ഫെബ്രുവരിയിലേ തീരുമാനിച്ചതാണ്. ചിങ്ങത്തില്‍ കല്യാണം. 2018 ഓഗസ്റ്റ് 19-ന് ആലപ്പുഴയിലെ വീട്ടില്‍വെച്ച്.  ഓണത്തിന് തൊട്ടു മുന്‍പായി നടക്കുന്ന വിവാഹത്തിനായുള്ള ഒരുക്കങ്ങളെല്ലാം മനസ്സില്‍ തയ്യാറാക്കി വെച്ചിരുന്നു. പതിനേഴാം തീയതി രാവിലെ കോഴിക്കോട്ടെ ഓഫിസില്‍നിന്ന് ഇറങ്ങണം. വൈകുന്നേരത്തോടെ വീട്ടിലെത്തണം.  

എല്ലാം മാസങ്ങള്‍ക്ക് മുമ്പെ തീരുമാനിച്ചിരുന്നു. അണുവിട വ്യത്യാസമില്ലാത്ത പ്ലാനിംഗ്. എല്ലാം  മുന്നോട്ട് പോയിക്കൊണ്ടിരുന്നു. ഇതിനിടെ ഭാവി വധുവുമായുള്ള ഫോണ്‍ സംഭാഷണങ്ങള്‍, കല്യാണ ശേഷം ഒരുമിച്ചുള്ള ആദ്യയാത്രകളെ കുറിച്ചുള്ള ചര്‍ച്ചകള്‍, തീരുമാനങ്ങള്‍. അങ്ങനെ ജീവിതം യൗവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവും ആയി മുന്നോട്ടു പൊയ്ക്കൊണ്ടിരുന്ന ദിവസങ്ങള്‍. 

ജൂണ്‍ മുതലേ മഴ ആരംഭിച്ചിരുന്നു. ആലപ്പുഴക്കാരന്‍ ആയതു കൊണ്ടും, ഇതിലും വലിയ മഴ എത്ര കണ്ടിരിക്കുന്നു എന്ന അഹങ്കാരം കൊണ്ടും മഴയെ ദിവസവും നോക്കിക്കൊണ്ടിരുന്നു. മഴവാര്‍ത്തകള്‍ ആവേശത്തോടെ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരുന്നു. സിനിമാപ്പാട്ട് പോലെ ഏഴു സുന്ദര രാത്രികള്‍, വിവാഹ പൂര്‍വ രാത്രികള്‍ എത്തി. 

വിവാഹ ദിവസങ്ങള്‍ അടുക്കുന്ന ഏതൊരാളെയും പോലെ എനിക്കും മഴ കാമുകി ആയിരുന്നു. മഴയുടെ സൗന്ദര്യവും വശ്യതയും തുടങ്ങി മഴക്കാറു കാണുമ്പോള്‍ തന്നെ മനസ് പ്രണയാതുരമായി. വലിയ വലിയ സ്വപ്നങ്ങള്‍ താലോലിച്ച് നടക്കുന്നതിനിടെ മഴ ശക്തമാകാന്‍ തുടങ്ങി. 

അപ്പോഴും ഇതൊക്കെ എന്ത് എന്ന ഭാവത്തില്‍ ജോലിയില്‍ മുഴുകി. രാപ്പകല്‍ ഓടി നടന്നു. കോഴിക്കോടിന്റെ വിവിധ മേഖലകളില്‍ മഴക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയി. വീട്ടില്‍ നിന്നുള്ള വിളികള്‍ കൂടുതലായി. അന്വേഷണങ്ങളും.
''എന്ന് വരും?'' 
''പതിനേഴിന് പുലര്‍ച്ചെ.' 

ചോദ്യങ്ങളിലെ ഉത്ക്കണ്ഠകളെ അവഗണിച്ച് ആവര്‍ത്തിച്ചു മറുപടി പറഞ്ഞുകൊണ്ടേ ഇരുന്നു. ഇടയ്ക്കെപ്പോഴോ മഴ ശക്തമായത് എന്നേക്കാള്‍ അസ്വസ്ഥമാക്കുന്നത് കൂടെ ജോലി ചെയ്യുന്നവരെ ആണെന്ന് തോന്നിപ്പിച്ചു.
''ദൈവമേ ഈ ചെറുക്കന്റെ കല്യാണം വെള്ളത്തിലാകുമോ...'' 

