''കോഴിക്കോടിന്റെ മലയോര മേഖലയില്‍ ഇന്നും ശക്തമായ മഴയാണ്, നാലിടത്ത് ഉരുള്‍പൊട്ടി,''

"മഴ ഇന്നും തുടരുകയാണ്, മലവെള്ളപ്പാച്ചിലില്‍ വലിയ നാശനഷ്ടമുണ്ടായി, വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണു.."

ആഗസ്റ്റ് ആദ്യം വാരം മുതല്‍ എന്നും ഇങ്ങനെയാണ് രാവിലെ ലൈവ് തുടങ്ങിയിരുന്നത്.  ഡാമുകള്‍ തുറക്കുന്നതിന് മുമ്പാണ്, തെക്കന്‍ കേരളത്തെ വെള്ളം വിഴുങ്ങിയിട്ടില്ല. കോഴിക്കോട്ടെ മലയോരം വരാന്‍ പോകുന്ന വലിയ വിപത്തിന്റെ അപായസിഗ്‌നലുകള്‍ ദിവസേന  നല്‍കിക്കൊണ്ടേയിരുന്നു. ദിവസം ചെല്ലുന്തോറും മഴ കനത്തു. ഉറക്കമറ്റ രാത്രികള്‍. മലയോരത്തേക്ക് എപ്പോള്‍ വേണമെങ്കിലും പോകാന്‍ തയ്യാറായി ആ രാത്രികളില്‍ ഉറങ്ങാന്‍ കിടന്നു. അരികെ ഫോണ്‍ മുഴുവനായും ചാര്‍ജ് ചെയ്തു വച്ചു. 

മുക്കവും കുറ്റ്യാടിയും കക്കയവും താമരശ്ശേരിയുമെല്ലാം ആ സമയങ്ങളില്‍ വിറച്ചു. മഴ വീശിയടിച്ച കാറ്റോടു കൂടിയും അല്ലാതേയും പെയ്തുകൊണ്ടേയിരുന്നു. സുഗുണനും ബിജുവും ആസാദും സിദ്ദിഖുമെല്ലാം സ്വന്തം പ്രാദേശങ്ങളിലെ ചെറിയ അപകടങ്ങള്‍ വരെ രാപകല്‍ വിളിച്ചറിയിച്ചുകൊണ്ടിരുന്നു. എല്ലാവരും ആശങ്കയിലായിരുന്നു. 

കടന്ത്രപ്പുഴയും ഇരുവഞ്ഞിപ്പുഴയും മറിപ്പുഴയും കരകവിഞ്ഞ് ഒഴുകുകയാണെന്നും ആളുകളെ മാറ്റിപാര്‍പ്പിക്കുകയാണെന്നും വിവരം കിട്ടിയത് രാത്രി പത്തരയോടെയാണ്. ആഗസ്റ്റ് എട്ടിന്റെ രാത്രി കാളരാത്രിയായി. ആഗസ്റ്റ് 9ന് പുലര്‍ച്ചെ ആ വിവരമെത്തി. കണ്ണപ്പന്‍ കുണ്ടില്‍ പുഴ ഗതി മാറി ഒഴുകുന്നു. വീടുകള്‍ അപകടത്തിലാണ്. ക്യാമറാമാന്‍ ബിജീഷും ഡ്രൈവര്‍ സന്ദീപുമൊത്ത് യാത്ര തിരിച്ചു. രാവിലെ ആറു മണിക്ക് ആദ്യ വാര്‍ത്തയില്‍ തന്നെ ലൈവായി വിവരം ലോകത്തെ അറിയിക്കലായിരുന്നു ലക്ഷ്യം. 

kozhikode

താമരശ്ശേരി എത്തുമ്പോഴേക്കും കാലാവസ്ഥ മാറി. അവിടെ മഴ ആര്‍ത്തലച്ചുപെയ്യുകയാണ്. നഗരത്തില്‍ അന്ന് മഴയേ ഉണ്ടായിരുന്നില്ല. കണ്ണപ്പന്‍കുണ്ടിലേക്ക് പോകുന്ന വഴിയില്‍  വളരെ കുറച്ച് ആളുകളെ മാത്രമേ റോഡില്‍ പോലും കണ്ടിരുന്നുള്ളൂ എന്നതും ശ്രദ്ധിച്ചു. എല്ലാ മുഖങ്ങളിലും പേടി.   

