കുട്ടനാട്ടിലെ വെളളപ്പൊക്കവും മട വീഴ്ചയും എനിക്ക് പുതിയ അനുഭവമായിരുന്നു. അത്തരം സാഹചര്യങ്ങളെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ കണ്ടും വായിച്ചുമുളള കേവലമായ അറിവില്‍ നിന്നാണ് ആലപ്പുഴയിലേക്കെത്തിയത്. പത്തനംതിട്ടയില്‍ നിന്നും ഏറെ അകലെയല്ലെങ്കില്‍കൂടിയും ആലപ്പുഴ എനിക്ക് ഇപ്പോഴും അപരിചിത നഗരവുമാണ്. 

ഇങ്ങനെയുളള സാഹചര്യത്തിലാണ് ജൂണ്‍ പകുതിയോടെ കുട്ടനാട്ടില്‍ ആദ്യ വെളളപ്പൊക്കമുണ്ടായത്. കൈനകരി പഞ്ചായത്തിലെ പാല്‍ക്കാരന്‍തോട്ടില്‍ മട വീണ് നിരവധി വീടുകള്‍ മുങ്ങിയെന്ന വിവരത്തെ തുടര്‍ന്നായിരുന്നു യാത്ര. ചെളിനിറഞ്ഞ വരമ്പിലൂടെ ദീര്‍ഘദൂരം നടന്ന് എവിടെ എത്തി. കെടുതികള്‍ വാര്‍ത്തയാക്കി മടങ്ങി. എന്നാല്‍ മഴ നിര്‍ത്താതെ പെയ്യുകയായിരുന്നു. 

ജൂലായ് 14ന് ആലപ്പുഴ - ചങ്ങനാശേരി റോഡില്‍ വെളളംകയറിയതായി അറിഞ്ഞു. നാട്ടിലേക്കുളള യാത്രയില്‍ കടന്നുപോകുന്ന വഴിയിലെ വെളളക്കെട്ട് കൗതുകത്തോടെയാണ് റിപ്പോര്‍ട്ടു ചെയ്തത്. ശക്തിപ്പെട്ട മഴയില്‍ എ.സി കനാല്‍ കര കവിഞ്ഞു കൂടുതല്‍ വെളളംകയറി. 16ാം തീയതി മുതല്‍ വാഹന ഗതാഗതം നിലച്ചു. കെ.എസ്.ആര്‍.ടി.സി സര്‍വീസുകളും റദ്ദാക്കി. (എ.സി റോഡില്‍ ഗതാഗതം മുടങ്ങുന്ന തരത്തില്‍ വെളളമുയര്‍ന്നാല്‍ കുട്ടനാട് മുങ്ങിയെന്ന സൂചന കൂടിയാണത് ).

2

കുട്ടനാട് കേബിള്‍ വിഷന്‍ പ്രവര്‍ത്തകന്‍ ശ്രീജിത്തുമായി സംസാരിച്ച് ക്യാമറമാന്‍ രാഹുല്‍ കൃഷ്ണ കൈനകരിക്കുളള യാത്ര ഉറപ്പിച്ചു. റോഡിലൂടെ എത്താവുന്നത്ര ദൂരം ഞങ്ങള്‍ കാറിലെത്തി. അവിടെ നിന്നും ശ്രീജിത്തിന്റെ വളളത്തിലാണ് കൈനകരി വലിയതുരുത്തിലെത്തിയത്. ആഴ്ചകള്‍ക്ക് ശേഷം അവിടെ എത്തുമ്പോള്‍ പഴയതിലും അധികം വെളളം കയറിയ നിലയില്‍ നൂറുകണക്കിനു വീടുകള്‍. കഴുത്തോളം വെളളത്തില്‍ സാധനങ്ങള്‍ തലച്ചുമടായി കൊണ്ടുപോകുന്ന നാട്ടുകാര്‍. വെളളമെടുത്ത വീടിന്റെ ഒന്നാം നിലയില്‍ നിന്നും രണ്ടാം നിലയിലേക്ക് മാറിയ ആളുകള്‍. മേല്‍ക്കൂര മാത്രം കാണാവുന്ന വീടുകള്‍ക്കിടയിലൂടെ തോണികളില്‍ പോകുന്നവര്‍. ആകെ അസ്വസ്ഥപ്പെടുത്തുന്ന കാഴ്ചകളാണ് വലിയ തുരുത്ത് കാത്തുവച്ചത്. 