ചോദ്യത്തിലെ ട്രോളും കൂടെ ഉയരുന്ന ഉച്ചത്തിലുള്ള ചിരികളും, അപ്പോഴൊക്കെ ''ആലപ്പുഴക്കാര്‍ക്ക് എന്ത് വെള്ളപ്പൊക്കം?'' എന്ന പുച്ഛം നിറഞ്ഞ ചിരിയില്‍ അവരോട് മറുപടി. 

കോഴിക്കോട്ടുനിന്ന് ട്രെയിന്‍ മാര്‍ഗ്ഗം ആലപ്പുഴ എത്താം എന്നായിരുന്നു പ്ലാന്‍. തീവണ്ടി എത്രയൊക്കെ പിടിച്ചിട്ടാലും വൈകുന്നേരത്തേക്ക് വീട്ടിലെത്താം. ബാച്ചിലേഴ്സ് പാര്‍ട്ടി ഗംഭീരമാക്കണമെന്നായിരുന്നു സങ്കല്‍പ്പം. കാര്യങ്ങള്‍ കയ്യില്‍ നിന്നു വിട്ടു പോവുകയാണോ എന്ന വിചാരം പോലും ഉണ്ടാക്കിയത് പതിനാറാം തിയതിയാണ്. 

shyam kumar

തൃശ്ശൂര്‍ മുങ്ങുന്നു. ആലുവ വഴി റോഡ് യാത്ര സാധ്യമല്ല. കൊടുങ്ങല്ലൂരിന് അപ്പുറം മുങ്ങി തുടങ്ങിയ വാര്‍ത്തകള്‍ ബ്യൂറോയില്‍ ഇരുന്നു കണ്ടപ്പോള്‍ മനസ്സ് കാളി. പണി പാളിയോ എന്ന വികാരം മുഖത്ത് വരാതിരിക്കാന്‍ ആയിരുന്നു പരമാവധി ശ്രമം. ഓഫീസില്‍ ഇരിക്കാതെ മഴയോടൊപ്പം മലമേഖലകളില്‍ യാത്ര. 

കാമുകിയായിരുന്ന മഴ നശിച്ച മഴയായി മനസ്സില്‍ മാറിത്തുടങ്ങി. ഇത് ഒന്ന് നിന്നിരുന്നെങ്കില്‍ എന്ന് പലവട്ടം ചിന്തിച്ച് തുടങ്ങി. അതിനിടയിലും പോസിറ്റീവ് ചിന്ത ഉണ്ടാക്കാന്‍ വേണ്ടി മനഃപൂര്‍വം ആലോചിച്ചു. ട്രെയിന്‍ വഴി തൃശ്ശൂര്‍ വരെയെങ്കിലും എത്താം. അവിടുന്ന് എങ്ങനെയെങ്കിലും വീട് പിടിക്കാം. അങ്ങനെയങ്ങനെ സ്വയം ആശ്വസിപ്പിച്ചു കൊണ്ടേ ഇരുന്നു. ഇതിനിടയ്ക്ക് റെയില്‍വെ എസ്.ഐയെ വിളിച്ചു. കെ.എസ്.ആര്‍.ടി.സിയില്‍ വിളിച്ചു. തൃശ്ശൂര്‍ വഴി ട്രെയിനോ ബസ്സോ വിട്ടു തുടങ്ങിയോ എന്ന ചോദ്യം പുട്ടിന് പീര പോലെ തുടര്‍ന്നു. 

എല്ലാത്തിനും ഒരേ മറുപടി: ''എവിടെ, ഉടനെ ഒന്നും സാധ്യതയില്ല.'' 

കുഴപ്പത്തിലാകുമോ എന്ന ചിന്ത മനസിലൂടെ പലവട്ടം പാഞ്ഞ സമയം. 

