വീട്ടില്‍ മുട്ടിനു മീതെ വെള്ളമുയര്‍ന്നിരുന്നു, അല്‍പ്പം കൂടി പെയ്താല്‍ വീടിനകത്തേയ്ക്ക് വെള്ളം കയറും. എന്നാല്‍ കയ്പമംഗലത്തെ പടിഞ്ഞാറന്‍ മേഖലയിലെ രൂക്ഷമായ വെള്ളക്കെട്ടുണ്ടെന്നറിഞ്ഞ് അവിടത്തെ വാര്‍ത്തകള്‍ തേടി ആഗസ്ത് 16ന് രാവിലെ ഒമ്പത് മണിയോടെ വീട്ടില്‍ നിന്നും ഇറങ്ങിയതാണ് ഞാന്‍. പരമാവധി ചിത്രങ്ങളും വാര്‍ത്തയും ശേഖരിച്ച് രാത്രിയോടെ ജോലികള്‍ പൂര്‍ത്തിയാക്കി. 

അപ്പോഴൊന്നും കിഴക്കന്‍ മേഖലയില്‍ വെള്ളപ്പൊക്കമില്ല, ഉണ്ടാകുമെന്ന് അവിടത്തെ ആളുകളും ഞാനും കരുതിയിരുന്നുമില്ല. പക്ഷേ, പിറ്റേന്ന് പുലര്‍ന്നപ്പോഴേക്കും കാര്യങ്ങള്‍ കലങ്ങി മറിയുകയായിരുന്നു. രാവിലെ മഴ കുറവായിരുന്നതിനാല്‍ നേരത്തെ തന്നെ ഓഫീസിലെത്താന്‍ തയ്യാറായി ഇറങ്ങിയതായിരുന്നു. അപ്പോഴാണ് ബൈക്ക് തടഞ്ഞു നിര്‍ത്തി ഒരാള്‍ പറഞ്ഞത്. ദാ അങ്ങോട്ടൊന്നു വരൂ, ഞങ്ങളെ രക്ഷിക്കൂ, ചെന്ത്രാപ്പിന്നി ചിറക്കല്‍ പള്ളിയുടെ കിഴക്കു ഭാഗത്തേയ്ക്കാണ് അയാള്‍ എന്നെ കൊണ്ടുപോയത്.

ഭീകരമായ കാഴ്ചയായിരുന്നു അവിടെ. വീട്ടുസാധനങ്ങളെല്ലാം റോഡിലെ 'പുഴ'യിലൂടെ ഒഴുകി നടക്കുന്നു, കഴുത്തോളം വെള്ളത്തില്‍ ആളുകള്‍ കൊപ്രക്കളം-ചെന്ത്രാപ്പിന്നി ഈസ്റ്റ് റോഡിലൂടെ നീന്തുന്നു. കയ്യില്‍ കിട്ടിയ സാധനങ്ങളുമെടുത്ത് നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിലാണ്. വെള്ളം പൊന്തിയിട്ട് അധിക സമയമായിട്ടില്ല, അതുകൊണ്ടുതന്നെ രക്ഷിച്ചുകൊണ്ടുവരേണ്ട കുടംബങ്ങള്‍ അനവധിയാണ്.

kaipamangalam1
വെള്ളത്തില്‍ മുങ്ങിയ വീടുകളില്‍ നിന്നും കൊപ്രക്കളം-ചെന്ത്രാപ്പിന്നി ഈസ്റ്റ് റോഡിലൂടെ ആളുകളെ വഞ്ചിയില്‍ കൊണ്ടുവരുന്നു 

ഉടന്‍ തന്നെ ഫോണെടുത്ത് സഹായത്തിനെത്താന്‍ എല്ലാവരേയും വിളിച്ചു നോക്കി. വിളിച്ചവരെല്ലാം അവരവരുടെ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിലായിരുന്നു. അപ്പോഴാണറിയുന്നത് കനോലി കനാലിനും ഈസ്റ്റ് ടിപ്പു സുല്‍ത്താന്‍ റോഡിനും ഇടയില്‍ കിലോമീറ്ററുകളോളം ദൂരത്തില്‍ ആയിരക്കണക്കിന് വീടുകളുളള പ്രദേശത്ത് അപ്രതീക്ഷിത വെള്ളപ്പൊക്കമാണെന്ന്. രാവിലെ ആറര വരെ ബൈക്കിലൂടെ പോയ റോഡില്‍ ഒമ്പത് മണിയായതോടെ നീന്തി വരേണ്ട അവസ്ഥയായിരുന്നു. പിന്നെ ഒന്നും നോക്കിയില്ല, ഞാനും രക്ഷാപ്രവര്‍ത്തകനായി നാട്ടുകാരോടൊപ്പം കൂടി. വട്ടകയിലും ഉരുളിയിലും ബിരിയാണിച്ചെമ്പിലും ഇരുത്തി ആളുകളെ സുരക്ഷിത സ്ഥാനത്തെത്തിച്ചു. ചങ്ങാടം ഉപയോഗിച്ചും വായു നിറച്ച ചെറിയ ബോട്ടിലും രക്ഷാപ്രവര്‍ത്തനം തുടര്‍ന്നെങ്കിലും ഇതൊന്നും മതിയാകുമായിരുന്നില്ല. 

