എല്ലാം മനസിലായി. 99-ലെ വെള്ളപ്പൊക്കത്തിന്റെ വ്യാപ്തിയും 61-ലെ വെള്ളപ്പൊക്കത്തിന്റെ ആഴവുമൊക്കെ തിരിച്ചറിഞ്ഞു. നിര്‍ത്താതെ പെയ്യുന്ന പേമാരിയുടെ ശക്തിയറിഞ്ഞു. തുള്ളിക്കൊരു കടലാണെന്ന് തോന്നി. വെള്ളപ്പൊക്കം ദുരിതമാണെന്ന് പഠിച്ചു. കര്‍ഷകന്റെ കണ്ണീരു കണ്ടു. കുടിയിറങ്ങിയവന്റെ മനോവേദനയറിഞ്ഞു. വെള്ളപ്പൊക്കത്തില്‍ മാനുഷിക മൂല്യങ്ങളുയരുന്നത് കണ്ടു. പരസ്പര സ്‌നേഹവും കൈതാങ്ങും തിരിച്ചറിഞ്ഞു. ദിവസവും ഉപ്പുമാവ് കഴിച്ചിട്ടും മടുത്തെന്നും ആവര്‍ത്തന വിരസമെന്നും പറയാതെ വരിനിന്നു വാങ്ങുന്നവരെ കണ്ടു. സഹജീവി സനേഹത്തിന്റേയും കരുണയുടേയും മാതൃകയും ഉയര്‍ന്നു. ക്യാമ്പ് ജീവിതങ്ങളില്‍ സമ്പന്നനില്ല. മിഡില്‍ ക്ലാസില്ല. അടിവസ്ത്രത്തിന് പോലും ക്യൂ നില്‍ക്കേണ്ട അവസ്ഥയാണ് പ്രളയം സൃഷ്ടിച്ചത്. 

ചാലിയാര്‍ നിറഞ്ഞു കവിഞ്ഞു. തോടുകള്‍ ഗതിമാറി. ചോലകള്‍ ഉഗ്രമൂര്‍ത്തി പ്രാപിച്ചിരിക്കുന്നു. വഴികളടഞ്ഞിരിക്കുന്നു. ഫോണില്‍ നിരന്തരം വിളികളുയരുന്നു. എടുത്തു ചാടി പുറപ്പെടുന്നത് ബുദ്ധിയല്ലെന്ന് മനസ് പറഞ്ഞെങ്കിലും പോകാതിരിക്കാന്‍ മനസ് വന്നില്ല. മഴക്കോട്ടണിഞ്ഞ് യാത്ര തിരിച്ചു. ചാലിയാര്‍ കാണാന്‍, മമ്പാടങ്ങാടിക്കടവിലെത്തി തൂക്കുപാലം കണ്ടു. മുക്കാല്‍ ഭാഗത്തിലേറെയും വെള്ളം മൂടിയ പാലം. എടവണ്ണയിലെ ദുരിത മേഖലയിലേക്ക് തിരിച്ചു. കോഴിക്കോട് നിലമ്പൂര്‍ ഗൂഡല്ലൂര്‍ പാതയില്‍ പലയിടത്തും പ്രതിബന്ധങ്ങള്‍ ഏറിവന്നു. ഗതാഗതം മുടങ്ങി. ഗ്രാമീണ പാതകളിലൂടെ പലയിടങ്ങളിലായി ചുറ്റിക്കറങ്ങി ഒടുവില്‍ പ്രളയദുരിതം ഏറിയ മേഖലയിലെത്തി. ദുരിതങ്ങള്‍ക്കിടയിലെ മനുഷ്യസ്‌നേഹം ഇവിടങ്ങളില്‍ ഉയര്‍ന്നു പൊങ്ങി. അതു വെള്ളപ്പൊക്കത്തിലും മേലെ ഉയര്‍ന്നു നില്‍ക്കുന്നുവെന്ന് ബോധ്യപ്പെട്ടു.