''നീ എപ്പഴാ പുറപ്പെടുന്നത്?'' 
ഈ ചോദ്യവുമായി വീട്ടില്‍നിന്ന് വരുന്ന ഓരോ ഫോണിനും പഴയ മറുപടി അത്രയ്ക്കങ്ങ് ഉറപ്പിച്ച് പറയാന്‍ പറ്റാതായി. അതിനിടെ നാട്ടില്‍നിന്ന് പ്രളയം കാരണം കല്യാണങ്ങള്‍ മാറ്റി വയ്ക്കുന്ന കരക്കമ്പികളും കേട്ടു തുടങ്ങി. കല്യാണം മാറ്റിവയ്ക്കാനായി പെണ്ണിന്റെ വീട്ടുകാരോട് ഒന്നു സംസാരിക്കാമോ എന്ന ചോദ്യം അച്ഛനോട് ചോദിച്ചത് മാത്രമെ ഓര്‍മ്മയുള്ളൂ, അതിലും വേഗം ഫോണ്‍ കട്ട് ചെയ്യേണ്ടി വന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ കണക്കിന്റെ ഉത്തരക്കടലാസ് കാണുമ്പോഴുള്ള അച്ഛന്റെ ദ്വേഷ്യം വര്‍ഷങ്ങള്‍ക്കിപ്പുറം ഫോണിലൂടെ വീണ്ടും കണ്ടു. 

കല്യാണം പത്തൊമ്പതിന് നടക്കില്ലെന്ന് സ്വയം തീരുമാനിച്ച് ഉറപ്പിച്ച് പതിനേഴിന് പുലര്‍ച്ചെ ബസ് സ്റ്റാന്റില്‍ എത്തി. നിരന്നു കിടക്കുന്ന ബസുകള്‍. അന്വേഷണ കൗണ്ടറിനു മുന്നിലെ ആള്‍ക്കൂട്ടം. 

''ആലപ്പുഴ ഭാഗത്തേക്കുള്ള ബസ് എപ്പോള്‍ പുറപ്പെടും?'' ആര്‍ക്കും അറിയില്ല. 
''വെള്ളം ഇറങ്ങിയാല്‍ പോവാം'' എന്ന് മറുപടി. 

ആറു മണിക്ക് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍ എത്തിയ എനിക്ക് പത്തു മണിക്ക് ബസ് കിട്ടി. കുന്നംകുളം വരെ പോയ്നോക്കാം എന്ന മട്ടിലായിരുന്നു ബസ് പുറപ്പെട്ടത്. തിരക്കിനിടെ ഒരു കണക്കിന് ബസില്‍ ഇടിച്ചു കയറി. പ്രതീക്ഷകളുമായി ആ ബസ് നീങ്ങി. ബസ് യാത്ര തുടങ്ങിയപ്പോള്‍ തന്നെ പകുതി സമാധാനം. വീട്ടിലേക്ക് വിളിച്ചു പറഞ്ഞു: ''വൈകിട്ട് എന്തായാലും എത്തും. ബസിലാണ്.'' 

കെ.എസ്.ആര്‍.ടി.സിയോടുള്ള വിശ്വാസം കൂടി ആയിരുന്നു അത്. ഒരു നവവരന്റെ ടെന്‍ഷനപ്പുറം വീട്ടിലെ കാര്യങ്ങള്‍ ആലോചിച്ച് ടെന്‍ഷന്റെ പരകോടിയില്‍ ഇരിക്കുമ്പോഴും ബസിനുള്ളില്‍ കുറെ പേരുടെ പ്ലാനിങ്. 
''തൃശ്ശൂരെത്തിയാല്‍ പാലക്കാട്ടേക്ക് വിടാം. അങ്ങനെ തമിഴ് നാട് എത്താം. അവിടന്ന് തിരുവനന്തപുരം പിടിക്കാം.'' 

