തോരാതെ പെയ്യുന്ന മഴയില്‍ കേരളത്തിലെ വിവിധ പ്രദേശങ്ങളെ  ജലം വിഴുങ്ങിത്തുടങ്ങിയ വാര്‍ത്ത ദൃശ്യ മാധ്യമങ്ങളില്‍ നിരന്തരം വന്നു തുടങ്ങിയത് ആഗസ്റ്റ് പതിനഞ്ചിനാണ്. ആലുവ, ഇടുക്കി, റാന്നി, കോന്നി, ചെങ്ങന്നൂര്‍, വയനാട്‌, കുട്ടനാട് തുടങ്ങിയ വിവിധ പ്രദേശങ്ങൾ പ്രളയത്തിന്റെ രൗദ്ര ഭാവത്തില്‍ ആടിയുലഞ്ഞു. കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ ജലം കണ്ടിടത്തേക്കെല്ലാം ഒഴുകിക്കയറി. ആഗസ്റ്റ് പതിനേഴിനാണ് ചെങ്ങന്നൂര്‍ എം എല്‍ എ സജി ചെറിയാന്‍ പൊട്ടിക്കരഞ്ഞ് കൊണ്ട് തന്റെ ജനങ്ങളെ രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി മാധ്യമങ്ങളിലേക്കെത്തിയത്. ദേശീയ മാധ്യമങ്ങളടക്കം എല്ലാ മാധ്യമങ്ങളും വലിയ പ്രാധാന്യത്തോടെ വാര്‍ത്ത നല്‍കി. ഇതോടെയാണ് പ്രളയത്തിന്റെ വ്യാപ്തി വലുതാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞ് തുടങ്ങിയത്.

Flood

ആഗസ്ത് 17

മാതൃഭൂമി ന്യൂസ് ഇന്‍പുട്ട് എഡിറ്റര്‍ ഹരിലാലാണ് രാത്രി പത്ത് മണിയോടെ എന്നെ വിളിച്ച് ചെങ്ങന്നൂരിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടത്. ഔട്ട് പുട്ട് എഡിറ്റര്‍ എബി.ടി.എബ്രഹാമും സീനിയര്‍ ന്യൂസ് എഡിറ്റര്‍ പ്രമേഷ് കുമാറും അവര്‍ക്ക് ചെങ്ങന്നൂര്‍ പ്രദേശത്തുള്ള ബന്ധങ്ങള്‍ ഉപയോഗിച്ച്  പോകേണ്ട വഴിയും ബന്ധപ്പെടേണ്ട ആളുകളുടെ നമ്പരുമെല്ലാം സംഘടിപ്പിച്ച് തന്നു.

വെളുപ്പിന് നാല് മണിക്ക് പുറപ്പെടണമെന്നും ആവശ്യപ്പെട്ടു. വെളുപ്പിന് നാല് മണിക്ക് ക്യാമറാമാന്‍ പ്രേം ശശിയും ഡ്രൈവര്‍ അച്ചുവും ഞാനും ചെങ്ങന്നൂരിലേക്ക് പുറപ്പെട്ടു. തുളളിക്കൊരു കുടം എന്ന നിലയില്‍ മഴ പെയ്തുകൊണ്ടിരിക്കുന്നു. തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലും ഒരു പോലെ മഴ. തിരുവനന്തപുരത്ത് നിന്ന് ഹൈവേ വഴി കായംകുളത്ത്. അവിടെ നിന്ന് മാവേലിക്കര. പിന്നീട് പ്രായിക്കര പാലത്തിലെത്തിയപ്പോള്‍ അച്ചന്‍ കോവിലാര്‍ പാലത്തില്‍ തൊട്ട് തൊട്ടില്ല എന്ന മട്ടില്‍ ഒഴുകുന്നു. പാലത്തിന് സമീപമുളള വീടുകളിലെല്ലാം മുക്കാല്‍ ഭാഗത്തോളം വെളളം. സ്ഥിതി രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

പ്രേം ശശി ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്യുമ്പോള്‍ ഞാന്‍ നാട്ടുകാരോട് വിശദാംശങ്ങള്‍ തിരക്കി. ഉള്‍പ്രദേശങ്ങളില്‍ സ്ഥിതി രൂക്ഷമാണെന്നും നൂറു കണക്കിന് ആള്‍ക്കാര്‍ കുടുങ്ങി കിടക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. അച്ചന്‍ കോവിലാറും പമ്പയാറും മണി മലയാറും ഒരു പോലെ ഒഴുകിപ്പോകുന്ന പ്രദേശങ്ങളാണ് ചെങ്ങനന്നൂരിന്റെ പ്രാന്ത പ്രദേശങ്ങള്‍. അതിനാല്‍ തന്നെ കാര്യമായ രക്ഷാ പ്രവര്‍ത്തനമില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്നും അവര്‍  വ്യക്തമാക്കി.

