ച്ചയ്ക്ക്  തീ പിടിച്ച് നടപ്പായിരുന്നു അയാള്‍.നിറകൊണ്ട സങ്കടങ്ങളുടെ ഉടലായി അബ്ദുള്ള നിന്നു. വീശിയടിച്ച വയനാടന്‍ കാറ്റില്‍ ഉലഞ്ഞാടി ഒരു മനുഷ്യന്‍.
' ഒന്നു വരൂ. തീര്‍ത്തും തകര്‍ന്നു കിടപ്പാണ് വീട് .'

പകല്‍ മഴുവന്‍ കണ്ടത് ഇതേ ദുരന്തങ്ങളാണ്. കീഞ്ഞുകടവിലെ വീട്ടിലേക്ക് അയാള്‍ക്കൊപ്പം നടന്നു. കുത്തിയൊലിക്കുന്ന വെളളത്തില്‍ വഴുക്കുന്ന ഒറ്റയടിപ്പാത. ചന്ദ്രോത്ത് അബ്ദുള്ളയുടെ ആയുസ്സിന്റെ സമ്പാദ്യം. പാതി എത്തിയപ്പോള്‍ വഴിയടഞ്ഞു. അബ്ദുള്ള വെള്ളത്തിലേക്ക് കാറ്റു പോലെ നടന്നു. ഞങ്ങള്‍ നിന്നു. പാതിയെത്തിയാല്‍ നീന്തണം. നല്ല ഒഴുക്ക്. അയളെ തടഞ്ഞപ്പോള്‍ കരഞ്ഞു കൊണ്ട് ആ മനുഷ്യന്‍ പറഞ്ഞു. 'ഈ മതിലില്‍ കയറി നടക്കാം.' 

അറിയാം. മതില്‍ ദുര്‍ബലമായേക്കാം. ഒരു കുടുംബം കരയുകയാണ് മുന്നില്‍. അവരുടേത് മരണത്തെ തൊടുന്ന വിലാപമാണ്. ഞങ്ങള്‍ മതിലിലൂടെ നടന്നു. പ്രളയമാണ് ചുറ്റും. സര്‍വത്ര തകര്‍ച്ച. ഹൃദയം സ്തംഭിപ്പിക്കുന്ന അവിശിഷ്ടങ്ങള്‍. മോന്തായം മുങ്ങിയ വീട് മണ്ണോടടഞ്ഞിരിക്കുന്നു.
ബാണാസുര പെട്ടെന്ന് തുറന്നപ്പോള്‍ തകര്‍ന്നതാണ്. അബ്ദുള്ളയും ഭാര്യയും വിധവയായ സഹോദരിയും ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പിലാണ്. ഓര്‍മ്മകളുടെ കനലുണ്ട് ഉള്ളില്‍. ഒന്നും ആശ്വാസമേയല്ല.  ഉരുള്‍ പൊട്ടുന്നത് അബ്ദുള്ളയുടെ കണ്ണില്‍ നിന്നാണ്..


പനമരത്ത് തന്നെയാണ് സിബി. ക്ഷീര കര്‍ഷകന്‍. ഒപ്പം കോഴി കാട ഫാമുണ്ട്. അല്ല. ഉണ്ടായിരുന്നു. തിരമാല കണക്കെ വെള്ളമെത്തി. പശുവും എരുമയും പോത്തുമടങ്ങുന്ന കുടുംബം. ആ രാവും പിറ്റേന്ന് പകലും സിബി പിടിച്ചു നിന്നു. കയ്യില്‍ കാലിക്കയറുമായി. ഒപ്പം മൂന്നു ബംഗാളി തൊഴിലാളികളും. വെള്ളം നെഞ്ചോളമെത്തി. കരച്ചിലും വേവലാതികളുമായി കാത്തിരിപ്പ്. പ്രാര്‍ത്ഥനകളുമായി അവര്‍ മെഴുകുതിരി പോലെ ഉരുകി നിന്നു.

