പ്രളയശേഷം നാട്ടിലെത്തിയപ്പോള്‍, ആഗസ്ത് ഇരുപത്തി ഒന്നിന് തന്നെ, ഡാമുകളും പ്രളയവും എന്ന വിഷയത്തെക്കുറിച്ച് ഒരു ടെലിവിഷന്‍ ഇന്റര്‍വ്യൂ കൊടുക്കണമെന്ന് കരുതിയതാണ്. അന്ന് രാവിലെ തന്നെ ആ വിഷയം രാഷ്ട്രീയമായി ഉന്നയിക്കപ്പെട്ടു. പ്രളയത്തിന്റെ നടുക്ക് രാഷ്ട്രീയ വിഷയത്തില്‍ സാങ്കേതിക അഭിപ്രായം പറഞ്ഞാല്‍ ആളുകള്‍ ശ്രദ്ധിക്കില്ലാത്തതിനാല്‍ അത് വേണ്ടെന്ന് വെച്ചു. ഇന്നിപ്പോള്‍ ആര്‍ക്കെങ്കിലും അതില്‍ താല്പര്യമുണ്ടോ എന്നറിയില്ലെങ്കിലും പറയാം.
2018-ലെ ദുരന്തത്തില്‍ കേരളത്തിലെ സാധാരണ ജനങ്ങള്‍ക്കാകെ ഇപ്പോഴും ബാക്കിനില്ക്കുന്ന ഒരു സംശയം, നമ്മുടെ നദിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഡാമുകള്‍ ഈ ദുരന്തത്തെ എങ്ങനെ ബാധിച്ചു എന്നതാണ്. ഡാമുകള്‍ ദുരന്തത്തിന്റെ ആക്കം കൂട്ടിയെന്ന് കൂടുതല്‍ പേരും ചിന്തിക്കുന്നു. അങ്ങനെ അല്ല എന്ന് സര്‍ക്കാര്‍ ഏജന്‍സികള്‍ വാദിക്കുന്നു. നിയമസഭയിലും ഈ വിഷയം ചര്‍ച്ചയായി. ചര്‍ച്ച ചെയ്തവരൊക്കെ എല്ലാ ഡാമുകളെയും ഒരുമിച്ചു കൂട്ടി 'ശരി' അല്ലെങ്കില്‍ 'തെറ്റ്' എന്ന തരത്തിലാണ് കാര്യങ്ങളെ കണ്ടത്. അതുകൊണ്ടു തന്നെ ചര്‍ച്ച ശാസ്ത്രീയമായില്ല.
ഒരു സിവില്‍ എന്‍ജിനീയര്‍ എന്ന നിലയിലും ദുരന്ത ലഘൂകരണ വിദഗ്ദ്ധന് എന്ന നിലയിലും ഞാന്‍ ചില ചോദ്യങ്ങള്‍ ചോദിക്കാം. ഉത്തരവും ഞാന്‍ തന്നെ നല്‍കാം.
1. കേരളത്തിലെ നദികളില്‍ അണക്കെട്ടുകള്‍ ഇല്ലായിരുന്നെങ്കില്‍ 2018-ലെ വെള്ളപ്പൊക്കം ഉണ്ടാകുമായിരുന്നോ?
ഇതിന്റെ ഉത്തരം എളുപ്പമാണ്. നൂറ്റാണ്ടിലെ ഏറ്റവും വലിയ മഴയാണ് ആഗസ്റ്റ് മാസത്തില്‍ പെയ്തത്. കേരളത്തില്‍ നാല്പത്തിനാല് നദികള്‍ ഉണ്ട്. അതില്‍ എല്ലാത്തിലും ഡാമുകള്‍ ഇല്ല. എല്ലാ നദികളും കരകവിഞ്ഞൊഴുകി എല്ലായിടത്തും പ്രളയം ഉണ്ടാക്കി. അപ്പോള്‍ ഡാമുകള്‍ ഇല്ലായിരുന്നെങ്കിലും ഈ വര്‍ഷം വെള്ളപ്പൊക്കം ഉണ്ടാകുമായിരുന്നു എന്നത് വ്യക്തമാണ്.
2. ഡാമുകള്‍ വെള്ളപ്പൊക്കത്തിന്റെ തീഷ്ണത കുറച്ചിട്ടുണ്ടോ?