പാണ്ടനാട് പഞ്ചായത്തില്‍ അതീവ ഗുരുതര സ്ഥിതിയാണെന്നും കഴിയുമെങ്കില്‍ അവിടെ എത്തണമെന്നും ചിലര്‍ ആവശ്യപ്പെട്ടു. അങ്ങനെയാണ് ഞങ്ങള്‍ പാണ്ടനാട് പഞ്ചായത്തിലേക്ക് പോകാന്‍ തീരുമാനിച്ചത്. വാഹനം ഇന്നോവയായത് കാരണമാണ്  വെളളം കയറിയ വഴികളിലൂടെ ഞങ്ങള്‍ക്ക് മുന്നോട്ട് പോകാനായത്. കാറിന്റെ വീലിന് മുകളിലായിരുന്നു റോഡിലെ ജല നിരപ്പ്. പല സ്ഥലത്തും വാഹനം ഉലച്ച് കൊണ്ട് ജല പ്രവാഹം. എന്തായാലും മാന്നാറും പരുമലയും കടന്ന് ഞങ്ങള്‍ പാണ്ടനാട് ഇല്ലി മലപാലത്തിന് സമീപമെത്തി. ചെങ്ങന്നൂര്‍  പരുമല റോഡ് കടല്‍ പോലെ കിടക്കുന്നു. പാലത്തിന്  മുകളിലേക്ക് വെളളം എത്തിയിട്ടില്ല. പാലത്തിന്റെ അടി ഭാഗത്ത് വെളളം തൊട്ട് തൊട്ടില്ല എന്ന മട്ടില്‍.

ഇരുപതോളം പേര്‍ മാത്രമാണ് രാവിലെ ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ ഉണ്ടായിരുന്നത്. സേവാ ഭാരതിയുടെ പ്രവര്‍ത്തകരാണ് രക്ഷാ പ്രവര്‍ത്തനത്തിനായി അവിടെ നിന്നത്. എന്താണ് സ്ഥിതിയെന്ന് അന്വേഷിച്ചപ്പോള്‍ അവര്‍ കാര്യങ്ങള്‍ വിശദമാക്കി. രണ്ടായിരത്തിലധികം വീടുകളുളള പ്രദേശമാണ്. രണ്ട് വളളങ്ങളാണ് ആകെ ഇവിടെയുള്ളത്. ഒരു നിലയുള്ള വീട് കാണാന്‍ കഴിയാതെ വെളളം കയറി. ഇരുനില വീടുകളുടെ രണ്ടാംനില വരെ  വെളളമാണ്. കുറേപ്പേര്‍ ഒഴിഞ്ഞ് പോയിട്ടുണ്ട്. പക്ഷേ ബഹു ഭൂരിപക്ഷവും വീടുകളില്‍ തന്നെയാണ് . രണ്ട് ദിവസമായി ഞങ്ങള്‍ കളക്ടറേയും ഉദ്യോഗസ്ഥരേയും വിളിക്കുന്നു. പക്ഷേ ആരും ഈ പതിനെട്ടാം തീയതി രാവിലെ  എട്ട് മണിവരെയും ഈ പ്രദേശത്തേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. അടിയന്തിരമായി എന്തെങ്കിലും ചെയ്തില്ലെങ്കില്‍ നിരവധി  ജീവനുകള്‍ നഷ്ടമാകുമെന്ന് നാട്ടുകാര്‍ എന്നോട് പറഞ്ഞു.

