പെരിയാറും ചാലക്കുടിപ്പുഴയും കുറുമാലിപ്പുഴ നിറഞ്ഞൊഴുകിയ ആലുവ- തൃശൂര്‍ ദേശീയ പാത ദുരവസ്ഥയിലൂടെ ബൈക്കില്‍ ഒരു യാത്ര 

ആലുവ 7.15 AM

ആലുവാപ്പുഴ ഇപ്പോഴും നിറഞ്ഞൊഴുകുന്നു. മുന്നോട്ടുള്ള പാതയില്‍ ഇരുവശങ്ങളിലും വെള്ളം ആര്‍ത്തലച്ചെത്തിയതിന്റെ അടയാളങ്ങള്‍.

ദേശീയപാതയ്ക്കിരുവശവും ചെളികൊണ്ട് അതിരിട്ട് പുഴ പിന്‍വാങ്ങിയിരിക്കുന്നു. രാവിലെ ആയതിനാല്‍ വാഹനങ്ങള്‍ കുറവ്. മറിഞ്ഞുകിടക്കുന്ന കാറുകള്‍, വഴിയില്‍ നിന്നുപോയ ലോറികള്‍, പൊളിഞ്ഞ റോഡുകള്‍.

ഇടയ്ക്കിടെ വെള്ളക്കെട്ടുണ്ടെങ്കിലും അങ്കമാലി വരെയുള്ള പാതയില്‍ കാര്യമായ പ്രശ്‌നങ്ങളില്ല. ചിറങ്ങരയിലെത്തിയപ്പോള്‍, വഴിയില്‍ മുടങ്ങിക്കിടക്കുന്ന 'സഹായം' കണ്ടു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യവസ്തുക്കളുമായി കേരളത്തിന്റെ അങ്ങേയറ്റമായ കാഞ്ഞങ്ങാട്ടു നിന്നുവന്ന വാഹനം ചിറങ്ങരയില്‍ കേടായിക്കിടക്കുന്നു.

1
മഴയിലും കാറ്റിലും ആരുടെയോ കൈയില്‍നിന്ന് പറന്നുപോയ കുട മുരിങ്ങൂരില്‍ ദേശീയപാതയിലെ പാലത്തില്‍ മണ്ണും ചെളിയും മൂടിക്കിടക്കുന്നു.

കൊരട്ടി മുരിങ്ങൂര്‍ 7.50

കൊരട്ടി മുതല്‍ കഥമാറുന്നു. പാതയിലും പാതയോരങ്ങളിലും പ്രശ്‌നങ്ങളാണ്. കൊരട്ടി ജെ.ടി. ജങ്ഷനില്‍ കനത്തമഴയില്‍ നിയന്ത്രണം തെറ്റി മീഡിയനിലേക്ക് തലകീഴായി മറിഞ്ഞ കാര്‍ നനയാതിരിക്കാന്‍ ടാര്‍പോളിന്‍ കൊണ്ട് മൂടിയിരിക്കുന്നു. പാതകള്‍ വിണ്ടുതുടങ്ങിയതിന്റെ കാഴ്ചകള്‍. 

2
കൊരട്ടി ജെ ടി ജങ്ഷനില്‍ കനത്തമഴയില്‍ നിയന്ത്രണം തെറ്റി മീഡിയനിലേക്ക് മറിഞ്ഞ കാര്‍

മുരിങ്ങൂരില്‍ ദേശീയപാതയിലെ പാലത്തിലേക്കുള്ള റോഡ് തകര്‍ന്നിരിക്കുന്നു. പാലത്തിന്റെ വശങ്ങളിലെ റോഡ് മുഴുവന്‍ ചെളിയില്‍ മൂടിയിട്ടുണ്ട്. തൃശ്ശൂരിലേക്ക് ഇന്ധനവുമായി വന്ന ലോറി പാലത്തില്‍ കേടായി കിടക്കുന്നു. ചിലകാറുകള്‍ പൊങ്ങി മീഡിയനില്‍ കയറിയിട്ടുണ്ട്. ചിലത് ഇറക്കത്തിലേക്ക് തലകുത്തി കിടക്കുന്നു.

4
മുരിങ്ങൂരില്‍ ദേശീയപാതയിലെ മീഡിയനില്‍ ആരോ കൊണ്ടുവച്ച പോലെ ഒരു പഴയ മരക്കസേര ഒഴുകിയെത്തിയ നിലയില്‍.