വീടുകള്‍ 80 ശതമാനവും മുങ്ങിയിട്ടും അവിടം വിട്ടുപോകാത്തവരെക്കുറിച്ചാണ് ആലോചിച്ചത്. പുറം ബണ്ടിലെ വെളളംകയറാത്തയിടങ്ങളിലും ബോട്ടു ജെട്ടികളിലും ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിരുന്നു. പക്ഷെ അവ വീടുവിട്ടുളള ഒരു വാസത്തിനുളള സൗകര്യങ്ങള്‍ ഉളളവയായിരുന്നില്ല. പാല്‍ക്കാരന്‍ തോട് മുറിച്ചെത്തിയ വെളളം ഒഴിഞ്ഞ് ദിവസങ്ങല്‍ക്കുളളിലാണ് ഇവിടുത്തുകാരെ വീണ്ടും വെളളപ്പൊക്കം അലട്ടിയത്. തീര്‍ത്തും ഒറ്റപ്പെട്ടുപോയ വലിയതുരുത്തില്‍ വീടുകളെല്ലാം വെളളം കയറിനില്‍ക്കെ ഇവിടുത്തുകാര്‍ എങ്ങനെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുമെന്ന ചിന്ത മനസ്സിനെ വല്ലാതെ അലട്ടി. 

7

കുട്ടനാട്ടുകാരുടെ ഈ ദുരിതജീവിതം അതേ തീവ്രതയോടെ അവതരിപ്പിക്കണമെന്ന ചിന്തയാണ് കഴുത്തറ്റം വെളളത്തിലിറക്കാന്‍ പ്രേരിപ്പിച്ചത്. നീന്തല്‍ വശമില്ലാത്ത എനിക്ക് ധൈര്യം പകര്‍ന്നത് ക്യാമറമാന്‍ രാഹുല്‍ കൃഷ്ണയാണ്. ആഴ്ചചകളായി കുട്ടനാട്ടുകാര്‍ നേരിടുന്ന ജീവല്‍ പ്രശ്‌നങ്ങളാണ് ഞങ്ങള്‍ ഡൈഫ് ലൈവിലൂടെ പറഞ്ഞത്. പ്രദേശവാസികള്‍ ദുരിത ജീവിതം പറയുകയും ചെയ്തു. മാതൃഭൂമി ന്യൂസ് സംപ്രേഷണം ചെയ്ത ഈ വാര്‍ത്ത കുട്ടനാട്ടുകാര്‍ നേരിടുന്ന കെടുതികളെ പൂര്‍ണ്ണമായി ഉള്‍ക്കൊളളുന്നതുമായിരുന്നു.  
 

ജൂലൈ 31നും ഞങ്ങള്‍ വീണ്ടും വലിയതുരുത്തുകാരുടെ ക്ഷേമം അന്വേഷിച്ചുപോയി. വെളളമിറങ്ങിത്തുടങ്ങി, പലരും വീടുകളിലേക്ക് പോയിത്തുടങ്ങിയെങ്കിലും വലിയതുരുത്തില്‍ വെളളമിറങ്ങിയിരുന്നില്ല. മുറിഞ്ഞുവവീണ മടകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കി, മോട്ടര്‍ ഉപയോഗിച്ച് കനാലിലേക്ക് വെളളം പമ്പു ചെയ്തു കളഞ്ഞാല്‍ മാത്രമേ ഇവിടെ വീടുകളില്‍ നിന്നും വെളളമൊഴിയു. മടകുത്തുക എന്നത് ദിവസങ്ങള്‍ നീളുന്ന മനുഷ്യ അധ്വാനവും ലക്ഷങ്ങള്‍ ചെലവു വരുന്നതുമാണ്. തടസ്സം നിന്നതെന്തെന്ന് അറിയില്ല, പാലുകാരന്‍തോട്ടിലെ മട കുത്തിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇടയ്ക്ക് വിട്ടുനിന്ന മഴ ആഴ്ചകളുടെ ഇടവേളയില്‍ കലിതുളളി. ഒടുവിലെത്തിയ പ്രളയം, കുട്ടനാടിനെ അക്ഷരാര്‍ത്ഥത്തില്‍ മുക്കി. മുന്‍പ് ദുരിതാശ്വാസ ക്യാപുകള്‍ പ്രവര്‍ത്തിച്ചിരുന്ന പുറം ബണ്ടുകളും ബോട്ട് ജെട്ടികളും അടക്കം മുങ്ങിയതോടെ കുട്ടനാട്ടില്‍ നിന്നും കൂട്ടപ്പലായനമായി. 