മനോഹരമായ നടക്കാത്ത പ്ലാനിംഗ്. പലവട്ടം അവരോട് പ്ലാനിംഗിനെതിരേ സംസാരിക്കണം എന്ന് തോന്നി. എങ്കിലും മനസ്സില്‍ അതിലേറെയുണ്ട് സമ്മര്‍ദ്ദം. മിണ്ടാതിരുന്നു. ഉച്ചയോടെ ബസ് കുന്നംകുളത്തെത്തി. ഗുരുവായൂര്‍ എത്തിക്കിട്ടണം. പിന്നെ, വരാപ്പുഴ, കൊടുങ്ങല്ലൂര്‍ വഴി എറണാകുളം എത്താം. അവിടെ ഒരു സുഹൃത്ത് കാത്തിരിപ്പുണ്ട്. അവനൊപ്പം  വീട്ടിലെത്താം. 

പുതിയ പ്രതീക്ഷകള്‍ പറന്നുയര്‍ന്നു. കടുത്ത വിശപ്പിനെ അതിജീവിച്ച് കുന്നംകുളത്തുനിന്ന് ഓട്ടോയ്ക്ക് ഗുരുവായൂരിലേക്ക്. അവിടെ സ്റ്റാന്റിലെത്തി അന്വേഷിച്ചു. 
''കൊടുങ്ങല്ലൂര്‍ വഴി സര്‍വ്വീസില്ല. രണ്ട് ദിവസം കഴിഞ്ഞ് ആലോചിക്കാം.'' 

നാളെ കഴിഞ്ഞാല്‍ എന്റെ കല്യാണമാടോ എന്ന് പറയാന്‍ തോന്നി. വേണ്ട, അധികപ്പറ്റാവും. സ്വയം നിയന്ത്രിച്ചു. ബസ് സ്റ്റാന്‍ഡില്‍ നിന്ന് പുറത്തേക്ക് നടന്നു. ക്ഷേത്രത്തിന്റെ നടയില്‍ നാട്ടില്‍നിന്നുള്ള ഒരു പൊലീസ് സുഹൃത്ത്. കാര്യം പറഞ്ഞു. ''ഇതുവഴി കയറി നടന്നാല്‍ റെയില്‍വെ സ്റ്റേഷനില്‍ ചെല്ലാം. ഒന്നു നോക്കടാ.''

അപ്പോഴേക്കും ശരിക്കും തളര്‍ന്നു തുടങ്ങിയിരുന്നു. ശാരീരികമായും മാനസികമായും. അതിനിടെ വീട്ടില്‍നിന്ന് ഫോണ്‍ വിളികള്‍ ചറപറാ വന്നുകൊണ്ടേ ഇരുന്നു. ഒരു കോളും എടുത്തില്ല. 

കനത്ത മഴ പെയ്യുകയായിരുന്നു. കാറ്റ് ചീറിയടിച്ചു. ആകെ നനഞ്ഞു കുതിര്‍ന്നു. മരവിച്ച ആ നില്‍പ്പ് നില്‍ക്കുമ്പോള്‍ രക്ഷകനെ പോലെ തോന്നിപ്പിക്കുന്ന ഒരു ബസ് വന്നു. ഓടിച്ചെന്ന് ഒരു വിധം കയറുമ്പോള്‍ അറിഞ്ഞു, അത് കൊടുങ്ങല്ലൂര്‍ വരെയേ ഉള്ളൂ. അവിടുന്ന് എങ്ങനെ എങ്കിലും മറുകര എത്താം എന്ന് അപ്പോഴേക്ക് കൂടെ കൂടിയവരുടെ പ്ലാന്‍. (നേരത്തെ പാലക്കാട് വഴി തമിഴ് നാട് ട്രിപ്പ് പ്ലാന്‍ ചെയ്തവരാണ്). അവരുടെ ഉപദേശം കേട്ട് ഞാനും ബസില്‍ കയറി. 