അപ്പോഴേക്കും പോലീസും ഫയര്‍ഫോഴ്സും എത്തി, പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ നിന്ന് ഫൈബര്‍ വള്ളങ്ങളും ചെറുവഞ്ചികളുമായി മത്സ്യത്തൊഴിലാളികളുമെത്തിയതോടെ ആശ്വാസമായി. കിടപ്പാടവും വസ്ത്രവും വിലപ്പെട്ട രേഖകളും സമ്പാദ്യവുമെല്ലാം നഷ്ടപ്പെട്ട് കഴുത്തോളം വെള്ളത്തില്‍ നീന്തി വരുന്നവരുടെ അവസ്ഥ പറഞ്ഞിയിക്കാന്‍ കഴിയില്ല. പ്രായമായവരെയും രോഗികളെയും വായു നിറച്ച ബോട്ടിലും വട്ടകയിലുമായി കൊണ്ടുവരുന്ന കാഴ്ച ദയനീയമായിരുന്നു. ഉച്ചയ്ക്ക് ശേഷം തൊട്ടടുത്തുള്ള ചളിങ്ങാട്ടേക്ക് പോയിരുന്നു.

kaipamnagalam2
എടത്തിരുത്തിയില്‍ കുടുങ്ങിയവരെ ടിപ്പര്‍ ലോറിയില്‍ കയറ്റികൊണ്ടുവരുന്നതിനിടെ ലോറിയില്‍ വെള്ളം കയറി ഓഫായതിനാല്‍ ലോറി തള്ളിനീക്കുന്നു

പള്ളിനട, കൂനിപ്പറമ്പ്, കോഴിത്തുമ്പ്, കാക്കാത്തുരത്തി, പെരിഞ്ഞനം, എടത്തിരുത്തി, മധുരംപിള്ളി, അയ്യന്‍പടി, സിറാജ് നഗര്‍ എല്ലായിടത്തെയും സ്ഥിതി സമാനമായിരുന്നു. എത്രയെത്ര വാഹനങ്ങള്‍, ബൈക്കുകള്‍, കാറുകള്‍, ഓട്ടോകള്‍, ആടുമാടുകള്‍, കോഴികള്‍, മറ്റ് വളര്‍ത്തുമൃഗങ്ങള്‍ എല്ലാം വെള്ളത്തില്‍.  ആയിരക്കണക്കിനു കുടുംബങ്ങളാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായത്. എല്ലായിടത്തേയും സ്‌കൂളുകളും മദ്രസകളും പള്ളികളും ദുരിതാശ്വാസ ക്യാമ്പുകളായി. വൈദ്യുതിയില്ല, വാഹന ഗതാഗതമില്ല, ടെലിഫോണ്‍, മൊബൈല്‍ ഫോണ്‍ സംവിധാനങ്ങളും തകര്‍ന്നിരുന്നു. 

കുടിവെള്ളവും വെളിച്ചവുമില്ലാതെ കഴിച്ചു കൂട്ടേണ്ടിവന്ന സമയങ്ങള്‍ മറക്കാനാവാത്തതാണ്. രണ്ടു ദിവസമെടുത്താണ് ആളുകളെ പൂര്‍ണ്ണമായും വെള്ളപ്പൊക്ക മേഖലകളില്‍ നിന്നും അഭയകേന്ദ്രങ്ങളിലെത്തിച്ചത്. വെള്ളമിറങ്ങിയാല്‍ തന്നെ കഠിന പ്രയത്നം നടത്തിയേ വീടുകള്‍ താമസ യോഗ്യമാക്കാന്‍ സാധിക്കുകയുള്ളു. വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷപ്പെടുത്തിയ മുഴുവന്‍ ആളുകള്‍ക്കും നന്ദി പറഞ്ഞ് എത്രയും വേഗം വീടുകളിലെയ്ക്ക് മടങ്ങാന്‍ കഴിയണേയെന്ന പ്രാര്‍ത്ഥനയിലാണ് നാട്ടുകാര്‍.