4

1

ഞങ്ങള്‍ കുടിങ്ങിക്കിടക്കുന്നുവെന്നോ, ബന്ധുക്കള്‍ ഉള്‍പ്രദേശത്തുണ്ടെന്നോ ഉളള ആവലാതികളുമായി മൊബൈല്‍ ഫോണ്‍ നിര്‍ത്താതെ ചിലച്ച ദിവസങ്ങള്‍കൂടിയായിരുന്നു അത് . കയ്യില്‍ കിട്ടയ സാധനങ്ങളുമായി രക്ഷാ ബോട്ടില്‍ കയറിയവരില്‍  നായ്ക്കളെയും പൂച്ചകളെയും ഒപ്പം കൂട്ടിയവരുണ്ട്. മറ്റുചിലര്‍ കോഴികളെയും ചാക്കിലാക്കി കരയിലെത്തി. വലിയ ജങ്കാറില്‍ ഫിനിഷിങ് പോയിന്റില്‍ വന്നിറങ്ങിവരുടെ മുഖത്തെ ഭയാശങ്കകള്‍- സിറിയയില്‍ നിന്നുളള പലായനത്തിന്റെയും റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെയും  കണ്ടുമറന്ന ടെലിവിഷന്‍ ദൃശ്യങ്ങളെയാണ് ഓര്‍മ്മകളില്‍ നിന്നും തിരികെ വിളിച്ചത്. എനിക്കുതന്നെ അരക്ഷിതാവസ്ഥ തോന്നിത്തുടങ്ങിയ നിമിഷങ്ങളായിരുന്നു അത്. കൈക്കുഞ്ഞുങ്ങളുമായുളള ചിലരുടെ യാത്ര മനസ്സിനെ വിഷമിപ്പിച്ചു. ചെറുസഞ്ചികള്‍ തോളില്‍ തൂക്കി അച്ഛനമ്മമാര്‍ക്കൊപ്പം നീങ്ങുന്ന കുട്ടികളെ കണ്ടെപ്പോള്‍ വീട്ടിലുളള മൂന്നുവയസ്സുകാരന്‍ മകനെയാണ് ഓര്‍മ്മവന്നത്. 

പ്രായാധിക്യം കാരണം അവശതനേരിടുന്നവരെയടക്കം സഹായിക്കാനുളള ഒരു നാടിന്റെ മത്സരവും ആലപ്പുഴയില്‍ അന്നു കണ്ടു. രാത്രി വൈകിയും ബോട്ടുകളിലെത്തുന്നവര്‍ക്കായി അവര്‍ കാത്തുനിന്നു. ചൂട് കാപ്പിയും ദോശയും സാമ്പറുമെല്ലാമായി. കെടുതികളുടെ കാഴ്ചകള്‍ അശാന്തമാക്കിയ മനസ്സിനെ വലിയതോതില്‍ പിടിച്ചു നിര്‍ത്തുന്നതായിരുന്ന ആ രക്ഷാ ദൗത്യവും അതിനു പൊതുസമൂഹം നല്‍കിയ അളവറ്റ പിന്തുണയും.

കുട്ടനാട്ടിലെ 12 പഞ്ചായത്തുകളിലായി 32,800നടുത്ത് വീടുകളുണ്ട്. ഇതില്‍ 97 ശതമാനം വീടുകളിലും ഒടുവിലെത്തിയ പ്രളയത്തില്‍  വെളളം കയറി. അതില്‍ അമ്പതു ശതമാനത്തോളം വീടുകള്‍ ഒന്നര മാസത്തിനിടെ നേരിട്ടത് മൂന്ന് വെളപ്പൊക്കങ്ങളാണ്. 

3

2

ഇന്നും ഞാന്‍ കുട്ടനാട്ടില്‍ പോയികുന്നു. കൈനകരിയില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ ഒന്നര അടി വെളളം കുറിഞ്ഞിട്ടുണ്ട്. കുട്ടാനാട്ടിലെ കര കാണാന്‍ ഇനിയും കാത്തിരിക്കണം. കര്‍ഷകരും സാധാരണ വരുമാനക്കാരുമായ കുട്ടനാട്ടുകാരില്‍ വലിയൊരു ശതമാനത്തിന്റെ വീടുകള്‍ ഇനി ഉപയോഗിക്കാനാകില്ല. ആഴ്ചകളായി അവ വെളളം കയറിയ നിലയിലാണ്, വെളളം ഇറങ്ങാന്‍ ഇനിയും ഒരുമാസം കൂടി വേണ്ടിവരികയും ചെയ്യും. ഇതിനാല്‍തന്നെ കുതിര്‍ന്ന തറയും ഭിത്തിയും എപ്പോള്‍ വേണമെങ്കിലും അടര്‍ന്നു വീഴും.

കൃഷി ഇറക്കി അധികം നാളുകള്‍ പിന്നിടും മുന്‍പാണ്, തുടരെ തുടരെ വെളളം ഉയര്‍ന്നത്. ആദ്യ പ്രളയത്തില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കും മുന്‍പ് അടുത്തത് എന്ന ക്രമത്തില്‍ മൂന്നുതവണ വെളളം പൊങ്ങി. കുട്ടനാട്ടില്‍ ഇപ്പോള്‍ കായലും കരയും തിരിച്ചറിയാന്‍ ആകാത്തപോലെ വെളളം നിറഞ്ഞൊഴുകുകയാണ്. മട വീഴാത്ത പ്രദേശങ്ങളില്ല കുട്ടനാട്ടില്‍. ദുരിതാശ്വാസക്യാമ്പുകളില്‍ നിന്നും കുട്ടനാട്ടിലേക്ക് ഇനി അവര്‍ മടങ്ങിച്ചെല്ലുമ്പോള്‍ കാത്തിരിക്കുന്നത്,  നഷ്ടപ്പെടലിന്റെ നടുക്കുന്ന കാഴ്ചകളാണ്.