ബുധനാഴ്ച രാവിലെ മുതല്‍ ഒരു വാതിലിന് വേണ്ടിയുള്ള നെട്ടോട്ടത്തിലായിരുന്നു പ്ലംബിങ് തൊഴിലാളിയായ പുറത്തൂരിലെ ഷിനോജ്. മേല്‍ക്കൂരയുടെ പണി മാത്രം കഴിഞ്ഞ വീട്ടില്‍ പ്രായമായ മാതാപിതാക്കളെയും സഹോദരിയെയും കൊണ്ട് എങ്ങനെ അന്തിയുറങ്ങുമെന്ന ടെന്‍ഷന്‍ മുഴുവനും ആ മുഖത്തുണ്ടായിരുന്നു. പക്ഷേ, സമീപപ്രദേശങ്ങളിലെല്ലാം അന്വേഷിച്ചിട്ടും വാതില്‍ കിട്ടിയില്ല. അതുവരെ ഇവര്‍ താമസിച്ചിരുന്ന ഓലക്കുടിലില്‍ ഇനി താമസിക്കാനും കഴിയില്ല. ഇനിയുള്ള ദിവസങ്ങള്‍ എങ്ങനെ കഴിച്ചുകൂട്ടുമെന്ന് ഷിനോജിന്റെ മാതാവായ മാധവിക്കും അറിയില്ല.

1
പുറത്തൂരില്‍ പൂര്‍ണമായും തകര്‍ന്ന വീടുകളിലൊന്ന്  

 

കേരളത്തെ പിടിച്ചുലച്ച പ്രളയത്തില്‍ ഭാരതപ്പുഴ കരകവിഞ്ഞൊഴുകി ഏറ്റവുമധികം നാശനഷ്ടമുണ്ടായ മേഖലകളിലൊന്നാണ് തിരൂരിലെ പുറത്തൂര്‍ തീരദേശം. മണല്‍തൊഴിലാളികളും മത്സ്യത്തൊഴിലാളികളും കൂലിപ്പണിക്കാരും തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് പ്രളയത്തില്‍ മുങ്ങിപ്പോയത്. പുറത്തൂരില്‍ മാത്രം 17 വീടുകള്‍ പൂര്‍ണമായും നൂറോളം വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഓഗസ്റ്റ് 21ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് എല്ലാവരും വീടുകളിലേക്ക് മടങ്ങിയെങ്കിലും മിക്ക വീടുകളും വാസയോഗ്യമല്ല. പലവീടുകളും വൃത്തിയാക്കിയെടുക്കാനും ദിവസങ്ങള്‍ വേണ്ടിവരും.

 

2
പുറത്തൂരില്‍ പൂര്‍ണമായും തകര്‍ന്ന വീടുകളിലൊന്ന്  

 

പുഴയോട് ചേര്‍ന്നുള്ള കളൂര്‍, നമ്പറം മേഖലകളിലാണ് പ്രളയം കൂടുതല്‍ നാശംവിതച്ചത്. കളൂര്‍ ഇന്ദിരാജി നഗറിലെ മുഴുവന്‍ വീടുകളും പ്രളയത്തില്‍ മുങ്ങിപ്പോയി. 2018 ഓഗസ്റ്റ് 15നും, 16നുമായി ഇവിടെയുള്ളവരെല്ലാം ജീവനുംകൊണ്ട് രക്ഷപ്പെട്ടു. എഴുപത് കഴിഞ്ഞ മോഡേണ്‍പറമ്പത്ത് ദേവകിയുടെ അനുഭവത്തില്‍ ആദ്യമായാണ് ഇത്തരമൊരു പ്രളയം. കനത്ത മഴയില്‍ വെള്ളം കയറാറുണ്ടെങ്കിലും ഒരുദിവസത്തില്‍ കൂടുതലൊന്നും വെള്ളംനില്‍ക്കില്ല.