മുരിങ്ങൂരിലെ മാരുതി ഷോറൂമിനുമുന്നില്‍ ചെളിയില്‍ മുങ്ങിയ കാറുകള്‍. വശങ്ങളിലെ വഴികളില്‍ വെള്ളം കയറിയപ്പോള്‍ മാറ്റാന്‍ കഴിയാതിരുന്ന വാഹനങ്ങള്‍ ചെളിനിറത്തിലേക്ക് മാറി. ഇവിടെ ദേശീയപാതയുടെ വശങ്ങളിടിഞ്ഞ് അപകടാവസ്ഥയിലാണ്.

ചാലക്കുടി 8.00

ചാലക്കുടി നഗരത്തില്‍ വെള്ളം പൂര്‍ണമായി ഇറങ്ങി. വൃത്തിയാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഒഴുക്കിലുയര്‍ന്ന് മീഡിയനില്‍ തങ്ങിയ ലോറി. ചാലക്കുടിപ്പുഴയില്‍ ഒഴുക്കു കുറഞ്ഞിട്ടുണ്ട്.

പോട്ട 8.14

ഇന്ത്യന്‍ ഓയിലിന്റെ പെട്രോള്‍ബങ്കില്‍ ക്യൂവുണ്ട്. മിക്കവരുടെയും കൈയില്‍ വലിയ കന്നാസുകള്‍.

കൊളത്തൂര്‍ 8.30

3
കൊളത്തൂരില്‍ ദേശീയപാത
പൂര്‍ണമായി തകര്‍ന്ന നിലയില്‍.

ദേശീയപാതയുടെ ഭയാനകമായ അവസ്ഥ കൊളത്തൂര്‍ തുറന്നുവെച്ചിരിക്കുന്നു. പ്രധാനപാതയിലും കുഴികളാണ്. മുന്നറിയിപ്പിനായി റോഡിലെ കുഴികളില്‍ പോലീസുകാര്‍ 'ട്രാഫിക് കോണുകള്‍' വെച്ചിട്ടുണ്ട്. രാത്രികളില്‍ ഈ പ്രദേശത്ത് അപകടമുണ്ടാവാന്‍ സാധ്യതയുണ്ട്, പ്രത്യേകിച്ച് ചെറുവാഹനങ്ങള്‍.

പ്രധാനപാതയേക്കാള്‍ ഭീകരമാണ് വശങ്ങളിലെ റോഡുകള്‍. പൂര്‍ണമായി തകര്‍ന്നു.  പലയിടത്തും അരയാള്‍ താഴ്ചയില്‍ ഇടിഞ്ഞിട്ടുണ്ട്. പാതയ്ക്കരികിലെ കെട്ടിടത്തിന്റെ അടിഭാഗം ഭാഗികമായി ഒലിച്ചുപോയി ഭീഷണിയിലാണ്.

പാലിയേക്കര 8.45

കുറുമാലി പുഴ ഒന്നു തലപൊക്കിയപ്പോഴേക്കും മുങ്ങിയ പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് ഇപ്പോഴും ജീവന്‍ വെച്ചിട്ടില്ല. ടോള്‍ പിരിക്കാനായുള്ള വാഹനങ്ങളുടെ നീണ്ട നിര കാണാനില്ല. വാഹനങ്ങളിലുള്ളവര്‍ ഒരല്‍പ്പം സന്തോഷത്തോടെ പാലിയേക്കര കടക്കുന്നു.

വേണം ജാഗ്രത 

  • ദേശീയപാതയില്‍ വന്‍കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. വാഹനങ്ങളോടുമ്പോള്‍ ഇനിയും തകര്‍ന്നേക്കാം. വേഗംകുറച്ച് യാത്ര ചെയ്യുക.
  • രാത്രിയാത്രയില്‍ സൂക്ഷിക്കുക, പ്രത്യേകിച്ച് ചെറുവാഹനങ്ങള്‍.
  • കേടുപാട് സംഭവിച്ച വാഹനങ്ങള്‍ ഇപ്പോഴും വഴികളില്‍ നിര്‍ത്തിയിട്ടിരിക്കുന്നു.വഴിയോരങ്ങളില്‍ ചെളി നിറഞ്ഞു കിടക്കുന്നു, സൂക്ഷിക്കണം.