മാതൃഭൂമി ന്യൂസ് മാത്രമാണ്  ഇല്ലിമല പാലത്തിന് സമീപമുണ്ടായിരുന്നത്. എട്ട് മണിയുടെ ന്യൂസ്  ലൈവില്‍ തന്നെ പാണ്ടനാട് പ്രദേശത്തെ സ്ഥിതി ഗുരുതരമാണെന്ന് പുറം ലോകത്തെ അറിയിച്ചു. നൂറു കണക്കിന് ആള്‍ക്കാര്‍ കുടുങ്ങി കിടക്കുകയാണെന്നും പോലീസോ ഫയര്‍ഫോഴ്‌സോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ ആരും ഇവിടെ എത്തിയിട്ടില്ലെന്നും മാതൃഭൂമി ന്യൂസ് പുറം ലോകത്തെ അറിയിച്ചു. സേവാഭാരതിയുടെ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് രണ്ട് ചെറിയ വളളത്തിലും കുറച്ച കൂടി വലിയ വളളത്തിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നു. മൂന്ന് ദിവസമായി ആളുകള്‍ കുടുങ്ങി കിടക്കുമ്പോഴാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒന്ന് പോലും ഇവിടേക്ക് എത്താത്ത സാഹചര്യമുണ്ടായതെന്ന് നാം ഓര്‍ക്കണം. ഒമ്പത് മണിക്കുളള ലൈവിലും പാണ്ടനാടിന്റെ  ഭീകരാവസ്ഥ മാതൃഭൂമി ന്യൂസ് അറിയിച്ചു. നാട്ടുകാരും സമീപ വാസികളും കൂടുതല്‍ കൂടുതലായി പ്രദേശത്തേക്ക് എത്തി തുടങ്ങി. പക്ഷേ രക്ഷാ പ്രവര്‍ത്തകര്‍ മാത്രം എത്തിയില്ല.

പത്ത് മണിയോടെ വലിയ ലോറികളില്‍ ബോട്ടുകള്‍ ഇല്ലിമല പാലത്തിന് സമീപത്തേക്ക് എത്തി തുടങ്ങി. ഇരുപതോ മുപ്പതോ ബോട്ടുകള്‍ ഒരു മണിക്കൂറിനുളളല്‍ രക്ഷാ പ്രവര്‍ത്തനത്തിന്  എത്തി. പൂന്തുറ, വലിയ തുറ, നീണ്ടകര, വാടി, എറണാകുളം അടക്കമുളള പ്രദേശങ്ങളില്‍ നിന്നാണ് ബോട്ടുകളും മത്സ്യത്തൊഴിലാളികളും എത്തിയത്. ബോട്ടുകള്‍ ലോറികളില്‍ നിന്ന് അഴിച്ചിറക്കുന്ന നിമിഷം തന്നെ രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു. പിന്നീട് ഒരു മണിക്കൂറില്‍ കണ്ടത് തണുത്ത് മരവിച്ച് ജീവച്ഛവമായ അവസ്ഥയിലുളള മനുഷ്യരെയാണ്. പ്രായമായ മൂന്ന് മനുഷ്യരുടെ അഴുകിയ ശവശരീരം ബോട്ടുകളില്‍ എത്തിയപ്പോള്‍ രൂക്ഷമായ ഗന്ധം പരന്നു.  എബ്രഹാം എന്ന വൃദ്ധന്‍ മരിച്ചിട്ട് മൂന്ന് ദിവസമായി.

ഹൃദയാഘാതമായിരുന്നു മരണ കാരണം. മൃതദേഹം വെളളത്തില്‍ ഒഴുകിപ്പോകാതിരിക്കാന്‍ ഭാര്യ  മൂന്ന് ദിവസം മൃതദേഹം കെട്ടിയിട്ടു. ആഗസത് 16 ന് മരിച്ച എബ്രഹാമിന്റെ മൃതദേഹം കരക്കെത്തിക്കാന്‍ കഴിഞ്ഞത് പതിനെട്ടിനാണ്. മറ്റ് രണ്ട് പേരുടെ മൃതദേഹവും അതേ സമയം തന്നെ കരയിലെത്തിച്ചു. അപ്പോഴും ഒരു പോലീസ് ഉദ്യോഗസ്ഥനോ മറ്റേതെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ ആ ഭാഗത്തുണ്ടായിരുന്നില്ല. നാട്ടുകാരും മത്സ്യ തൊഴിലാളികളും സന്നദ്ധ പ്രവര്‍ത്തകരും മാത്രമാണ് രക്ഷാദൗത്യത്തില്‍ പങ്കെടുത്തത്.