പക്ഷേ, ഇത്തവണ ഭാരതപ്പുഴ രൗദ്രഭാവം പൂണ്ടപ്പോള്‍ ദേവകിയ്ക്കും കുടുംബത്തിനും നഷ്ടപ്പെട്ടത് സ്വന്തം കിടപ്പാടമായിരുന്നു. വീടിന്റെ അടുക്കളയും ശുചിമുറികളും പുഴ കൊണ്ടുപോയി. ബാക്കിഭാഗം ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. ഇവിടെ താമസിക്കരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദേവകിയും മകനും മരുമകളും പേരക്കുട്ടികളും അടങ്ങുന്ന കുടുംബം ഇപ്പോള്‍ ബന്ധുവീട്ടിലാണ് താമസം.

3
പുറത്തൂരില്‍ പൂര്‍ണമായും തകര്‍ന്ന വീടുകളിലൊന്ന്  

 

സമീപത്തുള്ള സുരേഷും കുടുംബവും വീട് വൃത്തിയാക്കിയെടുക്കുന്ന തിരക്കിലാണ്. ക്യാമ്പ് അവസാനിച്ചതോടെ വീട്ടിലേക്ക് മടങ്ങി. പക്ഷേ, പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യമില്ലാത്തതാണ് ഇവരുടെ പ്രയാസം. ''ഒരു ശുചിമുറിയാണ് ഉണ്ടായിരുന്നത്. അത് ഇനി ഉപയോഗിക്കാന്‍ പറ്റില്ല. വീട്ടിലെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നത്.

അടുക്കളയും വീട്ടുപകരണങ്ങളും നശിച്ചുപോയി. വീടിനകം നിറയെ ചെളിയായിരുന്നു. പുഴയില്‍ നിന്ന് വെള്ളംകയറി തുടങ്ങിയപ്പോള്‍ വഞ്ചിയില്‍ കയറിയാണ് രക്ഷപ്പെട്ടത്. ശക്തമായ കുത്തൊഴുക്കില്‍ വഞ്ചിയില്‍ രക്ഷപ്പെടുകയെന്നതും പ്രയാസകരമായിരുന്നു''- സുരേഷ് പറഞ്ഞു.

6
 വെള്ളംകയറി കുതിര്‍ന്ന വസ്ത്രങ്ങളും ഫര്‍ണീച്ചറുകളും റോഡരികില്‍
ഉണക്കാന്‍ വച്ചിരിക്കുന്നു

 

തോട്ടങ്ങപ്പുരയിലെ കാര്‍ത്യായനിയും നിറകണ്ണുകളോടെയാണ് സങ്കടം പങ്കുവെച്ചത്. ഒന്നരവയസ് പ്രായമുള്ള പേരക്കുട്ടിയെയും എടുത്ത് ജീവന്‍ രക്ഷിക്കാനുള്ള ഓട്ടത്തിനിടെ വീട്ടുസാധനങ്ങളൊന്നും സുരക്ഷിതസ്ഥലത്തേക്ക് മാറ്റാനായില്ല. കോഴികളും കോഴിക്കുഞ്ഞുങ്ങളും വെള്ളപ്പൊക്കത്തില്‍ ചത്തുപോയി. ഇവരുടെ അയല്‍വാസി മോഡേണ്‍പറമ്പത്ത് കാര്‍ത്യായനി വീട്ടില്‍ ഒറ്റയ്ക്കാണ് താമസം. ഏകമകന്‍ തൃശൂരില്‍ പഠിക്കുന്നു. മുണ്ടുമുറുക്കിയെടുത്ത് കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കിയ വീടാണ് ഭാഗികമായി നശിച്ചിരിക്കുന്നത്. അടച്ചുറപ്പുള്ള ഒരു വാതില്‍ പോലും ഇല്ല.

 

7
പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച വീടുകളിലൊന്ന് 

തങ്ങള്‍നമ്പത്തെ ലളിതയും കുടുംബവും ഒരുചെറിയ ഷെഡ്ഡിലാണ് താമസിച്ചിരുന്നത്. വെള്ളപ്പൊക്കത്തില്‍ വസ്ത്രങ്ങളടക്കം എല്ലാംനശിച്ചുപോയി. ഭക്ഷണം പാകംചെയ്യാന്‍ അടുപ്പ് പോലും ബാക്കിയില്ല.