ഇക്കാര്യത്തില്‍ ഒറ്റയടിക്ക് ഒരുത്തരം പറയാന്‍ ബുദ്ധിമുട്ടാണ്. കേരളത്തിലെ ഓരോ ഡാമുകളിലും ഓരോ സ്ഥിതിയായിരിക്കും. പൊതുവെ പറഞ്ഞാല്‍ ഡാമിന് താഴെ വെള്ളം പൊങ്ങിത്തുടങ്ങിയ സമയത്ത് ഡാമിന് മുകളില്‍ പെയ്ത മഴയുടെ ഒരു ഭാഗം ഡാമുകള്‍ക്ക് പിടിച്ചുവെക്കാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അത് താഴത്തെ വെള്ളപ്പൊക്കത്തിന്റെ തീഷ്ണത കുറയ്ക്കും. എന്നാല്‍ കേരളത്തിലെ ഏറെ ഡാമുകളും വളരെ ചെറിയ സ്റ്റോറേജ് കപ്പാസിറ്റി ഉള്ളവയാണ്. പെരുമഴ വരുന്നതിന് മുന്‍പേ തന്നെ അവ ഏതാണ്ട് നിറഞ്ഞിരുന്നു. അതേ സമയം കേന്ദ്ര ജല കമ്മീഷന്റെ കണക്കനുസരിച്ച് ചില അണക്കെട്ടുകളില്‍ മൊത്തം സ്റ്റോറേജിലും കൂടുതല്‍ മഴയാണ് ഓരോ ദിവസവും പെയ്തത്. പെരുമഴ പെയ്ത രണ്ടാം ദിവസം തന്നെ മുകളില്‍ പെയ്ത മഴയുടെ അത്രയും വെള്ളം താഴേക്ക് ഒഴുകിത്തുടങ്ങി. അപ്പോള്‍ ഭൂരിഭാഗം അണക്കെട്ടുകളും വെള്ളപ്പൊക്കത്തിന്റെ തീവ്രത കുറച്ചിട്ടില്ല.
ഇടുക്കി അണക്കെട്ടില്‍ പക്ഷെ കാര്യങ്ങള്‍ വ്യത്യസ്തമാണ്. ഏറ്റവും മഴയുള്ള ദിവസങ്ങളില്‍ പോലും, മുല്ലപ്പെരിയാറില്‍ സ്പില്‍ വേ തുറന്നതിന് ശേഷവും, ഇടുക്കി ജലാശയത്തിലേക്ക് ഒഴുകിയെത്തിയ വെള്ളത്തിന്റത്രയും വെള്ളം അവര്‍ താഴേക്ക് ഒഴുക്കിവിട്ടില്ല എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. അതുകൊണ്ട് ഇടുക്കിയിലെ അണക്കെട്ടുകള്‍ തീര്‍ച്ചയായും പെരിയാറിലെ വെള്ളപ്പൊക്കത്തിന്റെ തീഷ്ണത കുറക്കാന്‍ സഹായിച്ചുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. പറവൂരില്‍ 1924 ലെ വെള്ളപ്പൊക്കത്തിന്റെ അടയാളത്തില്‍ നിന്നും ഒരടി താഴെയാണ് 2018 ലെ വെള്ളപ്പൊക്കത്തിന്റെ നില എത്തിയത്. ഇതിന് കാരണം പെരിയാറിലെ അണക്കെട്ടുകള്‍ തന്നെയാണ്.
3. ഡാമുകള്‍ ഏതെങ്കിലും വിധത്തില്‍ വെള്ളപ്പൊക്കത്തിന്റെ രൂക്ഷത കൂട്ടിയോ?
ഈ ചോദ്യത്തിന് മൂന്ന് ഉത്തരങ്ങള്‍ ഉണ്ട്.
1. കേരളത്തില്‍ അണക്കെട്ടുകള്‍ ഉണ്ടാക്കിയിരിക്കുന്നതും അവ കൊണ്ടുനടക്കുന്നതും വളരെ പഴയ ചിന്താഗതിക്കനുസരിച്ചാണ്. ജലം ഒഴുകുന്ന നദിയില്‍ ഒരു തടസ്സമുണ്ടാക്കി നൂറു ശതമാനം ഒഴുക്കും ഇല്ലാതാക്കുക എന്നതാണ് അതിന്റെ രീതി. നദി എന്നത് വെള്ളം ഒഴുകുന്ന ഒരു കനാല്‍ മാത്രമല്ല എന്ന് പരിഷ്കൃത ലോകം ഇപ്പോള്‍ മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ട് അണ കെട്ടുന്പോള്‍ നദിയെ പൂര്‍ണ്ണമായും കൊല്ലാതെ ഒരു അടിസ്ഥാന ഒഴുക്ക് നിലനിര്‍ത്തുന്ന രീതിയുണ്ട് (environmental flow). കൂടാതെ അണക്കെട്ടിന്റെ മുകളിലുള്ള നദിയും താഴെയുള്ള നദിയും തമ്മില്‍ പാരിസ്ഥിതിക ബന്ധം നിലനിര്‍ത്താന്‍ ഫിഷ് ലാഡര്‍ പോലെ ഒരു സംവിധാനവും ഒരുക്കാറുണ്ട്. നമ്മുടെ അണക്കെട്ടുകളിലൊന്നും ഇതില്ല.