പകല്‍ പന്ത്രണ്ട് മണിയോടെ ഇല്ലിമല പാലത്തിന്റെ ഭാഗം പൂര്‍ണ്ണമായും മനുഷ്യ സമുദ്രമായി മാറി. ലോറികളില്‍ വരുന്ന ബോട്ടുകള്‍ , ആംബുലന്‍സുകള്‍ ആശുപത്രികളിലേക്കും തിരിച്ചും വരുന്നു . മറ്റ് വാഹനങ്ങളില്‍ എത്തിയവര്‍ വണ്ടി റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തു. റോഡില്‍ കാഴ്ച കാണുന്ന തിരക്ക് . റോഡിലൂടെ ആമ്പുലന്‍സുകള്‍ക്ക് പോകാന്‍ കഴിയാത്ത വിധത്തില്‍ കുരുക്കായി. തിരക്ക് നിയന്ത്രിക്കാന്‍ ഒരു പോലീസ്‌കാരന്‍ പോലും ഉച്ചക്ക് പന്ത്രണ്ട് വരെയും അവിടില്ലായിരുന്നുവെന്നത്  പറയാതിരിക്കാന്‍ കഴിയില്ല. അതിന് ശേഷമാണ് രണ്ട് പോലീസുകാര്‍ ഡ്യൂട്ടിക്കായി അവിടേക്ക് നിയോഗിക്കപ്പെട്ടത്. ആരോഗ്യ വകുപ്പിലെയോ മറ്റേതെങ്കിലും വകുപ്പിലെയോ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വൈകിട്ട് വരെയും എത്തിയില്ല. ആകെയുണ്ടായിരുന്ന സര്‍ക്കാര്‍ ജീവനക്കാരി പാണ്ടനാട് പഞ്ചായത്ത് സെക്രട്ടറിയായിരുന്നു. അവരെത്തിയതാകട്ടെ ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയും.

ആഗസ്റ്റ് 18 ന് രാവിലെ മുതല്‍ മാതൃഭൂമി ന്യൂസ് വാര്‍ത്ത പുറത്ത് വിട്ടതോടെയാണ് ഇല്ലിമല പാലത്തിന് കിഴക്കുളള പ്രദേശത്ത് കുടുങ്ങിക്കിടന്നവരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനം അനങ്ങിത്തുടങ്ങിയത്. മൂന്ന് മൃതദേഹങ്ങള്‍ കരയിലേക്ക് എത്തിയതും ആയിരക്കണക്കിന് മനുഷ്യരെ രക്ഷിക്കുന്നത് ലോകം കണ്ടതും മാതൃഭൂമി ന്യൂസിലൂടെയാണ്. 

ഇരുപതോളം  ആംബുലന്‍സുകളിലായി രക്ഷപ്പെടുത്തിയ മനുഷ്യരെ വിവിധ ആശുപത്രികളിലേക്ക് മാറ്റുന്ന കാഴ്ചയാണ് അന്ന് വൈകിട്ടും രാത്രിയിലുമായി കണ്ടത്. രണ്ടായിരത്തിലധികം മനുഷ്യരെയാണ് ആഗസ്റ്റ് പതിനെട്ടിന് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ആഗസ്റ്റ് പതിനെട്ട് ശനിയാഴ്ച രാവിലെ മുതല്‍ നടത്തുന്ന ലൈവ് റിപ്പോര്‍ട്ടിംഗ് കാരണം ലൈവ് ബാഗിന്റെ ബാറ്ററി ചാര്‍ജ്ജ് തീര്‍ന്നു. ഫോണുകളുടെയും ചാര്‍ജ്ജ് തീര്‍ന്നിരുന്നു. ബി എസ് എന്‍ എല്‍ ഒഴികെ മറ്റൊരു ഫോണിനും അവിടെ റേഞ്ച് ഉണ്ടായിരുന്നില്ല. മാന്നാര്‍ പാണ്ടനാട് അടക്കം ആ പ്രദേശങ്ങളില്‍ കറണ്ട് പോയിട്ട് നാല് ദിവസമായി. ലൈവ് ബാഗ് ചാര്‍ജ് ചെയ്യാന്‍ മാര്‍ഗ്ഗമൊന്നും കാണാതെ വിഷമിക്കുമ്പോഴാണ് പ്രദേശ വാസിയായ മധു പരുമല  എന്നോട് ഒരു മാര്‍ഗ്ഗം പറഞ്ഞ് തന്നത്. പരുമല പളളിയിലേക്ക് പോവുക. അവിടെ മാനേജര്‍ എം സി കുര്യാക്കോസ് ഉണ്ട്. അദ്ദേഹത്തോട് പറഞ്ഞാല്‍  എല്ലാത്തിനും സൗകര്യമുണ്ടാകും.