പൊന്നാനി എം.ഇ.എസ് കോളേജില്‍ മൂന്നാം വര്‍ഷ ബിരുദവിദ്യാര്‍ഥിനിയായ മകളുടെ പുസ്തകങ്ങളും നശിച്ചു. മരവട്ടാന്‍മ്പറത്തെ മാധവന്റെയും, മുണ്ടന്‍കുട്ടിയുടെയും വീടുകള്‍ പൂര്‍ണമായും നശിച്ചനിലയാണ്. മണികണ്ഠന്റെ വീട്ടിലും ഇനി താസിക്കാന്‍ കഴിയില്ല. ഈ കുടുംബങ്ങളെല്ലാം നിലവില്‍ വാടക ക്വാര്‍ട്ടേഴ്സുകളിലേക്ക് താമസംമാറ്റിയിരിക്കുകയാണ്.

 

8
പ്രളയത്തില്‍ വെള്ളം കയറിയ വീടുകളിലൊന്ന്

 

പ്രവാസിയായ ഹസനും ജീവിതത്തില്‍ ആദ്യമായാണ് ഇത്തരമൊരു അനുഭവം ഉണ്ടാകുന്നത്. വെള്ളം ഉയരുന്നുവെന്ന് കണ്ടപ്പോള്‍തന്നെ ഹസനും കുടുംബവും ബന്ധുവീടുകളിലേക്ക് മാറി. വാഹനങ്ങളും വീട്ടുപകരണങ്ങളും സുരക്ഷിതമായ ഇടത്തേക്ക് മാറ്റി. മണിക്കൂറുകള്‍ക്കകം പ്രദേശത്തെ വീടുകള്‍ക്ക് ഉള്ളിലൂടെ വെള്ളം കുത്തിയൊഴുകാന്‍ തുടങ്ങി.

പല വീടുകളുടെ പകുതിഭാഗങ്ങളും ചില വീടുകള്‍ പൂര്‍ണമായും മുങ്ങിപ്പോയി. വെള്ളമിറങ്ങി തിരിച്ചെത്തിയപ്പോള്‍ വീടിനകം നിറയെ ചെളിയായിരുന്നു. ചില സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ ഇതും വൃത്തിയാക്കി. ഇനി കുടുംബാംഗങ്ങളെ തിരിച്ചെത്തിക്കണമെന്നും ഹസന്‍ പറയുന്നു.

 

9
പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച വീടുകളിലൊന്ന് 

 

പുറത്തൂരിലെ മുരുക്കുംപാട് ദ്വീപ് നിവാസികളും വീടുകളിലേക്ക് വന്നുതുടങ്ങുന്നേയുള്ളു. വീട്ടുപകരണങ്ങളും വസ്ത്രങ്ങളും നഷ്ടപ്പെട്ടതാണ് ഇവരുടെയും പ്രതിസന്ധി. മുരുക്കുംപാട് അംഗന്‍വാടിയിലെ ഭക്ഷ്യധാന്യങ്ങളും പുസ്തകങ്ങളും പ്രളയത്തില്‍ നശിച്ചുപോയി. പുറത്തൂരിലും സമീപപ്രദേശങ്ങളിലെയും മിക്കവീടുകള്‍ക്കും മുന്നിലും ഇപ്പോള്‍ ഫര്‍ണീച്ചറുകളും വസ്ത്രങ്ങളും കൂട്ടിയിട്ടിരിക്കുന്ന കാഴ്ചയാണുള്ളത്.

നമ്പറത്തെ ആരിച്ചാലില്‍ രവീന്ദ്രന്റെ വീടിനകം നിറയെ ചെളിയാണ്. കാലുവെച്ചാല്‍ ചെളിയില്‍ പൂണ്ടുപോകുന്ന അവസ്ഥ. ഏതുനിമിഷവും ഇടിഞ്ഞുവീഴാന്‍ സാധ്യതയുള്ളതിനാല്‍ ഇവിടെ താമസിക്കരുതെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. എന്നാല്‍ സമീപത്തൊന്നും വാടക വീട് കിട്ടാത്തതിനാല്‍ ബന്ധുവീട്ടിലാണ് രവീന്ദ്രനും കുടുംബവും താമസിക്കുന്നത്. കളൂരിലെ കളിക്കളവും വെള്ളപ്പൊക്കത്തില്‍ നശിച്ചുപോയി.