പുറത്ത് ചാറിപ്പെയ്ത മഴയുടെ അകമ്പടിയോടെ ബസ് കൊടുങ്ങല്ലൂര്‍ അമ്പലത്തിന് സമീപം എത്തി. നശിച്ച മഴ അപ്പോഴേക്കും വീണ്ടും ശക്തമായിരുന്നു.  

shyam kumarകൊടുങ്ങല്ലൂരെത്തി അമ്പലത്തിനടുത്ത ഒരു ബസ് സ്റ്റോപ്പില്‍ നിന്നു. 
''എങ്ങനെ അക്കരെ എത്താം?'' എന്നായി ചോദ്യം.
''ഒരു രക്ഷയുമില്ല.'' എന്ന് മറുപടി. 
ഒപ്പം ഒരു ഉപദേശവും കിട്ടി. 
''അടുത്തൊരു ദുരിതാശ്വാസ ക്യാംപുണ്ട്. അവിടെ പോയി കിടക്കുന്നതാവും നല്ലത്.'' 

എന്ത് ചെയ്യണം...? ഒരു തീരുമാനവും എടുക്കാന്‍ പറ്റാത്ത അവസ്ഥ. ഉള്ളില്‍നിന്ന് വലിയൊരാന്തല്‍.  തിരിച്ച് ഗുരുവായൂര്‍ക്ക് പോവാന്‍ ബസ് കിട്ടാന്‍ പോലും സാധ്യത ഇല്ലെന്നായി. അതിനിടെ തമിഴ് നാട് വഴി തിരുവനന്തപുരം യാത്ര പ്ലാനിട്ടവര്‍ കാലുമാറി. അവര്‍ കൊടുങ്ങല്ലൂരിലെ ദുരിതാശ്വാസ ക്യാംപില്‍ തങ്ങാന്‍ തീരുമാനിച്ചു. അവശേഷിച്ച പ്രതീക്ഷയും തല്ലിക്കെടുത്തി വഞ്ചകന്മാര്‍ ക്യാമ്പിലേക്ക് പോയി. 

ഞാന്‍ നിസ്സഹായനായി. കല്ല്യാണശേഷം ഭാര്യയോടൊത്ത് വരേണ്ട രണ്ട് മഹാക്ഷേത്രങ്ങളുടെ ദര്‍ശനം അപ്പോഴേക്കും പൂര്‍ത്തിയാക്കിയിരുന്നു. നിരാശയും ദേഷ്യവും നിറഞ്ഞു. മനസു നിറയെ മഴയെ ചീത്ത വിളിച്ചു. മഴ നനഞ്ഞു കൊണ്ട് തന്നെ ഗുരുവായൂര്‍ ഭാഗത്തേക്ക് ബസ് തിരക്കി നടന്നു. കല്ല്യാണം കഴിക്കുന്നത് പോയിട്ട് ഗുരുവായൂര്‍ വിടാനാവുമോ എന്ന് പോലും ഉറപ്പില്ല. അതാ വരുന്നു ഒരു ബസ്. ഗുരുവായൂര്‍ എന്ന ബോര്‍ഡ്. ഓടിക്കയറി. പറഞ്ഞറിയിക്കാനാവാത്ത മാനസികാവസ്ഥ. 

റോഡ് വഴി ഇനി പോവാന്‍ പറ്റുമെന്നു തോന്നുന്നില്ല. ആകാശമാര്‍ഗമാണ് ബാക്കിയുള്ളത്. ഓഫീസിലേക്കു വിളിച്ചു ചോദിച്ചു. എന്തെങ്കിലും സാധ്യതയുണ്ടോ?  അപ്പോഴാണ് വയനാട്ടിലെ റിപ്പോര്‍ട്ടിങ്ങിന് ശേഷം സീനിയര്‍ ന്യൂസ് എഡിറ്റര്‍ മധു ചേട്ടനും സംഘവും തൃശ്ശൂരിലുള്ള വിവരം ഓര്‍ത്തത്. ആകെ തകര്‍ന്ന് നില്‍ക്കുന്ന എനിക്ക് മധുചേട്ടന്റെ ഒരു കോള്‍. ''നീ അടുത്ത സ്റ്റോപ്പില്‍ തന്നെ ഇറങ്ങി നിന്നോ. ഞങ്ങള്‍ എത്തി.'' 