അങ്ങനെ ഞങ്ങള്‍ കോരിച്ചൊരിയുന്ന മഴയത്ത്  പ്രസിദ്ധമായ പരുമല പളളിയില്‍ എത്തി. ഫാദര്‍ കുര്യാക്കോസിനെ കണ്ടതും ആദ്യം അദ്ദേഹം ചോദിച്ചത് വല്ലതും കഴിച്ചോ എന്നായിരുന്നു. സ്‌നേഹത്തോടെയുളള ചോദ്യത്തിന് ഇല്ല എന്ന് മറുപടി. അപ്പോള്‍ത്തന്നെ ഭക്ഷണത്തിന് വേണ്ട സൗകര്യമൊരുക്കി. ക്യാമറ ബാറ്ററിയും ലൈവ് ബാഗും ചാര്‍ജ്ജ് ചെയ്യാന്‍ സൗകര്യമൊരുക്കി.

നാല് ദിവസം പ്രളയം റിപ്പോര്‍ട്ട് ചെയ്യാന്‍ മാതൃഭൂമി ന്യൂസിന് കഴിഞ്ഞത് പരുമല പളളി ഭാരവാഹിയായ ഫാദര്‍ കുര്യാക്കോസിന്റെയും പളളി ഭാരവാഹികളുടെയും സഹായം കൊണ്ടാണ്. ഞങ്ങള്‍ക്ക് മാത്രമല്ല നാട്ടുകാര്‍ക്കും പരുമല പളളി ആശ്രയമായി. വീടുകളില്‍ വെളളം കയറിയ ആള്‍ക്കാരുടെ എണ്ണം കൂടിയതോടെ പരുമല പളളി അഭയാര്‍ത്ഥികള്‍ക്കായി തുറന്ന് കൊടുത്തു. ആദ്യ ദിവസം തന്നെ രണ്ടായിരത്തോളം പേരാണ് ഇവിടെ അഭയാര്‍ത്ഥികളായി എത്തിയത്. രണ്ട് ദിവസം കഴിഞ്ഞതോടെ എണ്ണം നാലിയരത്തിലധികമായിരുന്നു. ഒരാഴ്ചയോളം ക്യാമ്പ് പ്രവര്‍ത്തിച്ചു.

pandanad

ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ  വീണ്ടും ഞങ്ങള്‍ പാണ്ടനാട്ട് എത്തിയപ്പോള്‍ രക്ഷപെടുത്തി കൊണ്ടു വരുന്ന ആളുകളുടെ എണ്ണം കൂടുന്നതാണ് കണ്ടത്. പലരുടെയും ആരോഗ്യാവസ്ഥ വളരെ മോശമായിരുന്നു. വൃദ്ധരായ ആള്‍ക്കാര്‍ തീരെ അവശതയിലായിരുന്നു. പലരും മരുന്ന് കഴിക്കേണ്ടവര്‍. മൂന്ന് ദിവസമായി മരുന്ന് കഴിക്കാത്തതിനാല്‍ എഴുന്നേറ്റ് ഇരിക്കാന്‍ പോലും കഴിയാത്തവിധം അവശതയിലായിരുന്നു. അതോടൊപ്പം മഴയും കടുത്ത തണുപ്പും. കുഞ്ഞുങ്ങളും വൃദ്ധരുമടക്കം രണ്ടായിരത്തോളം പേരെയാണ് ആഗസ്റ്റ് പതിനെട്ട് ശനിയാഴ്ച പാണ്ടനാട് ഇല്ലിമലഭാഗത്ത്  നിന്ന് രക്ഷപെടുത്തിയത്. സന്ധ്യ കഴിഞ്ഞതോടെ മത്സ്യ തൊഴിലാളികള്‍ അന്നത്തെ രക്ഷാ പ്രവര്‍ത്തനം അവസാനിപ്പിച്ചു. പ്രദേശം പരിചിതമല്ലാത്ത മത്സ്യ തൊഴിലാളികള്‍ക്ക് വെളിച്ചമില്ലാതെ  രക്ഷാ പ്രവര്‍ത്തനം സാധ്യമാകുമായിരുന്നില്ല.