കയറ്റം കയറി കണ്ണപ്പന്‍കുണ്ടില്‍ എത്തി. പുഴയും വഴിയും അറിയാനാവാത്ത അവസ്ഥ.  പുഴ അതിന്റെ എല്ലാ ശക്തിയോടെയും ഒഴുകുകയാണ്. വീടിനും റോഡിനും പാലങ്ങള്‍ക്കും മുകളിലൂടെ വെള്ളം ഇരമ്പി. കനത്ത മഴയില്‍ ഞങ്ങള്‍ ആദ്യ ലൈവിനായി ഇറങ്ങി. വലിയ കുട മഴയ്ക്ക് തടസ്സമേ ആയില്ല. നനഞ്ഞു കളിച്ച് ഞങ്ങള്‍ നിന്നു. അവിടെ നിന്ന ഷാജി എന്ന യുവാവ്  പറഞ്ഞു. ' ശരിക്കും പൊഴ 500 മീറ്റര്‍ ആപ്പറത്താണ്. ഇന്നലെ രാത്രി ഇതുക്കൂടി വെര്യാണ്' .

നിരവധി വീടുകളെ തകര്‍ത്ത്, നൂറു കണക്കിന് ആളുകളുടെ ജീവിതത്തിലെ എല്ലാ സ്വപ്നങ്ങളും കുതിര്‍ത്തിക്കളഞ്ഞ് മലവെള്ളം സര്‍വ്വസംഹാര രൂപത്തില്‍ കുത്തിയൊലിക്കുകയാണ്. ഞാന്‍ ലൈവിന് വേണ്ടി ഒരു ചെറിയ സ്ഥലത്ത് കയറി നിന്നു. ' രണ്ട് ദിവസം മുമ്പ് വരെ മട്ടിക്കുന്നിലേക്ക് ബസ് പോയിരുന്ന റോഡിലാണ് സാര്‍ നില്‍ക്കുന്നത്. ഇപ്പോ കണ്ടാല്‍ പറയ്വേ?' കൂടി നിന്നവര്‍ ഇതുപറയുമ്പോള്‍ നെഞ്ചിടിപ്പായിരുന്നു. 

വീടിനുള്ളിലൂടെയും ജനലിലൂടെയും ചെളിവെള്ളം ഒഴുകുന്നത് കണ്ടു. എവിടെ നിന്നൊക്കെയോ മരം വീഴുന്ന ശബ്ദം കാതില്‍ വന്നലച്ചു. രജിത്ത് എന്നയാളെയും അയാളുടെ കാറും മലവെള്ളപാച്ചില്‍ കാണാനില്ല എന്ന വിവരമെത്തി. കാറില്‍ നിന്നും ഇറങ്ങാന്‍ സാധിച്ചില്ലെന്നും മട്ടിക്കുന്ന് പാലത്തില്‍ നില്‍ക്കുമ്പോഴാണ് അപകടമെന്നും അറിഞ്ഞു. ഫയര്‍ ഫോഴ്‌സും നാട്ടുകാരും കേന്ദ്ര ദുരന്ത നിവാരണ സേനയും രജിത്തിനായി തിരച്ചില്‍ തുടര്‍ന്നു. ഗ്യാസ് കുറ്റികളും വീട്ടുപകരണങ്ങളും ഞങ്ങളുടെ മുന്നിലൂടെ വെള്ളത്തില്‍ ഒലിച്ചു പോകുന്നത് കണ്ടു. 

3

കുടിയിരിക്കലിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായ പുതിയ വീട്ടിലേക്ക് ഒന്നേ നോക്കിയുളളൂ. കാഴ്ചയെ കണ്ണീര് മറച്ചു. അത്രമേല്‍ വേദന നല്‍കുന്ന ദൃശ്യങ്ങളായിരുന്നു അത്. ഓരോ തുള്ളി മഴയും ദേഹത്തെ മുറിവേല്‍പ്പിക്കുന്ന വേദനയോടെ നിന്ന് പെയ്തു. ആദ്യം നിന്നിടത്ത് നിന്ന് ഞങ്ങള്‍ മാറി.  മുമ്പ് നിന്നിടത്ത് ഇപ്പോള്‍ നെഞ്ചോളം വെള്ളി. 