 

നിക്കാഹ് ദിവസം വെള്ളപ്പൊക്കം...

 

5
നസ്റുദ്ദീന്‍

ഓഗസ്റ്റ് 17നായിരുന്നു നസ്റുദ്ദീന്റെ നിക്കാഹ് നിശ്ചയിച്ചിരുന്നത്. വിവാഹജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കേണ്ട ദിവസം പക്ഷേ നസ്റുദ്ദീന്‍ പുറത്തൂരില്‍ രക്ഷാപ്രവര്‍ത്തനത്തിലായിരുന്നു. രോഗിയായ ഉമ്മയെ ക്യാമ്പിലേക്ക് മാറ്റിയശേഷം നസ്റുദ്ദീനും സുഹൃത്തുക്കളും മൂന്നുദിവസവും മറ്റുള്ളവരെ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമങ്ങളിലായിരുന്നു.

പുറത്തൂര്‍ മുതല്‍ കാവിലക്കാട് വരെയുള്ള റോഡും  വീടുകളും വെള്ളത്തില്‍ മുങ്ങിയ അവസ്ഥ. പലയിടത്തും ഒരാള്‍പൊക്കത്തിനും മുകളില്‍ വെള്ളം. കുത്തിയൊലിക്കുന്ന വെള്ളത്തില്‍ വഞ്ചിയില്‍ പോലും ഒരടി മുന്നോട്ടുനീങ്ങാന്‍ കഴിഞ്ഞില്ല. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ അഗ്‌നിശമനസേനാംഗങ്ങളും ഒഴുക്കില്‍പ്പെട്ടു. മത്സ്യത്തൊഴിലാളികളാണ് ഇവരെ രക്ഷപ്പെടുത്തിയത്. മത്സ്യത്തൊഴിലാളികളുടെ ഫൈബര്‍വള്ളങ്ങളും ടോറസ് ലോറികളും എത്തിയതോടെയാണ് രക്ഷാപ്രവര്‍ത്തനം സാധ്യമായത്.

രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട പ്രദീപ് കുമാറും നസ്റുദ്ദീനും ബഷീറും ഉള്‍പ്പെടെയുള്ളവര്‍ രണ്ട് ദിവസം ബസ് സ്റ്റാന്‍ഡിന് സമീപത്തെ കെട്ടിടത്തിന്റെ മുകളിലാണ് കഴിച്ചുകൂട്ടിയത്. ഭക്ഷണംപോലും കിട്ടിയിരുന്നില്ല. നേരത്തെ രക്ഷപ്പെടുത്തിയ ബന്ധുക്കളെല്ലാം എവിടെയാണെന്ന് പോലും മൂന്നുദിവസത്തിന് ശേഷമാണ് ഇവര്‍ അറിഞ്ഞത്. ശരിക്കും ഒറ്റപ്പെട്ടുപോയ മൂന്നുദിവസമെന്ന് നസ്റുദ്ദീന്‍ നെടുവീര്‍പ്പോടെ പറയുന്നു.

 


പരാതികളും ഏറെ...

തിരൂര്‍ മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലെല്ലാം അഭയാര്‍ഥികള്‍ക്ക് മികച്ചസൗകര്യമാണ് ലഭിച്ചിരുന്നത്. വിവിധ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധസംഘടനകളും ദുരിതബാധിതര്‍ക്ക് വേണ്ട എല്ലാസൗകര്യവും ഒരുക്കി. എന്നാല്‍ പുറത്തൂര്‍ യു.പി സ്‌കൂളിലെ ക്യാമ്പില്‍ ദുരിതം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നാണ് നാട്ടുകാരില്‍ ചിലര്‍ പറയുന്നത്. ഭക്ഷണംപോലും ലഭിച്ചില്ലെന്നും, വസ്ത്രങ്ങളും മറ്റുഅവശ്യവസ്തുക്കളും വിതരണം ചെയ്തപ്പോള്‍ പലര്‍ക്കും കിട്ടിയില്ലെന്നും ഇവര്‍ പറയുന്നു.