അതുകൊണ്ടാണ് ചെറുതോണി അണക്കെട്ടിന്റെ താഴെ പുഴ ഇല്ലതായത്. ചെറുതോണി അണക്കെട്ട് കഴിഞ്ഞ 26 വര്‍ഷം തുറക്കാതിരുന്നപ്പോള്‍ അവിടെ ഒരു പുഴ ഉണ്ടായിരുന്നു എന്ന കാര്യം എല്ലാവരും മറന്നു പോയി. 25 വയസ്സുള്ള ഒരു ചെറുതോണിക്കാരന് അണക്കെട്ടിന് താഴെ ഒരു നദിയുണ്ടായിരുന്നു എന്ന് അറിയില്ല. അണക്കെട്ട് ഇല്ലാതാക്കിയ നദിയുടെ കരകളില്‍ മാത്രമല്ല, അടിത്തട്ടില്‍ പോലും തെങ്ങ് പോലുള്ള ദീര്‍ഘകാല വിളകള്‍ ആളുകള്‍ കൃഷി ചെയ്തത് അണക്കെട്ട് നല്കിയ (തെറ്റായ) ആത്മവിശ്വാസത്തിലാണ്. ചെറുതോണി പട്ടണം മുതല്‍ താഴേക്ക് ബസ്സ്റ്റാന്റും വീടുകളും ആളുകള്‍ നിര്‍മ്മിച്ചത് ഈ ആത്മവിശ്വാസത്തിലാണ്. ഇതൊന്നും ശരിയല്ല, ഇത് നദിയായിരുന്നു, അണക്കെട്ട് തുറന്നാല്‍ ഇവിടെ ഇനിയും വെള്ളം വരും എന്നൊന്നും ആരും അവരോട് പറഞ്ഞില്ല. അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നാല്‍ വെള്ളത്തിനടിയില്‍ ആകുമെന്ന് നൂറു ശതമാനം ഉറപ്പുള്ള സ്ഥലത്ത്, അങ്ങനെ തൊള്ളായിരത്തി എഴുപതുകളില്‍ മാര്‍ക്ക് ചെയ്ത് വച്ച സ്ഥലത്ത് കൃഷിയും വീടും സ്ഥാപനങ്ങളും ഉണ്ടാക്കിയത് ദുരന്തത്തിന്റെ രൂക്ഷത കൂട്ടി എന്ന് നമുക്കെല്ലാം സമ്മതിക്കാം. അതിന് ഉത്തരവാദികള്‍ കൃഷി ചെയ്തവരോ, വീട് വെച്ചവരോ, അതിന് മൗനമായോ അല്ലാതെയോ അനുവാദം നല്കിയവരോ, അതിന് പ്രേരിപ്പിച്ചവരോ, നിര്ബന്ധിച്ചവരോ എന്നതിനെക്കുറിച്ച് ചര്‍ച്ചയാകാം.
കേരളത്തിലെ ഓരോ നദിയുടെയും 'environmental flow' കണക്കാക്കി വര്‍ഷത്തില്‍ എല്ലാക്കാലത്തും അത് ഉറപ്പാക്കി അണക്കെട്ടുകള്‍ അത്രയും സ്ഥിരമായി തുറന്നു വിടുന്ന സംവിധാനം ഉണ്ടാക്കണം. നദിയുടെ പാരിസ്ഥിതിക പ്രാധാന്യം മനസ്സിലാക്കി ഫിഷ് ലാഡര്‍ പോലുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കുകയും വേണം. ചുരുക്കത്തില്‍ നമ്മുടെ അണക്കെട്ടുകള്‍ ഇരുപതാം നൂറ്റാണ്ടിലെ രീതികളിലേക്കെങ്കിലും നമുക്ക് ഉടന്‍ കൊണ്ടുവരണം. (ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ കാര്യം പിന്നാലെ പറയാം).
2. ഭൂതത്താന്‍ കെട്ടിനും താഴെ പെരിയാറിന്റെ ഇരുകരകളിലും വീടും സ്ഥാപനങ്ങളും ഉണ്ടാക്കിയത് ദുരന്തത്തിന്റെ രൂക്ഷത കൂട്ടി എന്ന് ഉറപ്പായും പറയാം. നൂറുവര്‍ഷം മുന്‍പ് പെരിയാര്‍ കര കവിഞ്ഞൊഴുകുന്നത് മിക്കവാറും വാര്‍ഷിക സംഭവമായിരുന്നു. കുറച്ചു ക്ഷേത്രങ്ങളും രാജാവിന്റെ ഗസ്റ്റ് ഹൌസും ഒഴിച്ചാല്‍ നദിക്കരയില്‍ ആരും വീടുവെയ്ക്കാറില്ല. വര്‍ഷാവര്‍ഷം മലവെള്ളം ഒഴുകിവരുന്പോള്‍ ചെളിയും പാമ്പും കയറിവരുന്നിടത്ത് പണം നിക്ഷേപിക്കാന്‍ ആരാണ് ധൈര്യപ്പെടുന്നത്!
