രും പ്രതീക്ഷിച്ചിരുന്നില്ല പ്രളയം അവരെയും മുറിവേല്‍പ്പിക്കുമെന്ന്, ആയുഷ്‌കാലത്തെ സമ്പാദ്യങ്ങളും നാളെക്കുവേണ്ടി കരുതിവെച്ചിരുന്നവയുമൊക്കെ പ്രളയജലം മുക്കിക്കളയുമെന്ന്. പമ്പ, മണിമല, അച്ചന്‍കോവില്‍ തുടങ്ങിയ മുന്ന് നദികളാണ് ചെങ്ങന്നൂരിലെ മണ്ണിനെ ഫലഭൂയിഷ്ടമാക്കുന്നത്. എന്നാല്‍ ഓഗസ്റ്റ് 15 ന് പ്രതീക്ഷകളെയും സ്വപ്‌നങ്ങളെയും അട്ടിമറിച്ച് നദികള്‍ അവയുടെ അതിരുകള്‍ ഭേദിച്ചു. വെള്ളം കയറില്ലെന്ന് കരുതിയിരുന്നിടത്തെല്ലാം നദികള്‍ പുതിയ അതിരുകള്‍ തീര്‍ത്തു. 

Chengannoorഎല്ലാ മഴക്കാലത്തും നദീജലനിരപ്പ് ഉയരാറുള്ളതാണ്. ഇത്തവണ അതല്‍പ്പം കൂടി. അത്രയെ ചെങ്ങന്നൂരുകാരും കരുതിയിരുന്നുള്ളു. എന്നാല്‍ ഓഗസ്റ്റ് 16ന്, വെറും ഒറ്റ ദിവസം കൊണ്ട് ഒരാള്‍പൊക്കത്തില്‍ പലയിടത്തും വെള്ളം കയറി. നദീനിരപ്പ് ഉയര്‍ന്ന സമയത്ത് ജാഗ്രതാ നിര്‍ദ്ദേശം അധികൃതര്‍ നല്‍കിയിരുന്നതാണ്. എന്നാല്‍ അത് എല്ലാവരിലും എത്തിയിരുന്നില്ല. ഇതിന് മുമ്പ് 1988 ലും 1996 ലും വലിയ വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട്. അന്ന് വെള്ളമെത്തിയതിനേക്കാള്‍ കൂടുതല്‍ ആരും ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. ഓഗസ്റ്റ് 15 ന് രാത്രിതന്നെ പലരുടെയും വീട്ടിനുള്ളില്‍ വെള്ളം കയറിത്തുടങ്ങി. അടുത്ത ദിവസം കൊണ്ട് ഇരുനില വീടുകളുള്ള സ്ഥലങ്ങളിലേക്ക് ഉടുതുണിക്ക് മറുതുണിയില്ലാതെ എല്ലാവരും പലായനം ചെയ്തിരുന്നു.  തങ്ങളെ രക്ഷിക്കാന്‍ പുറത്തുനിന്ന് ആളുകളെത്താന്‍ വീണ്ടും നാലുദിവസം വേണ്ടിവന്നുവെന്ന് ഇവിടുത്തുകാര്‍ പറയുന്നു. 

കുടിക്കാന്‍ കുറച്ചുവെള്ളം എത്തിക്കാന്‍ പറ്റുമോ സാര്‍?

ചെങ്ങന്നൂരില്‍ ഭീതിപടര്‍ത്തിയ പ്രളയത്തിന് ശേഷം തിരുവോണത്തിന് മുമ്പുതന്നെ മിക്ക സ്ഥലങ്ങളില്‍ നിന്നും വെള്ളമിറങ്ങി. 26 ന് പ്രളയാന്തര ചെങ്ങന്നൂരിനെക്കുറിച്ച് അന്വേഷിക്കാന്‍ മാതൃഭൂമി ഡോട്ട് കോം ആദ്യമെത്തിയത് പാണ്ടനാടാണ്. ചെങ്ങന്നൂരില്‍ പ്രളയം ഏറ്റവുമധികം ബാധിച്ച പ്രദേശങ്ങളിലൊന്നാണ് പാണ്ടനാട്. വീടുകളില്‍ ശുചീകരണം തകൃതിയായി നടക്കുന്നു. തിരുവനന്തപുരം, കണ്ണൂര്‍ തുടങ്ങി കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ വീടുകള്‍ വൃത്തിയാക്കാനെത്തുന്നുണ്ട്. എന്നാല്‍ വാസയോഗ്യമാക്കിയാലും എല്ലാം ആദ്യംമുതല്‍ തുടങ്ങണമെന്നതാണ് പലരെയും വിഷമവൃത്തത്തിലാക്കുന്നത്. 