ക്യാമ്പിലെ ഏകോപനമില്ലായ്മയും അലംഭാവവുമാണ് ഇതിലേക്ക് നയിച്ചതെന്നാണ് ഇവരുടെ ആരോപണം. ചില കുടുംബങ്ങള്‍ക്ക് വീട് വൃത്തിയാക്കാനുള്ള ബ്ലീച്ചിങ് പൗഡര്‍ പോലും കിട്ടിയിട്ടില്ല. അധികൃതര്‍ എത്തിച്ചുതരുമെന്ന് പറഞ്ഞതല്ലാതെ വീട്ടിലേക്ക് ഒന്നും കിട്ടിയില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു. ഇതിനുപുറമേ, പുറത്തൂരിലെ മണലെടുപ്പാണ് വെള്ളപ്പൊക്കത്തിന് ആക്കംകൂട്ടിയതെന്നും നാട്ടുകാര്‍ക്ക് ആരോപണമുണ്ട്.

പ്രദേശത്ത് സംരക്ഷണഭിത്തി നിര്‍മിക്കാത്തത് പ്രളയത്തിന്റെ ആഘാതം ഇരട്ടിയാക്കി. ഇങ്ങനെയാണ് സ്ഥിതിയെങ്കില്‍ അധികംവൈകാതെ ശേഷിക്കുന്ന കരഭാഗവും പുഴ കവരുമെന്നാണ് തീരവാസികള്‍ പറയുന്നത്. ഇനിയെങ്കിലും കാളൂര്‍ ഭാഗത്ത് സംരക്ഷണഭിത്തി നിര്‍മിക്കണമെന്നാണ് ഇവരുടെ ആവശ്യം.

 

എത്രയും പെട്ടെന്ന്...

പുറത്തൂര്‍ പഞ്ചായത്തിലെ 17 വീടുകള്‍ പൂര്‍ണമായും നൂറോളം വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് സൗദ പറഞ്ഞു. നിലവില്‍ തകര്‍ന്ന വീടുകളുടേയും കെട്ടിടങ്ങളുടെയും കണക്കെടുപ്പ് നടക്കുകയാണ്. നഷ്ടപരിഹാരം സംബന്ധിച്ച് ഉന്നതതലങ്ങളില്‍ നിന്ന് വ്യക്തമായ നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടില്ല. ഇപ്പോള്‍ തകര്‍ന്ന കെട്ടിടങ്ങളുടെ കണക്ക് നല്‍കാനാണ് നിര്‍ദേശം.

വാസയോഗ്യമല്ലാത്ത വീടുകളിലെ കുടുംബങ്ങളോട് തത്കാലം ബന്ധുവീടുകളിലേക്ക് മാറാന്‍ നിര്‍ദേശംനല്‍കിയിട്ടുണ്ട്. അതിനു ബുദ്ധിമുട്ടുള്ളവര്‍ക്ക് പഞ്ചായത്തിന്റെ സഹായത്തോടെ താത്കാലികമായി മറ്റുസൗകര്യം ഒരുക്കുന്നുണ്ട്.

ശുചിമുറി അടക്കമുള്ള സൗകര്യങ്ങള്‍ അടിയന്തരമായി ഒരുക്കാന്‍ ശുചിത്വമിഷന്റെ ഫണ്ട് ഉപയോഗപ്പെടുത്തും. കൃഷിനാശം, വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ടതിന്റെ കണക്കുകള്‍ എന്നിവയും ശേഖരിക്കുന്നു. വീടുകളുടെ പുനര്‍നിര്‍മാണത്തിന് സന്നദ്ധസംഘടനകളും സഹായം നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ നിര്‍ദേശങ്ങളും സഹായങ്ങളും ലഭിച്ചാല്‍ ഇതെല്ലാം സംയോജിപ്പിച്ച് എത്രയും പെട്ടെന്ന് ഇവരുടെ പുനരധിവാസം സാധ്യമാക്കുമെന്നും റഹ്മത്ത് സൗദ വ്യക്തമാക്കി.