ഇടുക്കിയില്‍ അണക്കെട്ട് ഉണ്ടാക്കി പെരിയാറിലെ വലിയ അളവ് വെള്ളം മുവാറ്റുപുഴ ആറിലേക്ക് തിരിച്ചുവിട്ടതും, ഇടമലയാറില്‍ അണക്കെട്ട് ഉണ്ടാക്കി മലവെള്ളത്തിന്റെ ഒഴുക്ക് തടഞ്ഞതും പെരിയാറിലെ സ്ഥിരമായ ഒഴുക്ക് വലിയ തോതില്‍ കുറച്ചു. മലവെള്ളം എന്നത് എന്റെ തലമുറ മറന്നു. പുതിയ തലമുറയ്ക്ക് ഇതൊന്നും അറിയുക കൂടിയില്ല. ഈ അണക്കെട്ടുകള്‍ നല്കിയ (തെറ്റായ) സുരക്ഷിതത്വത്തിന്റെ പിന്‍ബലത്തില്‍ ആണ് പെരിയാറിന്റെ തീരം മലയാളികളുടെ ഏറ്റവും ഇഷ്ടപ്പെട്ട റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടിയായത്. അങ്ങനെയാണ് വിമാനത്താവളം ഉള്‍പ്പടെയുള്ള ആയിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപങ്ങള്‍ നദിയുടെ കരയിലുണ്ടായത്. അതുകൊണ്ടാണ് വെള്ളപ്പൊക്കത്തില്‍ കാര്യങ്ങള്‍ ഇത്ര രൂക്ഷമായത്.
ഇതും വളരെ എളുപ്പത്തില്‍ ഒഴിവാക്കാമായിരുന്ന ഒന്നായിരുന്നു. കേരളത്തിലെ നദികളിലെ ഫ്ളഡ് റിസ്ക് മാപ്പുകള്‍ അണക്കെട്ട് തുറക്കുന്നത് മാത്രമല്ല പൊട്ടിപ്പോകുന്ന സാഹചര്യം (dam break scenario) കൂടെ കണക്കിലെടുത്ത് തയ്യാറാക്കണം. ഈ പഠനങ്ങളും മാപ്പുകളും എല്ലാവര്ക്കും ലഭ്യമായിരിക്കണം. ആ റിസ്ക് അറിഞ്ഞു വേണം സര്‍ക്കാരും സ്വകാര്യ വ്യക്തികളും പുഴയോരത്ത് നിക്ഷേപങ്ങള്‍ നടത്താന്‍. ഇതറിഞ്ഞിട്ട് വേണം ബാങ്കുകളും ഇന്‍ഷുറന്‍സുകളും വായ്പ കൊടുക്കാനും ഇന്‍ഷുറന്‍സ് ലഭ്യമാക്കാനും.
3. കേരളത്തില്‍ ഡാമുകള്‍ തുറക്കുന്നതും വേണ്ടപ്പെട്ട ആളുകളെ അറിയിക്കുന്നതും ശരിയായ പ്രോട്ടോകോളുകള്‍ അനുസരിച്ചല്ല എന്ന് ഈ പ്രളയകാലം വ്യക്തമാക്കി. ഇടുക്കിയിലും ഇടമലയാറിലും ടി വി കാമറകളും മാധ്യമങ്ങളും പുറകേ ഉണ്ടായിരുന്നത് കൊണ്ട് ഇക്കാര്യത്തില്‍ കൂടുതല്‍ സൂക്ഷ്മത ഉണ്ടായി. പക്ഷെ മറ്റിടങ്ങളില്‍ ഇത്തരം നല്ല രീതികള്‍ പാലിക്കപ്പെട്ടില്ല. രാത്രിയില്‍, യാതൊരു മുന്നറിയിപ്പും ഇല്ലാതെ കണ്മുന്പില് വെള്ളം കയറിയപ്പോള്‍ ആണ് ആളുകള്‍ അണക്കെട്ട് തുറന്ന് വിട്ടത് അറിഞ്ഞത്. ഇത് ഒഴിവാക്കാമായിരുന്നു. മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ അണക്കെട്ട് തുറക്കുന്നതിന് മുന്‍പ് കേരളവും ആയി എങ്ങനെ ചര്‍ച്ച ചെയ്യണം എന്നോ അറിയിക്കണം എന്നോ ഉള്ള ഒരു പ്രോട്ടോക്കോള്‍ ഇല്ല എന്ന് ഈ പ്രളയകാലം തെളിയിച്ചു. ഇതും ശരിയാക്കാനുള്ള അവസരമാണിത്.
കേരളത്തിലെ ഓരോ അണക്കെട്ടുകളും തുറക്കുന്നതിന് കൃത്യമായ മാര്‍ഗ്ഗ നിര്‍ദേശം വേണം. അണക്കെട്ടുകള്‍ തുറന്നാല്‍ നദിയുടെ കരയില്‍ എത്ര വരെ വെള്ളം പോകാമെന്ന കണക്കുകൂട്ടല്‍ വേണം. ഈ സ്ഥലത്തുള്ള എല്ലാ മൊബൈല്‍ ഫോണിലും ഒരേ സമയം ആ കാര്യം അറിയിക്കാനുള്ള സംവിധാനം ഉണ്ടാക്കണം. ഇതൊക്കെ സാങ്കേതികമായി നിസ്സാരവും അനവധി സ്ഥലങ്ങളില്‍ ചെയ്യുന്നവയും ആണ്.
4. അണക്കെട്ടുകളാല്‍ വെള്ളപ്പൊക്കം കുറക്കാന്‍ സാധിക്കുമായിരുന്നോ?