വ്യക്തികളും സംഘടനകളും സര്‍ക്കാര്‍ സംവിധാനങ്ങളുമെല്ലാം ഉണര്‍ന്ന് പ്രവര്‍ത്തിച്ച കാലമാണീ പ്രളയകാലം. വീടുകളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനും അവര്‍ക്ക് ക്യാമ്പുകളില്‍ ഭക്ഷണമൊരുക്കാനും വസ്ത്രങ്ങള്‍ നല്‍കാനും കിടക്കാന്‍ പായ ഒരുക്കാനും രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കാനും മരുന്നു വാങ്ങി നല്‍കാനും സുമനസുകള്‍ മത്സരിച്ചു കൊണ്ടിരുന്നു. പ്രയാസങ്ങളും വേദനകളും പങ്കുവെക്കാനും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങാനും നാട്ടുകാര്‍ വാട്‌സാപ് കൂട്ടായ്മകള്‍ ഉണ്ടാക്കി. ഇത്തരം കൂട്ടായ്മകള്‍ സമാന്തര കണ്‍ട്രോള്‍ റൂമുകളായി പ്രവര്‍ത്തിച്ചെന്നുതന്നെ പറയാം. ഉറക്കമില്ലാത്ത രാപ്പകലുകളുടെ ദിനങ്ങളാണ് കടന്നുപോയത്. 

chaliyar
എടവണ്ണ-അരീക്കോട്-കൊയിലാണ്ടി പാതയില്‍ എടവണ്ണ അങ്ങാടിക്കടുത്ത് ചെറിയ പാലത്തിങ്ങലില്‍ വെള്ളം മൂടിയപ്പോള്‍

രണ്ടാമത്തെ പ്രളയത്തിലാണ് ചാത്തല്ലൂരിലെ ചെക്കുന്ന് മലവാരത്ത് ഉരുള്‍പൊട്ടലുണ്ടായത്. പത്തിലേറെ സ്ഥലങ്ങളിലാണ് ഉരുള്‍പൊട്ടിയത്. ദുര്‍ഘട പാതകള്‍ താണ്ടിവേണം മലവാരത്തെത്താന്‍. ഇതിനിടെ രാവിലെ എട്ടുമണിയോടെയാണ് ആ വാര്‍ത്തയറിഞ്ഞത്. ചാലിയാറിനക്കരെ കൊളപ്പാടന്‍ മലയിലെ ഉരുള്‍പൊട്ടലില്‍ ഒരു സ്ത്രീ മരിച്ചു. പ്രളയ മേഖലയില്‍ സ്ഥിതിഗതികള്‍ ഭയാനകം. എടുത്തു ചാടി പുറപ്പെടുമ്പോള്‍ സ്വയം സുരക്ഷ ഉറപ്പാക്കിയിട്ടുവേണമെന്ന ഉപദേശം നല്‍കിയവരുണ്ട്. അതു മാനിച്ചുതന്നെയായിരുന്നു എന്റെ യാത്ര. കാരണം എന്നെ സനേഹിക്കുന്നവരുടെ ഉപദേശമായിരുന്നു അത്. വനപാതയിലെ പാതകള്‍ താണ്ടി സുമനസുകള്‍ ഒരു കൈ സഹായത്തിനെത്തിയതില്‍ അത്ഭുതംകൊണ്ടു. പ്രളയാനന്തരം പാതകള്‍ മുട്ടറ്റം ചെളിയില്‍ മൂടിയിട്ടുണ്ട്. മഴ നിലച്ചിട്ടും നാശ നഷ്ടങ്ങളുടെ കണക്കെടുക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ക്ക് സാധ്യമാകുന്നില്ല. ഈ മേഖലകളിലൂടെയാണ് ജീവന്‍ പണയം വെച്ച് ഒരു കൂട്ടം മനുഷ്യര്‍ ഓടിയലഞ്ഞത്.