ആഗസ്ത് പത്തൊമ്പത് ഞായറാഴ്ചയും സമാനമായിരുന്നു സ്ഥിതി. രാവിലെ തന്നെ രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു. മത്സ്യ ബന്ധന ബോട്ടുകള്‍ക്ക് കടന്ന് ചെല്ലാന്‍ കഴിയുന്ന പ്രദേശത്ത് നിന്നെല്ലാം ആള്‍ക്കാരെ രക്ഷപെടുത്താന്‍ കഴിഞ്ഞു. എന്നാല്‍ കുറച്ചധികം പേര്‍ വീടുകളില്‍ നിന്ന് പുറത്ത് വരാന്‍ തയ്യാറല്ലായിരുന്നു.

"ഞങ്ങള്‍ ടെറസില്‍ നിന്നോളാം. നിങ്ങള്‍ ഭക്ഷണം എത്തിച്ചാല്‍ മതി" എന്നായിരുന്നു പലരുടെയും നിലപാട്. രക്ഷാ പ്രവര്‍ത്തകര്‍ കേണപേക്ഷിച്ചിട്ടും വീടുകളില്‍ നിന്ന് പുറത്ത് വരാന്‍ ഇവര്‍ തയ്യാറായില്ല. മാത്രവുമല്ല, ചില വീട്ടുകാര്‍ മത്സ്യബന്ധന തൊഴിലാളികളോട് മോശമായും പെരുമാറി.

മതിലുകളും മുളളുവേലികളും പോസ്റ്റുകളുമെല്ലാം രക്ഷാ പ്രവര്‍ത്തകര്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. നിരവധി വളളങ്ങള്‍  തകര്‍ന്നു. പലതിനും സാരമായി കേട് പറ്റി. പക്ഷേ ഇതൊന്നും മത്സ്യത്തൊഴിലാളികള്‍ക്ക് രക്ഷാ പ്രവര്‍ത്തനത്തിന് തടസ്സമായില്ല. കഴിയുന്നത്രയും മനുഷ്യ ജീവനുകളെ  അവര്‍ രക്ഷപെടുത്തിക്കൊണ്ടുവന്നു.

പരുമല ചെങ്ങന്നൂര്‍ റോഡില്‍ ചെങ്ങന്നൂര്‍ മുതല്‍ ഇല്ലിമല പാലം വരെ പത്ത് കിലോമീറ്ററോളം ദൂരമാണ് പൂര്‍ണ്ണമായും വെളളം വിഴുങ്ങിയത്. പുഞ്ച പാടങ്ങള്‍ കടല് പോലെയായി. പ്രധാന റോഡിന് സമീപമുളള വീടുകളില്‍ നിന്ന് ആളുകളെ രക്ഷിച്ചപ്പോള്‍ പ്രധാന റോഡിലെ ഇടറോഡുകളിലേക്ക് രക്ഷാ പ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിഞ്ഞില്ല. വലിയ മത്സ്യ ബന്ധന ബോട്ടുകള്‍ക്ക് ആ ഭാഗത്തേക്ക് പോകാന്‍ കഴിയുമായിരുന്നില്ല. ചെറിയ വളളങ്ങള്‍ ആവശ്യത്തിന് ലഭ്യമായിരുന്നില്ല.

ഇതേ തുടര്‍ന്ന് ആഗസ്റ്റ് ഇരുപത് തിങ്കളാഴ്ച ചെറിയ വളളങ്ങള്‍ അധികമായി പാണ്ടനാട്ടേക്ക് കൊണ്ട് വന്നു. ഇട പ്രദേശങ്ങളിലേക്ക് പോയ വളളങ്ങള്‍ക്കും കുറെയധികം പേരെ രക്ഷിക്കാന്‍ കഴിഞ്ഞു. ഭക്ഷണത്തിനും വെളളത്തിനുമായി കൊച്ചുകുട്ടികളെപ്പോലെ നിലവിളിക്കുന്ന  മനുഷ്യര്‍ ആരെയും വേദനപ്പിക്കുന്ന കാഴ്ചയായിരുന്നു. ഇത്രയധികം ബുദ്ധിമുട്ടുമ്പോഴും വീട് വിട്ട് പുറത്തേക്ക് വരാന്‍ മടിക്കുന്ന മനുഷ്യരെ കുറിച്ചാണ് രക്ഷിക്കാന്‍ പോയ മത്സ്യ ബന്ധന തൊഴിലാളികള്‍ പറഞ്ഞത്. എങ്കിലും കഴിയുന്നത്ര ആളുകളെ രക്ഷിച്ചു. അന്നാണ് എന്‍ ഡി ആര്‍ എഫ്  സേനാംഗങ്ങള്‍ പാണ്ടനാട്ട് എത്തിയത്.