ഇനി സിബി പറയട്ടെ:
' ഒട്ടും കരുതിയില്ല വെള്ളപ്പൊക്കം. പശുവിനെ വിടാന്‍ തോന്നിയതേയില്ല. കയര്‍ പിടിച്ചു നിന്നു. ഇടയ്ക്കിടെ എല്ലാത്തിനേയും തൊട്ടു.അവയ്ക്കും പേടിയായിരുന്നു. അരയോളം വെള്ളമായപ്പോള്‍ ദേഹത്തേക്ക് പലതും ഒഴുകി വന്നു. പാമ്പുകളും ഉറുമ്പിന്‍ പറ്റങ്ങളും നിറഞ്ഞു. മാറാന്‍ മാര്‍ഗ്ഗമില്ലായിരുന്നു. വഴി മുമ്പേ മുങ്ങിപ്പോയി. പിറ്റേന്ന് നേവിക്കാര്‍ വന്നാണ് രക്ഷിച്ചത്. വേറെ വഴിയില്ലാതെ എല്ലാ കന്നുകാലികളേയും കഴുത്തിലെ തുടല്‍ അരിഞ്ഞ് വിട്ടു. ഒന്നു കൂടി തിരിഞ്ഞുനോക്കി. ബംഗാളികള്‍ ആദ്യമായാണ് ഇത്ര വെള്ളം കാണുന്നത്. അവരും ഒപ്പം നിന്നു. കോഴികളൊക്കെ ചത്തു. 16,000 കാടകള്‍ കൂട്ടില്‍ ചീയുന്നുണ്ട്. കാലികളിലൊന്നിനെ അഞ്ചുകുന്നില്‍ നിന്ന് കിട്ടി. വീട് തകര്‍ന്നു. എല്ലാം പോയി.'

എല്ലാം പോയവര്‍ ചുറ്റും വിറങ്ങലിച്ച് അതു കേട്ടു നിന്നു. നിസ്സഹായതയോടെ.

കാതോര്‍ത്താല്‍ കേള്‍ക്കാം, വയനാടിന്റെ മിടിപ്പ് . പേടിയുടെ താളമാണ് നെഞ്ചിടിപ്പിന് . ഉയരുന്ന വെള്ളത്തിനൊപ്പിച്ച് മിടിക്കുന്നുണ്ട് ചേര്യംകൊല്ലി.

കുപ്പാടിത്തറയില്‍ നിന്ന് പടിഞ്ഞറത്തറയിലേക്ക് ഇപ്പോള്‍ വഴിയില്ല. ഒറ്റനോട്ടത്തില്‍ ചെറിയ വെള്ളമേയുള്ളൂ. ഇറങ്ങും മുമ്പേ ചേര്യംകൊല്ലിയില്‍ നാട്ടുകാര്‍ തടഞ്ഞു. 'പോകാനാവില്ല. വലിയ വെള്ളമാണ്. കാറ്റു വീശുന്നതിനാല്‍ വഞ്ചിക്കും വരാനാവില്ല.' 

അകലെ ചെറിയ വഞ്ചി കണ്ടത് അപ്പോഴാണ്.  നാട്ടുകാര്‍ വഞ്ചി വിളിച്ചു. കാല്‍ മണിക്കൂറോളം കാത്തു നിന്ന് വഞ്ചി വന്നു. ഒരാളെ ഇറക്കി. പടിഞ്ഞാറത്തറ പഞ്ചായത്തംഗം ജോസഫ് വഞ്ചിയില്‍ കയറി.ജോസഫ് പറഞ്ഞു. ' ചേര്യംകൊല്ലിയിലെ രണ്ടു കോളനികളും പൂര്‍ണമായും മുങ്ങി. നിരവധി വീടുകളിലേക്ക് വെള്ളം കയറി.ഓര്‍മ്മയില്‍ ഇങ്ങനെ വെള്ള്പ്പൊക്കം ഉണ്ടായിട്ടില്ല. എല്ലാം നശിക്കുകയാണ്. നെ്ല്ലും വാഴയും പോയി. കാ്പ്പിക്കൃഷി നശിച്ചു. എല്ലാവരും ദുരിതത്തിലാണ്.' 

വഞ്ചിക്കാരന്‍ ഇറങ്ങും മുമ്പേ പറഞ്ഞു. 'അഞ്ചാള്‍പ്പൊക്കം വെള്ളം വരും വഴിയില്‍. എല്ലാവരും വീടൊഴിയുകയാണ്' 
തൊട്ടുള്ള ഇസാഫ് ബാങ്കിന്റെ എടിഎമ്മിലേക്ക് വീണ്ടും വെള്ളം കയറുകയാണ്. ബാങ്ക് അടച്ചു കഴിഞ്ഞു. ചേര്‍ന്നുള്ള വീട്ടില്‍ പ്രായമായ രണ്ടു സ്ത്രീകള്‍. 'തണുപ്പ് വയ്യ. അതിനാലാണ് ക്യാമ്പിലേക്ക് മാറാത്തത്. വെള്ളം പൊന്തുന്നതും നോക്കി ഇരിപ്പാണിവിടെ.' കാന്‍സര്‍ രോഗിയായ സ്ത്രീ പറഞ്ഞു. ഇരുവരും പേരു പറഞ്ഞില്ല.

ചോദിച്ചുമില്ല. ബാണാസുരയില്‍ നിന്നുള്ള ഓളങ്ങളെ പോലെ അലയടിക്കുകയാണ് വേദനകള്‍.