'മട്ടിക്കുന്നില്‍ വീണ്ടും ഉരുള്‍പൊട്ടി. ഇനി അടുത്ത് നില്‍ക്കരുത്' ആരെല്ലാമോ അവിടെ വിളിച്ചു പറഞ്ഞു. പൊലീസ് വടം കെട്ടി തിരിച്ചു. എങ്ങും ഭീതി മാത്രം. വെള്ളം ഉയരുകയാണ്. 11 മണിയോടെ രജിത്തിന്റെ മൃതദ്ദേഹം മരത്തിനിടയില്‍ നിന്നും കിട്ടി. ആര്‍ക്കും ഒന്നും പറയാനില്ല, ആരും ആരേയും കേള്‍ക്കുന്നുമില്ല. സര്‍വ്വനാശത്തിന് തൊട്ടുമുമ്പുള്ള സമയം പോലെ ആളുകള്‍ കണ്ണപ്പന്‍കുണ്ടില്‍ നിശ്ശബ്ദരായി നിന്നു.  

2

ഒരു മണിയോടെ കേന്ദ്രത്തിന്റെ വിദഗ്ദ സംഘം കണ്ണപ്പന്‍കുണ്ടിലൂടെ ശരവേഗത്തില്‍ അടുത്ത ദുരിതബാധിതപ്രദേശത്ത് പോയി. അവര്‍ അവിടെ ഇറങ്ങിയില്ല. ഞങ്ങള്‍ ഉച്ചയോടെ ദുരിതാശ്വാസ ക്യാമ്പിലേക്ക് പോയി. അവിടെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും ഡോക്ടര്‍മാരെത്തി  എല്ലാവരെയും പരിശോധിക്കുകയായിരുന്നു. രണ്ട് സ്‌കൂളുകളിലായി ഇരുന്നൂറോളം പേര്‍. 
ഉടുതുണിക്ക് മറുതുണിയില്ലാത്ത ഇരുന്നൂറോളം മനുഷ്യര്‍. മലവെള്ളം കണ്ട് ഇറങ്ങി ഓടിയവര്‍, വെള്ളം ഉയര്‍ന്നപ്പോള്‍ മണിക്കൂറുകളോളം ജനലില്‍ പിടിച്ചിരുന്ന് മരണത്തെ കണ്ടവര്‍. പ്രാര്‍ത്ഥനയുടെ നിസ്സഹായതകളില്‍ എപ്പോഴോ ആരോ രക്ഷിച്ചവര്‍, പാചകം ചെയ്യുന്നതിനിടെ അടുക്കളയിലേക്ക് ചുവരു തകര്‍ത്ത്  ഉരുളന്‍ കല്ലുകള്‍ ഒലിച്ചു വരുന്നത് കണ്ടതിന്റെ ആഘാതം മാറാത്തവര്‍, പശുക്കള്‍ ഒലിച്ചുപോയവര്‍, നിലയ്ക്കാത്ത വിലാപങ്ങള്‍. 

മലയോരത്തെ എല്ലാ പ്രദേശകളില്‍ നിന്നും നിരന്തരം ഫോണിലേക്ക് വിളികളെത്തി, വെള്ളം കൂടുതല്‍ സ്ഥലങ്ങളെ മുക്കുകയാണ്. മലയോരമേഖല ഒറ്റപ്പെടുന്നു. അത് മാറ്റിപ്പാര്‍പ്പിക്കലിന്റെ പകലായിരുന്നു. വൈകിട്ടോടെ ഞങ്ങള്‍ തിരിച്ചു പോന്നു. അപ്പോഴും കണ്ണപ്പന്‍കുണ്ടില്‍ പുഴ അതിന്  തോന്നിയ വഴിയേ ഒഴുകിക്കൊണ്ടേയിരുന്നു. 

രാവു കനത്തു. എല്ലാ വികാരവും ഭയത്തിന് മാത്രം കീഴ്‌പ്പെട്ട് കിടന്നു. തീക്കൂനയില്‍ വീണിട്ടും വീണിട്ടും ഊറ്റമടങ്ങാത്ത തീച്ചാമുണ്ഡി തെയ്യം പോലെ പ്രകൃതി ക്ഷോഭിച്ചുകൊണ്ടേയിരുന്നു. തടുക്കാന്‍ ആര്‍ക്കുണ്ട് ധൈര്യം എന്ന് ചോദിക്കും പോലെ. മിന്നലുകള്‍ക്കൊപ്പം   ഇടിവെട്ടുകള്‍ അശരീരികളായി കാതിലാര്‍ത്തു. ''ഇനിയും പരീക്ഷിക്കരുത്.''

പ്രകൃതി കല്‍പ്പിക്കുകയാണ്. പുറത്ത് പ്രകൃതി പ്രകമ്പനം കൊണ്ടു. 

content Highlight: flood in kozhikode: Experience of a reporter