അവരുടെ  വായു നിറച്ച ബോട്ടിലാണ് ഞാനും ക്യാമറാമാന്‍ പ്രേം ശശിയും പണ്ടാനാടിന്റെ ഉള്‍ഭാഗങ്ങളിലേക്ക് യാത്രയായത്. വെളളം കുറവുളള ഭാഗങ്ങളില്‍ എഞ്ചിന്‍ ഓഫാക്കിയ ശേഷം  ബോട്ട് തളളി കൊണ്ട് പോകും. മറ്റ് വെളളം കൂടുതലുളള ഭാഗങ്ങളില്‍ എഞ്ചിന്‍ ഓണാക്കിയാണ് യാത്ര. പുഞ്ച പാടങ്ങളിലൂടെ വീടുകള്‍ നില്‍ക്കുന്ന ഭാഗത്തേക്ക് യാത്രയായത് . പ്രളയത്തിന്റെ ആഴം ഞങ്ങള്‍ക്ക് ബോധ്യമായത് ആ യാത്രയിലാണ്. ഭീകരമായിരുന്നു കാഴ്ചകള്‍. ബോട്ടിലിരുന്ന ഞങ്ങളുടെ തല  ഇലക്ട്രിക് കമ്പിയില്‍ മുട്ടാതിരിക്കാൻ കുനിഞ്ഞായിരുന്നു യാത്ര. തെങ്ങുകള്‍ മുക്കാല്‍ ഭാഗം വെളളത്തില്‍. ഒറ്റ നില വീടുകളുടെ ടെറസ് വരെ വെളളത്തില്‍.

ബോട്ട് നല്ല വേഗത്തില്‍ പോകുമ്പോഴാണ് ഉച്ചത്തിലുളള വിളി  കേട്ടത്. എവിടെ നിന്നാണെന്ന് അറിയാത്തതിനാല്‍ ഞങ്ങള്‍ ബോട്ട് തിരിച്ച്  പുറകോട്ട് പോയി. കുറച്ച് ദൂരം എത്തിയപ്പോള്‍ വീടിന്റെ പകുതി വരെ വെളളം കയറിയ നിലയിൽ ടെറസില്‍ പ്രായമായ ഒരു  മനുഷ്യനെ കണ്ടു. അഞ്ച് ദിവസമായി വീടിന്റെ മുകളിലാണ്. ഭക്ഷണത്തിനായാണ് വിളച്ചത്. വീട്ടില്‍ നിന്ന് ഇറങ്ങി ഞങ്ങളോടൊപ്പം പോരൂ എന്ന് ആവശ്യപ്പെട്ടെങ്കിലും വരാന്‍ തയ്യാറല്ല എന്നായിരുന്നു നിലപാട്. താന്‍ വളര്‍ത്തുന്ന ആട് വീടിന്റെ മുകളിലുണ്ട് അതിനെ വിട്ട് വരാന്‍ തയ്യാറല്ല എന്ന് അദ്ദേഹം വ്യക്തമാക്കി. പത്ത് മിനിറ്റോളം അദ്ദേഹവുമായി സംവാദത്തില്‍ ഏര്‍പ്പെട്ടെങ്കിലും  ഒരു കാരണവശാലും വീട് വിട്ട് വരാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ബോട്ടിലുണ്ടായിരുന്ന പാക്കറ്റ് ഭക്ഷണം അദ്ദേഹത്തിന് കൈമാറി.

കുപ്പിവെളളമില്ലാത്തതിനാല്‍ രണ്ട് കരിക്കും നല്‍കി. വീണ്ടും പ്രളയ ജലത്തിലൂടെ ഞങ്ങള്‍ മുന്നോട്ട് പോയി. എതെങ്കിലും വീട്ടില്‍ ആളുകള്‍ അവശേഷിക്കുന്നുണ്ടോ എന്ന് നോക്കിയായിരുന്നു യാത്ര. കുറേ ദൂരം പോയപ്പോള്‍ ഒരു വീടിന്റെ  മുകളില്‍ പ്രായമായ ദമ്പതികള്‍  നില്‍ക്കുന്നത് കണ്ടു. അവരെയും  ഞങ്ങളോടൊപ്പം വരാന്‍ ഞങ്ങള്‍ ആകാവുന്ന പോലെ വിളിച്ച് നോക്കി. പക്ഷേ അവരും വരാന്‍ തയ്യാറായില്ല. അവര്‍ക്കും പാക്കറ്റ് ഭക്ഷണം നല്‍കി ഞങ്ങള്‍  വീണ്ടും അടുത്ത പ്രദേശത്തേക്ക് പോയി. പ്രളയത്തിന്റെ ഭീകരത ഞങ്ങള്‍ക്ക് ശരിക്കും ബോധ്യപ്പെട്ടത് ആ യാത്രയിലാണ്.