ഈ ചോദ്യമാണ് വാസ്തവത്തില്‍ കൂടുതല്‍ നന്നായി പഠിക്കപ്പെടേണ്ടിയിരുന്നത്. അയ്യായിരം വര്‍ഷമായി മനുഷ്യന് അണകെട്ടി തുടങ്ങിയിട്ട്. ഓരോ അണയ്ക്കും വ്യത്യസ്ത കാരണങ്ങളായിരിക്കും. കൃഷിക്കായി, വേനലില്‍ വെള്ളത്തിന്, വൈദ്യുതിക്ക്, ഓരുവെള്ളം തടയാന്‍, താഴെ താമസിക്കുന്നവരുടെ വെള്ളംകുടി മുട്ടിക്കാന്‍, വെള്ളം കൊടുക്കാതെയോ അമിതമായി ഒഴുക്കിവിട്ടോ താഴെയുള്ളവരുടെ കൃഷി നശിപ്പിക്കാന്‍, വെള്ളപ്പൊക്കം തടയാന്‍, ടൂറിസത്തിന്, മീന്‍വളര്‍ത്തലിന് എന്നിങ്ങനെ. ഓരോ അണക്കെട്ടിനും ഒന്നിലധികം ഉദ്ദേശങ്ങളും ഉണ്ടാകാം.
കേരളത്തിലെ അണക്കെട്ടുകള്‍ പ്രധാനമായും വൈദ്യുതി ഉദ്പാദിപ്പിക്കുന്നതിനും ജലസേചനത്തിനും വേണ്ടിയാണ്. ചിലയിടത്ത് ടൂറിസത്തിനും കടല്‍വെള്ളം തടയാനും ഉപയോഗിക്കുന്നു. ഇടുക്കി പ്രധാനമായും വൈദ്യുതി ഉദ്പാദിപ്പിക്കുന്നതിനാണ് ഉപയോഗിക്കുന്നത്. അത് നിര്‍മ്മിച്ചതും വൈദ്യുതി ബോര്‍ഡ് ആണ്. അതിനാല്‍ ഇടുക്കിയിലെ അണക്കെട്ടിന്റെ നിയന്ത്രണം വൈദ്യതി ബോര്‍ഡിനാണ്. വൈദ്യുതി ഉദ്പാദനം മുതല്‍ വെള്ളപ്പൊക്ക നിയന്ത്രണം വരെയുള്ള വിവിധ ഉദ്ദേശങ്ങളെ ഏകോപിപ്പിച്ച് റിസര്‍വോയര്‍ മാനേജ് ചെയ്യുന്നതിനെക്കുറിച്ച് അവര്‍ ചിന്തിച്ചിട്ടുണ്ടോ? അതിനുവേണ്ടി ശാസ്ത്രീയമായ മോഡലുകള്‍ അവര്‍ ഉണ്ടാക്കിയിട്ടുണ്ടോ? ഉപയോഗിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ ജനീവയില്‍ താമസിക്കുന്ന എനിക്ക് ജൂണ്‍ പതിനാലിന് പഴയ ദുരന്തത്തിന്റെ ചരിത്രവും (99 ലെ വെള്ളപ്പൊക്കം), മഴയുടെ തുടരുന്ന രീതിയും വെച്ച് ഈ വര്‍ഷം കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന് പറയാന്‍ സാധിച്ചുവെങ്കില്‍ എന്തുകൊണ്ടാണ് ഈ സന്നാഹങ്ങളും ആയി കേരളത്തില്‍ ഇരിക്കുന്നവര്‍ക്ക് ഈ കാര്യങ്ങള്‍ ചിന്തയില്‍ വരാതിരുന്നത്?
ആഗസ്റ്റില്‍ തുടര്‍ന്ന വലിയ മഴ അപ്രതീക്ഷിതമായിരുന്നു, ഇത്ര മഴ പെയ്യും എന്ന് കാലാവസ്ഥാവകുപ്പ് പ്രവചിച്ചിരുന്നില്ല എന്നതാണ് മറുവാദം. ഇത് മഴ പെയ്തുവീഴുന്ന വെള്ളം പരമാവധി ഉപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കാം എന്നുകരുതുന്ന ഒരു സ്ഥാപനത്തിലെ എന്‍ജിനീയര്‍മാരെ സംബന്ധിച്ചിടത്തോളം ശരിയാണ്. കാരണം ഡാം നിറയുന്നത് വരെ സംഭരിക്കുക, ഡാം നിറഞ്ഞു കഴിഞ്ഞാല്‍ ബാക്കി പുറത്തു കളയുക. അതാണല്ലോ ശരി. പക്ഷെ മൊത്തം സമൂഹത്തിന്റെ രക്ഷയ്ക്കും നന്മയ്ക്കും വേണ്ടി ഉപയോഗിക്കാനാണ് അണക്കെട്ടുകള്‍ എന്ന തരത്തില്‍ ചിന്തിച്ചിരുന്നുവെങ്കില്‍, ശ്രമിച്ചിരുന്നതെങ്കില്‍ ജൂണ്‍ മാസത്തില്‍ത്തന്നെ ഈ വര്‍ഷം വെള്ളപ്പൊക്കമുണ്ടാകാനുള്ള സാധ്യത അവര്‍ മനസ്സിലാക്കിയേനെ, അണക്കെട്ടുകള്‍ തുറന്നു വിട്ടേനെ.