chengannoor Flood
തിരുവനന്തപുരത്തുനിന്നെത്തിയ സന്നദ്ധപ്രവര്‍ത്തകര്‍ പാണ്ടനാട് പ്രളയത്തെത്തുടര്‍ന്ന്
ചെളികയറിയ വീടുകള്‍ വൃത്തിയാക്കി വാസയോഗ്യമാക്കുന്നു

ഏറ്റവും പ്രധാനം കുടിവെള്ളത്തിന്റെ ലഭ്യതക്കുറവാണ്. എല്ലാവരും വന്ന് വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ട്, കഞ്ഞിവെക്കാനുള്ള അരിയും സാധനങ്ങളും തരുന്നുണ്ട്, പക്ഷേ ചോറ് വെക്കാന്‍ വെള്ളം വേണ്ടെ, അതാര് തരും..... കുടിക്കാന്‍ ആവശ്യത്തിന് വെള്ളം കിട്ടുന്നില്ല. കുപ്പിവെള്ളമാണ് ഏക ആശ്വാസം. അതും റേഷന്‍ പോലെയെ കിട്ടൂ..... അതുകൊണ്ടെന്താകാനാ? പാണ്ടനാട് പ്രളയക്കെടുതി അന്വേഷിക്കാനെത്തിയ മാതൃഭൂമി ഡോട്ട് കോമിനോട് ആളുകള്‍ പറഞ്ഞതില്‍ കൂടുതലും ഈ ദൈന്യതയാണ് മുഴച്ചുനില്‍ക്കുന്നത്. ആവശ്യത്തിന് കുടിവെള്ളം എത്തിച്ചുതരാന്‍ സാറിന് പറ്റുമോ? പലര്‍ക്കും അന്വേഷിക്കാനുള്ളത് അതാണ്. 

ഭക്ഷണവും കുടിവെള്ളവുമായി വാഹനങ്ങള്‍ നിരവധി വരുന്നുണ്ടെങ്കിലും അവ എല്ലാവര്‍ക്കും ലഭിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി. റോഡുകള്‍ക്ക് അരികെ താമസിക്കുന്നവര്‍ക്കാണ് കൂടുതലും ലഭിക്കുന്നത്. കുടിവെള്ളത്തിനാണ് പിടിവലി കൂടുതല്‍. ദുരിതാശ്വാസ സാമഗ്രികളുമായെത്തുന്ന വാഹനങ്ങളില്‍ നിന്ന് കുപ്പിവെള്ളം പരമാവധി ശേഖരിച്ച് കൊണ്ടുപോകാനാണ് ആളുകള്‍ ശ്രമിക്കുന്നത്. ഉള്‍പ്രദേശങ്ങളില്‍ സ്ഥിതി കുറച്ചുകൂടി കഷ്ടമാണ്. പാണ്ടനാട് ഉള്‍പ്രദേശങ്ങളില്‍ എത്തുന്നതിന് മുമ്പുതന്നെ സാധനങ്ങള്‍ തീര്‍ന്നിരിക്കും. വഴിയോരങ്ങളില്‍ കടകളൊന്നും തന്നെ തുറക്കാന്‍ തുടങ്ങിയിട്ടില്ല. പച്ചക്കറി, പലചരക്ക് കടകള്‍ മിക്കതും വെള്ളത്തില്‍ മുങ്ങിയിരുന്നതിനാല്‍ ലക്ഷങ്ങളുടെ നഷ്ടമാണ് പലര്‍ക്കുമുണ്ടായിട്ടുള്ളത്. 