പേരറിയാത്ത ഒരു ബസ് സ്റ്റോപ്പില്‍ ഇറങ്ങി നില്‍ക്കുന്നതിനിടെ വീണ്ടും അടുത്ത കോള്‍. തൃശ്ശൂരില്‍നിന്ന് കോയമ്പത്തൂര്‍ എത്തി അവിടെനിന്ന് വിമാനമാര്‍ഗ്ഗം പോവാനുള്ള മാര്‍ഗ്ഗം തിരക്കുന്നു എന്ന അറിയിപ്പും. ഓഫീസിലുള്ളവര്‍  മിന്നല്‍ വേഗത്തില്‍ ടിക്കറ്റ് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്.  പെട്ടെന്ന് തന്നെ പാന്‍ കാര്‍ഡിന്റെ കോപ്പി അയച്ചു കൊടുക്കാന്‍  നിര്‍ദ്ദേശം. അവസാനിച്ചു എന്ന് കരുതിയ പ്രതീക്ഷകള്‍ വീണ്ടും തിരികെ വരാന്‍ തുടങ്ങിയ സമയം. 

മാതൃഭൂമി സംഘം എത്തി. മണിക്കൂറുകളായി തോളില്‍ കയറ്റിയ ബാഗ് ഊരി കാറിലേക്ക് കയറി. അപ്പോഴേക്കും വിമാനയാത്ര ഉറപ്പിച്ചു. എന്റെ മുഖത്ത് നിറഞ്ഞ് നിന്ന സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ സഹ പ്രവര്‍ത്തകരുടെ തമാശകള്‍. 
ഇതിനിടയില്‍ യാത്രയുടെ അന്തിമ രൂപമായി. കാര്‍ മാര്‍ഗ്ഗം തൃശ്ശൂരില്‍നിന്ന് പാലക്കാട് വഴി കോയമ്പത്തൂരിലേക്ക്. ഗൂഗിളിനോട് വഴി ചോദിച്ച് ഞങ്ങള്‍ യാത്ര തുടങ്ങി. കാറിലെ രണ്ടു കൂട്ടുകാരുടെ ഫോണില്‍ ഗൂഗിള്‍ രണ്ടു തരത്തില്‍ വഴി പറഞ്ഞു തന്നു.  

ഇല്ലാത്ത വഴികള്‍ പുതുതായി ഉണ്ടാക്കി പോവും പോലെ നാട്ടുവഴികളിലൂടെ സഞ്ചരിച്ച് വഴി ചോദിച്ച് ചോദിച്ച് ആ രാത്രി ഞങ്ങള്‍ യാത്ര ചെയ്തു. ദേശമംഗലം വഴി പോയാല്‍ മതി എന്ന വഴി പറച്ചില്‍ മാത്രമാണ് ഇപ്പോള്‍ ഓര്‍മ്മയിലുള്ളത്. രാവിലെ മുതല്‍ ഒന്നും കഴിച്ചിട്ടില്ലെന്നു മനസിലാക്കിയ സഹയാത്രികര്‍ പാലക്കാട് പോവും വഴി ഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചു. വയറു നിറയെ ഭക്ഷണം കഴിച്ചപ്പോഴേക്കും പകുതി ആശ്വാസമായി. അപ്പോഴേക്കും സ്വന്തം വീട്ടിലേക്കും  കല്യാണം കഴിക്കാന്‍ പോവുന്ന പെണ്ണിന്റെ വീട്ടിലേക്കും വിളിച്ച് വിമാനയാത്രാവിവരം പറഞ്ഞിരുന്നു. 

കല്യാണവീട്ടില്‍ കല്യാണച്ചെറുക്കന്‍ ഒഴികെ എല്ലാവരും ഉണ്ടെന്ന് അച്ഛന്‍ ഇതിനിടയില്‍ പറഞ്ഞു. കല്യാണം കഴിക്കാനായി മാത്രം ഒരു ദിവസം ഞാന്‍ നടത്തിയ യാത്രകള്‍ കാറിലിരുന്ന് ആലോചിച്ച് എനിക്ക് തന്നെ വീണ്ടും വീണ്ടും വട്ടായി. ഭക്ഷണശേഷം യാത്ര മാതൃഭൂമി പാലക്കാട് ഓഫീസിലേക്ക്. അവിടെ എത്തിയാലുടന്‍ എന്നെ കോയമ്പത്തൂരിലേക്ക് എത്തിക്കാന്‍ മറ്റൊരു വാഹനം ഏര്‍പ്പാടാക്കിയിരുന്നു.  

