്ലാതായിരിക്കുന്നു. എത്രയോ വര്‍ഷത്തെ അധ്വാനമെന്ന് ആരൊക്കയോ വിലപിക്കുന്നുണ്ടായിരുന്നു.

സമീപവാസികളെ റവന്യൂ അധികൃതരെത്തി മാറ്റിപ്പാര്‍പ്പിച്ചു. തെക്കന്‍ കേരളത്തില്‍ പ്രളയക്കെടുതിയാണ് ഉണ്ടായതെങ്കില്‍ കണ്ണൂരിന്റെ മലയോര മേഖലയില്‍ ഉരുള്‍പൊട്ടലായിരുന്നു നാശം വിതച്ചത്. 

അതിജീവനത്തിന്റെ ചരിത്രമാണ് കൊട്ടിയൂരിന് എക്കാലത്തും ഉള്ളത്. കൊട്ടിയൂര്‍ കുടിയിറക്ക് സമരവും ചരിത്രത്തില്‍ ഇടം നേടിയത് അങ്ങനെയാണ്. NSSന്റെ ഭൂമിയെന്ന് അവകാശപ്പെട്ട് അക്കാലത്തെ നായര്‍പ്രമാണിമാര്‍ കുടിയേറ്റ കര്‍ഷകരെ ഒഴിപ്പിക്കാനെത്തി. സമരത്തില്‍ പങ്കുചേരാന്‍ ഫാദര്‍ ജി. വെല്ലിങ്ടണും ഫാദര്‍ വടക്കനുമെത്തി. വിമോചന സമരാനന്തരം 1960കളുടെ തുടക്കത്തിലാണ് കുടിയിറക്ക് സമരമുണ്ടായത്. ഇം.എം.എസ് മന്ത്രിസഭ താഴെവീണ കാലം. പക്ഷേ, കുടിയിറക്ക് സമരത്തില്‍ കര്‍ഷകജനതയുടെ രക്ഷകനായി സഖാവ് എ.കെ.ജിയും രംഗത്തെത്തി. പാര്‍ട്ടിക്കും പള്ളിക്കുമിടയിലെ പാലമായി കുടിയിറക്ക് സമരം മാറി. 

എ.കെ.ജിക്കൊപ്പം കെ.പി.ആര്‍ ഗോപാലന്‍, എന്‍.ഇ ബാലാറാമുമെല്ലാം സമരപ്പന്തലിലെത്തി. തുടര്‍ന്ന് വെല്ലിങ്ടണ്‍ ജാഥാ ക്യാപ്റ്റനും കൊട്ടിയൂരിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനായ തുരത്തിയില്‍ സ്‌കറിയ വൈസ് ക്യാപ്റ്റനുമായി തിരുവനന്തപുരത്തേക്ക് പ്രതിഷേധ ജാഥ പുറപ്പെട്ടു. കാല്‍നടയായി പുറപ്പെട്ട ജാഥയുടെ ഉദ്ദേശ്യം മുഖ്യമന്ത്രി പട്ടം താണുപിള്ളയ്ക്ക് നിവേദനം നല്‍കുകയെന്നതായിരുന്നു. എന്നാല്‍ NSSന്റെ എതിര്‍പ്പുകളായിരിക്കണം സമരക്കാരെ കാണാന്‍ പട്ടം കൂട്ടാക്കിയില്ല. സമരം രൂക്ഷമായപ്പോള്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മൗനാനുവാദത്തോടുകൂടി തന്നെ കര്‍ഷക തൊഴിലാളി പാര്‍ട്ടിയും രൂപപ്പെട്ടു. കുടിയിറക്കല്‍ നിര്‍ത്തിവെക്കാന്‍ അന്നത്തെ ഗവര്‍മെന്റ് നിര്‍ബന്ധിതരായി. 67ല്‍ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള സപ്തകക്ഷി മുന്നണിയില്‍ കര്‍ഷക തൊഴിലാളി പാര്‍ട്ടി (KTP) അംഗമായി. യോജിപ്പിന്റെ രാഷ്ട്രീയമായിരുന്നുവത്. ക്രൈസ്തവരും കമ്യൂണിസ്റ്റുകളും കൈകോര്‍ത്തുകൊണ്ട് മാത്രമല്ല, അവരുടെ അധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഫലംകൂടി അതിലടങ്ങിയിരുന്നു.   
പുതുതലമുറയ്ക് ഇത്തരം അനുഭവച്ചൂരുകളില്ല. പ്രകൃതിദുരന്തമുണ്ടായപ്പോള്‍ കൊട്ടിയൂരിലെ കര്‍ഷകര്‍ കണ്ണീര്‍ വാര്‍ക്കുകയായിരുന്നു. റവന്യൂ ഉദ്യോഗസ്ഥര്‍ ദുരന്തമേഖലയിലെ ആളുകളെ ഒഴിപ്പിക്കുമ്പോള്‍ പലരും പോകാന്‍ കൂട്ടാക്കിയില്ല. പരിചയത്തിന്റെ പേരില്‍ ഞാനും നിര്‍ബന്ധിച്ചപ്പോള്‍ അവര്‍ പറയുന്നുണ്ടായിരുന്നു. ''കന്നുകാലികളെയും ഈ ഭൂമിയും ഉപേക്ഷിച്ച് എങ്ങോട്ടുപോകാന്‍. ഇതിലും ഭേദം ഞങ്ങളും മരിക്കുന്നതാണ്.''

സാന്ദര്‍ഭികമായി ഒന്നുകൂടി സൂചിപ്പിക്കേണ്ടിയിരിക്കുന്നു. പാരിസ്ഥിതിക ദുര്‍ബലപ്രദേശമാണ് നമ്മളുടേത്. അനധികൃത നിര്‍മ്മാണം മാത്രമല്ല ഭൂമിയ്ക്ക് കൂടുതല്‍ പരിക്കേല്‍ക്കാത്ത തരത്തില്‍ നമ്മള്‍ അവയെ സംരക്ഷിക്കേണ്ടിയിരിക്കുന്നു. ഗാഡ്ഗിലിന് ശേഷം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വന്നപ്പോള്‍ രക്തക്കളമായി ഈ ഗ്രാമം മാറിയിരുന്നു. പരിസ്ഥിതിയെ ഒരു പോറല്‍പോലും ഏല്‍പ്പിക്കാതെ കാത്തുസൂക്ഷിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാവുകയാണ്. ചെറുതെങ്കിലും ചരിത്രത്തില്‍ അതിജീവനത്തിന്റെ വലിയ പാതയാണ് നമുക്കുള്ളത്. ഈ പ്രകൃതി ദുരന്തത്തെയും നമുക്ക് അതിജീവിക്കാനാകണം. ദുരിതങ്ങള്‍ക്കിടയില്‍ ജീവിക്കുമ്പോഴാണ് നമ്മള്‍ ജീവിച്ചെന്ന തോന്നലുണ്ടാകുന്നത്, അതുതന്നെയാണ് കൊട്ടിയൂരിലെ പൂര്‍വികര്‍ കാണിച്ചുതന്നതും.

Content Highlight: massive landslide hits kottiyoor kerala flood