പാണ്ടനാട് മാത്രമല്ല പിന്നീട് സന്ദര്‍ശനം നടത്തിയ വെണ്‍മണിയിലും സമീപ പ്രദേശങ്ങളിലും ഇതുതന്നെ സ്ഥിതി. കുപ്പിവെള്ളം അധികം ഉപയോഗിക്കുന്നതും അപകടമാണ്. ഈ പ്ലാസ്റ്റിക് കുപ്പികള്‍ എന്തുചെയ്യുമെന്നാണ് പലരും ചോദിക്കുന്നത്. ഇപ്പോള്‍ കുറേ ആക്രിപെറുക്കുന്നവര്‍ എത്തിയിട്ടുണ്ട്. അവര്‍ കുപ്പികള്‍ ശേഖരിച്ച് കൊണ്ടുപോകുന്നുണ്ട്. 

അതിജീവിക്കാതെ പറ്റില്ലലോ, ഞങ്ങള്‍ ഇനിയും ജീവിക്കും

Chengannoor Floodവെള്ളമിറങ്ങിയെങ്കിലും പലയിടത്തും വീടുകളിലെ ശുചിമുറികള്‍ തകര്‍ന്നിരിക്കുകയാണ്. വീടുകളില്‍ വീണ്ടും താമസിക്കാനൊരുങ്ങുന്നതിന് മുമ്പ് അവ ശരിയാക്കിയെടുക്കണം. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് തിരികെ വീട്ടിലേക്ക് മാറാനുള്ള ശ്രമത്തിലാണ് പലരും. പരമാവധി ക്യാമ്പുകള്‍ അടയ്ക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. എന്നാല്‍ വീടുകള്‍ പൂര്‍ണമായും തകര്‍ന്ന തങ്ങള്‍ എവിടേക്ക് പോകുമെന്നാണ് ചിലര്‍ ചോദിക്കുന്നത്. 

ശുചീകരണത്തില്‍ കിണറുകളിലെ വെള്ളം അണുവിമുക്തമാക്കലാണ് പ്രധാന കടമ്പ. നിരവധി കുടുംബങ്ങള്‍ക്ക് ഒരു കിണര്‍ എന്ന നിലയില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ദുരന്തം ഉണ്ടാക്കിയ മാനസികാഘാതം വേറെ. ദിസങ്ങളോളം വെള്ളത്താല്‍ ചുറ്റപ്പെട്ട് ഒറ്റപ്പെട്ടുപോയ അവസ്ഥ വിശദീകരിക്കുമ്പോള്‍ പലരും വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു. ഇതൊക്കെ മാറും, സര്‍ക്കാര്‍ കൂടെയുണ്ടെങ്കില്‍ ഈ പ്രതിസന്ധിയെയും അതിജീവിക്കും. അല്ലാതെ പറ്റില്ലല്ലോ സാര്‍, ജീവിക്കണ്ടെ... അവര്‍ പറയുന്നു. വെണ്‍മണിയിലെ താഴം എല്‍പി സ്‌കുളില്‍ സജ്ജീകരിച്ച ക്യാമ്പിലെ അന്തേവാസികള്‍ പറയുന്നു. 

Chengannoorവെള്ളമിറങ്ങിത്തുടങ്ങിയപ്പോള്‍ തന്നെ തങ്ങള്‍ വീടുകള്‍ വൃത്തിയാക്കാനായി തുടങ്ങിയിരുന്നുവെന്ന് ക്യാമ്പിലുള്ളവര്‍ പറയുന്നു. കുപ്പിവെള്ളമല്ലാതെ കിണര്‍ വെള്ളം ഉപയോഗിക്കാന്‍ എന്ന് സാധിക്കുമെന്നാണ് ഇവര്‍ക്കറിയേണ്ടത്.  ആദ്യ ദിനങ്ങളില്‍ ഭക്ഷണം മാത്രമല്ല മാറിയുടുക്കാന്‍ ആവശ്യത്തിന് വസ്ത്രങ്ങള്‍ പോലും ലഭിച്ചിരുന്നില്ലെന്നാണ് പലരും പറയുന്നത്. വെള്ളമിറങ്ങിയത് തന്നെ ആശ്വാസമെന്ന് കരുതാം. ക്യാമ്പ് വിട്ടുപോയാല്‍ എല്ലാം ആദ്യംമുതല്‍ തുടങ്ങണം. പ്രളയം മറന്ന് ക്യാമ്പില്‍ കളിച്ചുനടക്കുന്ന കുട്ടികളെ ചൂണ്ടിക്കാട്ടി അവര്‍ പറയുന്നു.