ഇത് വളരെ എളുപ്പത്തിലുള്ള ഒരു കണക്കുകൂട്ടലാണ്. ക്രിക്കറ്റ് കളിക്കുന്നവര്‍ക്ക് അറിയാവുന്ന ഒരു കാര്യമുണ്ട്. ഒരു ടീം ആദ്യത്തെ അഞ്ച് ഓവറില്‍ എടുക്കുന്ന റണ്‍സിന്റെ റേറ്റ് വെച്ച് ഇരുപത് ഓവര്‍ കഴിയുന്പോള്‍ ഉണ്ടായേക്കാവുന്ന സ്കോര്‍ പ്രവചിക്കാം. അതുപോലെ ഏപ്രില്‍ മുതല്‍ പെയ്ത മഴയും ജൂണ്‍ - ജൂലൈ - ആഗസ്റ്റ് മാസത്തിലെ ശരാശരി മഴയുടെ കണക്കുംവെച്ച് ഡാമുകള്‍ നിറയാനുള്ള സാധ്യത എളുപ്പത്തില്‍ പ്രവചിക്കാം. അങ്ങനെ നിറയാന്‍ സാധ്യതയുണ്ടെന്ന് കണ്ടാല്‍ ജലനിരപ്പ് ഷട്ടറിന്റെ താഴത്തെ ലെവലില്‍ (2373) എത്തുന്പോള്‍ തന്നെ വെള്ളം കുറേശ്ശെയായി തുറന്നുവിടാം. കാരണം കാലവര്‍ഷത്തിന്റെ അവസാനമാകുന്പോഴേക്കും ഡാം നിറയ്ക്കുക എന്നതാണ് ലക്ഷ്യം. അല്ലാതെ ഏറ്റവും വേഗത്തില്‍ അണക്കെട്ട് നിറയ്ക്കുക എന്നതല്ല. ഈ കാര്യത്തിന് ആഗസ്റ്റ് പതിനഞ്ചിനും ഇരുപത്തിനുമിടയ്ക്ക് എത്ര മഴ പെയ്തു എന്നത് പ്രസക്തമല്ല. അങ്ങനെ ഒരു 'സാധ്യത ഉണ്ടോ' എന്നതാണ് പ്രധാനം. റിസ്ക് മാനേജ്മെന്റ് ആണ് നമ്മള് ചെയ്യുന്നത്. ഒരു പക്ഷെ മഴ അത്ര കനത്തില്ല എന്ന് വരാം, അപ്പോള്‍ ഡാം തുറന്ന് വെള്ളം വിട്ടത് അല്പം നഷ്ടമായി എന്ന് വരും. അല്ലെങ്കില്‍ മഴ കനത്തു, താഴെ പ്രളയം വന്നു, അപ്പോള്‍ നമ്മള് മുന്‍പ് ഉണ്ടാക്കി വച്ചിരുന്ന 'ബഫര്‍ കപ്പാസിറ്റി' ഉപയോഗിച്ച് താഴെ വെള്ളപ്പൊക്കം കൂട്ടാതെ നോക്കാം. അണക്കെട്ട് മുന്‍കൂര്‍ തുറന്നു വിട്ടാല്‍ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം, അണക്കെട്ടില്‍ ബഫര്‍ ഇല്ലാത്തതിനാല്‍ ഏറ്റവും മഴ ഉണ്ടായ സമയത്ത് വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ പറ്റാത്തതിനാല്‍ ഉണ്ടാകാവുന്ന സാമ്പത്തിക നഷ്ടം ഇവ തമ്മിലാണ് താരതമ്യപ്പെടുത്തേണ്ടത്. അണക്കെട്ട് തുറന്നാല്‍ 100 കോടി നഷ്ടപ്പെടുമെന്നും, വെള്ളപ്പൊക്കം നിയന്ത്രിച്ചാല്‍ 150 കോടി ലാഭം ഉണ്ടാകുമെന്നും ആണെങ്കില്‍ ഒരു പക്ഷെ നാം അണക്കെട്ട് ആദ്യമേ തുറക്കില്ല. കാരണം വൈദ്യുതി ഉല്പാദനത്തില് നഷ്ടം വരാന്‍ പോകുന്ന 100 കോടി 'യാഥാര്‍ഥ്യവും' ഉണ്ടാകാവുന്ന വെള്ളപ്പൊക്കം മൂലമുള്ള നഷ്ടം 'ഒരു സാധ്യതയും' ആണ്. മറിച്ച് വൈദ്യുതി നഷ്ടം 100 കോടിയും വെള്ളപ്പൊക്കത്തിന്റെ നഷ്ടം 5000 കോടിയും ആണെങ്കില്‍ നമ്മള് തീര്‍ച്ചയായും ആ 'ബഫര്‍' ഉണ്ടാക്കിവെക്കും. ഇതൊക്കെയാണ് റിസ്ക് മാനേജ്മെന്റിന്റെ അടിസ്ഥാന രീതി. ഈ നഷ്ടമാണ് ഇത്തവണ സംഭവിച്ചത്. ബോര്‍ഡിന് ഉണ്ടാകുമായിരുന്ന ലാഭത്തിന്റെ നൂറിരട്ടിയെങ്കിലും സമൂഹത്തിന് നഷ്ടപ്പെട്ടു.