സഹായഹസ്തങ്ങള്‍ തുടരുന്നു

പ്രളയം തുടങ്ങിയതു മുതല്‍ സഹായങ്ങളും സേവനങ്ങളും തുടരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും നേരിട്ടുമൊക്കെ സാമ്പത്തിക സഹായങ്ങള്‍ക്ക് മലപ്പുറവും ഏറെ മുന്നില്‍ നിന്നു. സ്വര്‍ണാഭരണങ്ങള്‍ നല്‍കിയ സ്ത്രീകളുണ്ട്. വാര്‍ധക്യകാല പെന്‍ഷന്‍ നല്‍കിയവരുണ്ട്. ഓണവും പെരുന്നാളുമൊക്കെ മാറ്റി വെച്ച് സഹായിച്ചവരുണ്ട്. സമ്പാദ്യക്കുടുക്ക പൊട്ടിച്ചവരുണ്ട്. പെരുന്നാളിന് മസ്ജിദുകളിലൂടെ തുക സമാഹരിച്ചതുണ്ട്. 

chaliyar2
ചാലിയാറിനു കുറുകേ മമ്പാട്ടെ പുള്ളിപ്പാടം തൂക്കു പാലത്തില്‍ അടിഞ്ഞ മാലിന്യങ്ങള്‍ 

സേവനസജ്ജരായി നാട് ഇപ്പോഴും കൂടെയുണ്ട്. വയനാട്ടിലേക്കും എറണാകുളത്തേക്കും ആലപ്പുഴയിലേക്കും ഇവിടത്തെ യുവാക്കളും സംഘടനകളും പലതവണ പോയി വന്നു. വസ്ത്രങ്ങളും സാമ്പത്തിക സഹായങ്ങളും ഭക്ഷ്യ ധാന്യ കിറ്റുകളുമൊക്കെയായി മലപ്പുറത്തു നിന്നും ഇതര ജില്ലകളിലേക്ക് വാഹനങ്ങള്‍ പോകാത്ത ദിവസങ്ങളുണ്ടായില്ല. തിരുവോണം പോലുമില്ലാതെ സേവന സന്നദ്ധരായ സംഘമുണ്ട്. നിലമ്പൂരിലെ സന്നദ്ധ സംഘടനയായ എമര്‍ജന്‍സി റസ്‌ക്യൂ ഫോഴ്‌സിലെ അംഗങ്ങള്‍ തിരുവോണത്തിനും എറണാകുളത്തെ ഗ്രാമങ്ങളിലെ ശുചീകരണത്തിലായിരുന്നു. 

സഹജീവി സ്‌നേഹം

ക്യാമ്പുകളില്‍ കഴിയുന്ന പലര്‍ക്കും ഉള്ളില്‍ തീപടരുകയാണ്. വളര്‍ത്തുമൃഗങ്ങളെക്കുറിച്ചാണ് ആധി. പശു, ആടുവളര്‍ത്തലുകളാണ് ഗ്രാമീണ ജനതയുടെ പ്രധാന തൊഴിലുകളിലൊന്ന്. മരിക്കുന്നെങ്കില്‍ മരിക്കട്ടെ മിണ്ടാപ്രാണികളെ പട്ടിണിക്കിടാന്‍ വയ്യെന്നായി പലരും. നേരം വെളുത്താല്‍ ചിലര്‍ ഇതു കാരണം വീടുകളിലേക്ക് പോകുന്ന കാഴ്ചകള്‍ കണ്ടു. വളര്‍ത്തു മൃഗങ്ങള്‍ക്ക് തീറ്റകൊടുത്തശേഷം അവര്‍ വീണ്ടും ക്യാമ്പുകളിലെത്തി.

ചെക്കുന്നിന്റെ സൗന്ദര്യം മങ്ങുന്നു

ചെക്കുന്ന് മല സാഹസിക സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാണ്. കൊല്ലംകൊല്ലി വെള്ളച്ചാട്ടവും കാട്ടുചോലകളും പാറക്കെട്ടുകളും പുല്‍മേടുകളുമാണ് പ്രത്യേകതകള്‍. ഉരുള്‍പൊട്ടല്‍ കാരണം മലയില്‍ പലയിടങ്ങളിലും വലിയ വിള്ളലുകള്‍ രൂപപ്പെട്ടു കഴിഞ്ഞു. കൈയേറ്റങ്ങളും പാറമടകളും ഈ മലയുടെ സൗന്ദര്യം കവര്‍ന്നുകൊണ്ടിരിക്കുന്നു. മലമുകളില്‍ ഉരുള്‍പൊട്ടലുണ്ടായതിന്റെ അടയാളങ്ങള്‍ പലയിടങ്ങളിലും തെളിഞ്ഞു കാണാം. കൊളപ്പാട് മലയിലെ ഉരുള്‍ പൊട്ടിയതിന്റെ അടയാളം ചാലിയാര്‍ പുഴയോരത്ത് നിന്നും കാണാം. എടവണ്ണ അങ്ങാടിയില്‍ സീതി ഹാജി പാലത്തിന് സമീപത്തെ ഈ കാഴ്ച ഉരുള്‍പൊട്ടലിന്റെ ആഴവും വ്യാപ്തിയും തുറന്നു കാട്ടുന്നതാണ്. 