ആശ്വാസം എന്ന വാക്കിന്റെ അര്‍ത്ഥം എന്താണെന്ന് ശരിക്കും അറിഞ്ഞ സമയം. അല്ല, അതിലുമപ്പുറം എന്തൊക്കെയോ അറിഞ്ഞ സമയം. നില്‍ക്കാന്‍ നേരമില്ല. ഒട്ടും വൈകാതെ എന്നെ കോയമ്പത്തൂര്‍ വിമാനത്താവളത്തിലേക്ക് കയറ്റി വിട്ട് സഹപ്രവര്‍ത്തകര്‍ ദുരിതം റിപ്പോര്‍ട്ട് ചെയ്യാന്‍ അങ്കമാലിക്ക് തിരിച്ചു. 

ഒരു മണിയോടെ കോയമ്പത്തൂരില്‍ എത്തി. ചെക്ക് ഇന്‍ ചെയ്യാന്‍ കാത്തിരുന്നു. കല്യാണയാത്രയുടെ റൂട്ട് വീണ്ടും മാറി. കോയമ്പത്തൂരില്‍ നിന്ന് ചെന്നൈയിലേക്ക്. അവിടെ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ തിരുവനന്തപുരത്തേക്ക്. പിന്നെ റോഡ് മാര്‍ഗ്ഗം ആലപ്പുഴയിലേക്ക്. 

പുലര്‍ച്ചെ ആറു മണിയോടെ ചെന്നൈയിലെത്തി. ഏഴരയ്ക്കുള്ള വിമാനം പിന്നേയും വൈകി. രണ്ടു മണിക്കൂറിന്റെ കാത്തിരിപ്പിന് ശേഷം എട്ടരയോടെ തിരുവനന്തപുരത്തേക്ക് പറന്നു. അവിടെ എത്തി പുറത്തേക്ക് ഇറങ്ങുമ്പോഴും മഴ ചാറുന്നുണ്ടായിരുന്നു. നടക്കില്ല എന്ന് കരുതിയ കല്ല്യാണം നടക്കുമെന്ന് സ്വയം ബോധ്യമായ സമയം. അവിടുന്ന് കെ.എസ്.ആര്‍.ടി.സി. ബസില്‍ കൊല്ലത്തേക്ക്. കൊല്ലത്തുനിന്ന് ഒരു സുഹൃത്ത് നല്‍കിയ കാറില്‍ ആലപ്പുഴയിലേക്ക്. 

വൈകിട്ട് അഞ്ചു മണിയോടെ കല്യാണ ചെറുക്കന്‍ വീട്ടിലെത്തി. എല്ലാവരുടേയും മുഖത്ത് ചിരി തെളിഞ്ഞു. മിന്നുകെട്ടിന് ഇനി മണിക്കൂറുകള്‍ മാത്രം. കോഴിക്കോട്ടുനിന്ന് ആലപ്പുഴയിലേക്ക് 37 മണിക്കൂര്‍ നീണ്ട രാപ്പകല്‍ യാത്രയുടെ ക്ഷീണം. താടിയും മീശയും വെട്ടിയൊതുക്കാന്‍ കടയിലേക്ക് നടന്നു. 

ആകെ എരിപൊരി സഞ്ചാരം. വീട്ടില്‍ മുഴുവന്‍ ദീര്‍ഘനിശ്വാസങ്ങളുടെ കൂട്ടിമുട്ടല്‍. പ്രളയ കാലത്തെ കല്യാണച്ചെറുക്കന്‍ പിറ്റേന്ന് ശുഭമുഹൂര്‍ത്തത്തില്‍തന്നെ വധുവിന് മിന്നു ചാര്‍ത്തി.