ഇനി ഇത് സംഭവിക്കരുത്. നമ്മുടെ ഓരോ റിസര്‍വോയറുകളും അവയുടെ വിവിധ ഉപയോഗങ്ങളെ മനസ്സിലാക്കി ലാഭ നഷ്ടങ്ങള്‍ ശാസ്ത്രീയമായി പഠിച്ചു വേണം ഡാമുകള്‍ ഓപ്പറേറ്റ് ചെയ്യാന്‍. അതിനുള്ള പരിശീലനം നമ്മുടെ യുവാക്കളായ എഞ്ചിനീയര്‍മാക്ക് നല്‍കണം. ഈ തരം പ്രോട്ടോക്കോളുകള്‍ ഒന്നും രഹസ്യമാക്കിവെക്കരുത്. ഇതൊക്കെ സമൂഹത്തിന്റെ മൊത്തം സമ്പത്താണ്. നഷ്ടം ഉണ്ടാകുന്പോള്‍ സഹിക്കുന്നത് എല്ലാവരും ആണല്ലോ.
വാസ്തവത്തില്‍ നമ്മുടെ അണക്കെട്ടുകള്‍ ഉണ്ടാക്കിയത് ആരാണെങ്കിലും അതൊക്കെ സമൂഹത്തിന്റെ പണം ഉപയോഗിച്ചാണ് ഉണ്ടാക്കിയത്. അതുകൊണ്ട് തന്നെ 'ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ അണക്കെട്ട്, ഇറിഗേഷന്റെ അണക്കെട്ട്, വാട്ടര്‍ അതോറിറ്റിയുടെ അണക്കെട്ട്' എന്നൊന്നും വേര്‍തിരിച്ച് കാണേണ്ട കാര്യമില്ല. അണക്കെട്ടുകള്‍ മൊത്തം സമൂഹത്തിന്റെ നന്മക്കായാണ് ഉപയോഗിക്കേണ്ടത്. അണക്കെട്ടിലെ ജലത്തിന്റെ ഉപയോഗവും ഡാമിന്റെ പ്രവര്‍ത്തനത്തിന്റെ നിയന്ത്രണവും മൊത്തം സമൂഹത്തിന്റെ താല്പര്യം അനുസരിച്ചാണ് ചെയ്യേണ്ടത്. ഓരോ വകുപ്പിന്റേതു മാത്രമായി അണക്കെട്ടുകളെ അവര്‍ കാണുന്പോള്‍ ആ വകുപ്പിന്റെ ലാഭനഷ്ടം ആയിരിക്കും അവരുടെ പ്രധാന ചിന്ത. നമ്മുടെ അണക്കെട്ടുകള്‍ എല്ലാം സമൂഹത്തിന്റെ മൊത്തം നന്മ മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിപ്പിക്കുന്ന ഒരു സ്വയം ഭരണാധികാരമുള്ള സ്ഥാപനത്തെ ഏല്‍പ്പിക്കണം. അതില്‍ യുവാക്കളായ സാങ്കേതിക വിദഗ്ദ്ധരെ നിയമിക്കണം. അണക്കെട്ടുകളുടെ സുരക്ഷ, റിസര്‍വോയറിന്റെ മാനേജ്മെന്റ്, ഡാം ബ്രേക്ക് അനാലിസിസ്, ഡിസാസ്റ്റര്‍ മാനേജ്മെന്റ് എന്നിവയില്‍ അവര്‍ക്ക് ഏറ്റവും നല്ല പരിശീലനം ലഭ്യമാക്കണം. നവകേരളം എന്ന് പറയുന്പോള്‍ ഇത്തരം വലിയ മാറ്റങ്ങളാണ് വേണ്ടത്.
ആറ്റു നോറ്റുണ്ടാക്കിയ അണക്കെട്ടുകളൊന്നും വൈദ്യുതി ബോര്‍ഡോ ഇറിഗേഷന്‍ വകുപ്പോ ഒന്നും അങ്ങനെ ചുമ്മാ വിട്ടുകൊടുക്കില്ലെന്ന് എനിക്കറിയാം. ബോര്‍ഡിലെ എന്റെ സുഹൃത്തുക്കള്‍ ഇത് വായിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് എന്നോടല്പം വിരോധം തോന്നാനും വഴിയുണ്ട്. അതുകൊണ്ട് ഞാന്‍ സമൂഹത്തിന്റെ മാത്രം കാര്യമല്ല, ബോര്‍ഡിന്റെ കൂടി കാര്യം ചിന്തിക്കുന്നെന്ന് മനസ്സിലാക്കാനായി രണ്ടു കാര്യങ്ങള്‍ കൂടി പറയാം.