pandanadകടകളിലും വീടുകളിലും വെളളം കയറി സര്‍വ്വവും നശിപ്പിച്ചുവെന്ന് മാത്രമല്ല കോടിക്കണക്കിന് രൂപയുടെ നഷ്ടവും. മനുഷ്യര്‍  അഭയാര്‍ത്ഥികളെപ്പോലെ വിവിധ ക്യാമ്പുകളില്‍ അഭയം തേടുന്ന കാഴ്ച. ആഗസ്ത് 21 നാണ് ഞങ്ങള്‍ പാണ്ടനാട്ട് നിന്ന് മടങ്ങിയത്. അന്നും രാവിലെ മുതല്‍ ധാരാളം പേര്‍ ചെറിയ ബോട്ടുകളില്‍ കരക്കെത്തുന്നുണ്ടായിരുന്നു. ആദ്യ ദിവസങ്ങളില്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ വീട്ടില്‍ നിന്ന് വരാന്‍ തയ്യാറല്ല എന്ന് പറഞ്ഞവരാണ് 21-ാം തിയതി കരയിലേക്ക് എത്തിയവരില്‍ അധികവും. പക്ഷേ ഇനിയും അവര്‍ക്ക് വെളളത്തില്‍ തുടരാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. വെളളത്തില്‍ നിന്ന് പലരുടെയും കാലുകള്‍ പൊട്ടി വ്രണമായി. കുഞ്ഞു കുട്ടികള്‍ മുതല്‍ വലിയവര്‍ വരെ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. പലരും തീരെ അവശ നിലയിലായിരുന്നു.

നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രളയത്തിന്റെ ദുരന്തം ഏറ്റവുമധികം അനുഭവിച്ച പാണ്ടനാടിനെക്കുറിച്ച് പറഞ്ഞാല്‍ ആ പഞ്ചായത്തില്‍ വെളളം കയറാത്ത ഒരു തരി മണ്ണ് പോലും അവശേഷിച്ചിരുന്നില്ല എന്നാണ്. മൂന്ന് ദിവസത്തിന് ശേഷം ഒരിക്കല്‍ കൂടി പാണ്ടനാട്ടേക്ക് എത്തിയപ്പോഴാണ് പ്രളയത്തിന്റെ യഥാര്‍ത്ഥ ചിത്രം ബോധ്യമായത് .വീടുകളില്‍ നിറയെ ചെളി, രൂക്ഷ ഗന്ധം. ഒരു സാധനം പോലും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥ. വാഹനങ്ങളില്‍ എത്തുന്ന സഹായങ്ങള്‍ പ്രതീക്ഷിച്ച് നില്‍ക്കുന്ന ജനങ്ങള്‍ .

വെളളം ഇറങ്ങി തുടങ്ങിയ വീടുകൾ വൃത്തിയാക്കാന്‍ ചൂലുകളും സാമഗ്രികളുമായി പോകുന്ന മനുഷ്യര്‍ . വളര്‍ത്തുമൃഗങ്ങളും കന്നുകാലികളും വ്യാപകമായി ചത്ത് കിടക്കുന്നത് കാരണം പല ഭാഗത്തും രൂക്ഷ ഗന്ധം. റോഡില്‍ അടിഞ്ഞ ചെളി ഉണങ്ങി വാഹനങ്ങള്‍ പോയിത്തുടങ്ങിയതോടെ പൊടി കാരണം റോഡിലൂടെ നടക്കാന്‍ കഴിയാത്ത സാഹചര്യം. വര്‍ക്ക് ഷോപ്പുകള്‍ക്ക് മുന്നില്‍ ഇരു ചക്ര വാഹനങ്ങളുടെ നീണ്ട നിര. കാറുകളുടെ അവസ്ഥയും സമാനമായിരുന്നു.  പാണ്ടനാടിനെ പ്രളയം വിഴുങ്ങിയ ഗ്രാമമെന്ന് പറഞ്ഞാല്‍ മറ്റൊന്നും അതിന് പകരമാവില്ല.

Content highlights: Kerala floods 2018, Flood, Pandanad