chaliyar3
നിറഞ്ഞൊഴുകും ചാലിയാര്‍: മമ്പാട് ഓടായക്കല്‍ പാലത്തിന്റെ അപ്രോച്ച് റോഡില്‍ വെള്ളം കയറിയ നിലയില്‍ 

നല്‍കിയതെല്ലാം പുഴ തിരിച്ചു നല്‍കുന്നു

സമൂഹ മാധ്യമങ്ങളിലൂടെ സന്ദേശങ്ങളുടെ പ്രവാഹഘട്ടം കൂടിയാണിത്. തൂക്കുപാലങ്ങളില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ വല്ലാത്തൊരു കാഴ്ചയായിരുന്നു. നാം നല്‍കിയതെല്ലാം പുഴ തിരിച്ചു തന്നു എന്ന സന്ദേശത്തില്‍ ഇതു സമൂഹ മാധ്യമങ്ങളിലൂടെ വലിയ തരംഗംതന്നെയാണ് സൃഷ്ടിച്ചത്. 

മുന്നറിപ്പുകള്‍ കണ്ട് പ്രളയം ചിരിച്ചു: വീടുകള്‍ക്ക് മുന്‍പില്‍ മനുഷ്യന്റെ മുന്നറിയിപ്പു ബോര്‍ഡുകള്‍ കണ്ട് പ്രളയക്കടല്‍ ചിരിച്ചത്രേ...സമൂഹ മാധ്യമങ്ങളൂടെ ഇതും പ്രചരിക്കുന്നു. 'പട്ടിയുണ്ട്. സൂക്ഷിക്കുക, അനുവാദമില്ലാതെ പ്രവേശിക്കരുത്, ഇതു പൊതു വഴിയല്ല, പരസ്യം പാടില്ല' തുടങ്ങിയവയാണാ മുന്നറിയിപ്പുകള്‍.

ചെളിവാരിയെറിയലില്ല:- 'പ്രളയമെത്തിയതോടെ വിവാദങ്ങളടങ്ങി. രാഷ്ട്രീയക്കാരും മറ്റും പരസ്പരം ചെളിവാരിയെറിയുന്നില്ല. ബന്ധുക്കള്‍ തമ്മില്‍ അകല്‍ച്ചയില്ല. നന്‍മകള്‍ കണ്ട കുട്ടി പറയുന്നു: അമ്മേ പ്രളയം മതി. പ്രളയം അടങ്ങിയപ്പോള്‍ വിവാദങ്ങള്‍ തുടങ്ങിയതിനേയും കളിയാക്കുന്നുണ്ട്. 'വീടുകളില്‍ നിന്നും വെള്ളമിറങ്ങി. ഇനി ചെളിയാണ് ബാക്കി. അതു രാഷ്ട്രീയക്കാര്‍ പരസ്പരം വാരിയെറിഞ്ഞാല്‍ തീരാവുന്നതേയുള്ളൂ.'

മഴ വരുമ്പോള്‍ കിതയ്ക്കണം: മഴ മാറി വെയില്‍ വരുമ്പോള്‍...മാന്തണം പുഴ, തുരക്കണം മല, നികത്തണം നിലം എന്നിട്ടടുത്ത മഴ വരുമ്പോള്‍ കിതയ്ക്കണം. ഇങ്ങനെ ഒട്ടേറെ സന്ദേശങ്ങളാണ് പ്രചരിക്കുന്നത്.