ഡാമുകള്‍ ബോര്‍ഡിന്റെയാണെന്നും അതിനു പിന്നിലെ ജലാശയത്തിന്റെ പ്രധാന ഉദ്ദേശം വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയാണെന്നും നമ്മള് കടുംപിടുത്തം പിടിച്ചാല്‍, ബോര്‍ഡിന്റെ സ്വകാര്യ സാമ്പത്തിക താല്പര്യങ്ങള് സംരക്ഷിക്കുന്ന രീതിയിലാണ് റിസര്‍വോയറിനെ കൈകാര്യം ചെയ്യുന്നതെന്നും അതുകൊണ്ട് ലാഭമുണ്ടാകുന്നത് ബോര്‍ഡിനാണെന്നും നമുക്ക് എളുപ്പത്തില്‍ വാദിക്കാം. അത്തരം ഒരു സാഹചര്യത്തില്‍ താഴെ ഒരു വെള്ളപ്പൊക്കം ഉണ്ടായാല്‍ വെള്ളപ്പൊക്കം കൊണ്ട് സ്വകാര്യനഷ്ടമുണ്ടായ ഓരോരുത്തര്‍ക്കും ബോര്‍ഡിനെതിരെ നഷ്ടപരിഹാര കേസ് കൊടുക്കാം. അമേരിക്കയിലൊക്കെ ഇത്തരം ഒരു സംഭവം കൊണ്ട് ഏറെപ്പേര്‍ക്ക് നഷ്ടം സംഭവിച്ചാല്‍ ക്ലാസ് ആക്ഷന്‍ സ്യുട്ട് എന്നൊരു പണിയുണ്ട്. പുകയില കന്പനികള്‍ ഇത്തരത്തില്‍ ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടപരിഹാരം കൊടുക്കുന്നുണ്ട്. ഓരോ പ്രളയ കാലത്തും നഷ്ടമുണ്ടായ ആളുകള്‍ എല്ലാം കൂടി വൈദ്യുതി വകുപ്പിനെതിരെ കേസിന് വന്നാല്‍ ബോര്‍ഡിന്റെ കാര്യം കുഴപ്പത്തിലാകും.
സൗരോര്‍ജ്ജത്തിന്റെ സാങ്കേതികവിദ്യയുടെ വളര്‍ച്ച ജലവൈദ്യുതിയെയും വൈദ്യുതി ബോര്‍ഡിനെയും അപ്രസക്തമാക്കാന് ഇനി അധികനാളുകള്‍ വേണ്ട. 2030 ആകുന്പോള്‍ സോളാര്‍ വൈദ്യുതിയുടെ ചെലവ് ജലവൈദ്യുതിയെക്കാള്‍ കുറയും, ഓരോ വീടുകളും സ്ഥാപനങ്ങളും അവര്‍ക്കാവശ്യമുള്ള വൈദ്യതി ഉല്പാദിപ്പിക്കുന്ന കാലം വരും. കേന്ദ്രീകൃത വൈദ്യുതി ഉല്‍പ്പാദനം അത്യാവശ്യത്തിനു മാത്രമുള്ളതാകും. അതേ കാലത്ത് ബോര്‍ഡിന്റെ കൈവശമുള്ള ഓരോ അണക്കെട്ടുകളും ഡീക്കമ്മീഷന്‍ ചെയ്യേണ്ടിവരും. അത് അക്കാലത്തെ പരിസ്ഥിതി നിയമങ്ങളനുസരിച്ച് ചെയ്യേണ്ടതായി വരും. ഇതിന് ഭാരിച്ച ചെലവ് വരും. താല്‍ക്കാലമെങ്കിലും ബോര്‍ഡ് ഇതിനെപ്പറ്റി ചിന്തിച്ചു തുടങ്ങിയിട്ടില്ല. ഇതിനായി പണമൊന്നും മാറ്റിവെച്ചിട്ടുമില്ല. അപ്പോള്‍ ഒരു വശത്ത് ബോര്‍ഡിന്റെ വരുമാനം കുറയുന്നു, മറുവശത്ത് സാമ്പത്തിക ബാധ്യതകള്‍ കൂടുന്നു. ഇപ്പോള്‍ നിര്‍ബന്ധബുദ്ധി കാണിക്കുന്നവര്‍ അന്ന് പെന്ഷന് കിട്ടാനായി ബുദ്ധിമുട്ടും.
ഇതൊന്നും കടംകഥയല്ല. 2018 ലെ ദുരന്തം 2011 ല്‍ പ്രവചിച്ച ആളാണീ രണ്ടാമന്. ഡാമുകള്‍ ഇപ്പഴേ വിട്ടുകൊടുക്കുന്നതാണ് ബുദ്ധി. ഞാന്‍ ഇവിടൊക്കെത്തന്നെ കാണും.
(യു.എന്‍ പരിസ്ഥിതി പദ്ധതിയുടെ ചീഫ് ഓഫ് ഡിസാസ്റ്റര്‍ റിസ്ക് റിഡക്ഷന്‍ മേധാവിയാണ് ലേഖകന്‍)
Content Highlights: Disasters, Muralee thummarukudy, Kerala floods 2018, flood, calamity